Friday, November 18, 2016

പ്രിയങ്ക, വാന്മതി, റാണി, ചിന്നമ്മ, സുകന്യ...

പ്രിയങ്ക ഭാരതി!!! ഹേയ് ശാരദ, വിമല, ഹരിയ,.....,....,  വിദ്യ ബാലന്‍ സ്വച്ഛ ഭാരത അഭിയാന്‍ പരസ്യത്തില്‍ വിളിച്ചു കൂവുന്ന പോലെ തോന്നിയോ ഈ പോസ്റ്റിന്റെ തലക്കെട്ട്‌? അല്ല!!!
ഇത് തിരുവനന്തപുരം ശ്രീ ചിത്രയില്‍ ചികിത്സയില്‍ കഴിഞ്ഞ തല കുഴപ്പത്തിലായ ചിലരുടെ പേരുകള്‍ ആണുട്ടോ.   ഹൃദയം കുഴപ്പത്തിലായ ഒരാളെയും കൊണ്ട് അവിടെ ചെന്ന കഥയൊക്കെ ഇവിടെ ഞാന്‍ വിളമ്പിയിട്ടുണ്ട്.  മാര്‍ച്ച്‌ മാസത്തിലെ അവസാന ദിനങ്ങളിലൊന്നില്‍ ഒരു നല്ല തലവേദന വന്ന് പാലക്കാട്‌ അഡ്മിറ്റ്‌ ചെയ്യുകയും ചികിത്സ നടക്കുന്ന സമയത്ത് ഏട്ടന്റെ കൂടെ 10 ഒഴിച്ച് ബാക്കി ദിവസങ്ങള്‍ ഞാന്‍ അവധിയില്‍ ആയതിനാല്‍ ആഘോഷമാക്കി നീങ്ങുന്നതിനിടയില്‍ ജൂണില്‍ വീണ്ടും ഒരു സ്കാന്‍ നടത്താന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയും എന്റെ തല കുഴപ്പത്തിലായി എന്ന് ഡോക്ടര്‍ ഉറപ്പിച്ച് ശ്രീ ചിത്രയില്‍ പോകാനുള്ള കത്ത് തന്ന് കൃത്യം ഒരാഴ്ചയ്ക്കകം എന്റെ ആ "നല്ല കുട്ടി" എന്റെ കൈ വിട്ടുപോകുകയും ഉണ്ടായി. 

പിന്നെ 1 1/2 മാസം കഴിഞ്ഞാണ് തിരുവനന്തപുരത്തെ ശ്രീ ചിത്രയില്‍ ന്യൂറോ സര്‍ജറി വിഭാഗത്തില്‍ അനിയത്തിയുടെ കൂടെ പോയത്.  ഇനി കഥ തുടങ്ങാം അല്ലെ?

ശ്രീ ചിത്രയില്‍ ബൈ സ്റ്റാന്‍ഡര്‍ ഔട്ട്‌സ്റ്റാന്‍ഡര്‍ ആണെന്ന് അറിയാമല്ലോ.വൈകിട്ട് 4 മണി മുതല്‍ 6 മണിവരെ മാത്രമാണ് സന്ദര്‍ശകര്‍ക്ക് അല്ലെങ്കില്‍ ബൈ സ്റ്റാന്‍ഡര്‍ക്ക് രോഗിയെ കാണാന്‍ അനുവദിക്കുന്നത്.  അതുവരെ രോഗികളുടെ ബന്ധുക്കള്‍ പുറത്ത് കാത്തിരിക്കണം.  അവര്‍ തമ്മില്‍ അവിടെ പരിചയത്തിലാവുമ്പോള്‍ ഇവിടെ ഞങ്ങളും വളരെയധികം പരസ്പരം താങ്ങാവുകയായിരുന്നു.  

