Friday, September 7, 2012

ഓള് ആങ്കുട്ട്യാ

"ഓള് ആങ്കുട്ട്യാ" ഈ പ്രയോഗം ഒരു കോഴിക്കോട്ടുകാരന്‍, ടി.സി.നായര്‍ എന്ന് പേര്, ആള് താമര (അങ്ങനെയൊക്കെയല്ലേ നമ്മുടെ നാട്ടില്‍ പറയാറ്).  താമരപ്പൂവില്‍ വാഴും സ്വരാജ്യക്കാരി സുഷമാജിയെ കുറിച്ച് പറഞ്ഞതാണ്.  മൂപ്പരെ കാണുമ്പോഴൊക്കെ കളിയാക്കാന്‍  അത് വീണ്ടും വീണ്ടും ആവര്‍ത്തിച്ചുപറഞ്ഞിരുന്നത് പക്ഷെ വൈക്കംകാരന്‍ പാലക്കാട്ടില്‍ സ്ഥിരതാമസം ഈപ്പന്‍ സാറും.  ഇടയ്ക്ക് ധീരയായ സ്ത്രീകളെ കാണുകയോ അവരെക്കുറിച്ച്‌ അറിയുകയോ ചെയ്‌താല്‍ ഈ പ്രയോഗം ഓര്‍ത്തുപോകും.  സ്ത്രീജനം ക്ഷമിക്കുക,  "ആണ്‍കുട്ടി" പ്രയോഗം അസാമാന്യധൈര്യം കാണിച്ചതുകൊണ്ട് എന്ന് മാത്രം കരുതിയാല്‍ മതി.  നമ്മള്‍ അസാമാന്യമായക്ഷമയുടെ ആള്‍ രൂപമായതുകൊണ്ട്, ധൈര്യം ദൈവം അവര്‍ക്ക് കൊടുത്തിട്ടുണ്ടാകാം. പുരുഷന്മാര്‍ ക്ഷമിക്കുക.  ദേഷ്യം വന്നു അല്ലെ. ക്ഷമ എന്ന് പറഞ്ഞ രണ്ടക്ഷരം രണ്ടുപേര്‍ക്കും ഇല്ലെങ്കില്‍ ഇനി തുടര്‍ന്ന് വായിക്കേണ്ട.  ഹല്ലപിന്നെ, എന്റെ ക്ഷമകെട്ടു.

ആ പ്രയോഗം ഇപ്പൊ ഓര്‍ക്കാന്‍ ഒരേയൊരു കാരണം, അതൊരു രഹസ്യമാണ്, പിന്നെ, പിന്നെ... ഒരു രസവുമുണ്ട്,  രസം എനിക്കുതന്നെട്ടോ.  ഇത് ഞാന്‍ എന്നെക്കുറിച്ച് എന്നോട് പറഞ്ഞതാണ് എന്നുമാത്രം. ഓരോരോ കുരുക്കിലും അറിഞ്ഞും അറിയാതെയും ചെന്നുചാടുകയും "ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ" എന്നൊരു ഭാവവും ഉള്ള ആളാണല്ലോ കൂടെ.  ഒരു കുരുക്കില്‍ നിന്ന് എന്റെ "നല്ല"കുട്ടിയെ കുറച്ചു പുറത്തുകൊണ്ടുവന്നു. ഇനിയും അഴിക്കാനുണ്ട് കുരുക്കുകള്‍.  ഇത്രയും കാലം ക്ഷമിച്ച ശേഷം ആണ് ഞാനും "ഒരാങ്കുട്ടി"യായത്. ആ കുരുക്കിനെക്കുറിച്ച് വിശേഷിച്ച് പറയാനൊന്നും ഇല്ല.  ഇപ്പോള്‍ ഞാന്‍ കുറെ നല്ല ആണ്‍കുട്ടികളെ ഓര്‍ത്തുപോവുകയാണ്.  എന്നെപോലുള്ള "ആങ്കുട്ടി" അല്ലട്ടോ.

