Tuesday, February 24, 2009

പവിഴമല്ലിഒരു തിങ്കള്‍ക്കല പോലെ കണ്ടു ഞാനാ നെറ്റിയിലെ കളഭക്കുറി
നിറഞ്ഞു നില്‍ക്കുമാ ദീപങ്ങളാല്‍ ശോഭിതമായൊരു അര്‍ദ്ധനാരീശ്വരന്‍തന്‍
ചന്ദ്രക്കലയോളം തീഷ്ണമായിരുന്നു നിന്‍ കണ്ണുകളില്‍ അല തല്ലുമാ
സ്നേഹത്തിന്‍ ഊഷ്മളമാം തെളിനീര്‍.
ചുറ്റമ്പലത്തില്‍ ദീപജ്വാലയില്‍ കൊച്ചു ചുവടുകള്‍ വെച്ചു നീങ്ങവേ
തരിച്ചു നിന്നൊരാ മണല്‍ത്തരികള്‍ അമര്‍ന്നുപോയാ കാലടി ചുവട്ടിലെന്കിലും
അറിഞ്ഞു ഞാനാ മണല്‍ത്തരികള്‍ തന്‍ നിര്‍വൃതി പോലും.
ഒഴുകി നടന്നു നീങ്ങുവാന്‍ തക്കവണ്ണം ഓളങ്ങള്‍ തീര്‍ത്തതാരാണ് നിന്‍ മനസ്സില്‍‌
പവിഴമല്ലി ചോട്ടിലെ ഇത്തിരി ഇരുളിലാ കൈകള്‍ നീണ്ടതെന്‍ ഇഷ്ടപുഷ്പം
കാണിക്കുവാന്‍ ആണെന്ന് ഞാനറിഞ്ഞത് എത്രയോ യുഗങ്ങള്‍ക്കു ശേഷമാണ്
ദീപാരാധന നേരത്ത് ഏകാഗ്രതക്കായ് കണ്ണുകള്‍ അടച്ചിട്ടെന്‍ കൈവിരലുകള്‍
മന്ത്രിച്ചെടുത്തത് നിന്നില്‍ കുളിര്‍ കോരിയിടുവാനോ
അതോ മറ്റൊരു സുഷുപ്തിയില്‍ അലിയുവാനോ

Wednesday, February 18, 2009

കാത്തിരിപ്പ്‌

നനുത്ത മഞ്ഞിന്‍ കണങ്ങള്‍ പോലെന്‍ മനസ്സിലേക്കിറങ്ങി അലിഞ്ഞു ചേരുന്നു

ആ സ്വപ്നങ്ങള്‍തന്‍ മൃദു സ്പര്‍ശനങ്ങള്‍, മറക്കുവാന്‍ കഴിയാത്ത സ്വപ്നഗന്ധങ്ങള്‍.

എന്തിനായ് എന്തിനായ് മോഹിപ്പിച്ചു നീ നിന്നുള്ളിലെ ആരും കാണാത്ത എന്തിലേക്കോ ആയി

എന്തിനായ് എന്തിനായ് ഏന്തി പിടിച്ചു ഞാന്‍ ആര്‍ക്കും കാണാന്‍ കഴിയാത്ത ആ മൂകമാം സ്നേഹബിന്ദുക്കളെ

ഒരു ഗാഥ തീരം, ഒരു സ്നേഹതീരം, നമ്മള്‍ ഒന്നായ് നെയ്തെടുത്തോരാ തീരം

മടിച്ചു നില്ക്കുന്നു നമ്മള്‍ക്കിടയിലൂടെ അരിച്ചു കയറുന്നോരാ തിരകള്‍ തന്‍ അപശ്രുതി

മറിച്ചു ചൊല്ലുവാന്‍ കഴിയുന്നീല നിനക്കും എങ്കിലും കഴിയുമെന്നെനിക്ക് ഉറപ്പുള്ള മനസ്സിന്റെ -

വഞ്ചിയില്‍ വെറുതെകിടന്നുറങ്ങുകയാണ് പൊങ്ങു തടിപോല്‍ ഒന്നിനുംകഴിയാതെ

ജീവിത നൌക തന്‍ അമരതിരുന്നു ഞാന്‍ മാടി വിളിച്ചു വന്നു കയറുവാനായ്

കൊച്ചു കാല്‍പാദങ്ങള്‍ നനഞ്ഞതിന്‍ വിഭ്രാന്തിയില്‍ അട്ടഹാസത്തില്‍ നിറഞ്ഞു നില്‍ക്കുമാ

