Monday, May 10, 2010

എന്‍റെ ഒരു കാര്യേയ്...!


ഒരു കൊച്ചുനോട്ടം കൊണ്ടവള്‍ -
കണ്ടെടുത്തു ഒരുപാട് കാര്യങ്ങള്‍
കാര്യം പറഞ്ഞാല്‍ പിണങ്ങിയാലോ?
പിണങ്ങിയാല്‍ പിന്നത് കാര്യമായാലോ ?

കാര്യങ്ങളൊക്കെയും കാര്യമാക്കാതെ
കാര്യമായ്‌ നിന്നു അവള്‍ കാര്യത്തിലും
അതുപോല്‍ കാര്യമല്ലാത്തതിലും.
ഓ ഇതാ ഇപ്പൊ കാര്യം? നല്ല കാര്യമായി !

Monday, March 15, 2010

"പൊള്ളുന്ന" യാഥാര്‍ത്ഥ്യം


ഞാനാകെ ചൂടിലാണേ,
ഒന്നും കേള്‍ക്കെണ്ടെനിക്ക്
ഇത് സ്ഥായീ ഭാവമല്ലേ
ഒന്നു പറഞ്ഞോട്ടെ
പുറത്ത് സൂര്യനും ചൂടിലാ,
പുറത്തിറങ്ങുമ്പോള്‍
പുറം സൂക്ഷിക്കണേ

ഒട്ടും ചൂടാവാതെ സൂര്യന്‍ ജ്വലിപ്പിച്ചു
ചൂട് സ്ഥായീ ഭാവമല്ലേ എന്റെയും
സ്ഥാപിക്കുവതെന്തിന്നു എന്നില്‍ ആരോപണം
ഞാനില്ലാതെ നിങ്ങക്കെന്ത് പകല്‍?
നിങ്ങള്‍ക്കെന്തു ഊര്‍ജ്ജ ശ്രോതസ്സ്
എനിക്ക് പറഞ്ഞിട്ടുള്ള പണിയല്ലേ ചൂട്
നിങ്ങള്‍ക്കു പറഞ്ഞിട്ടുള്ള പണികള്‍ക്കപ്പുറം
പച്ചപ്പ്‌ അടര്‍ത്തി മാറ്റിയതല്ലേ ഇന്നീ
പുറങ്ങള്‍ അടരാന്‍ കാരണം

ഒന്നു ഞെട്ടി ഓഫീസിലെത്തവേ
മാര്‍ച്ചിന്റെ ചൂടാ ഇവിടെയും
പദ്ധതികള്‍ പൂര്‍ത്തിയാക്കണ്ടേ?
ചൂടായി തുടങ്ങി ഈ ഞാനും
ചൂട് കുറക്കാന്‍ വല്ല പദ്ധതിയും ???

Tuesday, February 16, 2010

എന്തിനിത്ര വെപ്രാളം?



നമ്മളെവിടെ പോകും ഒരു തുണ്ട് ഭൂമി പോലും ഇല്ലല്ലോ
സുഹാസിനിയെ വിളിച്ചവന്‍ ചോദിച്ചു.
കരുതൂ, പോകുന്നിടമെല്ലാം നമ്മുടെ
മൊഴിഞ്ഞൂ, അവള്‍ തെല്ലു ഹാസ്യരൂപേണ

കോടീശ്വരന്‍ പോലും കയ്യേറുന്നു ഭൂമി
"മുന്‍ഷി"യില്‍ കേട്ടു, രാജ്യമൊട്ടാകെ-
കയ്യേറും "പ്രബലരുടെ" പേരുകള്‍,
നടുങ്ങിപ്പോയി, എങ്കിലും നമുക്കായാലെന്താ?‍

എങ്ങനെ? വേലിക്കല്ലേ വിളവു-
തിന്നാനൊക്കു, പക്ഷെ വേലി-
ക്കകത്തല്ലേ ഈ നമ്മള്‍,
കഴിവില്ലാത്ത ജന്മങ്ങള്‍

ആരുപറഞ്ഞു കഴിവില്ലെന്ന്,
ഒരുനാള്‍ കയ്യേറില്ലേ എല്ലാവരും
ഒരാറടി മണ്ണ്, എന്തിനിത്ര വെപ്രാളം?

