Thursday, July 29, 2010

തവളക്ക് വേണ്ടി ഒരു കൂപ മണ്‍ഡൂകം


മനം മടുക്കും മണമുള്ള സുവോളജി ലാബില്‍
ഡിസക്ഷന്‍ ബോക്സ്‌ തുറന്നന്നവള്‍ ആയുധം
കയ്യിലേന്തി കീറി തവളയെ, മിടിക്കുന്നുണ്ടോ
ആ ഹൃദയം, എങ്കിലും കാഴ്ച മറച്ച്
കാത്തിരുന്നു അഭിനന്ദനത്തിനായ്

ആ തവളയിന്നെന്നോട് ചോദിക്കുന്നു
എന്നിട്ട് നീയിന്നു ഡോക്ടറായോ
വേണ്ട, എന്‍റെ ജീവചക്രം പഠിപ്പിക്കും ടീച്ചെരെങ്കിലും
പോട്ടെ, നിന്‍റെ ഇഷ്ടം പോലെയുള്ള ഇഷ്ടങ്ങളില്‍ എനിക്കിടമുണ്ടോ
ഒന്നും വേണ്ട, ഒരു രണ്ടു വരി കവിത?
കണ്ണനും പൂക്കളും പക്ഷികളും പ്രകൃതിയും, പോരാത്തതിന്
നിന്‍റെ സങ്കടങ്ങളും വിഷയമായപ്പോള്‍
ഞാന്‍ നിനക്കൊരു വിഷയമേ അല്ലല്ലോ
ഇപ്പോഴും നീ ചിന്തിച്ചത് കൂപ മണ്‍ഡൂകത്തെ പോലെ
ആരൊക്കെ കമന്റിടും ഇതെഴുതിയാലെന്ന്,
എന്താ മിണ്ടാട്ടം മുട്ടിപ്പോയോ
എന്‍റെ മിണ്ടാട്ടം മുട്ടിയത് നീ അറിഞ്ഞില്ലെന്നോ

ഇതെഴുതിയത് ഇത് വായിച്ചതുകൊണ്ട്, http://epaper.mathrubhumi.com/index.php?id=14562&cat=1&date=2010-07-25

തവളയുടെ ശബ്ദം പണ്ടത്തെ പോലെ കേള്‍ക്കുന്നില്ല. ദിനോസറുകളെ പോലെ തവളയും നമുക്ക് അന്യമായാല്‍? നമ്മുടെ വരും തലമുറയ്ക്ക് ഗൂഗിളില്‍ പോയി കണ്ടുപിടിക്കേണ്ടിവരുമോ ഈ ജീവിയെ,
നമ്മുടെ ബാല്യത്തിലെ പലതും ഇന്നത്തെ "വാല്യക്കാര്‍ക്ക്" അന്യമാണ്.

പിന്നെ തവള അങ്ങനെയൊക്കെ പറഞ്ഞോട്ടെ. അതുകൊണ്ട് കമന്റ്‌ വേണ്ട എന്ന് വെക്കണ്ട. ശരി എനിക്കുവേണ്ടിയല്ല, തവളയ്ക്ക് വേണ്ടി ഒരു കമന്റ്‌ , പ്ലീസ്.......

Tuesday, July 6, 2010

"നോക്കികാണുമ്പോള്‍ തോന്നുന്നത്"



എന്ത് തോന്നുന്നു? ഡേഞ്ചെറസ് സോണിലെ കുട്ടിയോട്,
എങ്ങനെ നോക്കികാണുന്നു? നേട്ടം കൈവരിച്ച വ്യക്തിയോട്,
ഇത് പ്രതീക്ഷിച്ചതാണോ, ദുരന്തം ഏറ്റു വാങ്ങിയവരോട്,
എങ്ങനെ വിലയിരുത്തുന്നു, മരണവീട്ടിലെ ആരോടോ,

തോന്നിയതൊക്കെയും പറയാനാകുമോ?
പറയിപ്പിക്കുന്നതൊക്കെയും തോന്നാനാകുമോ?
നോക്കിയതൊക്കെയും കാണാനാകുമോ ?
കണ്ടതൊക്കെയും നോക്കാനാകുമോ?

