Showing posts with label ഗദ്യം. Show all posts
Showing posts with label ഗദ്യം. Show all posts

Friday, November 18, 2016

പ്രിയങ്ക, വാന്മതി, റാണി, ചിന്നമ്മ, സുകന്യ...

പ്രിയങ്ക ഭാരതി!!! ഹേയ് ശാരദ, വിമല, ഹരിയ,.....,....,  വിദ്യ ബാലന്‍ സ്വച്ഛ ഭാരത അഭിയാന്‍ പരസ്യത്തില്‍ വിളിച്ചു കൂവുന്ന പോലെ തോന്നിയോ ഈ പോസ്റ്റിന്റെ തലക്കെട്ട്‌? അല്ല!!!
ഇത് തിരുവനന്തപുരം ശ്രീ ചിത്രയില്‍ ചികിത്സയില്‍ കഴിഞ്ഞ തല കുഴപ്പത്തിലായ ചിലരുടെ പേരുകള്‍ ആണുട്ടോ.   ഹൃദയം കുഴപ്പത്തിലായ ഒരാളെയും കൊണ്ട് അവിടെ ചെന്ന കഥയൊക്കെ ഇവിടെ ഞാന്‍ വിളമ്പിയിട്ടുണ്ട്.  മാര്‍ച്ച്‌ മാസത്തിലെ അവസാന ദിനങ്ങളിലൊന്നില്‍ ഒരു നല്ല തലവേദന വന്ന് പാലക്കാട്‌ അഡ്മിറ്റ്‌ ചെയ്യുകയും ചികിത്സ നടക്കുന്ന സമയത്ത് ഏട്ടന്റെ കൂടെ 10 ഒഴിച്ച് ബാക്കി ദിവസങ്ങള്‍ ഞാന്‍ അവധിയില്‍ ആയതിനാല്‍ ആഘോഷമാക്കി നീങ്ങുന്നതിനിടയില്‍ ജൂണില്‍ വീണ്ടും ഒരു സ്കാന്‍ നടത്താന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയും എന്റെ തല കുഴപ്പത്തിലായി എന്ന് ഡോക്ടര്‍ ഉറപ്പിച്ച് ശ്രീ ചിത്രയില്‍ പോകാനുള്ള കത്ത് തന്ന് കൃത്യം ഒരാഴ്ചയ്ക്കകം എന്റെ ആ "നല്ല കുട്ടി" എന്റെ കൈ വിട്ടുപോകുകയും ഉണ്ടായി. 

പിന്നെ 1 1/2 മാസം കഴിഞ്ഞാണ് തിരുവനന്തപുരത്തെ ശ്രീ ചിത്രയില്‍ ന്യൂറോ സര്‍ജറി വിഭാഗത്തില്‍ അനിയത്തിയുടെ കൂടെ പോയത്.  ഇനി കഥ തുടങ്ങാം അല്ലെ?

ശ്രീ ചിത്രയില്‍ ബൈ സ്റ്റാന്‍ഡര്‍ ഔട്ട്‌സ്റ്റാന്‍ഡര്‍ ആണെന്ന് അറിയാമല്ലോ.വൈകിട്ട് 4 മണി മുതല്‍ 6 മണിവരെ മാത്രമാണ് സന്ദര്‍ശകര്‍ക്ക് അല്ലെങ്കില്‍ ബൈ സ്റ്റാന്‍ഡര്‍ക്ക് രോഗിയെ കാണാന്‍ അനുവദിക്കുന്നത്.  അതുവരെ രോഗികളുടെ ബന്ധുക്കള്‍ പുറത്ത് കാത്തിരിക്കണം.  അവര്‍ തമ്മില്‍ അവിടെ പരിചയത്തിലാവുമ്പോള്‍ ഇവിടെ ഞങ്ങളും വളരെയധികം പരസ്പരം താങ്ങാവുകയായിരുന്നു.  

നിനക്കെന്തെങ്കിലും തോന്നുന്നുണ്ടോ, എന്റെ കിടക്കയുടെ നേരെ മുകളില്‍ സീലിംഗ് അടര്‍ന്ന ഭാഗം കാണിച്ചുകൊടുത്തുകൊണ്ട് എന്റെ അനിയത്തിയോട് ഞാന്‍ ചോദിച്ചു. ഒട്ടും ക്ഷമയില്ലാതെ ഞാന്‍ "വേഗം പറയൂമാ". "നില്‍ക്ക്‌, ഞാനൊന്നു നോക്കട്ടെ". അവള്‍ നിന്നട്ടല്ലേ നോക്കുന്നത്.  അത്ര വ്യക്തമല്ല. അടര്‍ന്ന ഭാഗം ഒരു ചിത്രമായി എന്റെ മനസ്സില്‍ തെളിഞ്ഞു നില്‍ക്കുകയായിരുന്നു.  ശരിക്കും.  ഓടക്കുഴലൂതി കാലുകള്‍ പിണച്ചുവെച്ച പീലിചൂടിയ ശ്രീകൃഷ്ണ രൂപം.     "ഇനിയാരും കളിയാക്കല്ലേ. ഞാന്‍ കണ്ടു. ഞാനേ കണ്ടുള്ളൂ" എന്ന് നന്ദനം ബാലാമണി സ്റ്റൈലില്‍.  അവള്‍ക്കും അത് തോന്നി. പീലിയും ഓടക്കുഴലും. കാലുകളുടെ കാര്യം ഞാന്‍ പറഞ്ഞപ്പോള്‍ ശ്രദ്ധിച്ചു.  കൂടെയുണ്ട് കൃഷ്ണന്‍.  ഒന്നും സഹിക്കാന്‍ വയ്യാത്ത എനിക്ക് ഉറച്ച തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തയാക്കിയതിന്, അത് പറയാന്‍ സധൈര്യം തന്നതിന്, അഭിപ്രായ സ്വാതന്ത്ര്യത്തിന്, എന്റെ രോഗാവസ്ഥയാണ് കാരണം.  