Saturday, January 30, 2010

രണ്ടു ചിന്തകള്‍


ആശങ്ക

പലരും പലരെയും പറയാറുണ്ട്‌
കൊടുമുടിയില്‍ ആണെന്ന്
പ്രശസ്തിയുടെ, സന്തോഷത്തിന്റെ, ......
ഞാനുമിന്നു കൊടുമുടിയുടെ നെറുകയിലാണ്

എനിക്ക് വിധിക്കപ്പെട്ട കൊടുമുടി കയറവേ
കാല്‍കള്‍ ഇടറിയില്ല ഗര്‍ത്തങ്ങളില്‍
കോച്ചും തണുപ്പില്‍ മരവിച്ചതുമില്ല
ആശങ്കയുടെ കൊടുമുടി കയറാന്‍ എന്തിനാശങ്ക

എങ്കിലും ഒട്ടും ആശങ്കയില്ലാതെ നീ കൂടെ-
യുള്ളപ്പോള്‍ ഞാനിവിടെ സുരക്ഷിതയാണ്,
നിലനില്‍ക്കുന്നു ഇവിടെ, നിലനിര്‍ത്തുന്നു ശുഭചിന്തകള്‍
ആ കൊടുമുടി അലിഞ്ഞില്ലാതായാല്‍ ഞാനുമേ ഞാനല്ലല്ലോ

ത്യാഗം

നീയെന്തൊക്കെ ചെയ്താലും ഞാന്‍ നിന്നോട് ക്ഷമിച്ചിരിക്കും

നീ നിന്‍റെ ഹൃദയം എനിക്കായ് തുറന്നില്ല
ഞാനെന്റെ ഹൃദയം തുറന്നു വെച്ചുവെങ്കിലും..
നീ നിന്‍റെ കരളിനെ ശ്രദ്ധിക്കുന്നേ ഇല്ല,
ഞാനെന്റെ കരളിനെ സംരക്ഷിച്ചിട്ടെന്ത്?

നീ എന്നും മുഖം മിനുക്കിയിരുന്നു,
അതെനിക്കുവേണ്ടി ആയിരുന്നുവോ?
പലപ്പോഴും നീ കൈകള്‍ നീട്ടിയെങ്കിലും
അതെന്റെ കരം ഗ്രഹിക്കാനായിരുന്നുവോ?

നിന്‍റെ കണ്ഠം ഇടരുമ്പോഴെല്ലാം ഞാനെന്റെ
ഗദ്ഗദം മറച്ചു വെച്ചില്ലേ? പക്ഷെ നീ
എനിക്ക് വേണ്ടി, നമുക്ക് വേണ്ടി-
ചെയ്ത കാര്യം എനിക്ക് ചെയ്യാനാവില്ലല്ലോ

നീയെന്തൊക്കെ ചെയ്താലും ഞാന്‍ നിന്നോട് ക്ഷമിച്ചിരിക്കും

Thursday, December 31, 2009

നീല നിലാവൊളി


ചെത്തി മിനുക്കിയോരാ കുളക്കല്പടവുകള്‍
ചവിട്ടിയിറങ്ങുമ്പോഴാ പാദസ്വരങ്ങള്‍
തന്‍ കിലുക്കത്തിനൊപ്പം കിലുങ്ങി-
യിരുന്നുവെന്‍ തെളിഞ്ഞ മാനസം

ധനുമാസരാവിലാ കുളിര്‍ വെള്ളത്തില്‍
ഇറങ്ങുമ്പോള്‍ കുളത്തിന്‍ അടിത്തട്ടില്‍
നിന്നും കയറി വരുന്ന ചൂടെന്‍
സിരകളില്‍ അലിഞ്ഞു പോയൊട്ടും തണുപ്പറിയാതെ

ഈറനുടുത്തു നീങ്ങവേയാ നന്ദ്യാര്‍വട്ടപ്പൂക്കള്‍-
തന്‍ കണ്ണുകള്‍ക്കുള്ളിലെ നിത്യ വസന്തം
കട്ടെടുത്തിരുന്നു ഞാനെന്നും
എന്നോട് ചേര്‍ന്ന് നില്‍ക്കുവാനായ്

തേന്‍ വണ്ടുകള്‍ ചുംബിച്ചുണര്‍ത്തുന്ന
പൂക്കള്‍ തന്‍ മധു ചഷകം മോന്തി
കുടിച്ചെന്‍കണ്ണുകളില്‍ നിറയുന്നു
ഞാന്‍ അറിയാത്തൊരുന്മാദം