നിനക്കെന്തെങ്കിലും തോന്നുന്നുണ്ടോ, എന്റെ കിടക്കയുടെ നേരെ മുകളില്‍ സീലിംഗ് അടര്‍ന്ന ഭാഗം കാണിച്ചുകൊടുത്തുകൊണ്ട് എന്റെ അനിയത്തിയോട് ഞാന്‍ ചോദിച്ചു. ഒട്ടും ക്ഷമയില്ലാതെ ഞാന്‍ "വേഗം പറയൂമാ". "നില്‍ക്ക്‌, ഞാനൊന്നു നോക്കട്ടെ". അവള്‍ നിന്നട്ടല്ലേ നോക്കുന്നത്.  അത്ര വ്യക്തമല്ല. അടര്‍ന്ന ഭാഗം ഒരു ചിത്രമായി എന്റെ മനസ്സില്‍ തെളിഞ്ഞു നില്‍ക്കുകയായിരുന്നു.  ശരിക്കും.  ഓടക്കുഴലൂതി കാലുകള്‍ പിണച്ചുവെച്ച പീലിചൂടിയ ശ്രീകൃഷ്ണ രൂപം.     "ഇനിയാരും കളിയാക്കല്ലേ. ഞാന്‍ കണ്ടു. ഞാനേ കണ്ടുള്ളൂ" എന്ന് നന്ദനം ബാലാമണി സ്റ്റൈലില്‍.  അവള്‍ക്കും അത് തോന്നി. പീലിയും ഓടക്കുഴലും. കാലുകളുടെ കാര്യം ഞാന്‍ പറഞ്ഞപ്പോള്‍ ശ്രദ്ധിച്ചു.  കൂടെയുണ്ട് കൃഷ്ണന്‍.  ഒന്നും സഹിക്കാന്‍ വയ്യാത്ത എനിക്ക് ഉറച്ച തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തയാക്കിയതിന്, അത് പറയാന്‍ സധൈര്യം തന്നതിന്, അഭിപ്രായ സ്വാതന്ത്ര്യത്തിന്, എന്റെ രോഗാവസ്ഥയാണ് കാരണം.  

അതിരാവിലെ 4 മണിക്ക് അവിടെ നമ്മളെ ഉണര്‍ത്തി പ്രഭാത കര്‍മങ്ങള്‍ ചെയ്യാന്‍ വിടും.  ആ സമയത്താണ് കിടക്കവിരി മാറ്റുന്നതും മറ്റും.  ആള്‍ സഹായം ആവശ്യമുള്ളവര്‍ക്ക് നഴ്സിംഗ് അസിസ്റ്റന്റ്‌മാര്‍ കൂടെ വരും.  ഞാന്‍, ചിന്നമ്മ ഒക്കെ ആദ്യംതന്നെ ഉണരുകയും കര്‍മങ്ങള്‍ തനിയെ ചെയ്യുകയും ആയിരുന്നു. ചിന്നമ്മയുടെ മക്കള്‍ വിദേശത്ത്.  സര്‍ജറി കഴിഞ്ഞ് അസുഖം ഭേദമായിട്ടുവേണം അവര്‍ക്ക് വല്ലതും വെച്ചു വിളമ്പാന്‍ എന്ന് പറയുന്ന ഒരു പാവം അമ്മ. എനിക്ക് 50 വയസ്സ് എന്ന് കേട്ടപ്പോള്‍ " കണ്ടാല്‍ പറയുകേല കേട്ടോ?" ;) ഗോളടിച്ചുലേ!!   പിന്നെ പ്രിയങ്ക.  കല്യാണം കഴിഞ്ഞിട്ട് അധികം ആയില്ല.  പെട്ടെന്നാണല്ലോ ഇങ്ങനത്തെ അസുഖം വരുന്നത്. എനിക്ക് ഒരു ടെസ്റ്റ്‌ മാത്രം ചെയ്‌താല്‍ മതിയെന്നും, സര്‍ജറിക്ക് തയ്യാറല്ല എന്നും വല്യ ഡോക്ടറോട് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ ചേച്ചി പേടിക്കേണ്ട, അതു ചെറിയ വേദനയെ ഉണ്ടാവൂ എന്ന് പറഞ്ഞു സമാധാനിപ്പിക്കുമായിരുന്നു. ഈ കുട്ടിക്ക് മംഗലാപുരത്ത് ആ ടെസ്റ്റ്‌ കഴിഞ്ഞതാണ്.   നല്ല വണ്ണവും നീളവും ഉള്ള മുടിയുള്ള കുട്ടി. ന്യൂറോ സര്‍ജറിക്ക് ആവശ്യമുള്ള ഭാഗം മാത്രമേ മുടി മുറിക്കുകയുള്ളു.  സര്‍ജറി കഴിഞ്ഞിട്ടും ആ കുട്ടി ആ വാര്‍ഡില്‍ 'കൂള്‍' ആയി ഇരുന്നു.  വേദനയും പേടിയും പുറത്തുകാണിക്കാത്ത കുട്ടി.  കണ്ണൂരുകാരി ആയതുകൊണ്ട് പേടിയെ ഇല്ലല്ലേ എന്നൊക്കെ എല്ലാരും പറയും. അടുത്തത് ശ്രീജ, PSC ലിസ്റ്റില്‍ പേരുള്ള കുട്ടി. ചിലപ്പോ ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റില്‍ തന്നെ ചേരുമായിരിക്കാം. എവിടെയെങ്കിലും വെച്ച് കാണുമായിരിക്കാം.   റാണിയും വാന്മതിയും എന്റെ സമപ്രായക്കാര്‍.  ഉഷാറാണിയും, ശ്രുതിയും പാവം കുട്ടികള്‍.