അതിരാവിലെ 4 മണിക്ക് അവിടെ നമ്മളെ ഉണര്‍ത്തി പ്രഭാത കര്‍മങ്ങള്‍ ചെയ്യാന്‍ വിടും.  ആ സമയത്താണ് കിടക്കവിരി മാറ്റുന്നതും മറ്റും.  ആള്‍ സഹായം ആവശ്യമുള്ളവര്‍ക്ക് നഴ്സിംഗ് അസിസ്റ്റന്റ്‌മാര്‍ കൂടെ വരും.  ഞാന്‍, ചിന്നമ്മ ഒക്കെ ആദ്യംതന്നെ ഉണരുകയും കര്‍മങ്ങള്‍ തനിയെ ചെയ്യുകയും ആയിരുന്നു. ചിന്നമ്മയുടെ മക്കള്‍ വിദേശത്ത്.  സര്‍ജറി കഴിഞ്ഞ് അസുഖം ഭേദമായിട്ടുവേണം അവര്‍ക്ക് വല്ലതും വെച്ചു വിളമ്പാന്‍ എന്ന് പറയുന്ന ഒരു പാവം അമ്മ. എനിക്ക് 50 വയസ്സ് എന്ന് കേട്ടപ്പോള്‍ " കണ്ടാല്‍ പറയുകേല കേട്ടോ?" ;) ഗോളടിച്ചുലേ!!   പിന്നെ പ്രിയങ്ക.  കല്യാണം കഴിഞ്ഞിട്ട് അധികം ആയില്ല.  പെട്ടെന്നാണല്ലോ ഇങ്ങനത്തെ അസുഖം വരുന്നത്. എനിക്ക് ഒരു ടെസ്റ്റ്‌ മാത്രം ചെയ്‌താല്‍ മതിയെന്നും, സര്‍ജറിക്ക് തയ്യാറല്ല എന്നും വല്യ ഡോക്ടറോട് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ ചേച്ചി പേടിക്കേണ്ട, അതു ചെറിയ വേദനയെ ഉണ്ടാവൂ എന്ന് പറഞ്ഞു സമാധാനിപ്പിക്കുമായിരുന്നു. ഈ കുട്ടിക്ക് മംഗലാപുരത്ത് ആ ടെസ്റ്റ്‌ കഴിഞ്ഞതാണ്.   നല്ല വണ്ണവും നീളവും ഉള്ള മുടിയുള്ള കുട്ടി. ന്യൂറോ സര്‍ജറിക്ക് ആവശ്യമുള്ള ഭാഗം മാത്രമേ മുടി മുറിക്കുകയുള്ളു.  സര്‍ജറി കഴിഞ്ഞിട്ടും ആ കുട്ടി ആ വാര്‍ഡില്‍ 'കൂള്‍' ആയി ഇരുന്നു.  വേദനയും പേടിയും പുറത്തുകാണിക്കാത്ത കുട്ടി.  കണ്ണൂരുകാരി ആയതുകൊണ്ട് പേടിയെ ഇല്ലല്ലേ എന്നൊക്കെ എല്ലാരും പറയും. അടുത്തത് ശ്രീജ, PSC ലിസ്റ്റില്‍ പേരുള്ള കുട്ടി. ചിലപ്പോ ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റില്‍ തന്നെ ചേരുമായിരിക്കാം. എവിടെയെങ്കിലും വെച്ച് കാണുമായിരിക്കാം.   റാണിയും വാന്മതിയും എന്റെ സമപ്രായക്കാര്‍.  ഉഷാറാണിയും, ശ്രുതിയും പാവം കുട്ടികള്‍.

റാണിയുടെ കൂടെ ഒരു ദിവസം ഐ സി യു വിലും കിടന്ന പരിചയം.  തമിഴ് എനിക്ക് കൊഞ്ചം കൊഞ്ചം തെരിയും.  അതനാലെ അവങ്കളോടെ മകന്‍ വന്ത് എങ്കിട്ട എപ്പോതും ശൊല്ലും. "അമ്മാവുക്ക് കൊഞ്ചം ആറുതല്‍ കുടുങ്ക" എന്ന്.  ഉഷാറാണിയും തമിഴ് ആണ്.  ആ കുട്ടിയുടെ അമ്മ വന്ത് എന്നോട് "പാപ്പാവേ കൊഞ്ചം പാത്തുക്കോങ്ക". വാന്മതി വളരെ പേടിയുള്ള ഒരമ്മ.  സര്‍ജറി തലേന്ന് ഞങ്ങള്‍ക്കൊക്കെ പഴവങ്ങാടി ഗണപതിയുടെ ചന്ദനം തന്നു.  നമ്മളെയും "ഭയമുരുത്തും" ആ അമ്മ. സിസ്റ്റര്‍ വന്നപ്പോള്‍ നെറ്റിയില്‍ ചന്ദനം.  ആ സിസ്റ്റര്‍ മലയാളച്ചുവയോടെ തമിഴ് പറയും, തമാശയോടെ കാര്യങ്ങള്‍ പറയും.  ഗണപതിയുടെ അനുഗ്രഹമെല്ലാം എല്ലാര്‍ക്കും കിടയ്ക്കും,   ഡോക്ടര്‍ തിട്ടും, സര്‍ജറിക്ക് പോകുംപോത് നെറ്റിയില്‍ ഇതൊന്നും പോടക്കൂടാത്". അപ്പിടിയാ എന്ന് വാന്മതി.  കുളിര്‍ കുളിരാ വരുത്, ഭയമായിരിക്ക് എന്നൊക്കെ പറയും.  സിസ്റ്റര്‍ പറയും,വന്മതി, മറ്റുള്ളവരെ പേടിപ്പിക്കരുത് (സിസ്റ്റര്‍ വാന്മതിയെ വന്മതി എന്നാ വിളിക്കുക). അവിടെ ഞങ്ങള്‍ക്ക് രോഗികള്‍ക്കുള്ള ഡ്രസ്സ്‌ തരും അതെ ഇടാന്‍ പാടൂ. പൈജാമയും ബാക്ക് ഓപ്പണ്‍ ടോപ്‌. വാന്മതിയും റാണിയും പറഞ്ഞതാ "വാഴ്ക്കയില്‍ മുതല്‍ തടവതാന്‍ ഇന്ത ചുരിദാര്‍ പോടറത്". ഞാനും ഏകദേശം ഈ പോലെ തന്നെ. കല്യാണത്തിനുമുന്‍പ് എപ്പോഴോ ഒന്നുരണ്ടുതവണ ഇട്ടിട്ടുണ്ട്.  പിന്നെ അഞ്ജന. തിരുവനന്തപുരംകാരി.  ചെറിയ കുട്ടികളെപോലെ ആണ് പെരുമാറ്റം. അവരുടെ അമ്മയും സഹോദരിയും കാണാന്‍ വരും.  വളരെ സ്നേഹപൂവം അമ്മയെപോലെ എന്നോടും അഞ്ജനയുടെ അമ്മ. പോകാന്‍ നേരം പറയും "മോളെ ഒന്ന് നോക്കണേ" എന്ന്.  അപ്പൊ അഞ്ജനയുടെ സഹോദരി "പണി കിട്ടിയല്ലേ"  എന്ന് ചിരിച്ചുകൊണ്ട് പറയും. ഓ, ഇതൊക്കെ എന്ത് പണി. എനിക്ക് സന്തോഷമേ ഉള്ളു.  പക്ഷെ പണി കിട്ടി. അത് പറയാം. 