പ്രതീക്ഷിക്കുന്നതൊക്കെയും സംഭാവിക്കാനാകുമോ?
സംഭവിക്കുന്നതൊക്കെയും പ്രതീക്ഷിക്കാനാകുമോ?
വിലയിരുത്തുന്നതൊക്കെയും വിലയാകുമോ?
വിലയൊക്കെയും വിലയിരുത്താനാകുമോ?

തോന്നിയതെന്തായാലും നോക്കീം കണ്ടും പ്രതീക്ഷിച്ചും
വിലയിരുത്തണമെന്നൊരു തോന്നല്‍ മാത്രം

Wednesday, June 23, 2010

നിര്‍വചിക്കാനുണ്ടോ?


ഭൂതം, വര്‍ത്തമാനം, ഭാവി നിര്‍വചിക്കാനുണ്ടോ....?
ഉണ്ടേ, ഈ (സദ്‌) ബുദ്ധിയില്‍ തോന്നിയത് ഇതാ

ഭൂതം ഒട്ടും "ഭൂത"മല്ല ഓര്‍മയില്‍ സൂക്ഷിക്കുന്നു-
ഭൂതത്തെ ഗൃഹാതുരത്വത്തോടെ

വര്‍ത്തമാനം ഒട്ടൊക്കെ വര്‍ത്തമാന-
ത്തില്‍ മാത്രം വര്‍ത്തിക്കുന്നു,

ഭാവി ഒട്ടാകെ ശോഭനം എന്ന്
ഭാവിക്കുന്നു ഭാവനാപൂര്‍വ്വം

അപ്പൊ അറിഞ്ഞില്ലേ ഭൂതത്തെ, വെറും പാവം
കേട്ടില്ലേ വര്‍ത്തമാനത്തെ, ഈ വര്‍ത്തമാനമേ ഉള്ളു
കണ്ടില്ലേ ഭാവിയെ ഇതാ ശോഭിക്കുവാണെന്ന്
പാവത്താന്മാരിവരല്ലോ കൂട്ടരേ ജീവിതം

ഇതെന്റെ (കു)ബുദ്ധിയാണെന്ന് ധരിച്ചെങ്കില്‍, ഹാ കഷ്ടം!!

Monday, May 10, 2010

എന്‍റെ ഒരു കാര്യേയ്...!


ഒരു കൊച്ചുനോട്ടം കൊണ്ടവള്‍ -
കണ്ടെടുത്തു ഒരുപാട് കാര്യങ്ങള്‍
കാര്യം പറഞ്ഞാല്‍ പിണങ്ങിയാലോ?
പിണങ്ങിയാല്‍ പിന്നത് കാര്യമായാലോ ?

കാര്യങ്ങളൊക്കെയും കാര്യമാക്കാതെ
കാര്യമായ്‌ നിന്നു അവള്‍ കാര്യത്തിലും
അതുപോല്‍ കാര്യമല്ലാത്തതിലും.
ഓ ഇതാ ഇപ്പൊ കാര്യം? നല്ല കാര്യമായി !