റാണിയുടെ കൂടെ ഒരു ദിവസം ഐ സി യു വിലും കിടന്ന പരിചയം.  തമിഴ് എനിക്ക് കൊഞ്ചം കൊഞ്ചം തെരിയും.  അതനാലെ അവങ്കളോടെ മകന്‍ വന്ത് എങ്കിട്ട എപ്പോതും ശൊല്ലും. "അമ്മാവുക്ക് കൊഞ്ചം ആറുതല്‍ കുടുങ്ക" എന്ന്.  ഉഷാറാണിയും തമിഴ് ആണ്.  ആ കുട്ടിയുടെ അമ്മ വന്ത് എന്നോട് "പാപ്പാവേ കൊഞ്ചം പാത്തുക്കോങ്ക". വാന്മതി വളരെ പേടിയുള്ള ഒരമ്മ.  സര്‍ജറി തലേന്ന് ഞങ്ങള്‍ക്കൊക്കെ പഴവങ്ങാടി ഗണപതിയുടെ ചന്ദനം തന്നു.  നമ്മളെയും "ഭയമുരുത്തും" ആ അമ്മ. സിസ്റ്റര്‍ വന്നപ്പോള്‍ നെറ്റിയില്‍ ചന്ദനം.  ആ സിസ്റ്റര്‍ മലയാളച്ചുവയോടെ തമിഴ് പറയും, തമാശയോടെ കാര്യങ്ങള്‍ പറയും.  ഗണപതിയുടെ അനുഗ്രഹമെല്ലാം എല്ലാര്‍ക്കും കിടയ്ക്കും,   ഡോക്ടര്‍ തിട്ടും, സര്‍ജറിക്ക് പോകുംപോത് നെറ്റിയില്‍ ഇതൊന്നും പോടക്കൂടാത്". അപ്പിടിയാ എന്ന് വാന്മതി.  കുളിര്‍ കുളിരാ വരുത്, ഭയമായിരിക്ക് എന്നൊക്കെ പറയും.  സിസ്റ്റര്‍ പറയും,വന്മതി, മറ്റുള്ളവരെ പേടിപ്പിക്കരുത് (സിസ്റ്റര്‍ വാന്മതിയെ വന്മതി എന്നാ വിളിക്കുക). അവിടെ ഞങ്ങള്‍ക്ക് രോഗികള്‍ക്കുള്ള ഡ്രസ്സ്‌ തരും അതെ ഇടാന്‍ പാടൂ. പൈജാമയും ബാക്ക് ഓപ്പണ്‍ ടോപ്‌. വാന്മതിയും റാണിയും പറഞ്ഞതാ "വാഴ്ക്കയില്‍ മുതല്‍ തടവതാന്‍ ഇന്ത ചുരിദാര്‍ പോടറത്". ഞാനും ഏകദേശം ഈ പോലെ തന്നെ. കല്യാണത്തിനുമുന്‍പ് എപ്പോഴോ ഒന്നുരണ്ടുതവണ ഇട്ടിട്ടുണ്ട്.  പിന്നെ അഞ്ജന. തിരുവനന്തപുരംകാരി.  ചെറിയ കുട്ടികളെപോലെ ആണ് പെരുമാറ്റം. അവരുടെ അമ്മയും സഹോദരിയും കാണാന്‍ വരും.  വളരെ സ്നേഹപൂവം അമ്മയെപോലെ എന്നോടും അഞ്ജനയുടെ അമ്മ. പോകാന്‍ നേരം പറയും "മോളെ ഒന്ന് നോക്കണേ" എന്ന്.  അപ്പൊ അഞ്ജനയുടെ സഹോദരി "പണി കിട്ടിയല്ലേ"  എന്ന് ചിരിച്ചുകൊണ്ട് പറയും. ഓ, ഇതൊക്കെ എന്ത് പണി. എനിക്ക് സന്തോഷമേ ഉള്ളു.  പക്ഷെ പണി കിട്ടി. അത് പറയാം. 