ഒരാഴ്ചയാണ് ശ്രീചിത്രയില്‍ ഉണ്ടായിരുന്നത് ഓരോ ദിവസവും സര്‍ജറി അല്ലെങ്കില്‍ ടെസ്റ്റ്‌ വേണ്ടിവരുന്നവര്‍ക്ക് NPO (Nil per os, അതായത് Nothing by mouth) ബോര്‍ഡ്‌ വെയ്ക്കും. അന്ന് അന്നാഹാരം കിട്ടില്ല. കാന്റീനില്‍ നിന്ന്  ഭക്ഷണം വരുമ്പോള്‍ ആ ബോര്‍ഡ്‌ ഉള്ളവര്‍ക്ക് വെക്കില്ല.  ഒരു തിങ്കളില്‍ അഡ്മിറ്റ്‌ ചെയ്യുന്നതിന് മുമ്പായുള്ള ടെസ്റ്റുകള്‍ക്ക് വേണ്ടി അലഞ്ഞ് ഭക്ഷണം ശരിക്കും കഴിക്കാന്‍ പറ്റിയില്ല. ചൊവ്വ മുതല്‍ വ്യാഴം വരെ ബോര്‍ഡും. ഓരോ ദിവസവും ടെസ്റ്റ്‌ മാറ്റിവെക്കുമ്പോള്‍ ഞാന്‍ അനിയത്തിയുടെ മുഖത്ത് നോക്കും.  അവള്‍ക്കൊന്നും പുറത്തുനിന്നും വാങ്ങിത്തരാന്‍ പാടില്ല.  പിന്നെ നേഴ്സ്മാരോട് പറഞ്ഞാല്‍ ബാക്കിയുള്ള കഞ്ഞിയോ മറ്റോ കിട്ടും. എനിക്ക് നന്നായറിയാവുന്ന ആശുപത്രി.  കുറെയേറെ ജീവനക്കാരെ ഏട്ടന്റെ ചികിത്സയ്ക്ക് ശേഷം പിന്നെയും കാണാന്‍ കഴിഞ്ഞു.  എനിക്ക് നല്ല അഭിപ്രായവുമാണ് അവിടുത്തെ രീതികളോട്.  പ്രത്യേകിച്ചും നേഴ്സ്, അസിസ്റ്റന്റ്‌-മാരുടെ ആത്മാര്‍ത്ഥമായ സേവനം. ഐ സി യു വില്‍ ഒരു ദിവസം കിടന്നില്ലേ. അന്ന് രാത്രി എന്റെ എതിര്‍ വശത്ത്‌ കിടന്നിരുന്ന നല്ല പൊക്കവും തടിയും ഉള്ള ഒരു രോഗിയ്ക്ക് അപസ്മാരം വന്നപ്പോള്‍ കഷ്ടപ്പെട്ടത് കുറെ സിസ്റ്റര്‍മാര്‍ ആണ്.  ചെറിയ പ്രായം, സ്ലിം ആയ കുറെ സുന്ദരികുട്ടികള്‍.  അവര്‍ക്ക് പിന്നീട് ഡോക്ടര്‍മാരുടെ വഴക്ക് കേട്ടപ്പോ എനിക്ക് സങ്കടം തോന്നി.  ഡോക്ടര്‍മാരും എല്ലാ ഭാഷയും കൈകാര്യം ചെയ്യുന്നവരും  സ്നേഹപൂര്‍വ്വം സംസാരിക്കുകയും ചെയ്യുമെങ്കിലും ചില ഡോക്ടര്‍മാര്‍ക്കിടയില്‍ ഒരു tug of war ഉണ്ടെന്ന് എന്റെ തോന്നല്‍. പാലക്കാടും തൃശൂരും ചെയ്ത സ്കാന്‍ റിപ്പോര്‍ട്ട് കണ്ടതും അസുഖം വരാന്‍ കാരണം കറക്റ്റ് ആയി പറഞ്ഞ വല്യ ഡോക്ടര്‍, അദ്ദേഹം പ്രൊഫസറും കൂടിയാണ്, നമിക്കുന്നു അങ്ങയെ.

സര്‍ജറി ചെയ്യുന്ന ഡോക്ടര്‍മാര്‍ ദിവസവും വരും. ഓരോ രോഗിയുടെയും മുന്‍പില്‍ നിന്ന് തന്നെ ചെറിയ ഡോക്ടര്‍മാരോട് explain this, that എന്നൊക്കെ പറയുന്നതും ചെറിയ ഡോക്ടര്‍മാര്‍ തമ്മില്‍ തമ്മില്‍ നോക്കി വിയര്‍ക്കുന്നതും ഒക്കെ ഞാന്‍ ശ്രദ്ധിക്കും. വേറെ പണിയെന്താ എനിക്ക്. അവിടുത്തെ സ്റ്റാഫ് പലരും ഞാന്‍ ഹെല്‍ത്ത്‌ ഡിപ്പാര്‍ട്ട്മെന്റിലാണെന്നാണ് കരുതിയിട്ടുള്ളത്. ;).  അങ്ങനെ എനിക്ക് വ്യാഴാഴ്ച ടെസ്റ്റ്‌ നടത്താന്‍ വിളിച്ചു. ഉച്ചയ്ക്കുശേഷം.  പേടിക്കേണ്ടട്ടോ ചേച്ചി എന്ന് പറഞ്ഞ് എന്റെ അനിയത്തി കയ്യില്‍ തൊട്ടപ്പോള്‍ അവളുടെ കൈ ഐസ് പോലെ. അവളോട്‌ സംസാരിച്ചപ്പോള്‍ ചേച്ചി മാത്രമല്ല ഈ ലോകത്ത് പാവം എന്ന് തോന്നിയ ജിമ്മി പറഞ്ഞപോലെ, ഞാനും മനസ്സില്‍ വിചാരിച്ചു, പാവം. അവളില്‍ ഞാന്‍ എന്നെ കണ്ടു.  ഏട്ടന്റെ ടെസ്റ്റ്‌ ചെയ്യാന്‍ കൂടെയുണ്ടായിരുന്ന എന്നെ. പക്ഷെ ജിമ്മിയെപോലെയല്ല പലരും.  സ്മാര്‍ട്ട്‌ ഫോണില്‍ അവള്‍ക്ക് പരിചയമില്ല. നെട്ടോട്ടം ഓടാന്‍ അവള്‍ മാത്രേയുള്ളൂ. പിന്നെ എന്റെ ബാഗ്‌, സ്വര്‍ണം ഒക്കെ നോക്കണം. ഒന്ന് മൂത്രം ഒഴിക്കണമെങ്കില്‍ റൂമില്‍ പോകണം. രാവിലെ 7 മുതല്‍ 9 വരെ Waiting hall-ല്‍ ഇരിക്കണം, എപ്പോഴാ ബൈ സ്റ്റാന്‍ഡറെ വിളിക്കുകയെന്നറിയില്ല. ആരോടും ഞങ്ങള്‍ പരാതിയും പറഞ്ഞിട്ടില്ല.  അവളെ വിളിച്ചിട്ട് കിട്ടിയില്ല എന്ന് ഇങ്ങോട്ട് പരാതി പറഞ്ഞവരോട് ഞാന്‍ നല്ല കണക്കിന് മറുപടി കൊടുത്തു.  വൈകിട്ട് 4 മണി മുതല്‍ 6 മണി വരെ visiting timeല്‍ അവള്‍ ഫോണ്‍ എന്റെ കയ്യില്‍ തരും.  അപ്പോള്‍ വേണ്ടപ്പെട്ട കുറച്ചുപേരെ വിളിച്ച് മറ്റുള്ളവരോടും വിവരങ്ങള്‍ പറയാന്‍ പറയുമായിരുന്നു.  നല്ല ഒരു കാലം.  ആളുകളെ തിരിച്ചറിഞ്ഞ കാലം.

