Saturday, April 18, 2009

വിധി




വിധിയെഴുതി തമ്പുരാനിന്നെന്നെ കഴുമര തൂക്കിലേറ്റാന്‍

ചെയ്യാത്ത തെറ്റിനിന്ന്‌ വിധിയേന്നോടെന്തിത്ര ക്രൂരത കാണിച്ചു ?

സ്നേഹം അതൊന്നു മാത്രമീ ലോകത്തില്‍ ശാശ്വതമായ് നില്‍പ്പൂ

ഓര്‍മ്മകള്‍, അയവിറക്കാന്‍ എന്തെളുപ്പംഎന്നാലതിന്‍ വേദന -

സഹിക്കാന്‍ കഴിയുമോ ഈ സ്നേഹ പുഷ്പങ്ങള്‍ക്ക്

സ്നേഹമെന്നൊന്നുണ്ടായിരുന്നില്ല എങ്കില്‍ കാണുമോ

ആ തണ്ണീര്‍കുളത്തിലെ ചെന്താമാരക്കൂട്ടങ്ങളെ, അലിയുമോ-

ഈ മഞ്ഞിന്‍ കണങ്ങളീ നദിയില്‍, നുണയുമോ

ആ കൊച്ചു കുഞ്ഞിന്നീ അമ്മിഞ്ഞ, പാടുമോ-

കുയിലുകള്‍ മര കൊമ്പില്‍ ഇരുന്ന്, നുകരുമോ

വണ്ടുകള്‍ ആ കുഞ്ഞിപ്പൂവിന്‍ മാധുര്യം, വീഴുമോ

ഭൂമിതന്‍ വരണ്ട മാറില്‍ ഈ മഴത്തുള്ളികള്‍

പൂക്കുമോ ഈ നീലകുറിഞ്ഞി പോലും, ആരു പറഞ്ഞു

നദിപോലും നിശ്ചലമാകില്ലെന്ന് പ്രപഞ്ചമേ നിശ്ചലമാകില്ലെന്ന്

ഒരു താരാട്ടൊന്നു ആസ്വദിക്കാനായ് അനുവദിച്ചുകൂടെ ഒരു സാന്ത്വനം

വിധിക്കറിയാമോ ഈ പ്രകൃതിതന്‍ സൗന്ദര്യം, വിധിക്കറിയാമോ വിരഹത്തിന്‍ വേദന

സ്നേഹം, പ്രകൃതി, സൗന്ദര്യം ഇതെല്ലാം സത്യമെങ്കില്‍

സ്നേഹിച്ചുപോയതോ എന്റെ കുറ്റം ? എങ്കില്‍ സ്വീകരിക്കുന്നു ഞാനാ-

വിധിതന്‍ തൂക്കുകയര്‍, എന്തുകൊണ്ടാ വിധിദിനം മാത്രം പറഞ്ഞില്ല?

വീണ്ടും നീറി നീറി മരിക്കുവാനോ? നടപ്പിലാക്കൂ ആ വിധി ഇന്നു തന്നെ, ഇല്ലയെങ്കില്‍

ആ വിധിദിനമെങ്കിലും പറഞ്ഞുതരൂ, വയ്യ എനിക്കിനി നീറുവാന്‍, അല്ലയെങ്കില്‍

വിധിക്കുമുന്‍പെ നീറി മരിച്ചുപോയിടും

Wednesday, April 8, 2009

മറ്റൊരു കണിക്കാലം






കഥയൊന്നു പറയുവാന്‍ ഓര്‍ത്തിരിന്നു, കളിവാക്കും ചേര്‍ത്തിരുന്നു,

കഥയും മറന്നുപോയ്‌, കളിവാക്കും മറന്നുപോയ്‌, മമ ഹൃദയത്തിന്‍ സ്പന്ദനം ബാക്കിയായ്

കാണാത്ത നേരത്തെന്‍ കണ്മുന്‍പില്‍ ഉണ്ടെന്ന തോന്നലുകളെന്‍ മനസ്സില്‍ പൂവണിഞ്ഞിരുന്നു