അച്ഛന്റെ കൂടെ അച്ഛന്റെ ഓഫീസില്‍ ജോലി ചെയ്ത ഒരു നല്ല കാലം ഉണ്ടായിരുന്നു. അച്ഛന്‍ റിട്ടയര്‍ ചെയ്യുന്നതിന്റെ കുറച്ചു മാസങ്ങള്‍ മുമ്പുതന്നെ ഞാന്‍ അച്ഛന്‍ ജോലിചെയ്തിരുന്ന, ഇളയച്ഛന്‍ ഏജന്റ് ആയിരുന്ന ഒരു ജര്‍മന്‍ മിഷണറിമാരുടെ, പിന്നീട് ബ്രിട്ടീഷ്‌കാരുടെ, അതിനുശേഷം ഇന്ത്യക്കാരുടെ ആയ ഒരു പ്രശസ്ത കമ്പനിയില്‍ ചേര്‍ന്നിരുന്നു.  ആകെ പെണ്ണായുള്ളത് ഈയുള്ളവള്‍ മാത്രം.  പഠിക്കുമ്പോള്‍ ഇടയ്ക്ക് ഓഫീസില്‍ അച്ഛനെ കാണാന്‍ പോയും മറ്റും പരിചയമുള്ള സഹപ്രവര്‍ത്തകര്‍.  ഒരു കുടുംബം പോലെ കഴിഞ്ഞ ആ നല്ല നാളുകള്‍.  അവിടുന്നുകിട്ടിയ പ്രോല്‍സാഹനം.  കമ്പ്യൂട്ടര്‍ ഒരു ചങ്ങാതിയായത് അവിടെ വെച്ചാണ്.  അച്ഛനെപോലെ മോളും മിടുക്കിയായി ജോലി ചെയ്തു.  ;).  ഒരു പെണ്ണുമാത്രം ആയതുകൊണ്ട് ഓഫീസില്‍ ഒരു പ്രയാസവും ഇല്ലായിരുന്നു.  പരദൂഷണം ഇല്ല.  പരിഹാസം ഇല്ല.  അതുകൊണ്ടുതന്നെ പരാജയം ഇല്ല. "നല്ലകുട്ടി"യെ കല്യാണം കഴിച്ചതും ആ ജോലിയിലിരിക്കെ ആണ്.   ശേഷം ചിന്ത്യം.  എല്ലാം സംഭവബഹുലം.  അതവിടെ ഇരിക്കട്ടെ.  ഇനി  ഓരോരുത്തരെയായി പരിചയപ്പെടാം.

ജെ പി ആര്‍ ടക്കര്‍ സര്‍, അങ്ങയെ നമിച്ചു തുടങ്ങാം.

അബ്ദ്ലുള്ളക്ക, മുന്‍സിപാലിറ്റിയിലെ ജോലി ഉപേക്ഷിച്ച് കമ്പനിയില്‍ ചേര്‍ന്ന ആള്‍. അന്ന് സര്‍ക്കാര്‍ ജോലിയേക്കാള്‍ വലുതായിരുന്നത്രേ ഈ സായിപ്പിന്റെ കമ്പനി. അച്ഛന്റെ സ്ഥാനം. 

രമണെട്ടനെ മറക്കുന്നതങ്ങനെ? എനിക്ക് സര്‍ക്കാര്‍ ജോലി കിട്ടും എന്നുപ്രവചിച്ച ആള്‍.  എന്റെ ഏട്ടന്‍ തന്നെ.

ഈപ്പന്‍ സര്‍, ഞാന്‍ നേരത്തെ സൂചിപ്പിച്ച വൈക്കംകാരന്‍, ദൂരദര്‍ശന്‍ ന്യൂസ്‌ റീഡര്‍ സുനിത്‌ താണ്ടനെപോലിരിക്കും അറിയാമോ? കാണാന്‍ മാത്രമല്ല., സംഭാഷണശൈലിയിലും.  ഹും.

മുരളി ഷാരോടി, തൊഴിലാളികളുടെ കണ്ണിലുണ്ണി. എന്തുസഹായം വേണമെങ്കിലും മുരളി ഉണ്ട്. ജാമ്യം നില്‍ക്കണോ, റെഡി.

കോഴിക്കോട്ടെ ലെസ്ലി, നിര്‍ദോഷമായ തമാശ പറഞ്ഞ് എല്ലാവരെയും ചിരിപ്പിക്കുന്ന അച്ചായന്‍.  

രാമചന്ദ്രന്‍, അയ്യര് ഞങ്ങളുടെ കമ്പനിയിലെ സുരേഷ് ഗോപിയാ. കിടിലന്‍  ഡ്രസ്സിംഗ്

വടകര ഹരിലാല്‍, ഇപ്പെവിടുണ്ട്? "എനക്കറിയില്ല".    റുവാണ്ടയില്‍ ജോലികിട്ടി പോയതാണ്. ന്താ വിചാരിച്ചേ? 

സ്റ്റോര്‍ കീപ്പര്‍ മലമ്പുഴ രവിന്ദ്രന്‍, ആകെയുള്ള ഒരു പെണ്തരിയായ എനിക്ക് ഒരു ആണ്‍ പേര് ഇട്ട ആള്‍. അതെന്താണെന്നോ? ആരും വിളിക്കരുത്. എനിക്ക് ദേഷ്യം വരും.  പറയട്ടെ. സുകു.  ആള്‍ ഗള്‍ഫിലേക്ക് പറന്നപ്പോള്‍ വന്ന ലെസ്ലിച്ചായന്റെ ഏട്ടന്റെ മോന്‍ രഞ്ജിത്ത്, ആ ആളും പോയപ്പോള്‍ വന്ന മോഹന്‍.  മോഹന്‍ ഇപ്പോള്‍ ബാങ്കിലാണ് ജോലി.  മോഹന്‍ പോയപ്പോള്‍ ആരാ വന്നതെന്നോ, അത്  "നല്ലകുട്ടി"യുടെ അനിയന്‍ ആയിരുന്നു. സ്റ്റോര്‍ കീപ്പര്‍ പോസ്റ്റില്‍ ഇങ്ങനെ മാറി മാറി ആളുകള്‍, വരുന്നവരൊക്കെ നല്ല ജോലി കിട്ടി പോകും.  ഈ അനിയനും കിട്ടി നല്ല ജോലി.  

