Thursday, December 31, 2009

നീല നിലാവൊളി


ചെത്തി മിനുക്കിയോരാ കുളക്കല്പടവുകള്‍
ചവിട്ടിയിറങ്ങുമ്പോഴാ പാദസ്വരങ്ങള്‍
തന്‍ കിലുക്കത്തിനൊപ്പം കിലുങ്ങി-
യിരുന്നുവെന്‍ തെളിഞ്ഞ മാനസം

ധനുമാസരാവിലാ കുളിര്‍ വെള്ളത്തില്‍
ഇറങ്ങുമ്പോള്‍ കുളത്തിന്‍ അടിത്തട്ടില്‍
നിന്നും കയറി വരുന്ന ചൂടെന്‍
സിരകളില്‍ അലിഞ്ഞു പോയൊട്ടും തണുപ്പറിയാതെ

ഈറനുടുത്തു നീങ്ങവേയാ നന്ദ്യാര്‍വട്ടപ്പൂക്കള്‍-
തന്‍ കണ്ണുകള്‍ക്കുള്ളിലെ നിത്യ വസന്തം
കട്ടെടുത്തിരുന്നു ഞാനെന്നും
എന്നോട് ചേര്‍ന്ന് നില്‍ക്കുവാനായ്

തേന്‍ വണ്ടുകള്‍ ചുംബിച്ചുണര്‍ത്തുന്ന
പൂക്കള്‍ തന്‍ മധു ചഷകം മോന്തി
കുടിച്ചെന്‍കണ്ണുകളില്‍ നിറയുന്നു
ഞാന്‍ അറിയാത്തൊരുന്മാദം

ഈറന്‍ മാറ്റി ഞാനാ വാല്‍ക്കണ്ണാടിയില്‍
നോക്കി വാലിട്ടു കണ്ണെഴുതി മയ്യ് കണ്ണിന്‍
ജാലകം അടച്ചപ്പോള്‍ കണ്ടു മറ്റൊരു
പുതു പുലരിതന്‍ തിളക്കം

കണ്‍പീലികള്‍ക്കിടയിലൂടെഎത്തിനോക്കുന്ന
സൂര്യരശ്മികള്‍ക്കൊപ്പം വന്നത് എന്നും-
കാണുന്ന കനവിന്റെ മാധുര്യമായ്‌
മാറുന്നോരാ കണ്ണന്റെ കൊഞ്ചലുകള്‍ ആയിരുന്നു

കണ്ണന്റെ ചുണ്ടിലെ മുളംതണ്ടിലൂടെ
ഊര്‍ന്നിറങ്ങി വരുന്നോരാ നാദധ്വനികള്‍
നിറയുന്നു എന്നിലീ തിരുവാതിരനാളില്‍
എനിക്കറിയാത്തൊരു മഞ്ഞിന്‍ കുളിരായ്

മൂന്ന്‌ "സ" കളുടെ പുതുവര്‍ഷം നേരുന്നു.

സമൃദ്ധിയുടെ, സമാധാനത്തിന്റെ, സന്തോഷത്തിന്റെ
പുതുവര്‍ഷം നേരുന്നു.

Thursday, December 17, 2009

"പാവങ്ങള്‍ "



എനിക്കിഷ്ടമില്ല തീരെ
"പാവങ്ങളെ" കുറിച്ചെഴുതാന്‍,
എങ്കിലും എഴുതിക്കുന്നു അവര്‍
എന്റെ കൈയും പിടിച്ച്

അവര്‍ ഒരുപാട്‌ ഉയരങ്ങളിലാണ്
ആര്‍ക്കും കൈയെത്താത്ത ദൂരങ്ങളിലും
അവര്‍ ചിലരെ ഉയര്‍ത്താറുണ്ട്
മറ്റുചിലരെ താഴ്ത്താന്‍ വേണ്ടി മാത്രം
എന്നാലും ഉയര്‍ത്തിയല്ലോ നിങ്ങളെ ആ "പാവങ്ങള്‍"

സഹായിക്കാറുണ്ട്, തൊഴുതു നില്‍ക്കാന്‍ വേണ്ടി-
മാത്രം, സ്നേഹിക്കാറുണ്ട് തന്‍പോന്നവരെ മാത്രം
ദേഷ്യം വരാറുണ്ട്‌ "രാജാവ് നഗ്നനാണെന്നു"പറയുമ്പോള്‍ ഒക്കെ
പരിഹസിക്കാറുണ്ട്, പക്ഷെ തിരിച്ചു പരിഹസിക്കരുതെന്നു മാത്രം!
എല്ലാത്തിനും അതീതരല്ലേ ആ "പാവങ്ങള്‍"

അറിവിന്റെ സാഗരമെന്നാണ് സ്വയം കരുതുന്നത്,
പക്ഷെ അബദ്ധങ്ങള്‍ വിളമ്പുമേ, മിണ്ടാതിരുന്നുകൊള്‍ക
അംഗീകാരങ്ങള്‍ക്ക് അവകാശി താന്‍ മാത്രം
ആത്മാര്‍ത്ഥത എന്നാല്‍ പുറംപൂച്ച്‌ മാത്രം
ഉള്ളില്‍ ഒന്നുമേ ഇല്ലാ "പാവങ്ങള്‍ "

പുകഴ്ത്തുന്നവര്‍ക്കിവിടെ സ്ഥാനമുണ്ടേ,
ഉയര്‍ച്ചയില്‍ അസൂയ ഹോബി ആണേ
മറ്റുള്ളവര്‍ ഇന്നവിധം വേണമെന്നു നിഷ്കര്‍ഷയുണ്ടേ
അവര്‍ക്കവ്വിധം ബാധകമല്ലേ,
കുറ്റങ്ങളും കുറവുകളും ഇല്ലാ "പാവങ്ങള്‍ ‍"

Thursday, November 26, 2009

സമയം പോകുന്നു...


സമയം പോകുന്നു, സമയം പോകുന്നു......,

പൊയ്ക്കോട്ടേ, ആരോടും ഒന്നും മിണ്ടാതെ-
കടന്നു കളഞ്ഞാല്‍ മതിയല്ലോ സമയത്തിന്,
അടുക്കള പാച്ചിലിനിടയില്‍ അവള്‍
അണുവിട വിട്ടുകൊടുത്തില്ല

"സമയത്തിന്" കുളിക്കേണ്ട,
ശൌചങ്ങളൊന്നുമേ വേണ്ട
ആരുടെ കാര്യവും നോക്കി വലയേണ്ട
ചോറും കറികളും ഒരുക്കേണ്ട,
ഉണ്ണുകയെവേണ്ട, ഉറങ്ങേണ്ട,
ഓഫീസില്‍ "സമയത്തിന്" എത്തണം എന്നുമില്ല
ഒരു മാന്ത്രികനെ പോലെ എല്ലായിടത്തും
എല്ലായ്പ്പോഴും ഉണ്ടല്ലോ

ദേ, പിന്നേം പോകുന്നു സമയം
എന്നെ വെല്ലുവിളിച്ചുകൊണ്ട്,
ഒന്നെത്താന്‍ ശ്രമിച്ചോട്ടെ ഞാന്‍,
ബാക്കി പിന്നെ.

