Wednesday, December 29, 2010

അറിയാതെയെത്തിയ സ്നേഹത്തണല്‍
വിടയൊന്നിതാ ചൊല്ലീടുന്നു
വ്യഥയോടെയെന്നാലും
വൃഥാ മോഹിക്കുന്നു
വിടല്ലേ ആ ഹൃത്തില്‍ നിന്നും

നിനച്ചിരിക്കാതെ ഓതിയതെല്ലാം
നിനച്ചമട്ടില്‍ കേട്ടുവെങ്കിലും
നിറഞ്ഞിരുന്നു സ്നേഹതുള്ളികള്‍
നിജമായുമെന്‍ കണ്ണുകളില്‍
‍പക്ഷെ ദുഃഖമരുതൊട്ടും
പവിത്രമാം പെണ്മുത്തിന്‍
പാവമാം മനമുടക്കരുതെ
പറയുകവേണ്ടയെങ്കിലും

പറഞ്ഞുതന്നതെല്ലാം ഓര്‍മയിലുണ്ട്
പഞ്ചാക്ഷരിമന്ത്രം കൂട്ടിനുണ്ട്
പാലിക്കാനാവുന്നില്ല പലതുമെങ്കിലും
പാടിയപാട്ടെല്ലാം എന്‍ ചാരെയുണ്ട്
കാലമേറെ കഴിഞ്ഞാലും
കല്‍ത്തൂണില്‍ കൊത്തിവെച്ചപോല്‍
കാത്തു കൊള്ളണമീ സ്നേഹത്തെ
കാറും കോളും ഏല്‍ക്കാതൊട്ടും

അവസാനമെന്തെന്നു അറിഞ്ഞീടെണ്ട
അവസ്ഥയെന്തെന്നും കേട്ടീടെണ്ട
അറിയാമിതൊന്നുമാത്രം
അറിയാതെയെത്തിയ സ്നേഹത്തണല്‍
‍‍നിറമാര്‍ന്ന ഓര്‍മകളില്‍
നിറഞ്ഞിരിക്കുന്നു നീയെന്നും
നിനച്ചിരിക്കാതൊരുനാള്‍
നീയോതിയതാണെങ്കിലും വിട

എഴുതി വെച്ച് കുറെ നാളായി. ഇപ്പൊ വെറുതെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യുന്നു.
വിട പറയുന്നു ഒരു വര്‍ഷം കൂടി. പ്രതീക്ഷയോടെ വരവേല്‍ക്കാം പുതുവര്‍ഷത്തെ.
ആശംസകളോടെ, സുകന്യ

Sunday, November 21, 2010

ദീപ്തംഎന്തെഴുതാന്‍ നിന്നെ കുറിച്ച്?

തെളിവാര്‍ന്ന ഓര്‍മകളില്‍ തിളങ്ങുന്നു നീയെങ്കിലും
തെളിയുന്നില്ലൊന്നുമീ കടലാസില്‍ മാത്രം
തെളിയിക്കട്ടെ ഒരു ദീപമെങ്കിലും ഇന്നാളില്‍
തെളിയിക്കാനല്ലീ സ്നേഹം, പറയുന്നു തെളിഞ്ഞമനസ്സോടെ

ദീപമേ എന്തെഴുതാന്‍ നിന്നെ കുറിച്ച്?
നീ നയിച്ചില്ലെങ്കില്‍ പുതിയപാതകള്‍ കാണുവതെങ്ങനെ?
നീ കൂടെയില്ലെങ്കില്‍ തളരാതെ മുന്‍പേ പറക്കുവതെങ്ങനെ ?
ദീപമേ എന്തെഴുതാന്‍ നിന്നെ കുറിച്ച്?
നിന്‍ പ്രകാശമില്ലെങ്കില്‍ ഞാന്‍ എന്തെഴുതാന്‍ ?

