Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Friday, November 23, 2018

കുറുമ്പുമൊഴി

നല്ലോമല്‍ പൂവുമായ് വെള്ളിത്തിങ്കള്‍ വന്നല്ലോ

പാലൊളി പുഞ്ചിരിയുമായ് കാണാകണ്മണി വന്നല്ലോ
കുഞ്ഞോമനതന്‍ മനസ്സുമായ് കുറിമുണ്ടുടുത്തു വന്നല്ലോ
മണ്‍ചിരാതിന്‍ വെട്ടവുമായ്‌ തൃക്കാര്‍ത്തികയും വന്നല്ലോ


പുല്‍പായയിടും നേരം കൊച്ചുകുട്ടിയായ് വന്നല്ലോ
തൂശനിലയില്‍ വിളമ്പും പലരുചികളുമായ്‌ വന്നല്ലോ
നാവിലൂറിയ മധുരം നുണഞ്ഞ് നല്‍വാക്കായ് വന്നല്ലോ
തളിര്‍വെറ്റില സുഗന്ധം പരത്തും കാറ്റായും വന്നല്ലോ

ഇമ്പമാര്‍ന്നൊരു ഗാനത്തിന്‍ ഈണമായ് വന്നല്ലോ
കിരണങ്ങളുടെ പൊലിമതന്‍ വെളിച്ചമായ് വന്നല്ലോ
മിഴികള്‍ക്ക് മിഴിവേകാന്‍ കുറുമ്പുമൊഴിയായ് വന്നല്ലോ
അരിമുല്ലപൂക്കും പാതിരാവില്‍ നറുമണമായും വന്നല്ലോ

മടിയില്‍കിടത്തി മാറോട് ചേര്‍ക്കുംനേരം കൊഞ്ചലുമായ് വന്നല്ലോ
അലസമായ് പറക്കും അപ്പൂപ്പന്‍താടിതന്‍ തലോടലുമായ് വന്നല്ലോ
സ്വപ്നം കണ്ടുറങ്ങും വേളയില്‍ മയില്‍പീലിയായ് വന്നല്ലോ
നിനച്ചിരിക്കാതെ നിദ്രയ്ക്കിടയില്‍ പ്രളയമായും വന്നല്ലോ 

Monday, December 4, 2017

ഒരു കുഞ്ഞു സ്നേഹം

കുട്ടികുറുമ്പി നിന്‍ കാല്‍ത്തള കിലുങ്ങി
മനം നിറഞ്ഞു, മുഖം വിടര്‍ന്നു,
ഇത്തിരി കുസൃതിയോടെ നീ ഓടിയെത്തി
ഇനിയൊന്നുമേ വേണ്ട നിന്നെയൊന്നണച്ചാല്‍ മതി

ഇടംകണ്ണാല്‍ ഇടയ്ക്കിടെ ഒളിഞ്ഞു നോക്കുമ്പോള്‍
ഇമ  വെട്ടാതങ്ങനെ നോക്കി നിന്നു
ചാഞ്ചക്കം  ചെരിഞ്ഞാടി നീവന്നപ്പോള്‍
 ഇനിയൊന്നുമേ വേണ്ട നിന്നെയൊന്നണച്ചാല്‍ മതി

കഥകള്‍ കേള്‍ക്കാന്‍ കാതോര്‍ത്തു നീ
കുഞ്ഞുകഥകള്‍ പറഞ്ഞു കൊണ്ടേ ഇരുന്നപ്പോള്‍
കേട്ടതേയില്ല ഞാനൊന്നും നിന്റെ മൂളലുകളല്ലാതെ
ഇനിയൊന്നുമേ വേണ്ട നിന്നെയൊന്നണച്ചാല്‍ മതി