Tuesday, November 10, 2009

മിഴികള്‍ സ്നേഹസാഗരങ്ങള്‍







ഇന്നീ മിഴികള്‍ക്ക് മങ്ങല്‍ ഏറ്റുവെങ്കിലും
തിളങ്ങുന്നു ഓര്‍മയില്‍ ആ മിഴികള്‍

ആ മിഴികള്‍ നിന്റെ സ്വത്ത്‌ ആണെന്ന് പലരും
പറഞ്ഞിരിക്കാം, കാരണം, അവ ചിരിച്ചിരുന്നു,
കുസൃതി നിറഞ്ഞിരുന്നു, അനന്തശാന്തത തുളുമ്പിയിരുന്നു,
ആലസ്യഭാവത്തോടെ ചിലപ്പോഴും, കൊച്ചുകുഞ്ഞിന്‍ -
നിഷ്കളങ്കതയോടെ പലപ്പോഴും കണ്ടിരിക്കാം

അതൊന്നുമല്ല എന്റെ സ്വത്ത്‌, ആ മിഴികള്‍ രണ്ടു -
സ്നേഹസാഗരങ്ങള്‍ എന്നറിഞ്ഞത് ഞാന്‍ മാത്രം
അലയടിക്കും സ്നേഹം കണ്ടതല്ലേ, പിന്നീടെന്നോ
ഞാന്‍ അതിലൂടെ കണ്ടു തുടങ്ങി, പിന്നെ
അതെന്റെ മിഴികള്‍ ആവുകയായിരുന്നോ

സ്നേഹ സാഗരങ്ങളെ വരൂ.... ഞാന്‍ എഴുതി വെച്ച-
പാഴ്വാക്കുകള്‍ മായ്ച്ചു കളയൂ.

Wednesday, October 7, 2009

തടവറ


ഞാന്‍ കണ്ട ലോകം എത്രയോ വലുതെന്നു-
നിരീച്ചുവെങ്കിലും ഇന്നീ കൊച്ചു കിളി വാതിലിലൂടെ
കണ്ട ലോകത്തിനെന്തു വലുപ്പം!

ബന്ധങ്ങളാലും ബന്ധനങ്ങളാലും
കടമകളാലും കര്‍ത്തവ്യങ്ങളാലും
സ്നേഹങ്ങളാലും വിശ്വാസങ്ങളാലും നിര്‍മിച്ച-
കല്‍ത്തൂണുകളില്‍ നില്ക്കുന്ന ഈ ഭൂമി,
അതില്‍ ഞാന്‍ മാത്രം ഒരു അപരിചിത പേക്കോലം!

വയ്യ ഇനിയിവിടെ മുന്നോട്ടു പോകുവാന്‍,
എങ്കിലും പോകാതെ വയ്യല്ലോ!
സ്വതന്ത്രമാക്കട്ടെ ഏവരേയും, സ്വതന്ത്രമാവട്ടെ-
ഞാനും, എന്‍ തടവറയെ സ്വന്തമാക്കാനായി മാത്രം.

Tuesday, September 8, 2009

പൂത്തുമ്പി


നീലവാനിലൊരു പൂത്തുമ്പി വീണ്ടും
തത്തിക്കളിക്കുന്നു കൊഞ്ചിടുന്നു എല്ലാം
മറന്നതിന്‍ ചിറകുകള്‍ വിടര്‍ത്തി
മെല്ലെ മെല്ലെ പൊങ്ങിടുന്നു

ആനന്ദ നിര്‍വൃതിയില്‍ ഒരു നിമിഷം
വെറുതെ കണ്ണടച്ചിരുന്നപ്പോഴുംകണ്ടു-
ഞാനാ തുമ്പിതന്‍ തൂവര്‍ണവും പിന്നെയാ
കേട്ടതോ കൊഞ്ചലുകളും

എന്തിനായ്‌ പോകുന്നു നീ അങ്ങ് ദൂരെ
ഇങ്ങടുത്തുവരൂ ഞാന്‍ കാണിച്ചുതരാമാ
പൂനിലാവും മാനസ പൊയ്കയും
കാണാത്ത പൊയ്ക തന്‍ തീരം കൊതിച്ചോ നീ

കല്ലെടുത്താടാന്‍ കൊതിക്കുന്ന തുമ്പിയെ
മധുചഷകംനിരത്തി ഞാന്‍ കാത്തിരിന്നു
വരുമെന്ന് മോഹിച്ചിരുന്നു, ഒരിക്കലുമാ തുമ്പി
വരില്ലെന്നറിഞ്ഞിട്ടും വെറുതെ

ഒരു തുള്ളി ജലത്തിനായ്‌ കേഴുന്ന വേഴാമ്പല്‍ പോലും
ദാഹജലം കിട്ടാതെ ഉഴന്നുലഞ്ഞീടുമ്പോള്‍മോഹ -
പക്ഷികള്‍ക്കായ് തീര്‍ത്തൊരു കൂട്ടില്‍
ഹോമിക്കയാണോ ഈ കൊച്ചു ഹൃദയത്തെ

പുതുവര്‍ണക്കള്‍ക്കായാ തുമ്പി വാനിലേക്ക്
ഉയര്‍ന്നാഞ്ഞുവെങ്കിലും ഗതി മാറിയ കാറ്റിലിന്നാ
കൊച്ചു തുമ്പി വഴിതെറ്റി എന്നിലേക്കെത്തീടുവാന്‍
വെറുതെ കൊതിക്കുന്നു ഞാന്‍

കൊതിച്ചപോല്‍ തുമ്പിയെ ആനയിച്ചെന്റെ
അടുത്തേക്കാ ഗതി മാറ്റി കാറ്റെങ്കിലും അടുത്തെത്തും
മുമ്പ് വീണ്ടും മറ്റൊരു കാറ്റില്‍ ഗതി മാറി ഉയര്‍ന്നു പൊങ്ങി-
പോയ് ആ പൂത്തുമ്പിയും എന്റെ സ്വപ്നങ്ങളും

എത്തിപിടിക്കാന്‍ കൈകളുണ്ടായിട്ടുപോലും മരവിച്ചു-
പോയെന്‍ കൈകളിന്നു എത്തിപിടിക്കാന്‍ കഴിയാതെ

Thursday, August 13, 2009

ഇത്രയെങ്കിലും



മാനസ നോവിന്റെ ഭാരമകറ്റുവാനായ്‌
എന്തൊക്കെയോ കുത്തി കുറിച്ചോരെന്‍
വരികള്‍ക്കിടയിലൂടെ എത്തി നോക്കിയ
നിഷ്കളങ്കമാം സ്നേഹത്തിന്‍ പ്രതീകമേ

വഴി തെറ്റി പോകുന്ന കുഞ്ഞാടുകളെ
തെല്ലു ശാസിച്ചും വരിയില്‍ നിര്‍ത്തി
സ്നേഹത്താല്‍ തഴുകി നടത്തുന്നോരാ
ഇടയന്‍ തന്‍ പ്രതിരൂപമേ

വിശാലമായൊരു മനസ്സിന്റെ കോണില്‍
ചഞ്ചലമായോരെന്‍ ചിന്തകളെപ്പോലും
തൊട്ടു തലോടി ഉറക്കുന്നോരെന്‍
അച്ഛന്റെ സാമീപ്യമറിഞ്ഞിടുന്നു ഞാന്‍

ദൂരെയാണെങ്കിലും ആശ്വസിപ്പിക്കട്ടെ,
കേണീടട്ടെ ഞാന്‍ ഈശ്വരനോട്
ദീനങ്ങള്‍ എല്ലാം അകറ്റി വീണ്ടുമാ
പളുങ്കുപുഞ്ചിരിയുമായ് സജീവമാകുവാന്‍



ഇത് ജെ പി അങ്കിളിന് സമര്‍പ്പിക്കുന്നു.

