Saturday, June 18, 2011

സുഖങ്ങളൊക്കെ തന്നേ, ഒരു യേഴ്യെകാലു രൂഫ?


ചെറുപ്പത്തില്‍ തന്നെ ജോലിയില്‍ ചേരുകയും സമ്പാദിക്കുകയും ചെയ്തുതുടങ്ങിയെങ്കിലും പൈസ കൈയ്യില്‍ വെക്കാറെ ഇല്ലായിരുന്നു നമ്മുടെ കഥാനായിക. തലയില്‍ വെച്ചാല്‍ പേനരിക്കും തറയില്‍ വെച്ചാല്‍ ഉറുമ്പരിക്കും എന്നൊക്കെ പറയാറുണ്ട്‌. പക്ഷെ കൈയ്യില്‍ വെച്ചാലെന്താ? അതല്ലേ അവളുടെ മിടുക്ക്. എന്നും കൈയ്യില്‍ വെക്കാന്‍ പറ്റില്ലല്ലോ? ചിലവാകുമ്പോള്‍ സങ്കടമാവില്ലേ? അപ്പൊ എന്താ വഴി?

കുടുംബം നോക്കി നടത്താന്‍ മിടുക്കിയായ അനിയത്തിയുടെ കൈയ്യില്‍ ആയിരുന്നു കല്യാണത്തിനു മുന്‍പ് കിട്ടുന്നതൊക്കെ കൊടുക്കുക. എന്നിട്ട് അവള്‍ സ്വസ്ഥമായി ടിവി കാണുകയും വരക്കുകയും എഴുതുകയും ഒക്കെ ചെയ്യും. എന്തെങ്കിലും ആവശ്യം വന്നാല്‍ ചേച്ചിയുടെ വിശ്വരൂപം എടുത്ത് പറയുകയും ചെയ്യാം, "നിന്റടുത്തു അന്നിത്ര രൂപ തന്നതല്ലേ? ഇത്രവേഗം ചിലവായോ?"

കല്യാണം കഴിഞ്ഞ ശേഷം ഈ പൈസയെന്ന ബാധ്യത അവള്‍ ഏല്‍പ്പിച്ചു കൊടുത്തത് നായികയുടെ നായകന് തന്നെ. വിരട്ടാന്‍ ഇപ്പൊ നല്ല രസമാണ്. പണ്ട് അനിയത്തി കുടുംബം നല്ല രീതിയില്‍ കൊണ്ടുനടത്താനാണ് ചെലവ് ചെയ്തതെങ്കില്‍ ഇപ്പൊ കഥാനായകന്‍ നായകനു ചേരും വിധം വാതക ദ്രാവക ഖര പദാര്‍ത്ഥങ്ങള്‍ എടുക്കേണ്ടതിനാല്‍, എന്താണ് വാതക ദ്രാവക ഖരമെന്നോ, ഹോ ഒന്നും അറിയാത്ത പോലെ, സിഗരറ്റ്, മദ്യം ഇത്യാദി (ഇത്യാദി വേറൊന്നും അല്ല. അന്ന് നായിക പഠിക്കുകയും എഴുതുകയും വരക്കുകയും ചെയ്തതുകൊണ്ട്, പാചകം പഠിക്കാന്‍ കഴിഞ്ഞില്ല, പോരാത്തതിന് പച്ചക്കറി മാത്രമേ അറിയൂ, അതുകൊണ്ട് വീട്ടില്‍ ഉണ്ടാക്കി വെച്ചതൊക്കെയും ബാക്കിയാക്കി നോണ്‍ വെജ് ഹോട്ടല്‍ ഭക്ഷണം) ചെലവ് ചെയ്തു കൈ മലര്‍ത്തുമ്പോള്‍ വിരട്ടാന്‍ എന്തു രസമാണെന്നോ നമ്മുടെ നായികക്ക്. പക്ഷെ അവളുടെ വിരട്ടലൊക്കെ ദൈവം തമ്പുരാന്‍ കാണുന്നുണ്ടായിരുന്നു. ഒരു വേല ഇവള്‍ക്ക് കൊടുക്കണമെന്ന് നിശ്ചയിക്കുകയും ചെയ്തു.