കാണുന്ന നേരത്തോ, ഒന്നുമുരിയാടാതെ കണ്മുന കൊണ്ടൊരു കഥ പറയുന്നു

വരുമെന്ന് കരുതിയീ പടിവാതില്‍ക്കല്‍ ഞാന്‍ കാതോര്‍ത്തിരുന്നുവാ കാലൊച്ചക്കായ്

ചെറുമികള്‍ തന്‍ കൊയ്ത്തുപാട്ടിന്റെ ഈണത്തില്‍ ലയിച്ചു ഞാന്‍ വെറുതെ കാത്തിരിന്നു

കൊയ്ത്തരിവാളിന്‍ ഇക്കിളിയാല്‍ പുളയുന്നോരാ കതിര്‍ക്കുലതന്‍ നാണത്തിന്‍ തുടിപ്പുകള്‍

കണ്ടു ഞാന്‍ വെറുതെ കാത്തിരിന്നു

കണിക്കൊന്നതന്‍ കിന്നാരങ്ങളും കാറ്റിന്റെ ചുവടുകള്‍ക്കൊപ്പം കിലുങ്ങുന്നോരാ കണിക്കൊന്നതന്‍

കണിക്കാലവും ഉണ്ടായിരുന്നു കൂട്ടിനായ് എന്‍ മാനസ പൂജയില്‍

നനഞ്ഞ മണ്ണിന്റെ മണമാണാ വിരിഞ്ഞ മാറിടത്തിനെങ്കിലും അമാന്തിച്ചതെന്തിന്നുവേണ്ടിയീ

നിറഞ്ഞ മാറില്‍ അലിഞ്ഞു ചേരാന്‍

എന്‍ കവിളില്‍ തട്ടിയുലഞ്ഞു ഇക്കിളിപ്പെടുത്തിയോരാ മുടിയിഴകള്‍തന്‍ മന്ദഹാസത്തില്‍

ഞെട്ടിയുണര്‍ന്നു ഞാന്‍ തിരിച്ചറിഞ്ഞു, ഇനിയിന്നു കാക്കേണ്ട, കാത്തിരിക്കാം

മറ്റൊരു കണിക്കാലത്തിനായ്

Tuesday, April 7, 2009

പുഴ, ഒരു നഷ്ട സൗഭാഗ്യം





എവിടെ എന്റെയാ കൂട്ടുകാരി, ആ വെള്ളി നിറ ദാവണിക്കാരി? ഓര്‍ത്തിടുന്നു ഞാന്‍, ആര്‍ത്തുല്ലസിച്ചവളെ കാണാന്‍ പോയ നാളുകള്‍,

നാട്ടു വഴിയിലെ മൈലാഞ്ചി കാടുകള്‍ക്കിടയിലൂടെ

പച്ചയും മഞ്ഞയും നിറ പട്ടുടുത്ത പാടങ്ങള്‍ക്ക് നടുവിലൂടെ

കാക്കപൂ പറിച്ചും തൊട്ടാവാടിയെ തൊട്ടും പൂക്കളുടെ തേന്‍ നുകര്‍ന്നും

'പൊട്ടിപ്പൂ' ഊതി പൊട്ടിച്ചും 'മായ്ക്കില' തിരഞ്ഞും മരചില്ലകളിലെ

കാനതുള്ളികള്‍ ഉതിര്‍ത്തും നടന്നൊരാ കാലത്ത് അവള്‍ ചാരുതയാര്‍ന്ന പൊട്ടിപെണ്ണായിരുന്നു, ചിരിച്ചും ചിലച്ചും കളകളം പാടിയും ഒഴുകി നടന്ന് ഞങ്ങളെ സ്വീകരിച്ചവള്‍,

തിരുവാതിര നാളില്‍ പൂര്‍ണചന്ദ്രനെ ആവാഹിച്ച് ഇളകി നടന്നവള്‍,

മഴക്കാലങ്ങളില്‍ ആര്‍ത്തലച്ചു വന്നവള്‍, വേനല്‍ ചൂടിലും നനവേകിയവള്‍

ജാതിമതഭേദമന്യേ എല്ലാര്‍ക്കും നന്മയേകിയവള്‍, പ്രകൃതിയും ലയിച്ചു നിന്നിരിന്നു അവള്‍ക്കു ചുറ്റും

അവള്‍ തന്നെയോ ഇത്? എനിക്ക് വയ്യ, സപ്തനാഡികളും നിലച്ച് നിശ്ചലയായ് കിടക്കുന്നത് കാണാന്‍

മതിയായിട്ടുണ്ടായിരുന്നില്ല അവളെ കണ്ടും ആ മടിത്തട്ടില്‍ കിടന്നും,
മതിയായതൊന്നുമാത്രം അവളുടെ ഈ അവസ്ഥ കണ്ട് ,
ജാതിമതഭെദമന്യെ നമ്മളല്ലോ കാരണക്കാര്‍, നിന്നയിടം കുഴിച്ചിട്ടെന്തു നേടാന്‍ ?