ഫോട്ടോ കടപ്പാട്‌ - അങ്കിളിന്റെ ഓണം ഫോട്ടോസ് കളക്ഷന്‍ ഇന്ദുലേഖ.കോം

Tuesday, August 4, 2009

പ്രകൃതിയിലേക്ക്



രാവിന്റെ നോവുകള്‍ക്കന്ത്യം കുറിച്ചാ-
പാലാഴി പൂനിലാവിന്‍ കുളിര്‍മ്മയില്‍
‍പാതിയടഞ്ഞോരെന്‍ കണ്ണുകള്‍ക്കുള്ളിലെ
നക്ഷത്ര ദീപങ്ങള്‍ക്ക് തിരി കൊളുത്തി

നനവാര്‍ന്ന വര്‍ണത്താല്‍ ചാലിച്ച് തീര്‍ത്ത
വാസന്ത കന്യതന്‍ പരിരംഭണത്താല്‍
കോരിത്തരിച്ചീടുന്നു ഞാന്‍, ആദ്യ-
മഴയിലെ ഭൂമിതന്‍ സ്പന്ദനം പോല്‍

‍നാദബ്രഹ്മത്തിന്‍ കമ്പികള്‍ മുറുകിയാ-
മാനസവേണുതന്‍ പരിലാളനത്തിന്‍
രാഗങ്ങള്‍, ഭ്രാന്തു പിടിപ്പിക്കുവതെന്നെ
ഇറ്റിറ്റായ് വീഴുന്ന സ്നേഹ ബിന്ദുക്കള്‍ പോല്‍

‍മൂടല്‍ മഞ്ഞിന്‍ മറയകറ്റിയടുക്കുന്നോരാ-
കുളിര്‍തെന്നലെ ഓടിയകറ്റെണ്ട എന്നെയീ
തെളിനീര്‍ ചോലതന്‍ തീരത്ത്, കണ്‍ചിമ്മിടട്ടെ
ഞാനെന്‍ കര്‍മ്മത്തിന്‍ സാക്ഷാത്കാരമായ്‌

തേക്കിന്‍ കാടുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങിയ
പൂഞ്ചോലതന്‍ സംഗീതമായിരിന്നുവെന്‍
ചിറകറ്റ സ്വപ്‌നങ്ങള്‍ക്കൊപ്പം വെറുതെ -
നൃത്തമാടാന്‍ വന്ന വാദ്യവൃന്ദങ്ങള്‍

നമിച്ചീടുന്നു പ്രകൃതി, ഞാന്‍ നിന്നെ
‍ഒരിക്കലും ആര്‍ക്കും പിടികൊടുക്കാത്ത-
സത്യപ്രപഞ്ചമേ, സ്വീകരിക്കുക നീ ഞങ്ങളെ,
നിന്നിലെ ലയമാധുര്യമായ്‌ മാറുവാന്‍

Tuesday, July 14, 2009

ഒറ്റ പനിനീര്‍ പുഷ്പം പോല്‍


ഓര്‍മതന്‍ വാതായനങ്ങള്‍ക്കിടയിലൂടെ
ഓടിയെത്തിയൊരാ പൂന്തെന്നലെ
ഓമനിച്ചു കൊല്ലുവതെന്തിന്നുനീ
ഓര്‍മ്മകള്‍ എല്ലാം മറന്നൊരെന്‍ അന്ത്യത്തിനായോ

ഓമനേ എന്നെത്ര വട്ടം വിളിച്ചു ഞാനെങ്കിലും
ഒരു വട്ടം പോലും നോക്കിയില്ല നീ
ഓടി തളര്‍ന്നു കിതക്കുന്നൊരാ
ഓമനത്തിങ്കള്‍കിടാവായ്‌ മാറി ഞാന്‍

ഒഴുകുന്ന നദി തന്‍ പല ഓരക്കാഴ്ചപോല്‍
ഒഴുക്കിനെതിരെ നീന്താന്‍ കഴിയാതെ
ഒഴുകിയിരുന്നുവെന്‍ മാനസഭാവങ്ങള്‍
ഓര്‍മതന്‍ വര്‍ണചെപ്പുകള്‍ തുറന്ന്

ഒരു ചെറു നിശ്വാസമായ്‌ എന്നോടടുക്കുന്ന
ഒരു പഴംപാട്ടിന്‍ രാഗ ഭേദങ്ങളെ
ഓടിയകറ്റി ഞാന്‍ വീണ്ടും ഉണര്‍ന്നു
ഓടിക്കയറി ഞാന്‍, മറന്ന കല്‍പ്പടവുകള്‍ ചവുട്ടി

ഓമനിക്കുന്ന, ഞാനിന്നെന്‍ മുറ്റത്തെ,
ഒറ്റ പനിനീര്‍ പുഷ്പത്തിന്‍ മൃദുലതപോല്‍
ഒത്തിരിക്കുന്നുവെന്‍ മാനസവും
ഒതുങ്ങിയിരിക്കുന്നുവെന്‍ വിരലുകളും വീണ്ടും ചലനത്തിനായി.

Wednesday, July 1, 2009

ചിന്തകള്‍







ആയിരം വട്ടം പലതും പറഞ്ഞിട്ടിപ്പോള്‍

ഇനിയും ഒന്നും പറഞ്ഞില്ലെന്ന തോന്നല്‍

പലപ്പോഴായി പലതും കണ്ടതെല്ലാം കൂട്ടി-

കിഴിച്ചാലും ഒന്നും കണ്ടില്ലെന്ന തോന്നല്‍

പരിചിതമെന്നു തോന്നുന്നതെല്ലാം ഇന്ന്-

അപരിചിതമെന്ന തോന്നല്‍

പറയുവാന്‍ വാക്കുകള്‍ സ്വരൂപിച്ച്

പറയുവാന്‍ കഴിയാത്തതിന്‍ നഷ്ടം

കേള്‍ക്കുവാന്‍ കാതോര്‍ത്തിരിന്നിട്ട്

മൂകമാം നിശ്വാസം മാത്രം ബാക്കിയാകവേ

എഴുതാനിരിന്നൊട്ടും എഴുതാന്‍ ഒരു -

വിരല്‍ പോലും അനക്കാന്‍ കഴിയാതെ വന്നാല്‍-

തുടരണമോ ഞാനീ തുടര്‍ക്കഥ

എഴുതാന്‍ മറന്നു പോയ അദ്ധ്യായം പോലെ

Tuesday, June 9, 2009

എന്റെ ഗ്രാമം. നിങ്ങളുടെയും.