ഈറന്‍ മാറ്റി ഞാനാ വാല്‍ക്കണ്ണാടിയില്‍
നോക്കി വാലിട്ടു കണ്ണെഴുതി മയ്യ് കണ്ണിന്‍
ജാലകം അടച്ചപ്പോള്‍ കണ്ടു മറ്റൊരു
പുതു പുലരിതന്‍ തിളക്കം

കണ്‍പീലികള്‍ക്കിടയിലൂടെഎത്തിനോക്കുന്ന
സൂര്യരശ്മികള്‍ക്കൊപ്പം വന്നത് എന്നും-
കാണുന്ന കനവിന്റെ മാധുര്യമായ്‌
മാറുന്നോരാ കണ്ണന്റെ കൊഞ്ചലുകള്‍ ആയിരുന്നു

കണ്ണന്റെ ചുണ്ടിലെ മുളംതണ്ടിലൂടെ
ഊര്‍ന്നിറങ്ങി വരുന്നോരാ നാദധ്വനികള്‍
നിറയുന്നു എന്നിലീ തിരുവാതിരനാളില്‍
എനിക്കറിയാത്തൊരു മഞ്ഞിന്‍ കുളിരായ്

മൂന്ന്‌ "സ" കളുടെ പുതുവര്‍ഷം നേരുന്നു.

സമൃദ്ധിയുടെ, സമാധാനത്തിന്റെ, സന്തോഷത്തിന്റെ
പുതുവര്‍ഷം നേരുന്നു.

Thursday, December 17, 2009

"പാവങ്ങള്‍ "



എനിക്കിഷ്ടമില്ല തീരെ
"പാവങ്ങളെ" കുറിച്ചെഴുതാന്‍,
എങ്കിലും എഴുതിക്കുന്നു അവര്‍
എന്റെ കൈയും പിടിച്ച്

അവര്‍ ഒരുപാട്‌ ഉയരങ്ങളിലാണ്
ആര്‍ക്കും കൈയെത്താത്ത ദൂരങ്ങളിലും
അവര്‍ ചിലരെ ഉയര്‍ത്താറുണ്ട്
മറ്റുചിലരെ താഴ്ത്താന്‍ വേണ്ടി മാത്രം
എന്നാലും ഉയര്‍ത്തിയല്ലോ നിങ്ങളെ ആ "പാവങ്ങള്‍"

സഹായിക്കാറുണ്ട്, തൊഴുതു നില്‍ക്കാന്‍ വേണ്ടി-
മാത്രം, സ്നേഹിക്കാറുണ്ട് തന്‍പോന്നവരെ മാത്രം
ദേഷ്യം വരാറുണ്ട്‌ "രാജാവ് നഗ്നനാണെന്നു"പറയുമ്പോള്‍ ഒക്കെ
പരിഹസിക്കാറുണ്ട്, പക്ഷെ തിരിച്ചു പരിഹസിക്കരുതെന്നു മാത്രം!
എല്ലാത്തിനും അതീതരല്ലേ ആ "പാവങ്ങള്‍"

അറിവിന്റെ സാഗരമെന്നാണ് സ്വയം കരുതുന്നത്,
പക്ഷെ അബദ്ധങ്ങള്‍ വിളമ്പുമേ, മിണ്ടാതിരുന്നുകൊള്‍ക
അംഗീകാരങ്ങള്‍ക്ക് അവകാശി താന്‍ മാത്രം
ആത്മാര്‍ത്ഥത എന്നാല്‍ പുറംപൂച്ച്‌ മാത്രം
ഉള്ളില്‍ ഒന്നുമേ ഇല്ലാ "പാവങ്ങള്‍ "

പുകഴ്ത്തുന്നവര്‍ക്കിവിടെ സ്ഥാനമുണ്ടേ,
ഉയര്‍ച്ചയില്‍ അസൂയ ഹോബി ആണേ
മറ്റുള്ളവര്‍ ഇന്നവിധം വേണമെന്നു നിഷ്കര്‍ഷയുണ്ടേ
അവര്‍ക്കവ്വിധം ബാധകമല്ലേ,
കുറ്റങ്ങളും കുറവുകളും ഇല്ലാ "പാവങ്ങള്‍ ‍"

Thursday, November 26, 2009

സമയം പോകുന്നു...