Friday, March 13, 2009

കര്‍മം



അന്നവള്‍ അവനോടു ചൊല്ലി ഞാനും വരുന്നു സൂര്യോദയം കാണാന്‍
നിനക്കേറ്റം ഇഷ്ടപ്പെട്ട നിന്റെ ഉറക്കം നഷ്ടപ്പെടില്ലേ എന്ന് അവനും
എങ്കിലും ഇന്നു വരാതിരിക്കാന്‍ കഴിയില്ല എന്നവളും
ഇന്നെന്താ ഇത്ര പ്രത്യേകത എന്നവനും
ചോദിച്ചു ചോദിച്ചു നേരം പോയതല്ലാതെ
അവര്‍ ഇരുവരും അന്നവിടെ പോയില്ല
സൂര്യന്‍ അസ്തമിക്കും വരെ തുടര്‍ന്നു വാഗ്വാദം.
ഇന്നും സൂര്യന്‍ തുടരുന്നു തന്റെ കര്‍മം, അവരും.



വരും. വരാതിരിക്കില്ല.


വരാമെന്ന് പറഞ്ഞിട്ടാ വരവൊന്നും കാണാതെ

വിരഹിണിയായ് കാത്തിരിപ്പൂ ഞാനീ വാകമരച്ചോട്ടില്‍ ഏകയായ്,

വരുമെന്നോര്‍ത്തിരുന്നു ഞാനെങ്കിലും വരവിന്‍ സങ്കല്‍പ്പങ്ങള്‍ ഒന്നും കണ്ടില്ല ഞാനെങ്കിലും

ആ വരവിന്‍ വരവേല്‍പ്പുമായ് കാത്തിരിപ്പൂ ഞാനീ വരമ്പിന്‍ ഓരത്ത്

വരുമെന്നെനിക്ക് ഉറപ്പുണ്ട്, വന്നിട്ടെന്നെ വരിഞ്ഞു മുറുക്കി ശ്വാസംമുട്ടിച്ചൊരാ

വായുതന്‍ ഗന്ധത്തില്‍ അമര്‍ന്നു വിരിച്ചിടട്ടെ എന്റെയാ സൌപര്‍ണിക

വാസന തൈലം പൂശി വാലിട്ടു കണ്ണെഴുതി ഓട്ടു വാല്‍ക്കണ്ണാടിയുമായ്‌ ,

വൃശ്ചികക്കാറ്റിന്‍ കൂട്ടിനായ് വിറയാര്‍ന്നോരെന്‍ കൈവിരല്‍ തുമ്പില്‍

വാടാമല്ലി പൂക്കളാല്‍ കോര്‍ത്തൊരു വരണമാല്യവുമായ് കാത്തിരിപ്പൂ-

ഞാന്‍ വസന്തത്തിന്‍ വര്‍ണഭേദങ്ങള്‍ക്കൊപ്പം.

വിഷാദമാമെന്‍ മുഖത്തില്‍ വിടരുന്ന ഭാവമാറ്റങ്ങള്‍ക്കൊപ്പം

വീഴുന്ന കാറ്റിലെന്‍ കുറുനിരകള്‍ മാടി വിളിച്ചീടുന്നു മമ മാരന്‍ വരുമെന്ന പ്രതീക്ഷയില്‍

വിരിച്ചിടുന്നുവാ സപ്രമഞ്ചകട്ടില്‍ തന്‍ ചുളിവൊട്ടും മാറാത്തൊരാ വിരിപ്പിന്റെ അറ്റത്തില്‍