പനയോല കാറ്റിന്റെ ഹൂന്കാര ശബ്ദവും തരിശായ് കിടക്കുമീ നെല്പാടങ്ങളും വറ്റിവരണ്ടൊരീ പെരുംകുളവും ദാഹിച്ചു വലഞ്ഞുനില്‍ക്കുമാ മുളന്കൂട്ടവുംഇന്നു ഈ വിണ്ടുകീറിയ മനസ്സിലെ വിരഹത്തിന്‍ തീഷ്ണമാം ചുടു കാറ്റായ് മാറിയോ

നട്ടു വളര്‍ത്തിയ പൂക്കാന്‍ മറന്നു പോയൊരാ ഇല കൊഴിഞ്ഞു നില്‍ക്കുമീ തൈമാവിന്‍ ചുവട്ടില്‍ ഇരുന്നോര്‍ത്തുപോയി ഞാന്‍..

പണ്ടു കണ്ടൊരാ പുളിയിലക്കര മുണ്ട് ചുറ്റിയ കതിര്‍ -
അണിഞ്ഞു നില്‍ക്കുമാ പനക്കലെ കണ്ടവും
നിലാവില്‍ നിവര്‍ന്നു നില്‍ക്കുമാ കരിമ്പനക്കൂട്ടവും
പേടി തോന്നിക്കുമതിന്‍ ഭീകര നിഴലുകളും
പച്ചപ്പിന്‍ പരപ്പിലൂടെ വളഞ്ഞുപുളഞ്ഞു പോകുമാ-
പാമ്പന്‍ വരമ്പുകളും കാറ്റിലാടി തിമിര്‍ക്കുമാ -
തേക്കിന്‍ കാടും കാക്ക കൊത്തി താഴേക്ക്‌ വീഴുന്ന-
മൂവാണ്ടന്‍ മാങ്ങയും, കവുങ്ങില്‍ പടരന്നോരാ-
കുരുമുളകിന്‍ തളിരിലയും, മേലെ പറമ്പിലെ
ചേമ്പിലയില്‍ കണ്ട പളുങ്ക് മുത്തും കശുമാവിന്‍
തോപ്പില്‍ അലയും വാനരപ്പടയും മയിലാടും കുന്നിലെ
തെളിനീര്‍ ചോലയും തോട്ടിലെ മലവെള്ള ഇറക്കത്തിന്‍
നീര്‍ ചുഴിയും, തോട്ട് വരമ്പിലെ മുക്കുറ്റി പൂവും പാമ്പിന്‍ പുറ്റും
താഴെ കുളത്തിലെ കുളക്കോഴികൂട്ടവും
കുള കടവിലെ ഉമിക്കരിക്കൊട്ടയും താളിക്കുഴംപും
ചിത്രപണി കൊണ്ടു തീര്‍ത്തൊരാ ഭസ്മ കൂടും
പരിസരം നിറഞ്ഞു നില്‍ക്കുമാ ഭസ്മത്തിന്‍ സുഗന്ധവും
പാതിരാവിലെ രാക്കിളി പാട്ടും അതിനൊത്ത് ചേരുമാ
മൂങ്ങ തന്‍ സാന്ത്വനവും കുന്നിന്‍പുറത്തെ ആ -
കാര്‍ത്യായനി ക്ഷേത്രവും മനസ്സിനെന്നും കുളിര്‍മ നല്‍കുമാ
ദീപാരാധനയും മഞ്ഞില്‍ കുതിര്‍ന്ന ചൊവ്വ കാവിലെ
കരിങ്കല്തരയിലെ നിഴല്പാവക്കൂത്തും ഈണത്തില്‍ ചൊല്ലി
ഞാറു നടുമാ നാടന്‍ പെണ്ണുങ്ങള്‍തന്‍ കൂമ്പിയ മാറിടവും
വലിയചാത്തന്‍തന്‍ കാളക്കു മുന്നിലെ കാഹളവും
പരക്കാട്ടുകാവിലെ താലപൊലിയും ഒന്നരയുടുത്താടീടുമാ
കൊച്ചു സുന്ദരികള്‍ തന്‍തിരുവാതിരക്കളിയും കൈകൊട്ടിപാട്ടും
അകന്നു പോയെന്നില്‍ നിന്നെല്ലാം, അതോ, ഞാനകന്നുപോയോ അതില്‍ നിന്നെല്ലാം?ഒഴിഞ്ഞു കിടക്കുമീ തൊഴുത്തില്‍ ഇന്നു ആ പുള്ളി പൈകിടാവിന്‍ ഗന്ധം നിറഞ്ഞു നില്‍പ്പൂ എനിക്കിന്നാ ചുള്ളി പറമ്പിലെ അപ്പൂപ്പന്‍താടിയായ് പാറി നടക്കുവാന്‍ മാത്രം മോഹം.

Saturday, May 23, 2009

മണ്ടത്തരങ്ങള്‍ ?



മിണ്ടി പറയുവാന്‍ കാത്തിരിന്നു ഞാന്‍
മണ്ടിപ്പെണ്ണിന്റെ തലയിലൊരു കിഴുക്കും കൊടുത്ത് മണ്ടി -
പോയില്ല നീ എന്നില്‍ നിന്നൊരുമാത്ര
മണ്ടിപെണ്ണായെന്‍ മുന്നില്‍ മാത്രം ഒതുങ്ങീടുവാന്‍
മിണ്ടി പറയുന്ന നേരത്തോ, ഞാനൊരു മണ്ടനായീടുന്നു

മന്ദാരക്കാറ്റിന്റെ വാസനയെ ഉപമിക്കുവതെങ്ങിനെ?
മന്ദമാരുതന്‍ തന്‍ പോലും അറിയാത്തോരാ വാസനയെ
മന്ദമായ് ചൊല്ലി പറയുവതെങ്ങിനെ എന്നു നീ
മണ്ടി പെണ്ണെ ഞാന്‍ വിളിക്കുന്നു വീണ്ടും "കഴുതേ" എന്ന്

മാമ്പഴം പോല്‍ തുടുത്തൊരാ കവിളിന്റെ മധ്യത്തില്‍ മാഞ്ഞു -
പോകാത്ത വണ്ണം ചുടു ചുംബനങ്ങള്‍ നല്‍കുമ്പോള്‍
മറന്നു പോകുന്നുവോ നിന്‍ ചോദ്യങ്ങള്‍ പലതും ?
മന്ത്രങ്ങള്‍ മാത്രമുരിവിടുന്നോരെന്‍ ചുണ്ടില്‍
മൂകമാംചിന്തകള്‍ തീര്‍ത്തിടുന്നുവെന്നില്‍

മിണ്ടാതിരിക്കുവാന്‍ ഓതിയോരെന്‍ മണ്ടിപെണ്ണെ
മറന്നീടുന്നു ഞാന്‍ ചൊല്ലിയോരാ മണ്ടത്തരങ്ങള്‍

Saturday, April 18, 2009

വിധി




വിധിയെഴുതി തമ്പുരാനിന്നെന്നെ കഴുമര തൂക്കിലേറ്റാന്‍

ചെയ്യാത്ത തെറ്റിനിന്ന്‌ വിധിയേന്നോടെന്തിത്ര ക്രൂരത കാണിച്ചു ?