കളിക്കാമമ്മേ അമ്മയായ് ഞാനും കുട്ടിയായ് അമ്മയും
എന്നോതി നീ കാണിച്ചുതന്ന അമ്മയല്ലോ ശ്രേഷ്ഠം
വെറും കുട്ടിയായിരിക്കാം ഞാന്‍ നിന്റെ മുന്‍പില്‍
ഇനിയൊന്നുമേ വേണ്ട നിന്നെയൊന്നണച്ചാല്‍ മതി

ഒളിച്ചുകളിയില്‍ കിലുക്കാംപെട്ടിപോല്‍ ചിരിച്ചു നീ
അധ്യാപികയായ് വട്ടം കറക്കിയെന്നെ
സിനിമയിലെ നായികയുമാക്കി നൃത്തം പഠിപ്പിച്ചു
ഇനിയൊന്നുമേ വേണ്ട നിന്നെയൊന്നണച്ചാല്‍ മതി

നിഷ്കളങ്കമാം സ്നേഹം എന്നില്‍ ചൊരിയവേ
അറിയാതെയെന്‍ മിഴികള്‍ തുളുമ്പിയല്ലോ
നിന്‍ കൂട്ടുള്ളപ്പോള്‍ എങ്ങനെ ഞാന്‍ ഒറ്റയ്ക്കാവും
ഇനിയൊന്നുമേ വേണ്ട നിന്നെയൊന്നണച്ചാല്‍ മതി

Sunday, December 15, 2013

പ്രത്യാശ


അന്നാ സായംസന്ധ്യയില്‍ ചായമെന്‍ കൈയ്യില്‍ പടരവേ
അകന്നുപോയ് മനസ്സിലെ കാര്‍മേഘങ്ങളൊക്കെയും
അലച്ചിലിനിടയില്‍ തണലിലൊന്നണയവേ
അണഞ്ഞുപോയ് മനസ്സിലെ കനലുകളൊക്കെയും

ആടിപ്പോയൊരു വേളയില്‍ പാട്ടൊന്നു മൂളികേള്‍ക്കവേ
ആരുമറിയാത്തൊരെന്‍ ആധികളകന്നുപോയ്‌
ആദിത്യകിരണങ്ങള്‍ മൂടല്‍മഞ്ഞിലൂടൊളിഞ്ഞുനോക്കവേ
ആഴത്തിലാര്‍ന്നൊരു മുറിവുകള്‍ കരിഞ്ഞുപോയ്


എന്നോ കൊതിച്ചൊരു പൂമൊട്ടുവിടര്‍ന്നെന്‍ കവിളില്‍ തൊട്ടു തലോടവേ
എന്തിനെന്നറിയാതെ എന്നില്‍ നിഴലിച്ച വിഷാദമകന്നുപോയ്
എപ്പോഴോ കാത്തിരുന്ന മഴയിന്നുപൊഴിയവേ
എന്നുമാരും കാണാതിരുന്ന വിതുമ്പലുകളകന്നുപോയ്

ഏതോ നിമിഷത്തില്‍ പൂങ്കാറ്റുവന്നളകങ്ങള്‍ പറക്കവേ
ഏറെ അലട്ടിയോരെന്‍ ചിന്തകളകന്നുപോയ്
ഏകാന്തമാമൊരു നാളില്‍ ഏഴുവര്‍ണങ്ങള്‍ വാനില്‍ തെളിയവേ
ഏറിയ സങ്കടങ്ങള്‍ ഒന്നൊന്നായകന്നുപോയ്

Wednesday, November 28, 2012

വെളിച്ചം

ഒരു മയില്‍പീലിയുമായെന്‍ 
അരികിലെന്തേ വന്നില്ലാ?
അരികിലെത്തിയ നേരത്തോ
അപരിചിതത്വത്തിന്‍ കൂട്ടിലും

പിന്നീടെങ്ങോ വീണ്ടുമൊരു കൂട്ടം 
മയില്‍പീലിയുമായ്‌
പൊലിയുമീ ദീപത്തെ
ഇരുകൈയ്യാല്‍ അണയാതെ കാത്തു നീ