2 മണിക്കൂര്‍ കൊണ്ട് ടെസ്റ്റ്‌ തീര്‍ന്നു. റിപ്പോര്‍ട്ട് പിറ്റേദിവസം കിട്ടി. ബ്രെയിന്‍ അന്യൂറിസം ഉണ്ടെന്ന് ഉറപ്പായി.  സര്‍ജറിക്ക് റെഡി ആവാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ വേണ്ട എന്ന് ഒറ്റക്കാലില്‍. അനിയത്തിമാര്‍ എന്തിനും കൂടെയുണ്ടെന്ന് പറഞ്ഞപ്പോഴും  ഞാന്‍ സമ്മതിച്ചില്ല.  പ്രൊഫസര്‍ പറഞ്ഞിരുന്നു. ടെസ്റ്റ്‌ കഴിഞ്ഞ് സര്‍ജറി വേണ്ടെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യാമെന്ന്. പക്ഷെ വല്യ ഡോക്ടര്‍ കടുംപിടുത്തം.  വല്ലാതെ വഴക്കും കേള്‍ക്കേണ്ടി വന്നു എനിക്കും, അവള്‍ക്കും.  പാലക്കാട്‌ നിങ്ങളുടെ ഡോക്ടറെ ഞാന്‍ വിളിക്കുന്നുണ്ടെന്നും, "പിന്നെന്തിനു ഇവിടെ വന്നു"? എന്നും ചോദിച്ചപ്പോള്‍ അതിനു മറുപടിയായി കാര്യങ്ങള്‍ വിശദീകരിച്ചു പറയാന്‍ സമ്മതിക്കാതെ "നിങ്ങളെ ബ്ലാക്ക്‌ ഔട്ട്‌ ആക്കും" എന്ന് ഡോക്ടര്‍. എന്തും നേരിടാന്‍ തയ്യാറായി ഞാനും. ഒരു ഡോക്ടറും ഒരു രോഗിയോട് ഇത്ര harsh ആയി സംസാരിച്ചിട്ടുണ്ടാകുമോ? ആരെയും ഭയക്കാതെ, ഒന്നിനെയും വകവെക്കാതെ മുന്നോട്ടുപോവാന്‍ കൃഷ്ണന്‍ എനിക്കായി തന്ന അവസരമായി ഞാനിതിനെ കാണുന്നു. പിന്നീട് പാലക്കാട്‌ എന്നെ ചികിത്സിച്ച ഡോക്ടറോട് ശകാരം കേള്‍ക്കേണ്ടി വന്ന കാര്യം പറഞ്ഞപ്പോള്‍ എന്നെ സമാധാനിപ്പിച്ചു. "ആഹാ അങ്ങനെ പറഞ്ഞോ ......വല്യ ഡോക്ടര്‍ ആയതുകൊണ്ടാ അങ്ങനെ പറഞ്ഞെ, ഞാന്‍ വിളിക്കുന്നുണ്ടുട്ടോ" എന്നും. :D   

നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു... എന്നെയും ഏട്ടനേയും ആശുപത്രിയില്‍ എത്തിക്കാന്‍ മുന്‍പില്‍ തന്നെയുള്ള എന്റെ ക്വാര്‍ട്ടെഴ്സ് നിവാസികളോട്, എന്റെ അഭാവത്തില്‍ എട്ടന് ആഹാരം എത്തിച്ചും ആശ്വസിപ്പിച്ചും എത്തിയ ആളുകളോട്, എന്നെ വീണ്ടും എഴുന്നേറ്റുനില്‍ക്കാന്‍ പ്രാപ്തയാക്കിയ എന്റെ 3 അനിയത്തിമാരോട്, അവരുടെ കുടുംബത്തോട്, മക്കളുടെ നിഷ്കളങ്ക സ്നേഹത്തോട്, സ്നേഹത്തോടെ പെരുമാറുന്ന, അന്വേഷിക്കുന്ന എന്റെ ഭര്‍ത്താവിന്റെ സഹോദരങ്ങളോടും അവരുടെ കുടുംബങ്ങളോടും, എന്റെ മുന്‍പില്‍ വളര്‍ന്ന അവരുടെ കുട്ടികളുടെയും പേരക്കുട്ടികളുടെയും എന്നോടുള്ള ഇഷ്ടത്തോട്,  എനിക്ക് കൂട്ടിന് നല്ല സുഹൃത്തുക്കളെ തന്നതിന്,  നല്ല ബന്ധുക്കളെ തന്നതിന്, എന്നും തുണയായി നിന്ന എന്റെ അച്ഛന്റെ അനിയന്റെ മകന്‍, സമപ്രായക്കാരന്‍, വെറും 6 മാസം മാത്രം താഴെ എന്ന് പറയാവുന്ന എന്റെ ആ സഹോദരന്‍, ഒരു ആവലാതിയും പറയാതെ കൂടെ നിന്നതിന്, അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളോടും കുടുംബാംഗങ്ങളോടും, പ്രത്യേകിച്ച്, ആരും എത്തും  മുന്‍പ് എന്നുമെന്നരികില്‍ ആശ്വാസമായി വരുന്ന എന്റെ ഓഫീസിലെ  സഹപ്രവര്‍ത്തകരോട്, പണ്ട് ജോലി ചെയ്ത സ്ഥലങ്ങളിലെ കൂട്ടുകാരുടെ ഇന്നും തുടരുന്ന സ്നേഹത്തിന്, ബാല്യകാലസഖിമാരുടെ ഇന്നുമുള്ള കൂട്ടിന്, കാണാമറയത്തെ നിങ്ങളുടെ സൌഹൃദാന്വേഷണങ്ങള്‍ക്ക്,   എങ്ങനെ ഞാന്‍ നന്ദി പറയും.   എന്റെ അച്ഛന്‍ എപ്പോഴും പറയുന്ന ഒരു പ്രയോഗമുണ്ട്, "നണ്ട്രി വേണ്ടാം പണം പോതും". പണം തന്നു സഹായിച്ച കൂട്ടുകാര്‍ക്ക് പണവും തിരികെ വേണ്ടാത്രേ.  എന്നാ പിന്നെ നന്ദിയും ചൊല്ലാനില്ല.  ഞാന്‍ നിങ്ങള്‍ക്ക് കടപ്പെട്ടിരിക്കുന്നു, പ്രണാമം.

ഏട്ടന്റെ ശ്രീചിത്ര കഥ എഴുതിയകാലത്താണ് 25 പൈസ പിന്‍വലിച്ചത്. ഇതാ ഇപ്പൊ അഞ്ഞൂറും ആയിരവും. !!!!  ഈയിടയ്ക്കൊന്നും ആരും ഈ വഴിക്ക് വരരുതേ.  ഒരു രണ്ടായിരത്തിന്റെ കരിമ്പ്‌ ജ്യൂസ്‌ വാങ്ങിത്തരും. പറഞ്ഞേക്കാം.

വാല്‍കഷ്ണം :- ഒരു സിസ്റ്റര്‍ പറഞ്ഞതാ : "ഫീമേല്‍ വാര്‍ഡുകാര്‍ രാവിലെ മുതല്‍ കിടക്കയില്‍ കിടക്കുമ്പോള്‍, ആ Male വാര്‍ഡിലേക്ക് ഒന്നു നോക്കിയേ. ആരെങ്കിലും കിടക്കുന്നുണ്ടോ, ഒന്നുകില്‍ ടി വി കാണുന്നുണ്ടാകും, അല്ലെങ്കില്‍ വര്‍ത്തമാനം പറഞ്ഞിരിക്കുകയാവും, അല്ലെങ്കില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരിക്കും". അപ്പോഴാ ഞങ്ങള്‍ അത് ശ്രദ്ധിച്ചത്.  ഞങ്ങള്‍ പറയാത്തത് കൊണ്ടാണത്രേ ഫീമേല്‍ വാര്‍ഡില്‍ ടി വി വെക്കാത്തത്.  ആ സിസ്റ്റര്‍ ഞങ്ങളെ ഒന്നുഷാറാക്കി. ;)

Saturday, February 18, 2012

നാഗവല്ലി പാഠം പഠിപ്പിക്കുമോ അതോ പഠിക്കുമോ?