സ്നേഹം അതൊന്നു മാത്രമീ ലോകത്തില്‍ ശാശ്വതമായ് നില്‍പ്പൂ

ഓര്‍മ്മകള്‍, അയവിറക്കാന്‍ എന്തെളുപ്പംഎന്നാലതിന്‍ വേദന -

സഹിക്കാന്‍ കഴിയുമോ ഈ സ്നേഹ പുഷ്പങ്ങള്‍ക്ക്

സ്നേഹമെന്നൊന്നുണ്ടായിരുന്നില്ല എങ്കില്‍ കാണുമോ

ആ തണ്ണീര്‍കുളത്തിലെ ചെന്താമാരക്കൂട്ടങ്ങളെ, അലിയുമോ-

ഈ മഞ്ഞിന്‍ കണങ്ങളീ നദിയില്‍, നുണയുമോ

ആ കൊച്ചു കുഞ്ഞിന്നീ അമ്മിഞ്ഞ, പാടുമോ-

കുയിലുകള്‍ മര കൊമ്പില്‍ ഇരുന്ന്, നുകരുമോ

വണ്ടുകള്‍ ആ കുഞ്ഞിപ്പൂവിന്‍ മാധുര്യം, വീഴുമോ

ഭൂമിതന്‍ വരണ്ട മാറില്‍ ഈ മഴത്തുള്ളികള്‍

പൂക്കുമോ ഈ നീലകുറിഞ്ഞി പോലും, ആരു പറഞ്ഞു

നദിപോലും നിശ്ചലമാകില്ലെന്ന് പ്രപഞ്ചമേ നിശ്ചലമാകില്ലെന്ന്

ഒരു താരാട്ടൊന്നു ആസ്വദിക്കാനായ് അനുവദിച്ചുകൂടെ ഒരു സാന്ത്വനം

വിധിക്കറിയാമോ ഈ പ്രകൃതിതന്‍ സൗന്ദര്യം, വിധിക്കറിയാമോ വിരഹത്തിന്‍ വേദന

സ്നേഹം, പ്രകൃതി, സൗന്ദര്യം ഇതെല്ലാം സത്യമെങ്കില്‍

സ്നേഹിച്ചുപോയതോ എന്റെ കുറ്റം ? എങ്കില്‍ സ്വീകരിക്കുന്നു ഞാനാ-

വിധിതന്‍ തൂക്കുകയര്‍, എന്തുകൊണ്ടാ വിധിദിനം മാത്രം പറഞ്ഞില്ല?

വീണ്ടും നീറി നീറി മരിക്കുവാനോ? നടപ്പിലാക്കൂ ആ വിധി ഇന്നു തന്നെ, ഇല്ലയെങ്കില്‍

ആ വിധിദിനമെങ്കിലും പറഞ്ഞുതരൂ, വയ്യ എനിക്കിനി നീറുവാന്‍, അല്ലയെങ്കില്‍

വിധിക്കുമുന്‍പെ നീറി മരിച്ചുപോയിടും

Wednesday, April 8, 2009

മറ്റൊരു കണിക്കാലം






കഥയൊന്നു പറയുവാന്‍ ഓര്‍ത്തിരിന്നു, കളിവാക്കും ചേര്‍ത്തിരുന്നു,

കഥയും മറന്നുപോയ്‌, കളിവാക്കും മറന്നുപോയ്‌, മമ ഹൃദയത്തിന്‍ സ്പന്ദനം ബാക്കിയായ്

കാണാത്ത നേരത്തെന്‍ കണ്മുന്‍പില്‍ ഉണ്ടെന്ന തോന്നലുകളെന്‍ മനസ്സില്‍ പൂവണിഞ്ഞിരുന്നു

കാണുന്ന നേരത്തോ, ഒന്നുമുരിയാടാതെ കണ്മുന കൊണ്ടൊരു കഥ പറയുന്നു

വരുമെന്ന് കരുതിയീ പടിവാതില്‍ക്കല്‍ ഞാന്‍ കാതോര്‍ത്തിരുന്നുവാ കാലൊച്ചക്കായ്

ചെറുമികള്‍ തന്‍ കൊയ്ത്തുപാട്ടിന്റെ ഈണത്തില്‍ ലയിച്ചു ഞാന്‍ വെറുതെ കാത്തിരിന്നു

കൊയ്ത്തരിവാളിന്‍ ഇക്കിളിയാല്‍ പുളയുന്നോരാ കതിര്‍ക്കുലതന്‍ നാണത്തിന്‍ തുടിപ്പുകള്‍

കണ്ടു ഞാന്‍ വെറുതെ കാത്തിരിന്നു

കണിക്കൊന്നതന്‍ കിന്നാരങ്ങളും കാറ്റിന്റെ ചുവടുകള്‍ക്കൊപ്പം കിലുങ്ങുന്നോരാ കണിക്കൊന്നതന്‍

കണിക്കാലവും ഉണ്ടായിരുന്നു കൂട്ടിനായ് എന്‍ മാനസ പൂജയില്‍

നനഞ്ഞ മണ്ണിന്റെ മണമാണാ വിരിഞ്ഞ മാറിടത്തിനെങ്കിലും അമാന്തിച്ചതെന്തിന്നുവേണ്ടിയീ

നിറഞ്ഞ മാറില്‍ അലിഞ്ഞു ചേരാന്‍

എന്‍ കവിളില്‍ തട്ടിയുലഞ്ഞു ഇക്കിളിപ്പെടുത്തിയോരാ മുടിയിഴകള്‍തന്‍ മന്ദഹാസത്തില്‍

ഞെട്ടിയുണര്‍ന്നു ഞാന്‍ തിരിച്ചറിഞ്ഞു, ഇനിയിന്നു കാക്കേണ്ട, കാത്തിരിക്കാം

മറ്റൊരു കണിക്കാലത്തിനായ്

Tuesday, April 7, 2009

പുഴ, ഒരു നഷ്ട സൗഭാഗ്യം





എവിടെ എന്റെയാ കൂട്ടുകാരി, ആ വെള്ളി നിറ ദാവണിക്കാരി? ഓര്‍ത്തിടുന്നു ഞാന്‍, ആര്‍ത്തുല്ലസിച്ചവളെ കാണാന്‍ പോയ നാളുകള്‍,

നാട്ടു വഴിയിലെ മൈലാഞ്ചി കാടുകള്‍ക്കിടയിലൂടെ

പച്ചയും മഞ്ഞയും നിറ പട്ടുടുത്ത പാടങ്ങള്‍ക്ക് നടുവിലൂടെ

കാക്കപൂ പറിച്ചും തൊട്ടാവാടിയെ തൊട്ടും പൂക്കളുടെ തേന്‍ നുകര്‍ന്നും

'പൊട്ടിപ്പൂ' ഊതി പൊട്ടിച്ചും 'മായ്ക്കില' തിരഞ്ഞും മരചില്ലകളിലെ

കാനതുള്ളികള്‍ ഉതിര്‍ത്തും നടന്നൊരാ കാലത്ത് അവള്‍ ചാരുതയാര്‍ന്ന പൊട്ടിപെണ്ണായിരുന്നു, ചിരിച്ചും ചിലച്ചും കളകളം പാടിയും ഒഴുകി നടന്ന് ഞങ്ങളെ സ്വീകരിച്ചവള്‍,