പിടിച്ചിരിക്കുന്നു ഞാനും, മറ്റൊരറ്റത്തോ പിടിച്ചിരിക്കുന്നു നീയും

Tuesday, February 24, 2009

പവിഴമല്ലി



ഒരു തിങ്കള്‍ക്കല പോലെ കണ്ടു ഞാനാ നെറ്റിയിലെ കളഭക്കുറി
നിറഞ്ഞു നില്‍ക്കുമാ ദീപങ്ങളാല്‍ ശോഭിതമായൊരു അര്‍ദ്ധനാരീശ്വരന്‍തന്‍
ചന്ദ്രക്കലയോളം തീഷ്ണമായിരുന്നു നിന്‍ കണ്ണുകളില്‍ അല തല്ലുമാ
സ്നേഹത്തിന്‍ ഊഷ്മളമാം തെളിനീര്‍.
ചുറ്റമ്പലത്തില്‍ ദീപജ്വാലയില്‍ കൊച്ചു ചുവടുകള്‍ വെച്ചു നീങ്ങവേ
തരിച്ചു നിന്നൊരാ മണല്‍ത്തരികള്‍ അമര്‍ന്നുപോയാ കാലടി ചുവട്ടിലെന്കിലും
അറിഞ്ഞു ഞാനാ മണല്‍ത്തരികള്‍ തന്‍ നിര്‍വൃതി പോലും.
ഒഴുകി നടന്നു നീങ്ങുവാന്‍ തക്കവണ്ണം ഓളങ്ങള്‍ തീര്‍ത്തതാരാണ് നിന്‍ മനസ്സില്‍‌
പവിഴമല്ലി ചോട്ടിലെ ഇത്തിരി ഇരുളിലാ കൈകള്‍ നീണ്ടതെന്‍ ഇഷ്ടപുഷ്പം
കാണിക്കുവാന്‍ ആണെന്ന് ഞാനറിഞ്ഞത് എത്രയോ യുഗങ്ങള്‍ക്കു ശേഷമാണ്
ദീപാരാധന നേരത്ത് ഏകാഗ്രതക്കായ് കണ്ണുകള്‍ അടച്ചിട്ടെന്‍ കൈവിരലുകള്‍
മന്ത്രിച്ചെടുത്തത് നിന്നില്‍ കുളിര്‍ കോരിയിടുവാനോ
അതോ മറ്റൊരു സുഷുപ്തിയില്‍ അലിയുവാനോ

Wednesday, February 18, 2009

കാത്തിരിപ്പ്‌

നനുത്ത മഞ്ഞിന്‍ കണങ്ങള്‍ പോലെന്‍ മനസ്സിലേക്കിറങ്ങി അലിഞ്ഞു ചേരുന്നു

ആ സ്വപ്നങ്ങള്‍തന്‍ മൃദു സ്പര്‍ശനങ്ങള്‍, മറക്കുവാന്‍ കഴിയാത്ത സ്വപ്നഗന്ധങ്ങള്‍.

എന്തിനായ് എന്തിനായ് മോഹിപ്പിച്ചു നീ നിന്നുള്ളിലെ ആരും കാണാത്ത എന്തിലേക്കോ ആയി

എന്തിനായ് എന്തിനായ് ഏന്തി പിടിച്ചു ഞാന്‍ ആര്‍ക്കും കാണാന്‍ കഴിയാത്ത ആ മൂകമാം സ്നേഹബിന്ദുക്കളെ

ഒരു ഗാഥ തീരം, ഒരു സ്നേഹതീരം, നമ്മള്‍ ഒന്നായ് നെയ്തെടുത്തോരാ തീരം

മടിച്ചു നില്ക്കുന്നു നമ്മള്‍ക്കിടയിലൂടെ അരിച്ചു കയറുന്നോരാ തിരകള്‍ തന്‍ അപശ്രുതി

മറിച്ചു ചൊല്ലുവാന്‍ കഴിയുന്നീല നിനക്കും എങ്കിലും കഴിയുമെന്നെനിക്ക് ഉറപ്പുള്ള മനസ്സിന്റെ -

വഞ്ചിയില്‍ വെറുതെകിടന്നുറങ്ങുകയാണ് പൊങ്ങു തടിപോല്‍ ഒന്നിനുംകഴിയാതെ

ജീവിത നൌക തന്‍ അമരതിരുന്നു ഞാന്‍ മാടി വിളിച്ചു വന്നു കയറുവാനായ്

കൊച്ചു കാല്‍പാദങ്ങള്‍ നനഞ്ഞതിന്‍ വിഭ്രാന്തിയില്‍ അട്ടഹാസത്തില്‍ നിറഞ്ഞു നില്‍ക്കുമാ

മനസ്സിന്‍ നിശ്ചിന്തയില്‍ ഒട്ടും അമാന്തിച്ചില്ല എന്‍ നൌക തന്‍ പ്രയാണം

ഇല്ല കൈ എത്തിപിടിക്കുവാന്‍ കഴിയാത്ത വണ്ണം ദൂരെയാണെന്‍ സ്നേഹമാം വിടര്‍ന്ന നൌക

ക്ഷമിച്ചുകൂടെ വീണ്ടും വന്നെത്തി പിടിക്കുവാന്‍?