Thursday, November 4, 2010

ഓപ്പോളിന്റെ കണക്കുപുസ്തകംകണക്കുക്കൂട്ടലുകള്‍ തെറ്റിച്ച് കൂടെ-
കൂട്ടേണ്ടവര്‍ കൂട്ടാതെയും കുറച്ചധികം-
വേദനിപ്പിച്ചും ഗുണിതങ്ങളറിയാതെ
സ്നേഹത്തെ ഹരിച്ചു ഹരിച്ചില്ലാതാക്കുന്നകാലത്ത്
ബൂ ലോകത്തെനിക്കു കിട്ടി ഒരു ജീവനെ
(ര)ആ ജീവന്റെ കണക്കുപുസ്തകത്തില്‍
കൂട്ടിയിരിക്കുന്നുവെന്നെ സ്വന്തം ഓപ്പോളായി
പത്തരമാറ്റില്‍ ഒട്ടും കുറവില്ലാതെ സ്നേഹത്തിന്‍-
ഗുണിതങ്ങളാല്‍ കോര്‍ത്തൊരു മാലയിതാ
ഹരിക്കാതെടുത്തുകൊള്‍കയെന്‍ വിവാഹസമ്മാനമായ്‌
ഏഴാം തിയ്യതി ന്യൂ ഡല്‍ഹിയിലെ ഉത്തരഗുരുവായുരപ്പന്‍ ക്ഷേത്രത്തില്‍ ദുര്‍ഗാ ദേവിയെ വിവാഹം കഴിക്കാന്‍ പോകുന്ന എന്‍റെ അനിയന്‍ രാജീവ് കുറുപ്പിന് (കുറുപ്പിന്റെ കണക്കുപുസ്തകം) ആശംസകള്‍ നേരുന്നു.

ബൂലോകരെ, രാജീവ് പറഞ്ഞു ഞാന്‍ അഞ്ചു പവന്റെ സ്വര്‍ണമാല അയക്കുന്നതായി ഫ്ലാഷ്ന്യൂസ്‌ ഉണ്ടായിരുന്നുവെന്ന്. അത് പ്രകാരം കായംകുളം സൂപ്പര്‍ഫാസ്റ്റ് അരുണ്‍ അനിയന്റെ കയ്യില്‍ മാല കൊടുത്തയച്ചിട്ടുണ്ട്. ഇതിനു സാക്ഷികള്‍ ബിലാത്തിപട്ടണം, വായാടിതത്തമ്മ, വിനുവേട്ടന്‍, ചാണ്ടികുഞ്ഞ്, അങ്ങനെ പോകുന്നു ലിസ്റ്റ്. ശ്രീ, കണ്ണനുണ്ണി, തുടങ്ങിയ ബാച്ചീസ് അറിഞ്ഞിട്ടില്ല. ഹാപ്പി ബാച്ചിലേര്‍സ് ഒട്ടും അറിയാന്‍ പാടില്ല. രണ്ട് ഗുണം അഞ്ച് സമം പത്ത് പവന്‍ പോയികിട്ടും. @ജിമ്മി എനിക്കും കണക്കറിയാം എന്ന് ഇപ്പൊ മനസ്സിലായില്ലേ?

Wednesday, October 20, 2010

മറ നീക്കി മറവിമറയുന്നില്ല ഓര്‍മചിത്രങ്ങള്‍
മറക്കുന്നില്ല ഓര്‍മപ്പെടുത്തലുകള്‍
മറയ്ക്കുന്നില്ലൊട്ടുമെന്‍
മറവാനെളുതാത്ത മറവിയെ

എടുത്തത് വെക്കാന്‍ മറന്നു
വെച്ചത് എടുക്കാന്‍ മറന്നു
"എടുത്തുവെച്ചതൊക്കെയും" മറ നീക്കി
മറക്കാതെനിക്കുതന്നെതന്നീ മറവി