തിരുവാതിര നാളില്‍ പൂര്‍ണചന്ദ്രനെ ആവാഹിച്ച് ഇളകി നടന്നവള്‍,

മഴക്കാലങ്ങളില്‍ ആര്‍ത്തലച്ചു വന്നവള്‍, വേനല്‍ ചൂടിലും നനവേകിയവള്‍

ജാതിമതഭേദമന്യേ എല്ലാര്‍ക്കും നന്മയേകിയവള്‍, പ്രകൃതിയും ലയിച്ചു നിന്നിരിന്നു അവള്‍ക്കു ചുറ്റും

അവള്‍ തന്നെയോ ഇത്? എനിക്ക് വയ്യ, സപ്തനാഡികളും നിലച്ച് നിശ്ചലയായ് കിടക്കുന്നത് കാണാന്‍

മതിയായിട്ടുണ്ടായിരുന്നില്ല അവളെ കണ്ടും ആ മടിത്തട്ടില്‍ കിടന്നും,
മതിയായതൊന്നുമാത്രം അവളുടെ ഈ അവസ്ഥ കണ്ട് ,
ജാതിമതഭെദമന്യെ നമ്മളല്ലോ കാരണക്കാര്‍, നിന്നയിടം കുഴിച്ചിട്ടെന്തു നേടാന്‍ ?

Friday, March 13, 2009

കര്‍മം



അന്നവള്‍ അവനോടു ചൊല്ലി ഞാനും വരുന്നു സൂര്യോദയം കാണാന്‍
നിനക്കേറ്റം ഇഷ്ടപ്പെട്ട നിന്റെ ഉറക്കം നഷ്ടപ്പെടില്ലേ എന്ന് അവനും
എങ്കിലും ഇന്നു വരാതിരിക്കാന്‍ കഴിയില്ല എന്നവളും
ഇന്നെന്താ ഇത്ര പ്രത്യേകത എന്നവനും
ചോദിച്ചു ചോദിച്ചു നേരം പോയതല്ലാതെ
അവര്‍ ഇരുവരും അന്നവിടെ പോയില്ല
സൂര്യന്‍ അസ്തമിക്കും വരെ തുടര്‍ന്നു വാഗ്വാദം.
ഇന്നും സൂര്യന്‍ തുടരുന്നു തന്റെ കര്‍മം, അവരും.



വരും. വരാതിരിക്കില്ല.


വരാമെന്ന് പറഞ്ഞിട്ടാ വരവൊന്നും കാണാതെ

വിരഹിണിയായ് കാത്തിരിപ്പൂ ഞാനീ വാകമരച്ചോട്ടില്‍ ഏകയായ്,

വരുമെന്നോര്‍ത്തിരുന്നു ഞാനെങ്കിലും വരവിന്‍ സങ്കല്‍പ്പങ്ങള്‍ ഒന്നും കണ്ടില്ല ഞാനെങ്കിലും

ആ വരവിന്‍ വരവേല്‍പ്പുമായ് കാത്തിരിപ്പൂ ഞാനീ വരമ്പിന്‍ ഓരത്ത്

വരുമെന്നെനിക്ക് ഉറപ്പുണ്ട്, വന്നിട്ടെന്നെ വരിഞ്ഞു മുറുക്കി ശ്വാസംമുട്ടിച്ചൊരാ

വായുതന്‍ ഗന്ധത്തില്‍ അമര്‍ന്നു വിരിച്ചിടട്ടെ എന്റെയാ സൌപര്‍ണിക

വാസന തൈലം പൂശി വാലിട്ടു കണ്ണെഴുതി ഓട്ടു വാല്‍ക്കണ്ണാടിയുമായ്‌ ,

വൃശ്ചികക്കാറ്റിന്‍ കൂട്ടിനായ് വിറയാര്‍ന്നോരെന്‍ കൈവിരല്‍ തുമ്പില്‍

വാടാമല്ലി പൂക്കളാല്‍ കോര്‍ത്തൊരു വരണമാല്യവുമായ് കാത്തിരിപ്പൂ-

ഞാന്‍ വസന്തത്തിന്‍ വര്‍ണഭേദങ്ങള്‍ക്കൊപ്പം.

വിഷാദമാമെന്‍ മുഖത്തില്‍ വിടരുന്ന ഭാവമാറ്റങ്ങള്‍ക്കൊപ്പം

വീഴുന്ന കാറ്റിലെന്‍ കുറുനിരകള്‍ മാടി വിളിച്ചീടുന്നു മമ മാരന്‍ വരുമെന്ന പ്രതീക്ഷയില്‍

വിരിച്ചിടുന്നുവാ സപ്രമഞ്ചകട്ടില്‍ തന്‍ ചുളിവൊട്ടും മാറാത്തൊരാ വിരിപ്പിന്റെ അറ്റത്തില്‍

പിടിച്ചിരിക്കുന്നു ഞാനും, മറ്റൊരറ്റത്തോ പിടിച്ചിരിക്കുന്നു നീയും

Tuesday, February 24, 2009

പവിഴമല്ലി



ഒരു തിങ്കള്‍ക്കല പോലെ കണ്ടു ഞാനാ നെറ്റിയിലെ കളഭക്കുറി
നിറഞ്ഞു നില്‍ക്കുമാ ദീപങ്ങളാല്‍ ശോഭിതമായൊരു അര്‍ദ്ധനാരീശ്വരന്‍തന്‍
ചന്ദ്രക്കലയോളം തീഷ്ണമായിരുന്നു നിന്‍ കണ്ണുകളില്‍ അല തല്ലുമാ
സ്നേഹത്തിന്‍ ഊഷ്മളമാം തെളിനീര്‍.
ചുറ്റമ്പലത്തില്‍ ദീപജ്വാലയില്‍ കൊച്ചു ചുവടുകള്‍ വെച്ചു നീങ്ങവേ
തരിച്ചു നിന്നൊരാ മണല്‍ത്തരികള്‍ അമര്‍ന്നുപോയാ കാലടി ചുവട്ടിലെന്കിലും
അറിഞ്ഞു ഞാനാ മണല്‍ത്തരികള്‍ തന്‍ നിര്‍വൃതി പോലും.
ഒഴുകി നടന്നു നീങ്ങുവാന്‍ തക്കവണ്ണം ഓളങ്ങള്‍ തീര്‍ത്തതാരാണ് നിന്‍ മനസ്സില്‍‌
പവിഴമല്ലി ചോട്ടിലെ ഇത്തിരി ഇരുളിലാ കൈകള്‍ നീണ്ടതെന്‍ ഇഷ്ടപുഷ്പം
കാണിക്കുവാന്‍ ആണെന്ന് ഞാനറിഞ്ഞത് എത്രയോ യുഗങ്ങള്‍ക്കു ശേഷമാണ്
ദീപാരാധന നേരത്ത് ഏകാഗ്രതക്കായ് കണ്ണുകള്‍ അടച്ചിട്ടെന്‍ കൈവിരലുകള്‍
മന്ത്രിച്ചെടുത്തത് നിന്നില്‍ കുളിര്‍ കോരിയിടുവാനോ
അതോ മറ്റൊരു സുഷുപ്തിയില്‍ അലിയുവാനോ

Wednesday, February 18, 2009

കാത്തിരിപ്പ്‌

നനുത്ത മഞ്ഞിന്‍ കണങ്ങള്‍ പോലെന്‍ മനസ്സിലേക്കിറങ്ങി അലിഞ്ഞു ചേരുന്നു

ആ സ്വപ്നങ്ങള്‍തന്‍ മൃദു സ്പര്‍ശനങ്ങള്‍, മറക്കുവാന്‍ കഴിയാത്ത സ്വപ്നഗന്ധങ്ങള്‍.