Monday, March 15, 2010

"പൊള്ളുന്ന" യാഥാര്‍ത്ഥ്യം


ഞാനാകെ ചൂടിലാണേ,
ഒന്നും കേള്‍ക്കെണ്ടെനിക്ക്
ഇത് സ്ഥായീ ഭാവമല്ലേ
ഒന്നു പറഞ്ഞോട്ടെ
പുറത്ത് സൂര്യനും ചൂടിലാ,
പുറത്തിറങ്ങുമ്പോള്‍
പുറം സൂക്ഷിക്കണേ

ഒട്ടും ചൂടാവാതെ സൂര്യന്‍ ജ്വലിപ്പിച്ചു
ചൂട് സ്ഥായീ ഭാവമല്ലേ എന്റെയും
സ്ഥാപിക്കുവതെന്തിന്നു എന്നില്‍ ആരോപണം
ഞാനില്ലാതെ നിങ്ങക്കെന്ത് പകല്‍?
നിങ്ങള്‍ക്കെന്തു ഊര്‍ജ്ജ ശ്രോതസ്സ്
എനിക്ക് പറഞ്ഞിട്ടുള്ള പണിയല്ലേ ചൂട്
നിങ്ങള്‍ക്കു പറഞ്ഞിട്ടുള്ള പണികള്‍ക്കപ്പുറം
പച്ചപ്പ്‌ അടര്‍ത്തി മാറ്റിയതല്ലേ ഇന്നീ
പുറങ്ങള്‍ അടരാന്‍ കാരണം

ഒന്നു ഞെട്ടി ഓഫീസിലെത്തവേ
മാര്‍ച്ചിന്റെ ചൂടാ ഇവിടെയും
പദ്ധതികള്‍ പൂര്‍ത്തിയാക്കണ്ടേ?
ചൂടായി തുടങ്ങി ഈ ഞാനും
ചൂട് കുറക്കാന്‍ വല്ല പദ്ധതിയും ???

Tuesday, February 16, 2010

എന്തിനിത്ര വെപ്രാളം?



നമ്മളെവിടെ പോകും ഒരു തുണ്ട് ഭൂമി പോലും ഇല്ലല്ലോ
സുഹാസിനിയെ വിളിച്ചവന്‍ ചോദിച്ചു.
കരുതൂ, പോകുന്നിടമെല്ലാം നമ്മുടെ
മൊഴിഞ്ഞൂ, അവള്‍ തെല്ലു ഹാസ്യരൂപേണ

കോടീശ്വരന്‍ പോലും കയ്യേറുന്നു ഭൂമി
"മുന്‍ഷി"യില്‍ കേട്ടു, രാജ്യമൊട്ടാകെ-
കയ്യേറും "പ്രബലരുടെ" പേരുകള്‍,
നടുങ്ങിപ്പോയി, എങ്കിലും നമുക്കായാലെന്താ?‍

എങ്ങനെ? വേലിക്കല്ലേ വിളവു-
തിന്നാനൊക്കു, പക്ഷെ വേലി-
ക്കകത്തല്ലേ ഈ നമ്മള്‍,
കഴിവില്ലാത്ത ജന്മങ്ങള്‍

ആരുപറഞ്ഞു കഴിവില്ലെന്ന്,
ഒരുനാള്‍ കയ്യേറില്ലേ എല്ലാവരും
ഒരാറടി മണ്ണ്, എന്തിനിത്ര വെപ്രാളം?

Saturday, January 30, 2010

രണ്ടു ചിന്തകള്‍


ആശങ്ക

പലരും പലരെയും പറയാറുണ്ട്‌
കൊടുമുടിയില്‍ ആണെന്ന്
പ്രശസ്തിയുടെ, സന്തോഷത്തിന്റെ, ......
ഞാനുമിന്നു കൊടുമുടിയുടെ നെറുകയിലാണ്

എനിക്ക് വിധിക്കപ്പെട്ട കൊടുമുടി കയറവേ
കാല്‍കള്‍ ഇടറിയില്ല ഗര്‍ത്തങ്ങളില്‍
കോച്ചും തണുപ്പില്‍ മരവിച്ചതുമില്ല
ആശങ്കയുടെ കൊടുമുടി കയറാന്‍ എന്തിനാശങ്ക