ഇന്നാള് ഓഫീസില്‍ ഒരു കാര്യം മറന്നു വെച്ചു. വീട്ടില്‍ പോയിട്ടാണ് ഓര്‍മ വന്നത്. പിറ്റേന്ന് തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഓഫീസിനു പുറത്തായിരുന്നു ജോലി. അതെടുത്തു വെക്കാന്‍ അനിതയെ ചുമതലപ്പെടുത്തി. ഇതറിഞ്ഞ എന്‍റെ നല്ല പാതി എടുത്തുവെച്ച ശകാരം മറക്കാതെനിക്കു തന്നു.
പലതും നമ്മള്‍ ഓര്‍മയില്‍ സൂക്ഷിക്കാറുണ്ട്. എന്നാല്‍ ഇത്തരം ചെറിയ മറവികള്‍ നിങ്ങള്‍ക്കും ഉണ്ടാവില്ലേ? അപ്പൊ മറക്കാതെ നിങ്ങളുടെ മറവിയെ കുറിച്ച് എഴുതുക.

Friday, September 17, 2010

ആ വാര്‍ഡും പേ വാര്‍ഡുംഉള്ളുകള്ളിയറിഞ്ഞിട്ടല്ല
ഉള്‍പ്പോരുണ്ടോന്നുമറിയില്ല
ഉള്ളില്‍ തോന്നിയതീ പഴഞ്ചൊല്ലുമാത്രം
"കാക്കയ്ക്ക് തന്‍ കുഞ്ഞ് പൊന്‍കുഞ്ഞ് "

എന്നാലോ, പൊന്‍കുഞ്ഞായുള്ളത് തന്റെമാത്ര-
മെന്നാ ധാരണ ശരിയാണോ?
എന്നിട്ടൊരുകുഞ്ഞിനു കിട്ടിയ "ആ വാര്‍ഡ് "
കാക്കക്കൂട്ടത്തില്‍ കല്ലിട്ടപോല്‍
" 'കാക്ക' പിടിച്ചിട്ടാണ്, കാശുകൊടുത്തിട്ടാണ്,
കാലുപിടിച്ചിട്ടാണ്, കാര്യം കാണാനാണ് "
എന്നിങ്ങനെ കുറുകി കാറുമ്പോള്‍
കാകദൃഷ്ടിയാല്‍ കണ്ടുനോക്കു
ജനഹൃദയം നല്‍കും "പേ" വാര്‍ഡ്

കുറിപ്പ്
ഇത് വായിച്ച് "എന്നെ ഉദ്ദേശിച്ചാണ്, എന്നെത്തന്നെ ഉദ്ദേശിച്ചാണ്, എന്നെമാത്രം ഉദ്ദേശിച്ചാണ് " എന്ന് തോന്നുന്നവര്‍ മാത്രം ക്ഷമിക്കു, അവസാനവരി ശ്രദ്ധിക്കൂ. എനിക്ക് നല്ല ധൈര്യം ഉണ്ട്, അവരൊന്നും ഇത് വായിക്കാന്‍ പോകുന്നില്ലല്ലോ ;-)

Tuesday, August 31, 2010

നിന്നെ ഞാനറിയുന്നു കൃഷ്ണാ
അമ്മതന്‍ നാവില്‍ നിന്നാദ്യം കേട്ടു
വിസ്മയിപ്പിക്കും നിന്‍ കഥകള്‍ കൃഷ്ണാ
അതിലിഷ്ടം നിന്‍ ജനനവും കൊട്ടയിലേന്തിയ നീ -
പോകും വഴിയില്‍ ദുര്‍ഘടം നീങ്ങിയതും, അന്ന് പക്ഷെ,
നിന്നെ ഞാന്‍ അറിഞ്ഞിരുന്നില്ല കൃഷ്ണാ

ദീപം സാക്ഷിയായ് സന്ധ്യാനേരത്ത്‍
നിന്‍ നാമം ജപിച്ചപ്പോഴും, "കാത്തു-
കൊള്ളണേ ദുര്‍ഘടങ്ങളില്‍"എന്നൊട്ടു
യാന്ത്രികമായ്‌ ഉരുവിട്ടപ്പോഴും
നിന്നെ ഞാന്‍ അറിഞ്ഞിരുന്നില്ല കൃഷ്ണാ