മനസ്സിന്‍ നിശ്ചിന്തയില്‍ ഒട്ടും അമാന്തിച്ചില്ല എന്‍ നൌക തന്‍ പ്രയാണം

ഇല്ല കൈ എത്തിപിടിക്കുവാന്‍ കഴിയാത്ത വണ്ണം ദൂരെയാണെന്‍ സ്നേഹമാം വിടര്‍ന്ന നൌക

ക്ഷമിച്ചുകൂടെ വീണ്ടും വന്നെത്തി പിടിക്കുവാന്‍?
Tuesday, February 17, 2009

മണ്ണിന്റെ ഗന്ധം


തുറന്നിടൂ ആ ജനല്‍പാളികള്‍ തുളച്ചു കയറട്ടെ ആ കോടമഞ്ഞ്
തുറന്നിടൂ ആ ജാലകങ്ങള്‍ മുഴുവനായ് വീശട്ടെ കാറ്റ്, കാറ്റിനൊപ്പം
വീഴട്ടെ അല്പം മഴത്തുള്ളികള്‍, എന്റെ ദേഹത്തിലും ഒരു ഉണര്‍വ്വിനായ്
ആസ്വദിക്കട്ടെ ഞാനിന്നാ മണ്ണിന്റെ ഗന്ധം, കേള്‍ക്കട്ടെ ആ മഴത്തുള്ളികള്‍ തന്‍
അടക്കം പറച്ചിലും കിന്നാരങ്ങളും, അറിയട്ടെ ഞാനാ മഞ്ഞിന്‍ തലോടല്‍
അലിയട്ടെ ഞാനിന്നാ കുളിര്‍മ്മയില്‍, കാണേണം ഇന്നാ വിടരാന്‍ കൊതിക്കുന്ന
പൂക്കള്‍, തൊട്ടുരുമ്മി നില്‍ക്കുമാ കാശിതുംബയും കാക്കപ്പൂവും
എന്തിനോ വേണ്ടി വെറുതെ പൊഴിയുന്ന പവിഴമല്ലിതന്‍ ചെഞ്ചുണ്ടുകളും
കണ്‍ തുറക്കാന്‍ കൊതിക്കുന്ന നിശാഗന്ധിക്ക് ഇനിയും തുറക്കുവാന്‍ എന്തെ താമസം
മടിയിലിരുത്തി കൊഞ്ചിക്കാഞ്ഞോ മാനസതീര്‍ത്ഥമൊഴുക്കാഞ്ഞോ!
എന്തിന് വട്ടം ചുറ്റുന്നതെന്‍ ചുറ്റിലും ഒന്നുമറിയാത്ത ഈ തേരട്ട കൂട്ടങ്ങള്‍
എന്തിന് ചലിക്കുന്നുവെന്‍ ശരീരം മുഴുവനും ആ ചിലന്തി തന്‍ വലിയ കാലുകള്‍
എന്തിന് മറയ്ക്കുന്നു എന്‍ കണ്ണുകള്‍ രണ്ടും എന്നും കാണാന്‍ കൊതിച്ചവയില്‍ നിന്നും
ഇറ്റുവീഴുന്ന ഓരോ മഴത്തുള്ളിയും എന്‍ ബാഷ്പകണങ്ങളെന്നറിഞ്ഞിട്ടും
കാറ്റെന്തേ അവയിലൊരിറ്റുപോലും എന്‍ ദേഹത്തോടടുപ്പിച്ചില്ല
കവലകള്‍ തോറും വിളിച്ചുകൂവി പലതും പറയുന്ന വികൃതി കാറ്റെ
പറിച്ചു മാറ്റൂ എന്നില്‍ നിന്നുമാ തേരട്ടയേയും ചിലന്തിയേയും
എനിക്ക് വേണ്ടതാ പൂക്കള്‍തന്‍ സൗന്ദര്യവും മണ്ണിന്റെ ഗന്ധവും

സ്വപ്നങ്ങളുടെ കുന്കുമ ചെപ്പ്ഏകയായ് നില്‍പ്പൂ ഞാനീ കുന്നിന്‍ ചെരുവിലീ സായംസന്ധ്യയില്‍,