Tuesday, February 17, 2009

മണ്ണിന്റെ ഗന്ധം


തുറന്നിടൂ ആ ജനല്‍പാളികള്‍ തുളച്ചു കയറട്ടെ ആ കോടമഞ്ഞ്
തുറന്നിടൂ ആ ജാലകങ്ങള്‍ മുഴുവനായ് വീശട്ടെ കാറ്റ്, കാറ്റിനൊപ്പം
വീഴട്ടെ അല്പം മഴത്തുള്ളികള്‍, എന്റെ ദേഹത്തിലും ഒരു ഉണര്‍വ്വിനായ്
ആസ്വദിക്കട്ടെ ഞാനിന്നാ മണ്ണിന്റെ ഗന്ധം, കേള്‍ക്കട്ടെ ആ മഴത്തുള്ളികള്‍ തന്‍
അടക്കം പറച്ചിലും കിന്നാരങ്ങളും, അറിയട്ടെ ഞാനാ മഞ്ഞിന്‍ തലോടല്‍
അലിയട്ടെ ഞാനിന്നാ കുളിര്‍മ്മയില്‍, കാണേണം ഇന്നാ വിടരാന്‍ കൊതിക്കുന്ന
പൂക്കള്‍, തൊട്ടുരുമ്മി നില്‍ക്കുമാ കാശിതുംബയും കാക്കപ്പൂവും
എന്തിനോ വേണ്ടി വെറുതെ പൊഴിയുന്ന പവിഴമല്ലിതന്‍ ചെഞ്ചുണ്ടുകളും
കണ്‍ തുറക്കാന്‍ കൊതിക്കുന്ന നിശാഗന്ധിക്ക് ഇനിയും തുറക്കുവാന്‍ എന്തെ താമസം
മടിയിലിരുത്തി കൊഞ്ചിക്കാഞ്ഞോ മാനസതീര്‍ത്ഥമൊഴുക്കാഞ്ഞോ!
എന്തിന് വട്ടം ചുറ്റുന്നതെന്‍ ചുറ്റിലും ഒന്നുമറിയാത്ത ഈ തേരട്ട കൂട്ടങ്ങള്‍
എന്തിന് ചലിക്കുന്നുവെന്‍ ശരീരം മുഴുവനും ആ ചിലന്തി തന്‍ വലിയ കാലുകള്‍
എന്തിന് മറയ്ക്കുന്നു എന്‍ കണ്ണുകള്‍ രണ്ടും എന്നും കാണാന്‍ കൊതിച്ചവയില്‍ നിന്നും
ഇറ്റുവീഴുന്ന ഓരോ മഴത്തുള്ളിയും എന്‍ ബാഷ്പകണങ്ങളെന്നറിഞ്ഞിട്ടും
കാറ്റെന്തേ അവയിലൊരിറ്റുപോലും എന്‍ ദേഹത്തോടടുപ്പിച്ചില്ല
കവലകള്‍ തോറും വിളിച്ചുകൂവി പലതും പറയുന്ന വികൃതി കാറ്റെ
പറിച്ചു മാറ്റൂ എന്നില്‍ നിന്നുമാ തേരട്ടയേയും ചിലന്തിയേയും
എനിക്ക് വേണ്ടതാ പൂക്കള്‍തന്‍ സൗന്ദര്യവും മണ്ണിന്റെ ഗന്ധവും