കണ്ണുനീര്‍ ഉതിര്‍ത്തു ഞാനിന്നുരുവിട്ട
വിളികേട്ട് ദുര്‍ഘടങ്ങള്‍ ഒഴിക്കാന്‍
ഓടിയെത്തിയല്ലോ നീയീ വെന്തുരുകും
മനസ്സിന്നു കുളിര്‍മയുമായ്
നിന്നെ ഞാനറിയുന്നു കൃഷ്ണാ

അമ്മയ്ക്ക് ചെറുപൈതാലായ്
രാധയ്ക്ക്‌ അനുരാഗമായ്
സുധാമാവിനു സുകൃതമായ്
മീരയ്ക്ക് ഭക്തിയായ്
നിന്നെ ഞാനറിയുന്നു കൃഷ്ണാ

ദ്രൌപദിക്ക് സഹോദരനായ്
പാര്‍ത്ഥന് സാരഥിയായ്
ഗോപികമാര്‍ക്ക് തുണയായ്
യമുനക്ക് പ്രിയനായ്
നിന്നെ ഞാനറിയുന്നു കൃഷ്ണാ

അഴലില്‍ നിഴലായ്
അഗ്നിയില്‍ വര്‍ഷമായ്
അന്ധകാരത്തില്‍ കോടിസൂര്യപ്രഭയുമായ്
അജ്ഞതയില്‍ അറിവായ്‌
നിന്നെ ഞാനറിയുന്നു കൃഷ്ണാ

കഥകളല്ലിന്നു നിന്‍ സാമീപ്യമല്ലോ
വിസ്മയം കൊള്ളിക്കുന്നതെന്നെ.
പരീക്ഷിക്കുമ്പോഴും പതറാതിരിക്കാന്‍
നീ കൂടെയുണ്ടെന്ന് ഞാനറിയുന്നു കൃഷ്ണാ
നിന്നെ ഞാനറിയുന്നു കൃഷ്ണാ

Thursday, July 29, 2010

തവളക്ക് വേണ്ടി ഒരു കൂപ മണ്‍ഡൂകം


മനം മടുക്കും മണമുള്ള സുവോളജി ലാബില്‍
ഡിസക്ഷന്‍ ബോക്സ്‌ തുറന്നന്നവള്‍ ആയുധം
കയ്യിലേന്തി കീറി തവളയെ, മിടിക്കുന്നുണ്ടോ
ആ ഹൃദയം, എങ്കിലും കാഴ്ച മറച്ച്
കാത്തിരുന്നു അഭിനന്ദനത്തിനായ്

ആ തവളയിന്നെന്നോട് ചോദിക്കുന്നു
എന്നിട്ട് നീയിന്നു ഡോക്ടറായോ
വേണ്ട, എന്‍റെ ജീവചക്രം പഠിപ്പിക്കും ടീച്ചെരെങ്കിലും
പോട്ടെ, നിന്‍റെ ഇഷ്ടം പോലെയുള്ള ഇഷ്ടങ്ങളില്‍ എനിക്കിടമുണ്ടോ
ഒന്നും വേണ്ട, ഒരു രണ്ടു വരി കവിത?
കണ്ണനും പൂക്കളും പക്ഷികളും പ്രകൃതിയും, പോരാത്തതിന്
നിന്‍റെ സങ്കടങ്ങളും വിഷയമായപ്പോള്‍
ഞാന്‍ നിനക്കൊരു വിഷയമേ അല്ലല്ലോ
ഇപ്പോഴും നീ ചിന്തിച്ചത് കൂപ മണ്‍ഡൂകത്തെ പോലെ
ആരൊക്കെ കമന്റിടും ഇതെഴുതിയാലെന്ന്,
എന്താ മിണ്ടാട്ടം മുട്ടിപ്പോയോ
എന്‍റെ മിണ്ടാട്ടം മുട്ടിയത് നീ അറിഞ്ഞില്ലെന്നോ