വടവൃക്ഷമായ്‌ മാറി നീ ഇന്ന്
തണലിനായ് അണഞ്ഞോരു നേരത്ത്‌
കഥകളൊക്കെയും വെറും കഥകളാക്കി
എന്‍ മുന്‍പില്‍ നിന്നു തീര്‍ത്തും വ്യത്യസ്തനായ്

മറക്കാനെളുതാമോ മുന്‍പേ പറക്കുമ്പോള്‍
കൂടെ കൂട്ടിയതും തളരാതെ നോക്കിയതും
മറവി രോഗത്താല്‍ മറന്നാലും
ഓര്‍ക്കുക നീയെന്നുള്ളിലെന്നും
ഒരു നറുതിരിവെളിച്ചമായ്
തെളിനീരായ്‌ ചന്ദനഗന്ധമായ്
സംഗീതമായ് ചെറുകാറ്റായ്
നിറഞ്ഞിരിക്കുന്നുവെന്ന്

Friday, November 16, 2012

പരിഭവം

എന്തേ പ്രാണസഖി പരിഭവം വിട്ടുമാറാതെയങ്ങു-
മാറി ഇരുട്ടില്‍ കൂനികൂടിയിരുപ്പൂ?
അടുത്തുവരുമെന്ന പ്രതീക്ഷയില്‍ ഞാനുമൊട്ട-
ഹങ്കാരത്തോടെയിരിപ്പൂ

ഇന്നലെ നീ പൊട്ടിച്ചൊരു പളുങ്കുപാത്രം
കണ്ടരിശം കയറി പറഞ്ഞതല്ലേ വേണ്ടാദീനം
ഇനിയും വൈകുവതെന്തു നീ?
വന്നിട്ടെന്നോട് കൊഞ്ചികുഴയുവാന്‍

എന്റെ പതിവുലഹരിക്കൊപ്പം വെച്ചിരുന്നു
നിനക്കേറ്റം ഇഷ്ടപ്പെട്ട പാലുമെങ്കിലും
തിരിഞ്ഞൊന്നു നോക്കാതെ
മാറിനില്‍ക്കുകയാണോ നീ?

പണ്ടെന്‍ ലഹരിതന്‍ അളവ് കൂടുമ്പോള്‍
മുരണ്ടുകൊണ്ടു നീ നയിക്കാറു-
ണ്ടായിരുന്നുവെന്നെ തീന്‍ മേശക്കരികിലേക്ക്
ഇനിമതി എന്നൊരാജ്ഞയുമായ്‌

പക്ഷെ നീയിന്നൊരു കൂസലുമില്ലാതിരിക്കുന്നു
ഞാന്‍ പരിധിയും കഴിഞ്ഞിട്ടപ്പുറത്തായിട്ടുപോലും!
അറിയാതെ എന്‍ വായില്‍ നിന്നുതിര്‍ന്നൊരാ
ശാപവാക്കുകള്‍ക്കിത്രയും കാഠിന്യമോ?

കാണുന്നു ഞാനീ ഇരുളിന്‍ മറവിലും
തിളക്കമാര്‍ന്ന നിന്‍ കണ്ണുകളും എന്നെയാ-
കര്‍ഷിച്ചൊരാ വിടര്‍ന്ന കണ്ണില്‍-
പ്രകാശിക്കും സ്നേഹത്തിന്‍ തിളക്കവും

തോറ്റുപോയ്‌ ഓമനേ, സഹിക്കാന്‍ കഴിയില്ലീ-
യേകാന്തത, ഞാനിതാ വരുന്നു
നിന്‍  അരികിലേക്ക് ലഹരിയാല്‍
ഉറയ്ക്കുന്നില്ലെന്‍ പാദമെങ്കിലും