ഒരാഴ്ചയാണ് ശ്രീചിത്രയില്‍ ഉണ്ടായിരുന്നത് ഓരോ ദിവസവും സര്‍ജറി അല്ലെങ്കില്‍ ടെസ്റ്റ്‌ വേണ്ടിവരുന്നവര്‍ക്ക് NPO (Nil per os, അതായത് Nothing by mouth) ബോര്‍ഡ്‌ വെയ്ക്കും. അന്ന് അന്നാഹാരം കിട്ടില്ല. കാന്റീനില്‍ നിന്ന്  ഭക്ഷണം വരുമ്പോള്‍ ആ ബോര്‍ഡ്‌ ഉള്ളവര്‍ക്ക് വെക്കില്ല.  ഒരു തിങ്കളില്‍ അഡ്മിറ്റ്‌ ചെയ്യുന്നതിന് മുമ്പായുള്ള ടെസ്റ്റുകള്‍ക്ക് വേണ്ടി അലഞ്ഞ് ഭക്ഷണം ശരിക്കും കഴിക്കാന്‍ പറ്റിയില്ല. ചൊവ്വ മുതല്‍ വ്യാഴം വരെ ബോര്‍ഡും. ഓരോ ദിവസവും ടെസ്റ്റ്‌ മാറ്റിവെക്കുമ്പോള്‍ ഞാന്‍ അനിയത്തിയുടെ മുഖത്ത് നോക്കും.  അവള്‍ക്കൊന്നും പുറത്തുനിന്നും വാങ്ങിത്തരാന്‍ പാടില്ല.  പിന്നെ നേഴ്സ്മാരോട് പറഞ്ഞാല്‍ ബാക്കിയുള്ള കഞ്ഞിയോ മറ്റോ കിട്ടും. എനിക്ക് നന്നായറിയാവുന്ന ആശുപത്രി.  കുറെയേറെ ജീവനക്കാരെ ഏട്ടന്റെ ചികിത്സയ്ക്ക് ശേഷം പിന്നെയും കാണാന്‍ കഴിഞ്ഞു.  എനിക്ക് നല്ല അഭിപ്രായവുമാണ് അവിടുത്തെ രീതികളോട്.  പ്രത്യേകിച്ചും നേഴ്സ്, അസിസ്റ്റന്റ്‌-മാരുടെ ആത്മാര്‍ത്ഥമായ സേവനം. ഐ സി യു വില്‍ ഒരു ദിവസം കിടന്നില്ലേ. അന്ന് രാത്രി എന്റെ എതിര്‍ വശത്ത്‌ കിടന്നിരുന്ന നല്ല പൊക്കവും തടിയും ഉള്ള ഒരു രോഗിയ്ക്ക് അപസ്മാരം വന്നപ്പോള്‍ കഷ്ടപ്പെട്ടത് കുറെ സിസ്റ്റര്‍മാര്‍ ആണ്.  ചെറിയ പ്രായം, സ്ലിം ആയ കുറെ സുന്ദരികുട്ടികള്‍.  അവര്‍ക്ക് പിന്നീട് ഡോക്ടര്‍മാരുടെ വഴക്ക് കേട്ടപ്പോ എനിക്ക് സങ്കടം തോന്നി.  ഡോക്ടര്‍മാരും എല്ലാ ഭാഷയും കൈകാര്യം ചെയ്യുന്നവരും  സ്നേഹപൂര്‍വ്വം സംസാരിക്കുകയും ചെയ്യുമെങ്കിലും ചില ഡോക്ടര്‍മാര്‍ക്കിടയില്‍ ഒരു tug of war ഉണ്ടെന്ന് എന്റെ തോന്നല്‍. പാലക്കാടും തൃശൂരും ചെയ്ത സ്കാന്‍ റിപ്പോര്‍ട്ട് കണ്ടതും അസുഖം വരാന്‍ കാരണം കറക്റ്റ് ആയി പറഞ്ഞ വല്യ ഡോക്ടര്‍, അദ്ദേഹം പ്രൊഫസറും കൂടിയാണ്, നമിക്കുന്നു അങ്ങയെ.