ഇതെന്താ ചായ ഇങ്ങനെ? നിന്റെ തറവാട്ടില്‍ അന്ന് പോയപ്പോള്‍ കിട്ടിയ ചായ ഹോ. അതുപോലെ ഒന്ന് .... "

"അത് ശരിയാ. അത് ഒരു "ഒന്നൊന്നര" ചായ തന്നെ.  എന്നാലിത് "ഒരുവിധം" ചായ.  എല്ലാം "ഒന്നു"തന്നെ.  ഞാന്‍ കൂടെയുള്ളപ്പോള്‍ നിങ്ങള്‍ക്ക് വാശിക്കൊട്ടും കുറവില്ല.  കുറേകാലമായി ഞാന്‍ വിചാരിക്കുന്നു.  ഒരു മാറ്റം നല്ലതല്ലേ.  എനിക്കുപകരം ഇനിയിവിടെ കാര്യങ്ങള്‍ നോക്കുന്നത് ഒരു ഒന്നൊന്നര പെണ്ണുതന്നെയായിരിക്കും.  ഈ "ഒരുവിധം" പെണ്ണിതാ ചാര്‍ജ് ഹാന്‍ഡ്‌ ഓവര്‍ ചെയ്തു.   നോക്കീം കണ്ടും സൂക്ഷിക്കണേ, പിന്നെ കാണാം."

പിറ്റേന്ന്  നേരം പുലര്‍ന്നു.  അലാറം അടിച്ചപ്പോള്‍ നാഗവല്ലി (നമുക്കീ ഒന്നൊന്നര പെണ്ണിനെ ഇനി അങ്ങനെ വിളിക്കാം) എഴുന്നേറ്റു വന്നു പറഞ്ഞു "എണീറ്റെ, ഒന്ന് ഫ്രഷ്‌ ആയി നടക്കാന്‍ പോവണ്ടേ.  മടി കാണുന്നതെ എനിക്കിഷ്ടമല്ല".   ശരിയാണ്, അതൊരു നല്ല കാര്യമല്ലേ, ആദ്യം തന്നെ എതിരൊന്നും പറയണ്ട.

വിയര്‍ത്തൊലിച്ച് നടന്നു മതിയായി തിരിച്ചു വന്നപ്പോള്‍ നാഗവല്ലി അടുക്കളയില്‍ കയറി ചായയുമായി വന്നു.  മെല്ലെ ഊതികുടിച്ചു.  ഇതെന്തു ചായ.  ഒരുവിധം  പോയിട്ട് ഒരു രുചിയും ഇല്ലാത്തൊരു വെള്ളം.  "ഇങ്ങനെയാണോ ചായ"? ചെറുതായി ചൂടായി ചോദിച്ചപ്പോള്‍, കേള്‍ക്കാത്ത ഭാവത്തില്‍ അടുക്കളയിലേക്ക് വെട്ടിത്തിരിഞ്ഞൊരു പോക്കാ പോയി.  അവഗണന സഹിക്കാന്‍ കഴിഞ്ഞില്ല എങ്കിലും ഒന്നും പറഞ്ഞില്ല.

പ്രഭാതകര്‍മങ്ങള്‍ കഴിഞ്ഞ് ഭക്ഷണത്തിനുവേണ്ടി മേശയില്‍ അടച്ചുവെച്ച പാത്രങ്ങള്‍ തുറന്നു നോക്കി.  ഓട്സ് കുഞ്ഞുങ്ങള്‍ക്ക്‌ കൊടുക്കാന്‍ വെച്ചപോലെ കുറുക്കി വെച്ചിരിക്കുന്നു.   "ഇതാണോ ബ്രേക്ക്‌ഫാസ്റ്റ്? എനിക്കിതൊന്നും ഇഷ്ടമല്ല. ഞാന്‍ പുറത്തു നിന്ന് കഴിക്കാം." കാര്‍ക്കശ്യത്തോടെ മറുപടി ഉടന്‍ വന്നു, "അത് കഴിച്ചാല്‍ മതി.  ആരോഗ്യത്തിനു ഉത്തമമാണ്.  രുചിയോടെ കുറെ കഴിച്ചതല്ലേ.  ഇനി മതി."  നല്ല ചൂടുള്ള മുല്ലപ്പൂ പോലത്തെ ഇഡ്ഡലിയും ചട്നിയോ സാമ്പാറോ കൂട്ടി അവള്‍ തരുമ്പോള്‍ ട്രിച്ചിയിലെ പുഷ്പ, മധുരയിലെ ശബരി, അവിടുത്തെപോലെ ഒരു ചട്നി, അവിടുത്തെ പോലെ ഒരു സാമ്പാര്‍, എന്ന് പറഞ്ഞ് "നിന്റെയൊരു അരയാത്ത ചട്നി, പുളിയുള്ള സാമ്പാര്‍" എന്നുപറഞ്ഞ് കഴിച്ചു എന്നു വരുത്തിയത്‌ ഓര്‍മ വന്നു, മാത്രമല്ല അവള്‍ നിര്‍ബന്ധിക്കുമ്പോള്‍  ദേഷ്യപ്പെടുന്നതും അവളുടെ വിഷമവും എല്ലാം എല്ലാം.  എന്തെങ്കിലും ആവട്ടെ. ഓട്സ് എങ്കില്‍ ഓട്സ്.  വിശക്കുന്നു, കഴിക്കാം.  ആലോചനക്കിടയില്‍ നാഗവല്ലി കഴിച്ചുകഴിഞ്ഞു യാത്രയായി.  ഓടിപിടിച്ചു അവള്‍ക്കൊപ്പം ഇറങ്ങി.

എന്തൊരു ഇരിത്തമാണിത്? സ്കൂട്ടര്‍ ഓടിക്കുമ്പോള്‍ അറിയാതെ ഓര്‍ത്തുപോയി.  അവളോടാണെങ്കില്‍ ഇതിനകം എന്തൊക്കെ വഴക്ക് പറഞ്ഞിരിക്കും.  ഇവളോട് വഴക്കിനു പോയാല്‍ ...? ഒന്ന് നീങ്ങി ശരിയായി ഇരിക്കാന്‍ പറയാന്‍ തുടങ്ങിയതാണ്.  അത് മനസ്സിലാക്കിയപോലെ ഒരു തീപാറുന്ന നോട്ടം ആയിരുന്നു മറുപടി.

തിരിച്ചുപോകുമ്പോള്‍ കരുതി ഇനിയെന്റെ സാമ്രാജ്യം അല്ലെ.  അതിലിനി ആര്‍ക്കും കൈകടത്താന്‍ പറ്റില്ല. വീടെത്തിയപ്പോള്‍ തലേ ദിവസം ബാക്കി വെച്ച മാജിക്‌ മൊമെന്റ്സ്, മാന്‍ഷന്‍ ഹൌസ് എവിടെയെന്നു തിരഞ്ഞു.  നോ ഫലം.  അവളോട്‌ ചോദിക്കാം.