സ്വപ്നങ്ങളുടെ കുന്കുമ ചെപ്പ്



ഏകയായ് നില്‍പ്പൂ ഞാനീ കുന്നിന്‍ ചെരുവിലീ സായംസന്ധ്യയില്‍,

മിടിക്കുന്ന ഹൃദയത്തുടിപ്പുകള്‍ക്കൊപ്പം ചാഞ്ചാടീടുന്നു ആ വൃക്ഷ ശിഖരങ്ങള്‍

താഴോട്ടു പൊഴിയുന്ന സിന്ദൂര വര്‍ണങ്ങള്‍ താനേ തലോടുന്നുവെന്‍ ശിരസ്സില്‍

പാല‌ുട്ടി ഉറക്കിയൊരു കുഞ്ഞിനെ പോലെന്‍ മാനസമിന്നു കുളിര്‍ന്നലഞ്ഞാടുന്നു

മന്ദാര കാറ്റിന്റെ മര്‍മ്മരവും മറയാത്ത ഓര്‍മതന്‍ ഗദ്ഗദവും നിറയുന്നു മനസ്സിന്റെ -

നാലുകെട്ടില്‍ മറക്കാത്ത സത്യങ്ങളായ്

കാണാത്ത സ്വപ്‌നങ്ങള്‍ പറയുവാന്‍ തക്കം ഉയര്‍ന്നിട്ടില്ലെന്‍ മാനസചെപ്പുകള്‍ , പക്ഷെ,

നിറമാര്‍ന്ന സ്വപ്നങ്ങള്‍ക്ക് ചിറകു വിടര്‍ത്താന്‍ മടിയില്ല ഒരിക്കലും

എന്റെ സ്വപ്നങ്ങളെല്ലാം നിറഞ്ഞിരിക്കുന്നുവീ കുന്കുമചെപ്പില്‍ ആര്‍ക്കും തുറക്കാനാകാത്ത മൂടിയുമായ്

വിതുമ്പുന്ന സ്വപ്ന സ്പന്ദനങ്ങള്‍ പൊലിഞ്ഞിടട്ടെ ഇന്നീ കരകാണാ കടലിന്‍ ആഴത്തില്‍

വിടര്‍ന്നു വരുന്നോരാ സുപ്രഭാതത്തില്‍ ഉണരുന്നു ഞാന്‍ വീണ്ടും യാഥാര്‍ത്യങ്ങളായ്

പകലിന്റെ ചൂടില്‍ കൊതിക്കുന്നു വീണ്ടുമാ പഴയ ചെപ്പില്‍ മതിമറന്നു ഉറങ്ങുവാനായ് .

Monday, February 16, 2009

കാത്തിരിപ്പൂ ഞാനാ സ്നേഹത്തിന്‍........


സ്നേഹത്തിന്‍ പൊന്നൂഞ്ഞാല് കെട്ടി കാത്തിരുന്നു ഞാനാ പൂത്തുലഞ്ഞു നില്‍ക്കുമാ നീലാണ്ടന്‍ മാവിന്‍ ചുവട്ടില്‍. സമയത്തിന്‍ രഥം ശീഘ്ര ഗതിയിലായിരുന്നിട്ടും അറിഞ്ഞില്ല ഞാനാ മീനമാസത്തിന്‍ ചൂട്.

കാത്തിരിപ്പിന്‍ ദൈര്‍ഘ്യമേരവേ ഭീതി പടര്‍ത്തി എന്നിലാ ഇരുണ്ട കണ്ണുകള്‍.

തുറിച്ചു നോക്കി ദംഷ്ട്രങ്ങള്‍ കാട്ടി പേടിപ്പെടുത്തുന്നു ആ കറുത്ത വാവിന്‍ കൂരിരുട്ട്.

കലപില കൂട്ടി കടിപിടി കൂടിയോരാ അണ്ണാറകണ്ണന്മാര്‍ പോലും ഒന്നും മിണ്ടാതോടി കൂടണഞ്ഞു.

ജ്വലിച്ചുപോയെന്‍ ദേഹമാസകലം ആ ചുടു കാറ്റിന്‍ തീഷ്ണതയിലെങ്കിലും

കാത്തിരിപ്പിന്‍ അസഹിഷ്ണുത ഏറ്റിട്ടില്ലിനിയും

കയറുന്നു പുളിയുറുംബിന്‍ കൂട്ടമിന്നെന്‍ ശരീരത്തില്‍ പടര്‍ന്നുകയറി,

ആവേശത്താല്‍ ആക്രമിച്ചീടുന്നു വൈകി കിട്ടിയ ഒരു ഇര പോലെ.

ചുളിഞ്ഞു കുത്തുന്നു, നീറി എരിയുന്നുവെങ്കിലും വേദന കടിച്ചമര്‍ത്തി കാത്തിരിപ്പൂ നിന്നെ

ആ ഊഞ്ഞാലില്‍ ഏറ്റി താരാട്ടുപാടി ഉറക്കാന്‍.