സര്‍ജറി ചെയ്യുന്ന ഡോക്ടര്‍മാര്‍ ദിവസവും വരും. ഓരോ രോഗിയുടെയും മുന്‍പില്‍ നിന്ന് തന്നെ ചെറിയ ഡോക്ടര്‍മാരോട് explain this, that എന്നൊക്കെ പറയുന്നതും ചെറിയ ഡോക്ടര്‍മാര്‍ തമ്മില്‍ തമ്മില്‍ നോക്കി വിയര്‍ക്കുന്നതും ഒക്കെ ഞാന്‍ ശ്രദ്ധിക്കും. വേറെ പണിയെന്താ എനിക്ക്. അവിടുത്തെ സ്റ്റാഫ് പലരും ഞാന്‍ ഹെല്‍ത്ത്‌ ഡിപ്പാര്‍ട്ട്മെന്റിലാണെന്നാണ് കരുതിയിട്ടുള്ളത്. ;).  അങ്ങനെ എനിക്ക് വ്യാഴാഴ്ച ടെസ്റ്റ്‌ നടത്താന്‍ വിളിച്ചു. ഉച്ചയ്ക്കുശേഷം.  പേടിക്കേണ്ടട്ടോ ചേച്ചി എന്ന് പറഞ്ഞ് എന്റെ അനിയത്തി കയ്യില്‍ തൊട്ടപ്പോള്‍ അവളുടെ കൈ ഐസ് പോലെ. അവളോട്‌ സംസാരിച്ചപ്പോള്‍ ചേച്ചി മാത്രമല്ല ഈ ലോകത്ത് പാവം എന്ന് തോന്നിയ ജിമ്മി പറഞ്ഞപോലെ, ഞാനും മനസ്സില്‍ വിചാരിച്ചു, പാവം. അവളില്‍ ഞാന്‍ എന്നെ കണ്ടു.  ഏട്ടന്റെ ടെസ്റ്റ്‌ ചെയ്യാന്‍ കൂടെയുണ്ടായിരുന്ന എന്നെ. പക്ഷെ ജിമ്മിയെപോലെയല്ല പലരും.  സ്മാര്‍ട്ട്‌ ഫോണില്‍ അവള്‍ക്ക് പരിചയമില്ല. നെട്ടോട്ടം ഓടാന്‍ അവള്‍ മാത്രേയുള്ളൂ. പിന്നെ എന്റെ ബാഗ്‌, സ്വര്‍ണം ഒക്കെ നോക്കണം. ഒന്ന് മൂത്രം ഒഴിക്കണമെങ്കില്‍ റൂമില്‍ പോകണം. രാവിലെ 7 മുതല്‍ 9 വരെ Waiting hall-ല്‍ ഇരിക്കണം, എപ്പോഴാ ബൈ സ്റ്റാന്‍ഡറെ വിളിക്കുകയെന്നറിയില്ല. ആരോടും ഞങ്ങള്‍ പരാതിയും പറഞ്ഞിട്ടില്ല.  അവളെ വിളിച്ചിട്ട് കിട്ടിയില്ല എന്ന് ഇങ്ങോട്ട് പരാതി പറഞ്ഞവരോട് ഞാന്‍ നല്ല കണക്കിന് മറുപടി കൊടുത്തു.  വൈകിട്ട് 4 മണി മുതല്‍ 6 മണി വരെ visiting timeല്‍ അവള്‍ ഫോണ്‍ എന്റെ കയ്യില്‍ തരും.  അപ്പോള്‍ വേണ്ടപ്പെട്ട കുറച്ചുപേരെ വിളിച്ച് മറ്റുള്ളവരോടും വിവരങ്ങള്‍ പറയാന്‍ പറയുമായിരുന്നു.  നല്ല ഒരു കാലം.  ആളുകളെ തിരിച്ചറിഞ്ഞ കാലം.

2 മണിക്കൂര്‍ കൊണ്ട് ടെസ്റ്റ്‌ തീര്‍ന്നു. റിപ്പോര്‍ട്ട് പിറ്റേദിവസം കിട്ടി. ബ്രെയിന്‍ അന്യൂറിസം ഉണ്ടെന്ന് ഉറപ്പായി.  സര്‍ജറിക്ക് റെഡി ആവാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ വേണ്ട എന്ന് ഒറ്റക്കാലില്‍. അനിയത്തിമാര്‍ എന്തിനും കൂടെയുണ്ടെന്ന് പറഞ്ഞപ്പോഴും  ഞാന്‍ സമ്മതിച്ചില്ല.  പ്രൊഫസര്‍ പറഞ്ഞിരുന്നു. ടെസ്റ്റ്‌ കഴിഞ്ഞ് സര്‍ജറി വേണ്ടെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യാമെന്ന്. പക്ഷെ വല്യ ഡോക്ടര്‍ കടുംപിടുത്തം.  വല്ലാതെ വഴക്കും കേള്‍ക്കേണ്ടി വന്നു എനിക്കും, അവള്‍ക്കും.  പാലക്കാട്‌ നിങ്ങളുടെ ഡോക്ടറെ ഞാന്‍ വിളിക്കുന്നുണ്ടെന്നും, "പിന്നെന്തിനു ഇവിടെ വന്നു"? എന്നും ചോദിച്ചപ്പോള്‍ അതിനു മറുപടിയായി കാര്യങ്ങള്‍ വിശദീകരിച്ചു പറയാന്‍ സമ്മതിക്കാതെ "നിങ്ങളെ ബ്ലാക്ക്‌ ഔട്ട്‌ ആക്കും" എന്ന് ഡോക്ടര്‍. എന്തും നേരിടാന്‍ തയ്യാറായി ഞാനും. ഒരു ഡോക്ടറും ഒരു രോഗിയോട് ഇത്ര harsh ആയി സംസാരിച്ചിട്ടുണ്ടാകുമോ? ആരെയും ഭയക്കാതെ, ഒന്നിനെയും വകവെക്കാതെ മുന്നോട്ടുപോവാന്‍ കൃഷ്ണന്‍ എനിക്കായി തന്ന അവസരമായി ഞാനിതിനെ കാണുന്നു. പിന്നീട് പാലക്കാട്‌ എന്നെ ചികിത്സിച്ച ഡോക്ടറോട് ശകാരം കേള്‍ക്കേണ്ടി വന്ന കാര്യം പറഞ്ഞപ്പോള്‍ എന്നെ സമാധാനിപ്പിച്ചു. "ആഹാ അങ്ങനെ പറഞ്ഞോ ......വല്യ ഡോക്ടര്‍ ആയതുകൊണ്ടാ അങ്ങനെ പറഞ്ഞെ, ഞാന്‍ വിളിക്കുന്നുണ്ടുട്ടോ" എന്നും. :D   

നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു... എന്നെയും ഏട്ടനേയും ആശുപത്രിയില്‍ എത്തിക്കാന്‍ മുന്‍പില്‍ തന്നെയുള്ള എന്റെ ക്വാര്‍ട്ടെഴ്സ് നിവാസികളോട്, എന്റെ അഭാവത്തില്‍ എട്ടന് ആഹാരം എത്തിച്ചും ആശ്വസിപ്പിച്ചും എത്തിയ ആളുകളോട്, എന്നെ വീണ്ടും എഴുന്നേറ്റുനില്‍ക്കാന്‍ പ്രാപ്തയാക്കിയ എന്റെ 3 അനിയത്തിമാരോട്, അവരുടെ കുടുംബത്തോട്, മക്കളുടെ നിഷ്കളങ്ക സ്നേഹത്തോട്, സ്നേഹത്തോടെ പെരുമാറുന്ന, അന്വേഷിക്കുന്ന എന്റെ ഭര്‍ത്താവിന്റെ സഹോദരങ്ങളോടും അവരുടെ കുടുംബങ്ങളോടും, എന്റെ മുന്‍പില്‍ വളര്‍ന്ന അവരുടെ കുട്ടികളുടെയും പേരക്കുട്ടികളുടെയും എന്നോടുള്ള ഇഷ്ടത്തോട്,  എനിക്ക് കൂട്ടിന് നല്ല സുഹൃത്തുക്കളെ തന്നതിന്,  നല്ല ബന്ധുക്കളെ തന്നതിന്, എന്നും തുണയായി നിന്ന എന്റെ അച്ഛന്റെ അനിയന്റെ മകന്‍, സമപ്രായക്കാരന്‍, വെറും 6 മാസം മാത്രം താഴെ എന്ന് പറയാവുന്ന എന്റെ ആ സഹോദരന്‍, ഒരു ആവലാതിയും പറയാതെ കൂടെ നിന്നതിന്, അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളോടും കുടുംബാംഗങ്ങളോടും, പ്രത്യേകിച്ച്, ആരും എത്തും  മുന്‍പ് എന്നുമെന്നരികില്‍ ആശ്വാസമായി വരുന്ന എന്റെ ഓഫീസിലെ  സഹപ്രവര്‍ത്തകരോട്, പണ്ട് ജോലി ചെയ്ത സ്ഥലങ്ങളിലെ കൂട്ടുകാരുടെ ഇന്നും തുടരുന്ന സ്നേഹത്തിന്, ബാല്യകാലസഖിമാരുടെ ഇന്നുമുള്ള കൂട്ടിന്, കാണാമറയത്തെ നിങ്ങളുടെ സൌഹൃദാന്വേഷണങ്ങള്‍ക്ക്,   എങ്ങനെ ഞാന്‍ നന്ദി പറയും.   എന്റെ അച്ഛന്‍ എപ്പോഴും പറയുന്ന ഒരു പ്രയോഗമുണ്ട്, "നണ്ട്രി വേണ്ടാം പണം പോതും". പണം തന്നു സഹായിച്ച കൂട്ടുകാര്‍ക്ക് പണവും തിരികെ വേണ്ടാത്രേ.  എന്നാ പിന്നെ നന്ദിയും ചൊല്ലാനില്ല.  ഞാന്‍ നിങ്ങള്‍ക്ക് കടപ്പെട്ടിരിക്കുന്നു, പ്രണാമം.

ഏട്ടന്റെ ശ്രീചിത്ര കഥ എഴുതിയകാലത്താണ് 25 പൈസ പിന്‍വലിച്ചത്. ഇതാ ഇപ്പൊ അഞ്ഞൂറും ആയിരവും. !!!!  ഈയിടയ്ക്കൊന്നും ആരും ഈ വഴിക്ക് വരരുതേ.  ഒരു രണ്ടായിരത്തിന്റെ കരിമ്പ്‌ ജ്യൂസ്‌ വാങ്ങിത്തരും. പറഞ്ഞേക്കാം.