സമയം പോകുന്നു, സമയം പോകുന്നു......,

പൊയ്ക്കോട്ടേ, ആരോടും ഒന്നും മിണ്ടാതെ-
കടന്നു കളഞ്ഞാല്‍ മതിയല്ലോ സമയത്തിന്,
അടുക്കള പാച്ചിലിനിടയില്‍ അവള്‍
അണുവിട വിട്ടുകൊടുത്തില്ല

"സമയത്തിന്" കുളിക്കേണ്ട,
ശൌചങ്ങളൊന്നുമേ വേണ്ട
ആരുടെ കാര്യവും നോക്കി വലയേണ്ട
ചോറും കറികളും ഒരുക്കേണ്ട,
ഉണ്ണുകയെവേണ്ട, ഉറങ്ങേണ്ട,
ഓഫീസില്‍ "സമയത്തിന്" എത്തണം എന്നുമില്ല
ഒരു മാന്ത്രികനെ പോലെ എല്ലായിടത്തും
എല്ലായ്പ്പോഴും ഉണ്ടല്ലോ

ദേ, പിന്നേം പോകുന്നു സമയം
എന്നെ വെല്ലുവിളിച്ചുകൊണ്ട്,
ഒന്നെത്താന്‍ ശ്രമിച്ചോട്ടെ ഞാന്‍,
ബാക്കി പിന്നെ.

Tuesday, November 10, 2009

മിഴികള്‍ സ്നേഹസാഗരങ്ങള്‍







ഇന്നീ മിഴികള്‍ക്ക് മങ്ങല്‍ ഏറ്റുവെങ്കിലും
തിളങ്ങുന്നു ഓര്‍മയില്‍ ആ മിഴികള്‍

ആ മിഴികള്‍ നിന്റെ സ്വത്ത്‌ ആണെന്ന് പലരും
പറഞ്ഞിരിക്കാം, കാരണം, അവ ചിരിച്ചിരുന്നു,
കുസൃതി നിറഞ്ഞിരുന്നു, അനന്തശാന്തത തുളുമ്പിയിരുന്നു,
ആലസ്യഭാവത്തോടെ ചിലപ്പോഴും, കൊച്ചുകുഞ്ഞിന്‍ -
നിഷ്കളങ്കതയോടെ പലപ്പോഴും കണ്ടിരിക്കാം

അതൊന്നുമല്ല എന്റെ സ്വത്ത്‌, ആ മിഴികള്‍ രണ്ടു -
സ്നേഹസാഗരങ്ങള്‍ എന്നറിഞ്ഞത് ഞാന്‍ മാത്രം
അലയടിക്കും സ്നേഹം കണ്ടതല്ലേ, പിന്നീടെന്നോ
ഞാന്‍ അതിലൂടെ കണ്ടു തുടങ്ങി, പിന്നെ
അതെന്റെ മിഴികള്‍ ആവുകയായിരുന്നോ

സ്നേഹ സാഗരങ്ങളെ വരൂ.... ഞാന്‍ എഴുതി വെച്ച-
പാഴ്വാക്കുകള്‍ മായ്ച്ചു കളയൂ.

Wednesday, October 7, 2009

തടവറ


ഞാന്‍ കണ്ട ലോകം എത്രയോ വലുതെന്നു-
നിരീച്ചുവെങ്കിലും ഇന്നീ കൊച്ചു കിളി വാതിലിലൂടെ
കണ്ട ലോകത്തിനെന്തു വലുപ്പം!

ബന്ധങ്ങളാലും ബന്ധനങ്ങളാലും
കടമകളാലും കര്‍ത്തവ്യങ്ങളാലും
സ്നേഹങ്ങളാലും വിശ്വാസങ്ങളാലും നിര്‍മിച്ച-
കല്‍ത്തൂണുകളില്‍ നില്ക്കുന്ന ഈ ഭൂമി,
അതില്‍ ഞാന്‍ മാത്രം ഒരു അപരിചിത പേക്കോലം!

വയ്യ ഇനിയിവിടെ മുന്നോട്ടു പോകുവാന്‍,
എങ്കിലും പോകാതെ വയ്യല്ലോ!
സ്വതന്ത്രമാക്കട്ടെ ഏവരേയും, സ്വതന്ത്രമാവട്ടെ-
ഞാനും, എന്‍ തടവറയെ സ്വന്തമാക്കാനായി മാത്രം.