ഫോണിന്റെ അങ്ങേ തലക്കല്‍ നിന്ന് "ഇതെന്താ  ഇങ്ങനെയാണോ എന്നും? അതൊന്നും നടപ്പില്ല.  ഞാന്‍ അതൊക്കെ എടുത്തുകളഞ്ഞു.  ഇനി വാങ്ങാനും നില്‍ക്കണ്ട. ഞാന്‍ വരുമ്പോള്‍ ചെയ്തു തീര്‍ക്കേണ്ട കുറെ കാര്യങ്ങള്‍ ഉണ്ട്. അതൊക്കെ ആ മേശപ്പുറത്ത് ഡയറിയില്‍ എഴുതി വെച്ചിട്ടുണ്ട്.  വെറുതെ  ഓഫീസിലേക്ക് വിളിച്ച് ഡിസ്റ്റേര്‍ബ് ചെയ്യരുത്.  അതൊരു നല്ല ശീലമല്ല.

കൃത്യം 4.30നു ഓഫീസില്‍ വരണം എന്നെ പിക്ക്‌ ചെയ്യാന്‍. ഓക്കേ." 

ഒന്നും ചെയ്യാന്‍ തോന്നിയില്ല.  വെറുതെ ഇരുന്നോരോന്നായ്‌ ഓര്‍മയില്‍ കൊണ്ട് വന്നു.  ഒരു കാര്യവുമില്ലാതെ ദേഷ്യപ്പെടുമ്പോള്‍ അരികെ വന്നിരുന്നു, "എന്നോടെന്തിനീ പിണക്കം? എന്നും എന്തിനാണെന്നോട് പരിഭവം" എന്നൊക്കെ  പറഞ്ഞും പാടിയും അവള്‍ അടുത്തുകൂടുമ്പോഴും കടിച്ചുകീറാന്‍ ആയിരുന്നു വെമ്പല്‍.  വെറുതെ പഴിചാരാനും.  അപ്പോഴും അവള്‍ ഇതേ പറയാറുള്ളൂ  "ഇതാണ് നിങ്ങള്‍.  ദേഷ്യപ്പെടാതിരിക്കുമ്പോള്‍ ആണ് എന്തോ കുഴപ്പം ഉണ്ടല്ലോ എന്ന് തോന്നുക".  അവളോട്‌ ഒരു നീതിയും കാണിച്ചില്ല എന്ന കുറ്റബോധം കൊണ്ട് തളര്‍ന്നിരുന്നു.

വൈകുന്നേരം നാഗവല്ലിയെ പിക്ക്‌ ചെയ്യാന്‍ പോയില്ല.  ആ ദേഷ്യത്തിലാണ് കയറിവന്നത്.  വന്നതും തട്ടി കയറി, കാലം മാറിയിട്ടും കോലം മാറാതിരിക്കുന്നതിനെ കുറിച്ച് ഒരു ക്ലാസ്സ്‌, മാറിയില്ലെങ്കില്‍ എന്താണ് സംഭവിക്കുകയെന്ന ചോദ്യത്തിന്,  ഉത്തരം പെട്ടെന്നായിരുന്നു.  "ഒറ്റയ്ക്ക് ജീവിക്കുക".  ആലോചിക്കാന്‍ പോലും കഴിയാത്ത കാര്യം.  വേണ്ട എന്തുപറഞ്ഞാലും എന്നോടൊത്ത് ഉണ്ടാവുമായിരുന്ന അവളെ മതി എനിക്ക്.  "എവിടെ അവള്‍?"

ഇതുകേട്ട നാഗവല്ലിയിലെ "അവള്‍" ഉറക്കെ ഉറക്കെ ചിരിച്ചു.   അവള്‍ കരുതി ഇനി ഈ വേഷം അഴിക്കേണ്ട.  ഒരു പാഠം പഠിപ്പിക്കുന്നതുവരെ നാഗവല്ലിയായ് തുടരുക തന്നെ.

Wednesday, November 2, 2011

"ഈ പറഞ്ഞന്തി ഇതുക്കൂട്ട് കെട്ടിക്കോളുണ്ട്"


" പറഞ്ഞന്തി" എന്ന് പറഞ്ഞതും എന്തോ അബദ്ധം പറഞ്ഞപോലെ ഗീത കണ്ണിറുക്കി നാവുകടിച്ച് എന്നെ നോക്കി.

ഏതുപറഞ്ഞന്തി? പറയു ഗീത എന്ന് ഞാനും. അപ്പോഴതാ അനിത, "ഇതുക്കൂട്ട് ഒരെണ്ണം എനിക്കും ഉണ്ടായിരുന്നു.


ഏതുക്കൂട്ട്‌
അനിതെ? അപ്പോഴേക്കും ഭാഗ്യശ്രീ "ഞാന്‍ കെട്ടിക്കോളുണ്ട്." ഇതെന്തുകോളാണ് ?

ശശി സാര്‍ "ഞാനില്ല. തടി കയിച്ചിലാക്കട്ടെ". ഇനിയെങ്ങനെ കഴിച്ചുകൂട്ടും സാര്‍?


ഇനിയിപ്പോ
പ്രവീണ ഉണ്ടെങ്കില്‍ "വ്വോ, എന്തര് ഫാഷ" എന്നു പറഞ്ഞേനെ. ഫാഷയല്ല ഭാഷയല്ലേ ശരി എന്ന് ചോദിച്ചാല്‍ വിനിലും സമ്മതിച്ചു തരില്ല.

സംസാരഭാഷക്ക് എത്ര മുഖങ്ങള്‍ അല്ലെ? കാര്യം, ഒരിക്കലും പരിഹസിക്കാനല്ല ഇതൊക്കെ വീണ്ടും വീണ്ടും കേട്ട് രസിക്കാനാണ് ആഗ്രഹം. സംസാരിക്കുമ്പോള്‍ ഓരോ വാക്യത്തിന് മുന്‍പും "കാര്യം" എന്ന് പറയുന്ന രണ്ടു അഭിനേതാക്കള്‍ ഉണ്ട് നമുക്ക്. കേള്‍ക്കാന്‍ ഇഷ്ടവുമാണത്. "കാര്യം", "നല്ല അഭിപ്രായമാണ്, നല്ല ആക്ടിംഗ് ആണ്".

ഷമീന
"സൂനേച്ചി" എന്ന് വിളിക്കുന്നുണ്ടോ ഇതൊക്കെ കേട്ടിട്ട്? "അവിടെ എന്താ കൂട്ടംകൂടി നില്‍ക്കണത്? " വിജയന്‍ സാറല്ലേ അത്? പാലക്കാട്‌ ആണ് സ്വദേശമെങ്കിലും വിജയന്‍ സാര്‍ പക്ഷെ "ഉള്ളികളൊക്കെ വാങ്ങിയോ" എന്നു ചോദിച്ചു അങ്ങനെ ചിരിച്ചു നില്‍ക്കും, എന്തോ ഒരു കാര്യം സാധിച്ചപോലെ.

"എന്തൂട്ടാ ഗെഡിയെ? വേണ്ടാട്ടാ, അവളാ പോയി". ഇതാരാ തൃശൂര്‍ നിന്നും മ്മടെ മമ്മൂട്ടി പ്രാഞ്ചിയേട്ടന്‍ ഇവിടെ വന്നതാണോ? അതോ കണ്ണമ്പരിയാരം ലോക്കല്‍ പ്രാഞ്ചിയേട്ടനോ?

"ഈടെ ന്താ പ്രശ്നോം?, എനക്ക് തിരിയിണില്ല". ലക്ഷ്മി മാഡം അല്ലെ അത്? അങ്ങനെ തിരിയണ്ട. "ഇല്യാലോ? എങ്കില്‍ നന്നായീലോ". അതാരായിരിക്കും? ഷാജുവോ, രമേശനോ? തിരേ തെളിയണില്ലല്ലോ രജിതെ?