ഇതെഴുതിയത് ഇത് വായിച്ചതുകൊണ്ട്, http://epaper.mathrubhumi.com/index.php?id=14562&cat=1&date=2010-07-25

തവളയുടെ ശബ്ദം പണ്ടത്തെ പോലെ കേള്‍ക്കുന്നില്ല. ദിനോസറുകളെ പോലെ തവളയും നമുക്ക് അന്യമായാല്‍? നമ്മുടെ വരും തലമുറയ്ക്ക് ഗൂഗിളില്‍ പോയി കണ്ടുപിടിക്കേണ്ടിവരുമോ ഈ ജീവിയെ,
നമ്മുടെ ബാല്യത്തിലെ പലതും ഇന്നത്തെ "വാല്യക്കാര്‍ക്ക്" അന്യമാണ്.

പിന്നെ തവള അങ്ങനെയൊക്കെ പറഞ്ഞോട്ടെ. അതുകൊണ്ട് കമന്റ്‌ വേണ്ട എന്ന് വെക്കണ്ട. ശരി എനിക്കുവേണ്ടിയല്ല, തവളയ്ക്ക് വേണ്ടി ഒരു കമന്റ്‌ , പ്ലീസ്.......

Tuesday, July 6, 2010

"നോക്കികാണുമ്പോള്‍ തോന്നുന്നത്"എന്ത് തോന്നുന്നു? ഡേഞ്ചെറസ് സോണിലെ കുട്ടിയോട്,
എങ്ങനെ നോക്കികാണുന്നു? നേട്ടം കൈവരിച്ച വ്യക്തിയോട്,
ഇത് പ്രതീക്ഷിച്ചതാണോ, ദുരന്തം ഏറ്റു വാങ്ങിയവരോട്,
എങ്ങനെ വിലയിരുത്തുന്നു, മരണവീട്ടിലെ ആരോടോ,

തോന്നിയതൊക്കെയും പറയാനാകുമോ?
പറയിപ്പിക്കുന്നതൊക്കെയും തോന്നാനാകുമോ?
നോക്കിയതൊക്കെയും കാണാനാകുമോ ?
കണ്ടതൊക്കെയും നോക്കാനാകുമോ?

പ്രതീക്ഷിക്കുന്നതൊക്കെയും സംഭാവിക്കാനാകുമോ?
സംഭവിക്കുന്നതൊക്കെയും പ്രതീക്ഷിക്കാനാകുമോ?
വിലയിരുത്തുന്നതൊക്കെയും വിലയാകുമോ?
വിലയൊക്കെയും വിലയിരുത്താനാകുമോ?

തോന്നിയതെന്തായാലും നോക്കീം കണ്ടും പ്രതീക്ഷിച്ചും
വിലയിരുത്തണമെന്നൊരു തോന്നല്‍ മാത്രം

Wednesday, June 23, 2010

നിര്‍വചിക്കാനുണ്ടോ?


ഭൂതം, വര്‍ത്തമാനം, ഭാവി നിര്‍വചിക്കാനുണ്ടോ....?
ഉണ്ടേ, ഈ (സദ്‌) ബുദ്ധിയില്‍ തോന്നിയത് ഇതാ

