
എവിടെ എന്റെയാ കൂട്ടുകാരി, ആ വെള്ളി നിറ ദാവണിക്കാരി? ഓര്‍ത്തിടുന്നു ഞാന്‍, ആര്‍ത്തുല്ലസിച്ചവളെ കാണാന്‍ പോയ നാളുകള്‍,
നാട്ടു വഴിയിലെ മൈലാഞ്ചി കാടുകള്‍ക്കിടയിലൂടെ
പച്ചയും മഞ്ഞയും നിറ പട്ടുടുത്ത പാടങ്ങള്‍ക്ക് നടുവിലൂടെ
കാക്കപൂ പറിച്ചും തൊട്ടാവാടിയെ തൊട്ടും പൂക്കളുടെ തേന്‍ നുകര്‍ന്നും
'പൊട്ടിപ്പൂ' ഊതി പൊട്ടിച്ചും 'മായ്ക്കില' തിരഞ്ഞും മരചില്ലകളിലെ
കാനതുള്ളികള്‍ ഉതിര്‍ത്തും നടന്നൊരാ കാലത്ത് അവള്‍ ചാരുതയാര്‍ന്ന പൊട്ടിപെണ്ണായിരുന്നു, ചിരിച്ചും ചിലച്ചും കളകളം പാടിയും ഒഴുകി നടന്ന് ഞങ്ങളെ സ്വീകരിച്ചവള്‍,
തിരുവാതിര നാളില്‍ പൂര്‍ണചന്ദ്രനെ ആവാഹിച്ച് ഇളകി നടന്നവള്‍,
മഴക്കാലങ്ങളില്‍ ആര്‍ത്തലച്ചു വന്നവള്‍, വേനല്‍ ചൂടിലും നനവേകിയവള്‍
ജാതിമതഭേദമന്യേ എല്ലാര്‍ക്കും നന്മയേകിയവള്‍, പ്രകൃതിയും ലയിച്ചു നിന്നിരിന്നു അവള്‍ക്കു ചുറ്റും
അവള്‍ തന്നെയോ ഇത്? എനിക്ക് വയ്യ, സപ്തനാഡികളും നിലച്ച് നിശ്ചലയായ് കിടക്കുന്നത് കാണാന്‍