"ഞാനിപ്പം കഴിച്ചേച്ചും വരാവേ". ദേ, അനിത പിന്നേം. , ആയ്ക്കോട്ടെ. "ഓള് വമ്പത്തിയാ." രാധാകൃഷ്ണന്‍, ശശി സാറിന്റെ സ്റ്റൈലില്‍, കത്തിക്കയറി. "ഇതൊക്കെ എന്തോരം കണ്ടിരിക്കുന്നു. അനിതേടേ മറുപടി ഉടന്‍ വന്നു.


"ആസ് യു ടോള്‍ഡ്‌, നീങ്ക സൊന്നാ മാതിരി അങ്ങനെ അല്ലൈ. ഹവ്വെവര്‍ ദി ഫാക്റ്റ് ഈസ്‌, അതിന്റെ കാര്യം ഇതാക്കും. ഇതാര് നമ്മുടെ രാമചന്ദ്രന്‍ സാറോ. കല്പാത്തി തേരിനൊന്നും ക്ഷണിക്കുന്നില്ലേ? ഇങ്ങനെ സൊറ പറഞ്ഞിരിന്നാല്‍ പോതാതെ?


" വിവരാവകാശം ഫയല്‍ എവട്യാ?" അത് ഇതാക്കി ഇതാക്കി ഇതാക്കാം.

അതാരാപ്പാത്? അയ്യോ മനസ്സില്‍ ഒരു തീ കാളിയോ? "അലമാറേലൂ" (ല്‍, ലാ, ലൂ) ഗാന്ധി നഗര്‍ സെക്കന്റ്‌ സ്ട്രീറ്റില്‍ മോഹന്‍ലാല്‍ പറയുന്നപോലെ സ്വയം തിരുത്തി ആരുടേയും മുഖത്ത് നോക്കാതെ വിവരം പറഞ്ഞു നോക്കുമ്പോള്‍ എല്ലാരും പോയിരിക്കണ് അവനോന്റെ സീറ്റില്‍.


എന്തരോ എന്തോ? എന്തൂട്ടാത്? എന്നതാ? എന്തുവാ? എന്താണോ? ഒന്നൂല്ല്യാ. മര്യാദക്ക് ജോലി ചെയ്യട്ടെ, സേവനാവകാശവും പറഞ്ഞ് ഇനി ആരെങ്കിലും വരും മുന്‍പ്.

ഓരോ സംസാരഭാഷയ്ക്കും അതിന്റേതായ ഭംഗി ഉണ്ട്. അത് നിഷ്ക്കളങ്കമായി പറയുക. നമ്മുടെ സംസാരം ആരെയും അധിക്ഷേപിക്കാനോ, പരിഹസിക്കാനോ, വേദനിപ്പിക്കാനോ ആയിരിക്കരുത്.

Saturday, June 18, 2011

സുഖങ്ങളൊക്കെ തന്നേ, ഒരു യേഴ്യെകാലു രൂഫ?


ചെറുപ്പത്തില്‍ തന്നെ ജോലിയില്‍ ചേരുകയും സമ്പാദിക്കുകയും ചെയ്തുതുടങ്ങിയെങ്കിലും പൈസ കൈയ്യില്‍ വെക്കാറെ ഇല്ലായിരുന്നു നമ്മുടെ കഥാനായിക. തലയില്‍ വെച്ചാല്‍ പേനരിക്കും തറയില്‍ വെച്ചാല്‍ ഉറുമ്പരിക്കും എന്നൊക്കെ പറയാറുണ്ട്‌. പക്ഷെ കൈയ്യില്‍ വെച്ചാലെന്താ? അതല്ലേ അവളുടെ മിടുക്ക്. എന്നും കൈയ്യില്‍ വെക്കാന്‍ പറ്റില്ലല്ലോ? ചിലവാകുമ്പോള്‍ സങ്കടമാവില്ലേ? അപ്പൊ എന്താ വഴി?

കുടുംബം നോക്കി നടത്താന്‍ മിടുക്കിയായ അനിയത്തിയുടെ കൈയ്യില്‍ ആയിരുന്നു കല്യാണത്തിനു മുന്‍പ് കിട്ടുന്നതൊക്കെ കൊടുക്കുക. എന്നിട്ട് അവള്‍ സ്വസ്ഥമായി ടിവി കാണുകയും വരക്കുകയും എഴുതുകയും ഒക്കെ ചെയ്യും. എന്തെങ്കിലും ആവശ്യം വന്നാല്‍ ചേച്ചിയുടെ വിശ്വരൂപം എടുത്ത് പറയുകയും ചെയ്യാം, "നിന്റടുത്തു അന്നിത്ര രൂപ തന്നതല്ലേ? ഇത്രവേഗം ചിലവായോ?"

കല്യാണം കഴിഞ്ഞ ശേഷം ഈ പൈസയെന്ന ബാധ്യത അവള്‍ ഏല്‍പ്പിച്ചു കൊടുത്തത് നായികയുടെ നായകന് തന്നെ. വിരട്ടാന്‍ ഇപ്പൊ നല്ല രസമാണ്. പണ്ട് അനിയത്തി കുടുംബം നല്ല രീതിയില്‍ കൊണ്ടുനടത്താനാണ് ചെലവ് ചെയ്തതെങ്കില്‍ ഇപ്പൊ കഥാനായകന്‍ നായകനു ചേരും വിധം വാതക ദ്രാവക ഖര പദാര്‍ത്ഥങ്ങള്‍ എടുക്കേണ്ടതിനാല്‍, എന്താണ് വാതക ദ്രാവക ഖരമെന്നോ, ഹോ ഒന്നും അറിയാത്ത പോലെ, സിഗരറ്റ്, മദ്യം ഇത്യാദി (ഇത്യാദി വേറൊന്നും അല്ല. അന്ന് നായിക പഠിക്കുകയും എഴുതുകയും വരക്കുകയും ചെയ്തതുകൊണ്ട്, പാചകം പഠിക്കാന്‍ കഴിഞ്ഞില്ല, പോരാത്തതിന് പച്ചക്കറി മാത്രമേ അറിയൂ, അതുകൊണ്ട് വീട്ടില്‍ ഉണ്ടാക്കി വെച്ചതൊക്കെയും ബാക്കിയാക്കി നോണ്‍ വെജ് ഹോട്ടല്‍ ഭക്ഷണം) ചെലവ് ചെയ്തു കൈ മലര്‍ത്തുമ്പോള്‍ വിരട്ടാന്‍ എന്തു രസമാണെന്നോ നമ്മുടെ നായികക്ക്. പക്ഷെ അവളുടെ വിരട്ടലൊക്കെ ദൈവം തമ്പുരാന്‍ കാണുന്നുണ്ടായിരുന്നു. ഒരു വേല ഇവള്‍ക്ക് കൊടുക്കണമെന്ന് നിശ്ചയിക്കുകയും ചെയ്തു.