ഭൂതം ഒട്ടും "ഭൂത"മല്ല ഓര്‍മയില്‍ സൂക്ഷിക്കുന്നു-
ഭൂതത്തെ ഗൃഹാതുരത്വത്തോടെ

വര്‍ത്തമാനം ഒട്ടൊക്കെ വര്‍ത്തമാന-
ത്തില്‍ മാത്രം വര്‍ത്തിക്കുന്നു,

ഭാവി ഒട്ടാകെ ശോഭനം എന്ന്
ഭാവിക്കുന്നു ഭാവനാപൂര്‍വ്വം

അപ്പൊ അറിഞ്ഞില്ലേ ഭൂതത്തെ, വെറും പാവം
കേട്ടില്ലേ വര്‍ത്തമാനത്തെ, ഈ വര്‍ത്തമാനമേ ഉള്ളു
കണ്ടില്ലേ ഭാവിയെ ഇതാ ശോഭിക്കുവാണെന്ന്
പാവത്താന്മാരിവരല്ലോ കൂട്ടരേ ജീവിതം

ഇതെന്റെ (കു)ബുദ്ധിയാണെന്ന് ധരിച്ചെങ്കില്‍, ഹാ കഷ്ടം!!

Monday, May 10, 2010

എന്‍റെ ഒരു കാര്യേയ്...!


ഒരു കൊച്ചുനോട്ടം കൊണ്ടവള്‍ -
കണ്ടെടുത്തു ഒരുപാട് കാര്യങ്ങള്‍
കാര്യം പറഞ്ഞാല്‍ പിണങ്ങിയാലോ?
പിണങ്ങിയാല്‍ പിന്നത് കാര്യമായാലോ ?

കാര്യങ്ങളൊക്കെയും കാര്യമാക്കാതെ
കാര്യമായ്‌ നിന്നു അവള്‍ കാര്യത്തിലും
അതുപോല്‍ കാര്യമല്ലാത്തതിലും.
ഓ ഇതാ ഇപ്പൊ കാര്യം? നല്ല കാര്യമായി !

Monday, March 15, 2010

"പൊള്ളുന്ന" യാഥാര്‍ത്ഥ്യം


ഞാനാകെ ചൂടിലാണേ,
ഒന്നും കേള്‍ക്കെണ്ടെനിക്ക്
ഇത് സ്ഥായീ ഭാവമല്ലേ
ഒന്നു പറഞ്ഞോട്ടെ
പുറത്ത് സൂര്യനും ചൂടിലാ,
പുറത്തിറങ്ങുമ്പോള്‍
പുറം സൂക്ഷിക്കണേ

ഒട്ടും ചൂടാവാതെ സൂര്യന്‍ ജ്വലിപ്പിച്ചു
ചൂട് സ്ഥായീ ഭാവമല്ലേ എന്റെയും
സ്ഥാപിക്കുവതെന്തിന്നു എന്നില്‍ ആരോപണം
ഞാനില്ലാതെ നിങ്ങക്കെന്ത് പകല്‍?
നിങ്ങള്‍ക്കെന്തു ഊര്‍ജ്ജ ശ്രോതസ്സ്
എനിക്ക് പറഞ്ഞിട്ടുള്ള പണിയല്ലേ ചൂട്
നിങ്ങള്‍ക്കു പറഞ്ഞിട്ടുള്ള പണികള്‍ക്കപ്പുറം
പച്ചപ്പ്‌ അടര്‍ത്തി മാറ്റിയതല്ലേ ഇന്നീ
പുറങ്ങള്‍ അടരാന്‍ കാരണം

ഒന്നു ഞെട്ടി ഓഫീസിലെത്തവേ
മാര്‍ച്ചിന്റെ ചൂടാ ഇവിടെയും
പദ്ധതികള്‍ പൂര്‍ത്തിയാക്കണ്ടേ?
ചൂടായി തുടങ്ങി ഈ ഞാനും
ചൂട് കുറക്കാന്‍ വല്ല പദ്ധതിയും ???