എന്തിനായ് എന്തിനായ് മോഹിപ്പിച്ചു നീ നിന്നുള്ളിലെ ആരും കാണാത്ത എന്തിലേക്കോ ആയി

എന്തിനായ് എന്തിനായ് ഏന്തി പിടിച്ചു ഞാന്‍ ആര്‍ക്കും കാണാന്‍ കഴിയാത്ത ആ മൂകമാം സ്നേഹബിന്ദുക്കളെ

ഒരു ഗാഥ തീരം, ഒരു സ്നേഹതീരം, നമ്മള്‍ ഒന്നായ് നെയ്തെടുത്തോരാ തീരം

മടിച്ചു നില്ക്കുന്നു നമ്മള്‍ക്കിടയിലൂടെ അരിച്ചു കയറുന്നോരാ തിരകള്‍ തന്‍ അപശ്രുതി

മറിച്ചു ചൊല്ലുവാന്‍ കഴിയുന്നീല നിനക്കും എങ്കിലും കഴിയുമെന്നെനിക്ക് ഉറപ്പുള്ള മനസ്സിന്റെ -

വഞ്ചിയില്‍ വെറുതെകിടന്നുറങ്ങുകയാണ് പൊങ്ങു തടിപോല്‍ ഒന്നിനുംകഴിയാതെ

ജീവിത നൌക തന്‍ അമരതിരുന്നു ഞാന്‍ മാടി വിളിച്ചു വന്നു കയറുവാനായ്

കൊച്ചു കാല്‍പാദങ്ങള്‍ നനഞ്ഞതിന്‍ വിഭ്രാന്തിയില്‍ അട്ടഹാസത്തില്‍ നിറഞ്ഞു നില്‍ക്കുമാ

മനസ്സിന്‍ നിശ്ചിന്തയില്‍ ഒട്ടും അമാന്തിച്ചില്ല എന്‍ നൌക തന്‍ പ്രയാണം

ഇല്ല കൈ എത്തിപിടിക്കുവാന്‍ കഴിയാത്ത വണ്ണം ദൂരെയാണെന്‍ സ്നേഹമാം വിടര്‍ന്ന നൌക

ക്ഷമിച്ചുകൂടെ വീണ്ടും വന്നെത്തി പിടിക്കുവാന്‍?




Tuesday, February 17, 2009

മണ്ണിന്റെ ഗന്ധം


തുറന്നിടൂ ആ ജനല്‍പാളികള്‍ തുളച്ചു കയറട്ടെ ആ കോടമഞ്ഞ്
തുറന്നിടൂ ആ ജാലകങ്ങള്‍ മുഴുവനായ് വീശട്ടെ കാറ്റ്, കാറ്റിനൊപ്പം
വീഴട്ടെ അല്പം മഴത്തുള്ളികള്‍, എന്റെ ദേഹത്തിലും ഒരു ഉണര്‍വ്വിനായ്
ആസ്വദിക്കട്ടെ ഞാനിന്നാ മണ്ണിന്റെ ഗന്ധം, കേള്‍ക്കട്ടെ ആ മഴത്തുള്ളികള്‍ തന്‍
അടക്കം പറച്ചിലും കിന്നാരങ്ങളും, അറിയട്ടെ ഞാനാ മഞ്ഞിന്‍ തലോടല്‍
അലിയട്ടെ ഞാനിന്നാ കുളിര്‍മ്മയില്‍, കാണേണം ഇന്നാ വിടരാന്‍ കൊതിക്കുന്ന
പൂക്കള്‍, തൊട്ടുരുമ്മി നില്‍ക്കുമാ കാശിതുംബയും കാക്കപ്പൂവും
എന്തിനോ വേണ്ടി വെറുതെ പൊഴിയുന്ന പവിഴമല്ലിതന്‍ ചെഞ്ചുണ്ടുകളും
കണ്‍ തുറക്കാന്‍ കൊതിക്കുന്ന നിശാഗന്ധിക്ക് ഇനിയും തുറക്കുവാന്‍ എന്തെ താമസം
മടിയിലിരുത്തി കൊഞ്ചിക്കാഞ്ഞോ മാനസതീര്‍ത്ഥമൊഴുക്കാഞ്ഞോ!
എന്തിന് വട്ടം ചുറ്റുന്നതെന്‍ ചുറ്റിലും ഒന്നുമറിയാത്ത ഈ തേരട്ട കൂട്ടങ്ങള്‍
എന്തിന് ചലിക്കുന്നുവെന്‍ ശരീരം മുഴുവനും ആ ചിലന്തി തന്‍ വലിയ കാലുകള്‍
എന്തിന് മറയ്ക്കുന്നു എന്‍ കണ്ണുകള്‍ രണ്ടും എന്നും കാണാന്‍ കൊതിച്ചവയില്‍ നിന്നും
ഇറ്റുവീഴുന്ന ഓരോ മഴത്തുള്ളിയും എന്‍ ബാഷ്പകണങ്ങളെന്നറിഞ്ഞിട്ടും
കാറ്റെന്തേ അവയിലൊരിറ്റുപോലും എന്‍ ദേഹത്തോടടുപ്പിച്ചില്ല
കവലകള്‍ തോറും വിളിച്ചുകൂവി പലതും പറയുന്ന വികൃതി കാറ്റെ
പറിച്ചു മാറ്റൂ എന്നില്‍ നിന്നുമാ തേരട്ടയേയും ചിലന്തിയേയും
എനിക്ക് വേണ്ടതാ പൂക്കള്‍തന്‍ സൗന്ദര്യവും മണ്ണിന്റെ ഗന്ധവും

