Saturday, April 18, 2009

വിധി




വിധിയെഴുതി തമ്പുരാനിന്നെന്നെ കഴുമര തൂക്കിലേറ്റാന്‍

ചെയ്യാത്ത തെറ്റിനിന്ന്‌ വിധിയേന്നോടെന്തിത്ര ക്രൂരത കാണിച്ചു ?

സ്നേഹം അതൊന്നു മാത്രമീ ലോകത്തില്‍ ശാശ്വതമായ് നില്‍പ്പൂ

ഓര്‍മ്മകള്‍, അയവിറക്കാന്‍ എന്തെളുപ്പംഎന്നാലതിന്‍ വേദന -

സഹിക്കാന്‍ കഴിയുമോ ഈ സ്നേഹ പുഷ്പങ്ങള്‍ക്ക്

സ്നേഹമെന്നൊന്നുണ്ടായിരുന്നില്ല എങ്കില്‍ കാണുമോ

ആ തണ്ണീര്‍കുളത്തിലെ ചെന്താമാരക്കൂട്ടങ്ങളെ, അലിയുമോ-

ഈ മഞ്ഞിന്‍ കണങ്ങളീ നദിയില്‍, നുണയുമോ

ആ കൊച്ചു കുഞ്ഞിന്നീ അമ്മിഞ്ഞ, പാടുമോ-

കുയിലുകള്‍ മര കൊമ്പില്‍ ഇരുന്ന്, നുകരുമോ

വണ്ടുകള്‍ ആ കുഞ്ഞിപ്പൂവിന്‍ മാധുര്യം, വീഴുമോ

ഭൂമിതന്‍ വരണ്ട മാറില്‍ ഈ മഴത്തുള്ളികള്‍

പൂക്കുമോ ഈ നീലകുറിഞ്ഞി പോലും, ആരു പറഞ്ഞു

നദിപോലും നിശ്ചലമാകില്ലെന്ന് പ്രപഞ്ചമേ നിശ്ചലമാകില്ലെന്ന്

ഒരു താരാട്ടൊന്നു ആസ്വദിക്കാനായ് അനുവദിച്ചുകൂടെ ഒരു സാന്ത്വനം

വിധിക്കറിയാമോ ഈ പ്രകൃതിതന്‍ സൗന്ദര്യം, വിധിക്കറിയാമോ വിരഹത്തിന്‍ വേദന

സ്നേഹം, പ്രകൃതി, സൗന്ദര്യം ഇതെല്ലാം സത്യമെങ്കില്‍

സ്നേഹിച്ചുപോയതോ എന്റെ കുറ്റം ? എങ്കില്‍ സ്വീകരിക്കുന്നു ഞാനാ-

വിധിതന്‍ തൂക്കുകയര്‍, എന്തുകൊണ്ടാ വിധിദിനം മാത്രം പറഞ്ഞില്ല?

വീണ്ടും നീറി നീറി മരിക്കുവാനോ? നടപ്പിലാക്കൂ ആ വിധി ഇന്നു തന്നെ, ഇല്ലയെങ്കില്‍

ആ വിധിദിനമെങ്കിലും പറഞ്ഞുതരൂ, വയ്യ എനിക്കിനി നീറുവാന്‍, അല്ലയെങ്കില്‍

വിധിക്കുമുന്‍പെ നീറി മരിച്ചുപോയിടും

Wednesday, April 8, 2009

മറ്റൊരു കണിക്കാലം






കഥയൊന്നു പറയുവാന്‍ ഓര്‍ത്തിരിന്നു, കളിവാക്കും ചേര്‍ത്തിരുന്നു,

കഥയും മറന്നുപോയ്‌, കളിവാക്കും മറന്നുപോയ്‌, മമ ഹൃദയത്തിന്‍ സ്പന്ദനം ബാക്കിയായ്

കാണാത്ത നേരത്തെന്‍ കണ്മുന്‍പില്‍ ഉണ്ടെന്ന തോന്നലുകളെന്‍ മനസ്സില്‍ പൂവണിഞ്ഞിരുന്നു

കാണുന്ന നേരത്തോ, ഒന്നുമുരിയാടാതെ കണ്മുന കൊണ്ടൊരു കഥ പറയുന്നു

വരുമെന്ന് കരുതിയീ പടിവാതില്‍ക്കല്‍ ഞാന്‍ കാതോര്‍ത്തിരുന്നുവാ കാലൊച്ചക്കായ്

ചെറുമികള്‍ തന്‍ കൊയ്ത്തുപാട്ടിന്റെ ഈണത്തില്‍ ലയിച്ചു ഞാന്‍ വെറുതെ കാത്തിരിന്നു

കൊയ്ത്തരിവാളിന്‍ ഇക്കിളിയാല്‍ പുളയുന്നോരാ കതിര്‍ക്കുലതന്‍ നാണത്തിന്‍ തുടിപ്പുകള്‍