എങ്കിലും ഒട്ടും ആശങ്കയില്ലാതെ നീ കൂടെ-
യുള്ളപ്പോള്‍ ഞാനിവിടെ സുരക്ഷിതയാണ്,
നിലനില്‍ക്കുന്നു ഇവിടെ, നിലനിര്‍ത്തുന്നു ശുഭചിന്തകള്‍
ആ കൊടുമുടി അലിഞ്ഞില്ലാതായാല്‍ ഞാനുമേ ഞാനല്ലല്ലോ

ത്യാഗം

നീയെന്തൊക്കെ ചെയ്താലും ഞാന്‍ നിന്നോട് ക്ഷമിച്ചിരിക്കും

നീ നിന്‍റെ ഹൃദയം എനിക്കായ് തുറന്നില്ല
ഞാനെന്റെ ഹൃദയം തുറന്നു വെച്ചുവെങ്കിലും..
നീ നിന്‍റെ കരളിനെ ശ്രദ്ധിക്കുന്നേ ഇല്ല,
ഞാനെന്റെ കരളിനെ സംരക്ഷിച്ചിട്ടെന്ത്?

നീ എന്നും മുഖം മിനുക്കിയിരുന്നു,
അതെനിക്കുവേണ്ടി ആയിരുന്നുവോ?
പലപ്പോഴും നീ കൈകള്‍ നീട്ടിയെങ്കിലും
അതെന്റെ കരം ഗ്രഹിക്കാനായിരുന്നുവോ?

നിന്‍റെ കണ്ഠം ഇടരുമ്പോഴെല്ലാം ഞാനെന്റെ
ഗദ്ഗദം മറച്ചു വെച്ചില്ലേ? പക്ഷെ നീ
എനിക്ക് വേണ്ടി, നമുക്ക് വേണ്ടി-
ചെയ്ത കാര്യം എനിക്ക് ചെയ്യാനാവില്ലല്ലോ

നീയെന്തൊക്കെ ചെയ്താലും ഞാന്‍ നിന്നോട് ക്ഷമിച്ചിരിക്കും

Thursday, December 31, 2009

നീല നിലാവൊളി


ചെത്തി മിനുക്കിയോരാ കുളക്കല്പടവുകള്‍
ചവിട്ടിയിറങ്ങുമ്പോഴാ പാദസ്വരങ്ങള്‍
തന്‍ കിലുക്കത്തിനൊപ്പം കിലുങ്ങി-
യിരുന്നുവെന്‍ തെളിഞ്ഞ മാനസം

ധനുമാസരാവിലാ കുളിര്‍ വെള്ളത്തില്‍
ഇറങ്ങുമ്പോള്‍ കുളത്തിന്‍ അടിത്തട്ടില്‍
നിന്നും കയറി വരുന്ന ചൂടെന്‍
സിരകളില്‍ അലിഞ്ഞു പോയൊട്ടും തണുപ്പറിയാതെ

ഈറനുടുത്തു നീങ്ങവേയാ നന്ദ്യാര്‍വട്ടപ്പൂക്കള്‍-
തന്‍ കണ്ണുകള്‍ക്കുള്ളിലെ നിത്യ വസന്തം
കട്ടെടുത്തിരുന്നു ഞാനെന്നും
എന്നോട് ചേര്‍ന്ന് നില്‍ക്കുവാനായ്

തേന്‍ വണ്ടുകള്‍ ചുംബിച്ചുണര്‍ത്തുന്ന
പൂക്കള്‍ തന്‍ മധു ചഷകം മോന്തി
കുടിച്ചെന്‍കണ്ണുകളില്‍ നിറയുന്നു
ഞാന്‍ അറിയാത്തൊരുന്മാദം

ഈറന്‍ മാറ്റി ഞാനാ വാല്‍ക്കണ്ണാടിയില്‍
നോക്കി വാലിട്ടു കണ്ണെഴുതി മയ്യ് കണ്ണിന്‍
ജാലകം അടച്ചപ്പോള്‍ കണ്ടു മറ്റൊരു
പുതു പുലരിതന്‍ തിളക്കം