വാല്‍കഷ്ണം :- ഒരു സിസ്റ്റര്‍ പറഞ്ഞതാ : "ഫീമേല്‍ വാര്‍ഡുകാര്‍ രാവിലെ മുതല്‍ കിടക്കയില്‍ കിടക്കുമ്പോള്‍, ആ Male വാര്‍ഡിലേക്ക് ഒന്നു നോക്കിയേ. ആരെങ്കിലും കിടക്കുന്നുണ്ടോ, ഒന്നുകില്‍ ടി വി കാണുന്നുണ്ടാകും, അല്ലെങ്കില്‍ വര്‍ത്തമാനം പറഞ്ഞിരിക്കുകയാവും, അല്ലെങ്കില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരിക്കും". അപ്പോഴാ ഞങ്ങള്‍ അത് ശ്രദ്ധിച്ചത്.  ഞങ്ങള്‍ പറയാത്തത് കൊണ്ടാണത്രേ ഫീമേല്‍ വാര്‍ഡില്‍ ടി വി വെക്കാത്തത്.  ആ സിസ്റ്റര്‍ ഞങ്ങളെ ഒന്നുഷാറാക്കി. ;)

28 comments:

 1. സത്യത്തിൽ ഇതെന്നാ കഥയോ അനുഭവമോ?വായിച്ച്‌ ആകെയൊരു വീർപ്പുമുട്ടൽ.

  ReplyDelete
  Replies
  1. കഥ പോലെ പറയാൻ ശ്രമിച്ച അനുഭവം. പോരായ്മകൾ കണ്ടേക്കാം. അതാണ്‌ ഇപ്പോഴത്തെ സ്ഥിതി

   Delete
 2. അന്ന് പറഞ്ഞതു പോലെ വീണ്ടും പറയുന്നു... ഇതൊന്നും സാരമില്ല ചേച്ചീ... നമ്മള്‍ ഒരിയ്ക്കലും പ്രതീക്ഷിയ്ക്കാതെ നേരിടേണ്ടി വരുന്ന വിധിയുടെ ചില കളികള്‍... അങ്ങനെ കണക്കാക്കിയാല്‍ മതിയെന്നേ... എല്ലാം നേരിടാനുള്ള ശക്തി ഉണ്ടാകട്ടെ, എത്രയും വേഗം പഴയ പോലെ ഉഷാറാകട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു...

  എന്റെ മെഡിക്കല്‍ ട്രസ്റ്റിലെ രണ്ടാഴ്ച ഓര്‍മ്മ വന്നു, വായിച്ചപ്പോള്‍...

  ഓഫ്: 2000 രൂപയ്ക്ക് കരിമ്പിന്‍ ജ്യൂസ്!!! ;)

  ReplyDelete
  Replies

  1. അതെ ഒട്ടും പ്രതീക്ഷിക്കാത്ത 2 കാര്യങ്ങൾ. വിനുവേട്ടൻ വിവരമറിയിച്ച്‌ ശ്രീ വിളിച്ച ശേഷം മുന്നോട്ടു പോവാൻ ധൈര്യമായി. കാരണം ശ്രീയും സമാനമായ രോഗാവസ്ഥയിലൂടെ കടന്നുപോയ ആളല്ലെ. പിന്നെയാ കരിമ്പിൻ ജ്യൂസ്‌ എന്തെങ്കിലും ചിരിക്കാനും . വേണ്ടെ. പാവം ജിമ്മി.

   Delete
 3. വിവരങ്ങള്‍ അപ്പോള്‍ അപ്പോ‍ള്‍ തന്നെ അറിയുന്നുണ്ടായിരുന്നു സുകന്യാജീ, ജിമ്മി വഴി... വിളിച്ച് വിഷമിപ്പിക്കണ്ടല്ലോ എന്ന് കരുതിയാണ് വിളിക്കാതിരുന്നത്...

  ശ്രീ പറഞ്ഞത് പോലെ... മുന്നോട്ട് തന്നെ പോകുക... പ്രതീക്ഷകളാണല്ലോ നമ്മെ നയിക്കുന്നത്...

  ഓഫ് : 2000 രൂപ എന്ന പൊതിയാത്തേങ്ങയുമായി നമ്മുടെ ജിമ്മി നാട്ടില്‍ തേരാപാരാ നടക്കുന്നുണ്ട്... കരിമ്പിന്‍ ജ്യൂസ് ജാഗ്രതൈ...

  ReplyDelete
  Replies

  1. വിനുവേട്ടന്റെ മെസ്സേജിൽ നിന്ന് ആ വിഷമം എനിക്ക്‌ നന്നായി മനസ്സിലായി. ജാക്ക്‌ ഹിഗ്ഗിംഗ്‌ നോവെലൊക്കെ പുലിപോലെ വിവർത്തനം ചെയ്യുമെങ്കിലും വെറും പാവമാണെന്ന് ആർക്കാ അറിയാത്തത്‌? പൊതിയാ തേങ്ങയും തേരാപാരാ നടത്തവും ചിരിപ്പിച്ചുട്ടൊ.

   Delete
 4. ഏറെ നാളുകൾക്ക് ശേഷം 'പവിഴ മല്ലി'യിൽ പുതിയ നാമ്പുകൾ തളിരിട്ടുവല്ലോ.. സന്തോഷമായി ചേച്ചീ..

