Monday, November 28, 2011

വെറുതെയെന്നാകിലുമെങ്കിലും.....


കുഞ്ഞൂ, നിന്റെ കണ്ണിലെ ഭീതി കണ്ടു-
റക്കം നഷ്ടപ്പെട്ടവള്‍ ഞാന്‍,
പതറാതെ നീ പറഞ്ഞതുമതുമാത്രം
ഉറക്കം നഷ്ടപ്പെട്ടവള്‍ നീയെന്ന്

പക്ഷെ ഉറങ്ങാന്‍ കഴിയുന്നിണ്ടിവിടെ
പലര്‍ക്കും പലതും സ്വപ്നം കണ്ട്
ഒരു പ്രളയം വന്നാ സ്വപ്നങ്ങളെ
തകര്‍ക്കേണ്ടയെന്നാകിലുമെങ്കിലും
ഉണരുക നിങ്ങള്‍, കണ്‍ പൂട്ടിയുറക്കുക
പേടിസ്വപ്നം കാണാതുറങ്ങട്ടെ കുഞ്ഞുങ്ങള്‍.

മുല്ലപെരിയാര്‍ വിഷയത്തില്‍ ഒരു കൊച്ചുകുട്ടി, ഞാനവളെ കുഞ്ഞൂ എന്ന് വിളിക്കട്ടെ, ഭീതിയോടെ എങ്കിലും ഒട്ടും പതറാതെ ചാനല്‍ പ്രവര്‍ത്തകരോട് ഭൂചലനവും ഡാമിന്റെ അപകടാവസ്ഥയും മൂലം ഉറങ്ങാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞപ്പോള്‍ വിഷമം തോന്നി. നമ്മളെല്ലാം സ്വാര്‍ത്ഥര്‍ ആണ്. എന്റെയുറക്കം, എന്റെ സമാധാനം അതു നഷ്ടമായാല്‍ വിഷമമാണ്. പക്ഷെ ആ കുട്ടിയുടെ ഉറക്കം നഷ്ടമായത്‌ പലരുടെയും ജീവനെയോര്‍ത്താണ്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവത്തെ പോലെ കരുതേണ്ട കുഞ്ഞുങ്ങള്‍ക്ക്‌ പോലും ഉറക്കം നഷ്ടപ്പെട്ടിരിക്കുമ്പോള്‍ പ്രതികരിക്കേണ്ടവര്‍ ഉറക്കം നടിച്ചു കിടക്കുന്നു. ഇതും ഒരു ദുരന്തം തന്നെ.

Wednesday, November 2, 2011

"ഈ പറഞ്ഞന്തി ഇതുക്കൂട്ട് കെട്ടിക്കോളുണ്ട്"


" പറഞ്ഞന്തി" എന്ന് പറഞ്ഞതും എന്തോ അബദ്ധം പറഞ്ഞപോലെ ഗീത കണ്ണിറുക്കി നാവുകടിച്ച് എന്നെ നോക്കി.

ഏതുപറഞ്ഞന്തി? പറയു ഗീത എന്ന് ഞാനും. അപ്പോഴതാ അനിത, "ഇതുക്കൂട്ട് ഒരെണ്ണം എനിക്കും ഉണ്ടായിരുന്നു.


ഏതുക്കൂട്ട്‌
അനിതെ? അപ്പോഴേക്കും ഭാഗ്യശ്രീ "ഞാന്‍ കെട്ടിക്കോളുണ്ട്." ഇതെന്തുകോളാണ് ?

ശശി സാര്‍ "ഞാനില്ല. തടി കയിച്ചിലാക്കട്ടെ". ഇനിയെങ്ങനെ കഴിച്ചുകൂട്ടും സാര്‍?


ഇനിയിപ്പോ
പ്രവീണ ഉണ്ടെങ്കില്‍ "വ്വോ, എന്തര് ഫാഷ" എന്നു പറഞ്ഞേനെ. ഫാഷയല്ല ഭാഷയല്ലേ ശരി എന്ന് ചോദിച്ചാല്‍ വിനിലും സമ്മതിച്ചു തരില്ല.

സംസാരഭാഷക്ക് എത്ര മുഖങ്ങള്‍ അല്ലെ? കാര്യം, ഒരിക്കലും പരിഹസിക്കാനല്ല ഇതൊക്കെ വീണ്ടും വീണ്ടും കേട്ട് രസിക്കാനാണ് ആഗ്രഹം. സംസാരിക്കുമ്പോള്‍ ഓരോ വാക്യത്തിന് മുന്‍പും "കാര്യം" എന്ന് പറയുന്ന രണ്ടു അഭിനേതാക്കള്‍ ഉണ്ട് നമുക്ക്. കേള്‍ക്കാന്‍ ഇഷ്ടവുമാണത്. "കാര്യം", "നല്ല അഭിപ്രായമാണ്, നല്ല ആക്ടിംഗ് ആണ്".