കാലിടറിയിതാ വീണപ്പോള്‍
പരിഭവം  മറന്നോടിയെത്തിയെന്നെ
തൊട്ടുരുമ്മി വാലാട്ടി പുഞ്ചിരിച്ചല്ലോ
സ്നേഹം തുളുമ്പും മ്യാവൂവിലൂടെ

മറ്റൊരു മ്യാവൂവിലൂടെ മുന്‍കാലുകള്‍
നിവര്‍ത്തി നമസ്കരിച്ചപ്പോള്‍
അകന്നിരുന്നുവെന്നില്‍
ലഹരിതന്‍ ആലസ്യം 


Friday, June 15, 2012

വാഴുന്നോര്‍

ഒരിക്കലുമൊരിക്കലും നന്നാവുകയില്ല
എങ്കിലുമെങ്കിലും നന്നാക്കിനോക്കാം

നന്നാവാന്‍ ഞാന്‍ ചീത്തയല്ലല്ലോ
നന്നാക്കാന്‍ ഞാനത്ര നല്ലതുമല്ലല്ലോ

എന്തിനുപിന്നെന്തിനു ശ്രമിച്ചീടുന്നു
ഒന്നിനുമൊന്നിനും വേണ്ടിയല്ല

എന്നാലിനിയെന്നാലിനി നിര്‍ത്തിക്കൂടെ
കൊന്നാലുമിനികൊന്നാലുമിനി നിര്‍ത്തില്ലെങ്കിലോ

തുടരുമീക്കഥതുടരുമീക്കഥ തുടര്‍ക്കഥ പോലെ
ഇടറുമീക്കാലിടറുമീക്കാല്‍ ഒരു നാളെങ്കിലും

ആരുമാരാരും മോശക്കാരല്ല 
എല്ലാരുമെല്ലാരും ഒന്നുപോലെ

മാവേലി നാടുവാണീടുംകാലം മാലോകരെല്ലാരുമൊന്നുപോലെ
നമ്മുടെ  നാടും വീടും ഒക്കെ "എല്ലാകാര്യത്തിലും ഒന്നുപോലെ"
മാവേലിയെ "അസൂയപ്പെടുത്തി" ഇക്കാലത്തും "വാഴുന്നില്ലേ".

Thursday, December 8, 2011

വാക്കുകാണാതലയുന്നു ഞാനിന്നും


നീ ചൊല്ലിയ വാക്കിന്‍ അര്‍ത്ഥം തിരഞ്ഞു-
തിരഞ്ഞു പോകവേ കണ്ട കാഴ്ചകള്‍ കണ്ട്
മറന്നു ആ വാക്കും തിരിച്ചു ചെല്ലേണ്ട വഴിയും
അര്‍ത്ഥമില്ലാതലയുന്നു ഞാനിന്നും


നിന്നോടെന്തു ചൊല്ലുമാ കൊച്ചു വാക്കുപോലും
മറന്ന വാക്കില്ലാത്തവള്‍ ഈ ഞാനെന്നോ
വാക്കുതര്‍ക്കത്തിനു നീ വരില്ലയെങ്കിലും
വാക്കുകാണാതലയുന്നു ഞാനിന്നും.


ഇതില്‍ കമന്റ്‌ ചെയ്താലും ഇല്ലെങ്കിലും വെറുതെയെന്നാകിലുമെങ്കിലും
എന്ന പോസ്റ്റ്‌ കാണാത്തവര്‍ മുല്ലപെരിയാര്‍ വിഷയത്തില്‍ അവിടെ പ്രതികരിക്കുമെന്ന പ്രതീക്ഷയോടെ.