സ്വപ്നങ്ങളുടെ കുന്കുമ ചെപ്പ്



ഏകയായ് നില്‍പ്പൂ ഞാനീ കുന്നിന്‍ ചെരുവിലീ സായംസന്ധ്യയില്‍,

മിടിക്കുന്ന ഹൃദയത്തുടിപ്പുകള്‍ക്കൊപ്പം ചാഞ്ചാടീടുന്നു ആ വൃക്ഷ ശിഖരങ്ങള്‍

താഴോട്ടു പൊഴിയുന്ന സിന്ദൂര വര്‍ണങ്ങള്‍ താനേ തലോടുന്നുവെന്‍ ശിരസ്സില്‍

പാല‌ുട്ടി ഉറക്കിയൊരു കുഞ്ഞിനെ പോലെന്‍ മാനസമിന്നു കുളിര്‍ന്നലഞ്ഞാടുന്നു

മന്ദാര കാറ്റിന്റെ മര്‍മ്മരവും മറയാത്ത ഓര്‍മതന്‍ ഗദ്ഗദവും നിറയുന്നു മനസ്സിന്റെ -

നാലുകെട്ടില്‍ മറക്കാത്ത സത്യങ്ങളായ്

കാണാത്ത സ്വപ്‌നങ്ങള്‍ പറയുവാന്‍ തക്കം ഉയര്‍ന്നിട്ടില്ലെന്‍ മാനസചെപ്പുകള്‍ , പക്ഷെ,

നിറമാര്‍ന്ന സ്വപ്നങ്ങള്‍ക്ക് ചിറകു വിടര്‍ത്താന്‍ മടിയില്ല ഒരിക്കലും

എന്റെ സ്വപ്നങ്ങളെല്ലാം നിറഞ്ഞിരിക്കുന്നുവീ കുന്കുമചെപ്പില്‍ ആര്‍ക്കും തുറക്കാനാകാത്ത മൂടിയുമായ്

വിതുമ്പുന്ന സ്വപ്ന സ്പന്ദനങ്ങള്‍ പൊലിഞ്ഞിടട്ടെ ഇന്നീ കരകാണാ കടലിന്‍ ആഴത്തില്‍

വിടര്‍ന്നു വരുന്നോരാ സുപ്രഭാതത്തില്‍ ഉണരുന്നു ഞാന്‍ വീണ്ടും യാഥാര്‍ത്യങ്ങളായ്

പകലിന്റെ ചൂടില്‍ കൊതിക്കുന്നു വീണ്ടുമാ പഴയ ചെപ്പില്‍ മതിമറന്നു ഉറങ്ങുവാനായ് .

Monday, February 16, 2009

കാത്തിരിപ്പൂ ഞാനാ സ്നേഹത്തിന്‍........


സ്നേഹത്തിന്‍ പൊന്നൂഞ്ഞാല് കെട്ടി കാത്തിരുന്നു ഞാനാ പൂത്തുലഞ്ഞു നില്‍ക്കുമാ നീലാണ്ടന്‍ മാവിന്‍ ചുവട്ടില്‍. സമയത്തിന്‍ രഥം ശീഘ്ര ഗതിയിലായിരുന്നിട്ടും അറിഞ്ഞില്ല ഞാനാ മീനമാസത്തിന്‍ ചൂട്.

കാത്തിരിപ്പിന്‍ ദൈര്‍ഘ്യമേരവേ ഭീതി പടര്‍ത്തി എന്നിലാ ഇരുണ്ട കണ്ണുകള്‍.

തുറിച്ചു നോക്കി ദംഷ്ട്രങ്ങള്‍ കാട്ടി പേടിപ്പെടുത്തുന്നു ആ കറുത്ത വാവിന്‍ കൂരിരുട്ട്.

കലപില കൂട്ടി കടിപിടി കൂടിയോരാ അണ്ണാറകണ്ണന്മാര്‍ പോലും ഒന്നും മിണ്ടാതോടി കൂടണഞ്ഞു.

ജ്വലിച്ചുപോയെന്‍ ദേഹമാസകലം ആ ചുടു കാറ്റിന്‍ തീഷ്ണതയിലെങ്കിലും

കാത്തിരിപ്പിന്‍ അസഹിഷ്ണുത ഏറ്റിട്ടില്ലിനിയും

കയറുന്നു പുളിയുറുംബിന്‍ കൂട്ടമിന്നെന്‍ ശരീരത്തില്‍ പടര്‍ന്നുകയറി,

ആവേശത്താല്‍ ആക്രമിച്ചീടുന്നു വൈകി കിട്ടിയ ഒരു ഇര പോലെ.

ചുളിഞ്ഞു കുത്തുന്നു, നീറി എരിയുന്നുവെങ്കിലും വേദന കടിച്ചമര്‍ത്തി കാത്തിരിപ്പൂ നിന്നെ

ആ ഊഞ്ഞാലില്‍ ഏറ്റി താരാട്ടുപാടി ഉറക്കാന്‍.

Saturday, January 3, 2009

മിന്നാമിനുങ്ങായ്‌

പകരുവാന്‍ വര്‍ണങ്ങള്‍ ഉണ്ടെന്‍ കൈയ്യില്‍
പകര്‍ത്തുവാന്‍ കടലാസും ഉണ്ടെന്‍ കൈയ്യില്‍
പക്ഷെ, പതിയുന്നില്ലൊരു ചിത്രം പോലും, നിറഞ്ഞു
നില്‍ക്കുന്നോരെന്‍ മനസ്സിലെ ചിത്രങ്ങളൊന്നും.
കഴിവില്ല എനിക്കതൊന്നും പകര്‍ത്തുവാന്‍,
എനിക്ക് സ്വന്തമായാതൊന്നുകൊണ്ടു മാത്രം.
എരിഞ്ഞടങ്ങട്ടെ എന്റെ ഉള്ളിലെയാ വിതുമ്പുന്ന തേങ്ങലുകള്‍.
തേങ്ങുന്ന മനസ്സിന്റെ ഇടനാഴിയില്‍ ഒരു മിന്നാമിനുങ്ങായ്
തൂകുന്നതാരോ പാലൊളി പുഞ്ചിരി
പ്രകാശത്തിന്‍ വര്‍ണധാരയായ് അപരിചിതമാം
ഒരു മുഖം കാണുന്നു ഞാനെന്‍ മനസ്സിന്റെ ഇരുണ്ട ഇടനാഴിയില്‍
തുറന്നതെങ്ങിനെ നീ ആ ഇരുതാഴിട്ടു പൂട്ടിയോരാ കനത്ത വാതിലുകള്‍
ഒരു കുളിര്‍കാറ്റിന്റെ സ്പന്ദനം പോലും ഭയന്നിരുന്നുവാ വാതില്‍പഴുതിലൂടെത്തിനോക്കുവാന്‍
ഇരുണ്ടോരെന്‍ മനസ്സിന്റെ ഇടനാഴി വാതില്‍ക്കല്‍
ചിലപ്പോഴെല്ലാം മുട്ടിയിരുന്നു, ആ കറുത്ത വാവിന്‍ കരങ്ങള്‍.
നരിച്ചീറുകള്‍ ചിറകടിക്കുമെന്‍ ഇടനാഴിതന്‍ വാതില്‍ തള്ളി
തുറക്കുവാന്‍ ശ്രമിച്ചിട്ടില്ല ആ കറുത്ത കരങ്ങള്‍.
പിന്നെ എങ്ങിനെ ഈ ലാഘവത്തോടെ തുറന്നു നീ എന്‍
ഉള്ളില്‍ കയറിയതീ മിന്നാമിനുങ്ങായ്