ഷമീന
"സൂനേച്ചി" എന്ന് വിളിക്കുന്നുണ്ടോ ഇതൊക്കെ കേട്ടിട്ട്? "അവിടെ എന്താ കൂട്ടംകൂടി നില്‍ക്കണത്? " വിജയന്‍ സാറല്ലേ അത്? പാലക്കാട്‌ ആണ് സ്വദേശമെങ്കിലും വിജയന്‍ സാര്‍ പക്ഷെ "ഉള്ളികളൊക്കെ വാങ്ങിയോ" എന്നു ചോദിച്ചു അങ്ങനെ ചിരിച്ചു നില്‍ക്കും, എന്തോ ഒരു കാര്യം സാധിച്ചപോലെ.

"എന്തൂട്ടാ ഗെഡിയെ? വേണ്ടാട്ടാ, അവളാ പോയി". ഇതാരാ തൃശൂര്‍ നിന്നും മ്മടെ മമ്മൂട്ടി പ്രാഞ്ചിയേട്ടന്‍ ഇവിടെ വന്നതാണോ? അതോ കണ്ണമ്പരിയാരം ലോക്കല്‍ പ്രാഞ്ചിയേട്ടനോ?

"ഈടെ ന്താ പ്രശ്നോം?, എനക്ക് തിരിയിണില്ല". ലക്ഷ്മി മാഡം അല്ലെ അത്? അങ്ങനെ തിരിയണ്ട. "ഇല്യാലോ? എങ്കില്‍ നന്നായീലോ". അതാരായിരിക്കും? ഷാജുവോ, രമേശനോ? തിരേ തെളിയണില്ലല്ലോ രജിതെ?


"ഞാനിപ്പം കഴിച്ചേച്ചും വരാവേ". ദേ, അനിത പിന്നേം. , ആയ്ക്കോട്ടെ. "ഓള് വമ്പത്തിയാ." രാധാകൃഷ്ണന്‍, ശശി സാറിന്റെ സ്റ്റൈലില്‍, കത്തിക്കയറി. "ഇതൊക്കെ എന്തോരം കണ്ടിരിക്കുന്നു. അനിതേടേ മറുപടി ഉടന്‍ വന്നു.


"ആസ് യു ടോള്‍ഡ്‌, നീങ്ക സൊന്നാ മാതിരി അങ്ങനെ അല്ലൈ. ഹവ്വെവര്‍ ദി ഫാക്റ്റ് ഈസ്‌, അതിന്റെ കാര്യം ഇതാക്കും. ഇതാര് നമ്മുടെ രാമചന്ദ്രന്‍ സാറോ. കല്പാത്തി തേരിനൊന്നും ക്ഷണിക്കുന്നില്ലേ? ഇങ്ങനെ സൊറ പറഞ്ഞിരിന്നാല്‍ പോതാതെ?


" വിവരാവകാശം ഫയല്‍ എവട്യാ?" അത് ഇതാക്കി ഇതാക്കി ഇതാക്കാം.

അതാരാപ്പാത്? അയ്യോ മനസ്സില്‍ ഒരു തീ കാളിയോ? "അലമാറേലൂ" (ല്‍, ലാ, ലൂ) ഗാന്ധി നഗര്‍ സെക്കന്റ്‌ സ്ട്രീറ്റില്‍ മോഹന്‍ലാല്‍ പറയുന്നപോലെ സ്വയം തിരുത്തി ആരുടേയും മുഖത്ത് നോക്കാതെ വിവരം പറഞ്ഞു നോക്കുമ്പോള്‍ എല്ലാരും പോയിരിക്കണ് അവനോന്റെ സീറ്റില്‍.


എന്തരോ എന്തോ? എന്തൂട്ടാത്? എന്നതാ? എന്തുവാ? എന്താണോ? ഒന്നൂല്ല്യാ. മര്യാദക്ക് ജോലി ചെയ്യട്ടെ, സേവനാവകാശവും പറഞ്ഞ് ഇനി ആരെങ്കിലും വരും മുന്‍പ്.

ഓരോ സംസാരഭാഷയ്ക്കും അതിന്റേതായ ഭംഗി ഉണ്ട്. അത് നിഷ്ക്കളങ്കമായി പറയുക. നമ്മുടെ സംസാരം ആരെയും അധിക്ഷേപിക്കാനോ, പരിഹസിക്കാനോ, വേദനിപ്പിക്കാനോ ആയിരിക്കരുത്.