മിടിക്കുന്ന ഹൃദയത്തുടിപ്പുകള്‍ക്കൊപ്പം ചാഞ്ചാടീടുന്നു ആ വൃക്ഷ ശിഖരങ്ങള്‍

താഴോട്ടു പൊഴിയുന്ന സിന്ദൂര വര്‍ണങ്ങള്‍ താനേ തലോടുന്നുവെന്‍ ശിരസ്സില്‍

പാല‌ുട്ടി ഉറക്കിയൊരു കുഞ്ഞിനെ പോലെന്‍ മാനസമിന്നു കുളിര്‍ന്നലഞ്ഞാടുന്നു

മന്ദാര കാറ്റിന്റെ മര്‍മ്മരവും മറയാത്ത ഓര്‍മതന്‍ ഗദ്ഗദവും നിറയുന്നു മനസ്സിന്റെ -

നാലുകെട്ടില്‍ മറക്കാത്ത സത്യങ്ങളായ്

കാണാത്ത സ്വപ്‌നങ്ങള്‍ പറയുവാന്‍ തക്കം ഉയര്‍ന്നിട്ടില്ലെന്‍ മാനസചെപ്പുകള്‍ , പക്ഷെ,

നിറമാര്‍ന്ന സ്വപ്നങ്ങള്‍ക്ക് ചിറകു വിടര്‍ത്താന്‍ മടിയില്ല ഒരിക്കലും

എന്റെ സ്വപ്നങ്ങളെല്ലാം നിറഞ്ഞിരിക്കുന്നുവീ കുന്കുമചെപ്പില്‍ ആര്‍ക്കും തുറക്കാനാകാത്ത മൂടിയുമായ്

വിതുമ്പുന്ന സ്വപ്ന സ്പന്ദനങ്ങള്‍ പൊലിഞ്ഞിടട്ടെ ഇന്നീ കരകാണാ കടലിന്‍ ആഴത്തില്‍

വിടര്‍ന്നു വരുന്നോരാ സുപ്രഭാതത്തില്‍ ഉണരുന്നു ഞാന്‍ വീണ്ടും യാഥാര്‍ത്യങ്ങളായ്

പകലിന്റെ ചൂടില്‍ കൊതിക്കുന്നു വീണ്ടുമാ പഴയ ചെപ്പില്‍ മതിമറന്നു ഉറങ്ങുവാനായ് .

Monday, February 16, 2009

കാത്തിരിപ്പൂ ഞാനാ സ്നേഹത്തിന്‍........


സ്നേഹത്തിന്‍ പൊന്നൂഞ്ഞാല് കെട്ടി കാത്തിരുന്നു ഞാനാ പൂത്തുലഞ്ഞു നില്‍ക്കുമാ നീലാണ്ടന്‍ മാവിന്‍ ചുവട്ടില്‍. സമയത്തിന്‍ രഥം ശീഘ്ര ഗതിയിലായിരുന്നിട്ടും അറിഞ്ഞില്ല ഞാനാ മീനമാസത്തിന്‍ ചൂട്.

കാത്തിരിപ്പിന്‍ ദൈര്‍ഘ്യമേരവേ ഭീതി പടര്‍ത്തി എന്നിലാ ഇരുണ്ട കണ്ണുകള്‍.

തുറിച്ചു നോക്കി ദംഷ്ട്രങ്ങള്‍ കാട്ടി പേടിപ്പെടുത്തുന്നു ആ കറുത്ത വാവിന്‍ കൂരിരുട്ട്.

കലപില കൂട്ടി കടിപിടി കൂടിയോരാ അണ്ണാറകണ്ണന്മാര്‍ പോലും ഒന്നും മിണ്ടാതോടി കൂടണഞ്ഞു.

ജ്വലിച്ചുപോയെന്‍ ദേഹമാസകലം ആ ചുടു കാറ്റിന്‍ തീഷ്ണതയിലെങ്കിലും

കാത്തിരിപ്പിന്‍ അസഹിഷ്ണുത ഏറ്റിട്ടില്ലിനിയും

കയറുന്നു പുളിയുറുംബിന്‍ കൂട്ടമിന്നെന്‍ ശരീരത്തില്‍ പടര്‍ന്നുകയറി,

ആവേശത്താല്‍ ആക്രമിച്ചീടുന്നു വൈകി കിട്ടിയ ഒരു ഇര പോലെ.

ചുളിഞ്ഞു കുത്തുന്നു, നീറി എരിയുന്നുവെങ്കിലും വേദന കടിച്ചമര്‍ത്തി കാത്തിരിപ്പൂ നിന്നെ

ആ ഊഞ്ഞാലില്‍ ഏറ്റി താരാട്ടുപാടി ഉറക്കാന്‍.