അങ്ങനെയിരിക്കെ, ഒരു നാള്‍ നായകന് ഒരു നെഞ്ചു വേദന. പരിചയക്കാരന്റെ ഓട്ടോയില്‍ ഹോസ്പിറ്റലിലേക്ക്. "ഏട്ടന്റെ ശരിയാകട്ടെ, എന്നിട്ട് ഓട്ടോ ചാര്‍ജ് വാങ്ങാം" എന്നും പറഞ്ഞ് ആ കുട്ടിയും പോയി. നേരെ ഐ സി യു വിലേക്ക് കൊണ്ടുപോയ നായകന് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടു പുറത്തിരിക്കുമ്പോള്‍ നേഴ്സ് വന്ന് നായികയുടെ കൈയ്യില്‍ കൊടുക്കുന്നു നായകന്‍റെ കണ്ണടയും പിന്നെ ഒരു മണിപേഴ്സ്. അവള്‍ അത് തിരിച്ചും മറിച്ചും നോക്കി. തുറന്നപ്പോള്‍ ആയിരങ്ങള്‍ അവളെ നോക്കി ചിരിച്ചു. അപ്പൊ തന്നെ ഒരു ഇഞ്ചക്ഷന്‍ കൊടുക്കണമെന്നും പൈസ കെട്ടാനും പറഞ്ഞപ്പോള്‍, ആ ചിരിച്ച ആയിരങ്ങള്‍ അവളില്‍ നിന്നും വിട പറഞ്ഞു. അതൊന്നുമല്ല അവള്‍ക്കുള്ള ശിക്ഷ.

വെറുതെ അങ്ങനെ ഇരുന്നപ്പോള്‍ ഒരു കാപ്പി കുടിക്കാം എന്ന് കരുതി അവള്‍ ഹോസ്പിറ്റലിനകത്തുള്ള കോഫി വെണ്ടിംഗ് മെഷീന്‍ കാപ്പി കുടിച്ചു. എന്നിട്ട് കൂള്‍ ആയി തിരികെ വന്നിരുന്നു. കൂള്‍ കോഫിയൊന്നുമല്ല കുടിച്ചത്. വെറുതെ കൂള്‍ ആയി തിരികെ വന്നതുതന്നെ. കുറെ കഴിഞ്ഞപ്പോള്‍ ആ കാപ്പി കടയിലെ പയ്യന്‍ വന്ന് നായികയെ നോക്കുന്നു. പിന്നെയും പിന്നെയും നോക്കുന്നു. അവള്‍ക്കു ദേഷ്യം വന്നു. എന്തിന്റെ കുറവാ ഈ പയ്യന്. നായകനെങ്ങാനും ഇതറിഞ്ഞാല്‍ രോഗമൊക്കെ (നായകന്റെയും പയ്യന്റെയും) പമ്പ കടക്കും എന്നൊക്കെ ഓര്‍ത്തുകൊണ്ട്‌ അവനോടു ചോദിക്കുന്നു, "ഹും എന്താ കാര്യം?" മറുപടി വളരെ പതുക്കെ "ഹേയ് ഒന്നും ഇല്ല. ഏതു ഡോക്ടറെ കാണാന്‍ വന്നതാണ്? എന്തെങ്കിലും കുഴപ്പം? അല്ല, കാപ്പിയുടെ പൈസ തന്നില്ല, ഇല്ലെങ്കില്‍ പിന്നെ തന്നാല്‍ മതി". ഇങ്ങനെ ചമ്മാനുണ്ടോ? "ഹയ്യോ, അതു ഞാന്‍ മറന്നു" എന്നും പറഞ്ഞ് അവള്‍ പേഴ്സ് തുറന്നു പൈസയെടുത്തു കൊടുത്തു. ഒരു അക്കിടി തന്നെയായിരുന്നു അവള്‍ക്കിത്. കാരണം എന്നും, നായിക കഴിക്കും നായകന്‍ പൈസ കൊടുക്കും, എന്നതായിരുന്നു രീതി.

തുടര്‍ന്നുള്ള നായകന്‍റെ ചികിത്സ തിരോന്തരത്ത്‌ ആയിരുന്നു. അവിടെയും പല പല ആവശ്യങ്ങള്‍ക്കായി കടയില്‍ കയറി വാങ്ങിയശേഷം കൂള്‍ ആയി ഇറങ്ങുമ്പോള്‍ ഹലോ സുഖങ്ങളൊക്കെ തന്നെ, ഒരു യേഴ്യെകാലു രൂഫ തന്നിട്ട് പോയെ എന്ന്, അന്നത്തെ കാപ്പി കട പയ്യനുണ്ടായിരുന്ന ദയാദാക്ഷീണ്യം പോലുമില്ലാതെ, തിരോന്തരംകാര് പറയുമ്പോള്‍ അവിടെ ദൈവം ചിരിക്കുന്നുണ്ടായിരുന്നു. അസുഖമൊക്കെ മാറി വന്നപ്പോള്‍ കാലിയായ പേഴ്സ് കണ്ട് നായകനും അവളെ വിരട്ടി പകരം വീട്ടി.

അങ്ങനെയിരിക്കുമ്പോള്‍ ഒരു ജി കുട്ടപ്പന്‍ സഹോദരതുല്യ സ്നേഹം കൊണ്ട് അവളെ കാണാന്‍ ഓഫീസില്‍ വരുന്നു. അവളുടെ ഭീമന്‍ ബാഗുകണ്ട് അന്തം വിടുന്നു. അതില്‍ ഭക്ഷണവും ബസ്സിനുള്ള ചില്ലറ പൈസയും മാത്രമേ ഉള്ളു എന്നും പേടിക്കേണ്ട എന്നും സമാധാനിപ്പിക്കുന്നു. നായികയും അവളുടെ കൂട്ടുകാരി ജോയും കൂടെ ജിയെ കൂട്ടി കരിമ്പ് ജ്യൂസ്‌ കുടിക്കാന്‍ പോകുന്നു. ജ്യൂസ്‌ ഒറ്റവലിക്ക് തീര്‍ത്തുകൊണ്ട് "ജോജി"മാര്‍ പൈസ കൊടുക്കും മുന്‍പ് ഒരു കൈയ്യില്‍ ഗ്ലാസ്സായതിനാല്‍ മറുകയ്യാല്‍ പൈസ കൊടുത്ത് നമ്മുടെ നായിക ഒന്ന് ശ്വാസം വിട്ടുനിന്നു. "ദൈവമേ ഞാന്‍ കേമിയായില്ലേ" എന്നൊരു ആത്മഗതവും.

  • ഉണ്ടായേക്കാവുന്ന ഒരു സംശയത്തിനുള്ള മറുപടി- ഇന്‍ജക്ഷന് പൈസ കെട്ടാന്‍ പറഞ്ഞപ്പോള്‍ മാത്രം കറക്റ്റ് ആയി ബ്രെയിന്‍ വര്‍ക്ക്‌ ചെയ്യാന്‍ കാരണം - അവിടെ പലവട്ടം മൈക്കിലൂടെ ഇന്നാളുടെ ബന്ധുക്കള്‍, ഇന്ന ആവശ്യത്തിനു വേണ്ട പണം ഇന്ന കൌണ്ടറില്‍ അടക്കണമെന്ന് പറഞ്ഞു നമ്മുടെ ബ്രെയിന്‍ പ്രവര്‍ത്തനക്ഷമമാക്കികൊണ്ടേ ഇരിക്കും.

അങ്ങനെ ഇരുപത്തഞ്ചു പൈസയും പിന്‍‌വലിക്കുന്നു. നൂറു പൈസയാണ് ഒരു രൂപയെങ്കിലും പൈസ എന്ന വാക്ക് ഇനി ഒരു ഓര്‍മയാകും.