കണ്ടു ഞാന്‍ വെറുതെ കാത്തിരിന്നു

കണിക്കൊന്നതന്‍ കിന്നാരങ്ങളും കാറ്റിന്റെ ചുവടുകള്‍ക്കൊപ്പം കിലുങ്ങുന്നോരാ കണിക്കൊന്നതന്‍

കണിക്കാലവും ഉണ്ടായിരുന്നു കൂട്ടിനായ് എന്‍ മാനസ പൂജയില്‍

നനഞ്ഞ മണ്ണിന്റെ മണമാണാ വിരിഞ്ഞ മാറിടത്തിനെങ്കിലും അമാന്തിച്ചതെന്തിന്നുവേണ്ടിയീ

നിറഞ്ഞ മാറില്‍ അലിഞ്ഞു ചേരാന്‍

എന്‍ കവിളില്‍ തട്ടിയുലഞ്ഞു ഇക്കിളിപ്പെടുത്തിയോരാ മുടിയിഴകള്‍തന്‍ മന്ദഹാസത്തില്‍

ഞെട്ടിയുണര്‍ന്നു ഞാന്‍ തിരിച്ചറിഞ്ഞു, ഇനിയിന്നു കാക്കേണ്ട, കാത്തിരിക്കാം

മറ്റൊരു കണിക്കാലത്തിനായ്

Tuesday, April 7, 2009

പുഴ, ഒരു നഷ്ട സൗഭാഗ്യം





എവിടെ എന്റെയാ കൂട്ടുകാരി, ആ വെള്ളി നിറ ദാവണിക്കാരി? ഓര്‍ത്തിടുന്നു ഞാന്‍, ആര്‍ത്തുല്ലസിച്ചവളെ കാണാന്‍ പോയ നാളുകള്‍,

നാട്ടു വഴിയിലെ മൈലാഞ്ചി കാടുകള്‍ക്കിടയിലൂടെ

പച്ചയും മഞ്ഞയും നിറ പട്ടുടുത്ത പാടങ്ങള്‍ക്ക് നടുവിലൂടെ

കാക്കപൂ പറിച്ചും തൊട്ടാവാടിയെ തൊട്ടും പൂക്കളുടെ തേന്‍ നുകര്‍ന്നും

'പൊട്ടിപ്പൂ' ഊതി പൊട്ടിച്ചും 'മായ്ക്കില' തിരഞ്ഞും മരചില്ലകളിലെ

കാനതുള്ളികള്‍ ഉതിര്‍ത്തും നടന്നൊരാ കാലത്ത് അവള്‍ ചാരുതയാര്‍ന്ന പൊട്ടിപെണ്ണായിരുന്നു, ചിരിച്ചും ചിലച്ചും കളകളം പാടിയും ഒഴുകി നടന്ന് ഞങ്ങളെ സ്വീകരിച്ചവള്‍,

തിരുവാതിര നാളില്‍ പൂര്‍ണചന്ദ്രനെ ആവാഹിച്ച് ഇളകി നടന്നവള്‍,

മഴക്കാലങ്ങളില്‍ ആര്‍ത്തലച്ചു വന്നവള്‍, വേനല്‍ ചൂടിലും നനവേകിയവള്‍

ജാതിമതഭേദമന്യേ എല്ലാര്‍ക്കും നന്മയേകിയവള്‍, പ്രകൃതിയും ലയിച്ചു നിന്നിരിന്നു അവള്‍ക്കു ചുറ്റും

അവള്‍ തന്നെയോ ഇത്? എനിക്ക് വയ്യ, സപ്തനാഡികളും നിലച്ച് നിശ്ചലയായ് കിടക്കുന്നത് കാണാന്‍

മതിയായിട്ടുണ്ടായിരുന്നില്ല അവളെ കണ്ടും ആ മടിത്തട്ടില്‍ കിടന്നും,
മതിയായതൊന്നുമാത്രം അവളുടെ ഈ അവസ്ഥ കണ്ട് ,
ജാതിമതഭെദമന്യെ നമ്മളല്ലോ കാരണക്കാര്‍, നിന്നയിടം കുഴിച്ചിട്ടെന്തു നേടാന്‍ ?