അങ്ങനെയിരിക്കെ, ഒരു നാള്‍ നായകന് ഒരു നെഞ്ചു വേദന. പരിചയക്കാരന്റെ ഓട്ടോയില്‍ ഹോസ്പിറ്റലിലേക്ക്. "ഏട്ടന്റെ ശരിയാകട്ടെ, എന്നിട്ട് ഓട്ടോ ചാര്‍ജ് വാങ്ങാം" എന്നും പറഞ്ഞ് ആ കുട്ടിയും പോയി. നേരെ ഐ സി യു വിലേക്ക് കൊണ്ടുപോയ നായകന് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടു പുറത്തിരിക്കുമ്പോള്‍ നേഴ്സ് വന്ന് നായികയുടെ കൈയ്യില്‍ കൊടുക്കുന്നു നായകന്‍റെ കണ്ണടയും പിന്നെ ഒരു മണിപേഴ്സ്. അവള്‍ അത് തിരിച്ചും മറിച്ചും നോക്കി. തുറന്നപ്പോള്‍ ആയിരങ്ങള്‍ അവളെ നോക്കി ചിരിച്ചു. അപ്പൊ തന്നെ ഒരു ഇഞ്ചക്ഷന്‍ കൊടുക്കണമെന്നും പൈസ കെട്ടാനും പറഞ്ഞപ്പോള്‍, ആ ചിരിച്ച ആയിരങ്ങള്‍ അവളില്‍ നിന്നും വിട പറഞ്ഞു. അതൊന്നുമല്ല അവള്‍ക്കുള്ള ശിക്ഷ.

വെറുതെ അങ്ങനെ ഇരുന്നപ്പോള്‍ ഒരു കാപ്പി കുടിക്കാം എന്ന് കരുതി അവള്‍ ഹോസ്പിറ്റലിനകത്തുള്ള കോഫി വെണ്ടിംഗ് മെഷീന്‍ കാപ്പി കുടിച്ചു. എന്നിട്ട് കൂള്‍ ആയി തിരികെ വന്നിരുന്നു. കൂള്‍ കോഫിയൊന്നുമല്ല കുടിച്ചത്. വെറുതെ കൂള്‍ ആയി തിരികെ വന്നതുതന്നെ. കുറെ കഴിഞ്ഞപ്പോള്‍ ആ കാപ്പി കടയിലെ പയ്യന്‍ വന്ന് നായികയെ നോക്കുന്നു. പിന്നെയും പിന്നെയും നോക്കുന്നു. അവള്‍ക്കു ദേഷ്യം വന്നു. എന്തിന്റെ കുറവാ ഈ പയ്യന്. നായകനെങ്ങാനും ഇതറിഞ്ഞാല്‍ രോഗമൊക്കെ (നായകന്റെയും പയ്യന്റെയും) പമ്പ കടക്കും എന്നൊക്കെ ഓര്‍ത്തുകൊണ്ട്‌ അവനോടു ചോദിക്കുന്നു, "ഹും എന്താ കാര്യം?" മറുപടി വളരെ പതുക്കെ "ഹേയ് ഒന്നും ഇല്ല. ഏതു ഡോക്ടറെ കാണാന്‍ വന്നതാണ്? എന്തെങ്കിലും കുഴപ്പം? അല്ല, കാപ്പിയുടെ പൈസ തന്നില്ല, ഇല്ലെങ്കില്‍ പിന്നെ തന്നാല്‍ മതി". ഇങ്ങനെ ചമ്മാനുണ്ടോ? "ഹയ്യോ, അതു ഞാന്‍ മറന്നു" എന്നും പറഞ്ഞ് അവള്‍ പേഴ്സ് തുറന്നു പൈസയെടുത്തു കൊടുത്തു. ഒരു അക്കിടി തന്നെയായിരുന്നു അവള്‍ക്കിത്. കാരണം എന്നും, നായിക കഴിക്കും നായകന്‍ പൈസ കൊടുക്കും, എന്നതായിരുന്നു രീതി.