Thursday, August 25, 2011

പൊന്നായ് മാറാം



പൊന്നുപോല്‍ തിളങ്ങണം നിന്‍ മുഖം
പൊന്നുപോല്‍ പരിശുദ്ധമാകണം നിന്‍ മനം
പൊന്നുമാത്രം അണിയേണ്ട പൊന്നുമോളെ, പക്ഷെ
പൊന്നുംവില കൊടുക്കേണം ബന്ധങ്ങള്‍ക്ക്

പൊന്നുപോല്‍ കാണണം നല്ല പാതിയെ
പൊന്നുപോല്‍ കാക്കണം നല്ല പാതിയെ
പൊന്നുമാത്രംചോദിക്കരുതേ പൊന്നുമോനെ, പക്ഷെ
പൊന്നായ് ജ്വലിക്കേണം മനസ്സുകളില്‍

പൊന്നുരുക്കുന്നിടത്തിലീ പൂച്ചയും പാടുന്നു
പൊന്നായ് മാറാം നമുക്കീ
പൊന്നിന്‍ ചിങ്ങമാസത്തിലെ
പൊന്നോണ പുലരിയില്‍


ഇത്
തിരി പൊന്നിനുവേണ്ടി പൊന്നുജീവിതങ്ങള്‍ തകരുന്നത് കാണുമ്പോള്‍ ....

Saturday, July 2, 2011

വിവരാ(സാ)വകാശേ വിപരീത ബുദ്ധി




വിവരം നമ്മുടെ അവകാശം
സ്ഥാപിക്കാനായ് അവകാശം
വിവരക്കേട് ചോദിക്കുകില്‍
വിവരക്കേട് കൈവശം ഉള്ളോരും
വിവരം അറിയും പറഞ്ഞേക്കാം
വിവരം കൊടുത്തു അടി വാങ്ങിക്കും.


വിവരം നമ്മുടെ അവകാശം
സാധിക്കാനായ് അവകാശം
വിവരത്തോടെ ചോദിക്കുകില്‍
വിവരം സാവകാശം കൊടുത്തോരും
വിവരം അറിയും പറഞ്ഞേക്കാം.
വിവരാ(സാ)വകാശേ വിപരീതബുദ്ധി

വിവരം ചോദിച്ചപ്പോള്‍ വിവരക്കേട്‌ കയ്യിലിരിപ്പുള്ള ആളുകളുടെ വാക്ക് കേട്ട് മറുപടി കൊടുക്കാന്‍ വൈകി വിവരക്കേട് കാണിച്ചപ്പോള്‍ തോന്നിയ ഒരു വിവരക്കേട്. ആകെ ഒരു വിവരക്കേടിന്റെ കളി അല്ലെ? വിവരമുള്ളവര്‍ ക്ഷമിക്കുക.

Tuesday, February 16, 2010

എന്തിനിത്ര വെപ്രാളം?



നമ്മളെവിടെ പോകും ഒരു തുണ്ട് ഭൂമി പോലും ഇല്ലല്ലോ
സുഹാസിനിയെ വിളിച്ചവന്‍ ചോദിച്ചു.
കരുതൂ, പോകുന്നിടമെല്ലാം നമ്മുടെ
മൊഴിഞ്ഞൂ, അവള്‍ തെല്ലു ഹാസ്യരൂപേണ

കോടീശ്വരന്‍ പോലും കയ്യേറുന്നു ഭൂമി
"മുന്‍ഷി"യില്‍ കേട്ടു, രാജ്യമൊട്ടാകെ-
കയ്യേറും "പ്രബലരുടെ" പേരുകള്‍,
നടുങ്ങിപ്പോയി, എങ്കിലും നമുക്കായാലെന്താ?‍

എങ്ങനെ? വേലിക്കല്ലേ വിളവു-
തിന്നാനൊക്കു, പക്ഷെ വേലി-
ക്കകത്തല്ലേ ഈ നമ്മള്‍,
കഴിവില്ലാത്ത ജന്മങ്ങള്‍

ആരുപറഞ്ഞു കഴിവില്ലെന്ന്,
ഒരുനാള്‍ കയ്യേറില്ലേ എല്ലാവരും
ഒരാറടി മണ്ണ്, എന്തിനിത്ര വെപ്രാളം?