Tuesday, February 16, 2010

എന്തിനിത്ര വെപ്രാളം?നമ്മളെവിടെ പോകും ഒരു തുണ്ട് ഭൂമി പോലും ഇല്ലല്ലോ
സുഹാസിനിയെ വിളിച്ചവന്‍ ചോദിച്ചു.
കരുതൂ, പോകുന്നിടമെല്ലാം നമ്മുടെ
മൊഴിഞ്ഞൂ, അവള്‍ തെല്ലു ഹാസ്യരൂപേണ

കോടീശ്വരന്‍ പോലും കയ്യേറുന്നു ഭൂമി
"മുന്‍ഷി"യില്‍ കേട്ടു, രാജ്യമൊട്ടാകെ-
കയ്യേറും "പ്രബലരുടെ" പേരുകള്‍,
നടുങ്ങിപ്പോയി, എങ്കിലും നമുക്കായാലെന്താ?‍

എങ്ങനെ? വേലിക്കല്ലേ വിളവു-
തിന്നാനൊക്കു, പക്ഷെ വേലി-
ക്കകത്തല്ലേ ഈ നമ്മള്‍,
കഴിവില്ലാത്ത ജന്മങ്ങള്‍

ആരുപറഞ്ഞു കഴിവില്ലെന്ന്,
ഒരുനാള്‍ കയ്യേറില്ലേ എല്ലാവരും
ഒരാറടി മണ്ണ്, എന്തിനിത്ര വെപ്രാളം?

Saturday, January 30, 2010

രണ്ടു ചിന്തകള്‍


ആശങ്ക

പലരും പലരെയും പറയാറുണ്ട്‌
കൊടുമുടിയില്‍ ആണെന്ന്
പ്രശസ്തിയുടെ, സന്തോഷത്തിന്റെ, ......
ഞാനുമിന്നു കൊടുമുടിയുടെ നെറുകയിലാണ്

എനിക്ക് വിധിക്കപ്പെട്ട കൊടുമുടി കയറവേ
കാല്‍കള്‍ ഇടറിയില്ല ഗര്‍ത്തങ്ങളില്‍
കോച്ചും തണുപ്പില്‍ മരവിച്ചതുമില്ല
ആശങ്കയുടെ കൊടുമുടി കയറാന്‍ എന്തിനാശങ്ക

എങ്കിലും ഒട്ടും ആശങ്കയില്ലാതെ നീ കൂടെ-
യുള്ളപ്പോള്‍ ഞാനിവിടെ സുരക്ഷിതയാണ്,
നിലനില്‍ക്കുന്നു ഇവിടെ, നിലനിര്‍ത്തുന്നു ശുഭചിന്തകള്‍
ആ കൊടുമുടി അലിഞ്ഞില്ലാതായാല്‍ ഞാനുമേ ഞാനല്ലല്ലോ

ത്യാഗം

നീയെന്തൊക്കെ ചെയ്താലും ഞാന്‍ നിന്നോട് ക്ഷമിച്ചിരിക്കും

നീ നിന്‍റെ ഹൃദയം എനിക്കായ് തുറന്നില്ല
ഞാനെന്റെ ഹൃദയം തുറന്നു വെച്ചുവെങ്കിലും..
നീ നിന്‍റെ കരളിനെ ശ്രദ്ധിക്കുന്നേ ഇല്ല,
ഞാനെന്റെ കരളിനെ സംരക്ഷിച്ചിട്ടെന്ത്?

നീ എന്നും മുഖം മിനുക്കിയിരുന്നു,
അതെനിക്കുവേണ്ടി ആയിരുന്നുവോ?
പലപ്പോഴും നീ കൈകള്‍ നീട്ടിയെങ്കിലും
അതെന്റെ കരം ഗ്രഹിക്കാനായിരുന്നുവോ?

നിന്‍റെ കണ്ഠം ഇടരുമ്പോഴെല്ലാം ഞാനെന്റെ
ഗദ്ഗദം മറച്ചു വെച്ചില്ലേ? പക്ഷെ നീ
എനിക്ക് വേണ്ടി, നമുക്ക് വേണ്ടി-
ചെയ്ത കാര്യം എനിക്ക് ചെയ്യാനാവില്ലല്ലോ

നീയെന്തൊക്കെ ചെയ്താലും ഞാന്‍ നിന്നോട് ക്ഷമിച്ചിരിക്കും