തുടര്‍ന്നുള്ള നായകന്‍റെ ചികിത്സ തിരോന്തരത്ത്‌ ആയിരുന്നു. അവിടെയും പല പല ആവശ്യങ്ങള്‍ക്കായി കടയില്‍ കയറി വാങ്ങിയശേഷം കൂള്‍ ആയി ഇറങ്ങുമ്പോള്‍ ഹലോ സുഖങ്ങളൊക്കെ തന്നെ, ഒരു യേഴ്യെകാലു രൂഫ തന്നിട്ട് പോയെ എന്ന്, അന്നത്തെ കാപ്പി കട പയ്യനുണ്ടായിരുന്ന ദയാദാക്ഷീണ്യം പോലുമില്ലാതെ, തിരോന്തരംകാര് പറയുമ്പോള്‍ അവിടെ ദൈവം ചിരിക്കുന്നുണ്ടായിരുന്നു. അസുഖമൊക്കെ മാറി വന്നപ്പോള്‍ കാലിയായ പേഴ്സ് കണ്ട് നായകനും അവളെ വിരട്ടി പകരം വീട്ടി.

അങ്ങനെയിരിക്കുമ്പോള്‍ ഒരു ജി കുട്ടപ്പന്‍ സഹോദരതുല്യ സ്നേഹം കൊണ്ട് അവളെ കാണാന്‍ ഓഫീസില്‍ വരുന്നു. അവളുടെ ഭീമന്‍ ബാഗുകണ്ട് അന്തം വിടുന്നു. അതില്‍ ഭക്ഷണവും ബസ്സിനുള്ള ചില്ലറ പൈസയും മാത്രമേ ഉള്ളു എന്നും പേടിക്കേണ്ട എന്നും സമാധാനിപ്പിക്കുന്നു. നായികയും അവളുടെ കൂട്ടുകാരി ജോയും കൂടെ ജിയെ കൂട്ടി കരിമ്പ് ജ്യൂസ്‌ കുടിക്കാന്‍ പോകുന്നു. ജ്യൂസ്‌ ഒറ്റവലിക്ക് തീര്‍ത്തുകൊണ്ട് "ജോജി"മാര്‍ പൈസ കൊടുക്കും മുന്‍പ് ഒരു കൈയ്യില്‍ ഗ്ലാസ്സായതിനാല്‍ മറുകയ്യാല്‍ പൈസ കൊടുത്ത് നമ്മുടെ നായിക ഒന്ന് ശ്വാസം വിട്ടുനിന്നു. "ദൈവമേ ഞാന്‍ കേമിയായില്ലേ" എന്നൊരു ആത്മഗതവും.

  • ഉണ്ടായേക്കാവുന്ന ഒരു സംശയത്തിനുള്ള മറുപടി- ഇന്‍ജക്ഷന് പൈസ കെട്ടാന്‍ പറഞ്ഞപ്പോള്‍ മാത്രം കറക്റ്റ് ആയി ബ്രെയിന്‍ വര്‍ക്ക്‌ ചെയ്യാന്‍ കാരണം - അവിടെ പലവട്ടം മൈക്കിലൂടെ ഇന്നാളുടെ ബന്ധുക്കള്‍, ഇന്ന ആവശ്യത്തിനു വേണ്ട പണം ഇന്ന കൌണ്ടറില്‍ അടക്കണമെന്ന് പറഞ്ഞു നമ്മുടെ ബ്രെയിന്‍ പ്രവര്‍ത്തനക്ഷമമാക്കികൊണ്ടേ ഇരിക്കും.

അങ്ങനെ ഇരുപത്തഞ്ചു പൈസയും പിന്‍‌വലിക്കുന്നു. നൂറു പൈസയാണ് ഒരു രൂപയെങ്കിലും പൈസ എന്ന വാക്ക് ഇനി ഒരു ഓര്‍മയാകും.