ഞാനും അനിയനും ഒരേ ലിസ്റ്റില്‍ നിന്നാണ് സര്‍ക്കാരിലേക്ക് കുടിയേറിയത്.  അപ്പോഴേക്കും കമ്പനി പൂട്ടുകയും ചെയ്തു.  "ടൈറ്റാനിക്കില്‍" നിന്ന് അതിനുമുന്‍പെ തന്നെ കമ്പനിയുടെ കൂട്ടുസംരംഭത്തിലേക്ക് പിടിച്ചുയര്‍ത്തിയെങ്കിലും ദൈവവിധി പിന്നേയും വന്നു സര്‍ക്കാര്‍ ജോലിയുടെ രൂപത്തില്‍.  

കമ്പനിയുടെ കൂട്ടുസംരംഭത്തിലെ പങ്കാളി മുംബൈ മോഡി ബ്രദേഴ്സ്, ഗോപാലന്മാര്‍ (ലെസ്ലിച്ചായന്റെ ഒരു പ്രയോഗമാണ് ഗോപാലന്മാരുടെ കമ്പനി എന്ന്, മാനേജര്‍മാരായി രണ്ടു ഗോപാലന്മാര്‍ ഉണ്ടായിരുന്നു.  കൂടെ ഈ ഞാനും. എന്റെ പേരിന്റെ കൂടെയും ഒരു ഗോപാലന്‍ ഉണ്ടല്ലോ.  പോരെ? ലെസ്ലിച്ചായന്‍  തകര്‍ത്തു), ഇപ്പോഴും വിശേഷാവസരങ്ങളില്‍ വിളിക്കാറുള്ള മാധവേട്ടന്‍, മധു, നാടുകാരനായ വേലുണ്ണി, അന്തിക്കാട്‌ സദന്‍, എനിക്കുപകരം വന്ന രാധ, ഹിന്ദി പറയുന്ന തൊഴിലാളികള്‍, നമ്മുടെ സ്വന്തം മലയാളി തൊഴിലാളികള്‍, എല്ലാവരെയും നന്ദിയോടെ ഓര്‍ക്കട്ടെ ഈയവസരത്തില്‍. സദനും, ഞാനും, അതില്‍ നിന്ന് വിടപറഞ്ഞു.  ഒരു ഗോപാലന്‍ മാനേജര്‍ ഇതിന്റെതന്നെ വേറെ യുണിറ്റിലേക്ക് പിന്നീട് പോയി.  സംരംഭം തുടങ്ങിയകാലത്തെ "ട്രയോ" അങ്ങനെ പിരിഞ്ഞു.  സദനും ഗള്‍ഫില്‍ ആണോ ഇപ്പോള്‍? ഒന്നും അറിയാറില്ല.

ഇനിയും പേരെടുത്തുപറയാത്ത സുഹൃത്തുക്കള്‍ ക്ഷമിക്കുക.  ഇതാ നിങ്ങളുടെ കൂട്ടുകാരി, സഹോദരി ഇപ്പൊ "ഒരാങ്കുട്ടിയായി" വിലസുന്നു.  

നിങ്ങളുടെ സൗഹൃദം എനിക്കു നേടിത്തന്നത് - സ്ത്രീസഹജമായ പരദൂഷണം എന്നെ തൊട്ടിട്ടില്ല. അതുകൊണ്ട് ഞാനും തൊടാന്‍ പോയില്ല.  നര്‍മബോധം കൂടി.  തൊട്ടാല്‍വാടിയാവാന്‍ എന്നെ കിട്ടില്ല.  പരിഹാസത്തില്‍ തളരില്ല.  നിങ്ങളെപോലെ നല്ല സുഹൃത്തുക്കള്‍ എനിക്കിവിടെ ബൂലോകത്തും ഈ ഓഫീസിലും ഉണ്ട്.  എന്നെപോലുള്ള പരദൂഷണപ്രിയരല്ലാത്ത സ്ത്രീസുഹൃത്തുക്കളും ഉണ്ട്ട്ടോ.  ജോലിയില്‍ വേഗത, അലസത (അലസത?? ഒരുപ്രാസത്തിനങ്ങു പറഞ്ഞുപോയതല്ല. അതിവിടെ നിന്ന് കിട്ടി) എന്റെ ട്രേഡ് മാര്‍ക്ക്‌.  

കുരുക്കൊക്കെ ഉണ്ടാക്കിവെക്കുമെങ്കിലും എന്റെ "നല്ലകുട്ടിയും" ഒരു നല്ല കുട്ടിയാണ്.   അങ്ങനെ അല്ലാത്തവരെ കാണുമ്പോള്‍ AK 47, ഛെ ..അല്ല 22 FK ഓര്‍മവരുന്നു.  ഇനി ഈ പറഞ്ഞ കാര്യമാണ് കുരുക്ക് എന്ന് ധരിക്കണ്ട.  അതൊരു "ഗാന്ധി"യന്‍ ഇന്ത്യന്‍ റുപീയുടെ ഇടപാട്.