കണ്‍പീലികള്‍ക്കിടയിലൂടെഎത്തിനോക്കുന്ന
സൂര്യരശ്മികള്‍ക്കൊപ്പം വന്നത് എന്നും-
കാണുന്ന കനവിന്റെ മാധുര്യമായ്‌
മാറുന്നോരാ കണ്ണന്റെ കൊഞ്ചലുകള്‍ ആയിരുന്നു

കണ്ണന്റെ ചുണ്ടിലെ മുളംതണ്ടിലൂടെ
ഊര്‍ന്നിറങ്ങി വരുന്നോരാ നാദധ്വനികള്‍
നിറയുന്നു എന്നിലീ തിരുവാതിരനാളില്‍
എനിക്കറിയാത്തൊരു മഞ്ഞിന്‍ കുളിരായ്

മൂന്ന്‌ "സ" കളുടെ പുതുവര്‍ഷം നേരുന്നു.

സമൃദ്ധിയുടെ, സമാധാനത്തിന്റെ, സന്തോഷത്തിന്റെ
പുതുവര്‍ഷം നേരുന്നു.

Thursday, December 17, 2009

"പാവങ്ങള്‍ "



എനിക്കിഷ്ടമില്ല തീരെ
"പാവങ്ങളെ" കുറിച്ചെഴുതാന്‍,
എങ്കിലും എഴുതിക്കുന്നു അവര്‍
എന്റെ കൈയും പിടിച്ച്

അവര്‍ ഒരുപാട്‌ ഉയരങ്ങളിലാണ്
ആര്‍ക്കും കൈയെത്താത്ത ദൂരങ്ങളിലും
അവര്‍ ചിലരെ ഉയര്‍ത്താറുണ്ട്
മറ്റുചിലരെ താഴ്ത്താന്‍ വേണ്ടി മാത്രം
എന്നാലും ഉയര്‍ത്തിയല്ലോ നിങ്ങളെ ആ "പാവങ്ങള്‍"

സഹായിക്കാറുണ്ട്, തൊഴുതു നില്‍ക്കാന്‍ വേണ്ടി-
മാത്രം, സ്നേഹിക്കാറുണ്ട് തന്‍പോന്നവരെ മാത്രം
ദേഷ്യം വരാറുണ്ട്‌ "രാജാവ് നഗ്നനാണെന്നു"പറയുമ്പോള്‍ ഒക്കെ
പരിഹസിക്കാറുണ്ട്, പക്ഷെ തിരിച്ചു പരിഹസിക്കരുതെന്നു മാത്രം!
എല്ലാത്തിനും അതീതരല്ലേ ആ "പാവങ്ങള്‍"

അറിവിന്റെ സാഗരമെന്നാണ് സ്വയം കരുതുന്നത്,
പക്ഷെ അബദ്ധങ്ങള്‍ വിളമ്പുമേ, മിണ്ടാതിരുന്നുകൊള്‍ക
അംഗീകാരങ്ങള്‍ക്ക് അവകാശി താന്‍ മാത്രം
ആത്മാര്‍ത്ഥത എന്നാല്‍ പുറംപൂച്ച്‌ മാത്രം
ഉള്ളില്‍ ഒന്നുമേ ഇല്ലാ "പാവങ്ങള്‍ "

പുകഴ്ത്തുന്നവര്‍ക്കിവിടെ സ്ഥാനമുണ്ടേ,
ഉയര്‍ച്ചയില്‍ അസൂയ ഹോബി ആണേ
മറ്റുള്ളവര്‍ ഇന്നവിധം വേണമെന്നു നിഷ്കര്‍ഷയുണ്ടേ
അവര്‍ക്കവ്വിധം ബാധകമല്ലേ,
കുറ്റങ്ങളും കുറവുകളും ഇല്ലാ "പാവങ്ങള്‍ ‍"