  ഓർമ്മകളും അനുഭവങ്ങളും മുന്നോട്ടുളള പ്രയാണത്തിന് കരുത്ത് പകരട്ടെ..

  ഓ.ടോ: രണ്ടായിരത്തിന്റ്റെ കരിമ്പിൻ ജ്യൂസ് !!! (പെരുത്തിഷ്ടായി ട്ടാ..) ഞാനൊരു വരവ് കൂടെ വരേണ്ടി വരും.. ജാഗ്രതൈ..

  ReplyDelete
  Replies

  1. ഒന്നുഷാറായില്ലോലേ. ബ്ലോഗും ഞാനും. നിങ്ങളില്ലാതെ എനിക്കെന്ത്‌ ബ്ലോഗ്‌. മുന്നോട്ടുപോവുക തന്നെ. ഇന്നാളും കൂടി അനിതെ വിളിച്ച്‌ കരിമ്പ്‌ ജ്യൂസ്‌ കാര്യങ്ങൾ പറഞ്ഞു ചിരിച്ചു. പെരുത്തിഷ്ടായി ഈ കമന്റും.

   Delete
 5. വായിച്ചപ്പോള്‍ പെട്ടെന്നൊരു വിഷമം. വിളിപ്പാടകലെയുള്ള എഴുത്തുകാരിയുടെ അനുഭവം അതാണുണ്ടാക്കിയത്. പെട്ടെന്ന് ഞാന്‍ എന്നെക്കുറിച്ചോര്‍ത്തു. നീക്കംചെയ്യാനാവാത്ത 2 ട്യൂമര്‍ അകത്ത് സൂക്ഷിച്ച് കഴിയാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. അതൊക്കെ അങ്ങിനെയിരിക്കും.

  ReplyDelete
  Replies
  1. അത്യോ? ദൈവമേ, നമ്മളൊക്കെ ഈ ലോകത്ത് എത്ര നിസ്സാരര്‍ അല്ലെ. മുന്നോട്ടു പോവുക തന്നെ. ഒന്നും വരില്ല. ദൈവം കാത്തുകൊള്ളും.

   Delete
 6. thats an interesting one.. lots of observation n care gone in to it

  ReplyDelete
 7. ബ്ലോഗ് വായനയും, എഴുത്തും കുറഞ്ഞു.
  ഇപ്പോഴീ വായനയിൽ അല്പം വിഷാദവും കലർന്നു.
  എന്തായാലും ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുക.
  ആശംസകൾ!

  ReplyDelete
  Replies
  1. ഇത്‌ സംബന്ധിച്ചാണ്‌ അന്ന് ഡോക്ടറോട്‌ വിളിക്കാമെന്ന്‌ പറഞ്ഞത്‌. പിന്നീട്‌ വിളിക്കാൻ പറ്റിയില്ല. മുന്നോട്ടുപോവുന്നു. :)

   Delete
 8. രണ്ടാഴ്ച്ച മുംമ്പ് പവിഴ മല്ലി വീണ്ടും
  തളിർത്തപ്പോൾ വളരെ സന്തോഷം അനുഭവപ്പെട്ടിരുന്നു...
  വളരെ നാന്നായി അന്നുള്ള ആശുപത്ര്യാനുഭവങ്ങൾ വിവരിച്ചിരിക്കുന്നു.
  പിന്നെ
  വിധിയുടെ ചില കളിവിളയാട്ടങ്ങൾ നമ്മെയെല്ലാം പലപ്പോഴുമെടുത്ത്
  അമ്മാനമാടി കളിക്കാറുണ്ട് .ആ ദു:ഖങ്ങളൊക്കെ മറക്കാനുള്ള ഏറ്റവും
  നല്ല ഉപാധികളിലൊന്നാണ് നമ്മുടെ ബൂലോക തട്ടങ്ങളും അവിടെയുള്ള
  മിത്ര കൂട്ടായ്മകളും ...
  ഇവിടെ വന്നിരുന്ന് ഇതുപോലെ വല്ലപ്പോഴുമൊക്കെ സല്ലപിച്ച്
  കൊണ്ടിരുന്നാൽ ആയതൊരു വല്ലാത്ത ആശ്വാസമാണ് കേട്ടോ സുകന്യാജി

  ReplyDelete
  Replies
  1. ഇവിടെ വല്ലപ്പോഴും വരുന്നത് വല്യ ആശ്വാസം തന്നെയാണ്, മുരളീജീ, നമ്മക്ക് ബിലാത്തിക്കൊന്നും വരാന്‍ പറ്റില്ലല്ലോ. :D

   Delete
 9. നല്ല എഴുത്തിന്റെ കൂട്ടുകാരിയ്ക്കു വേഗം സുഖമാകട്ടെ...ആശംസകൾ
  ReplyDelete
  Replies
  1. കാണാമറയത്തെ സൌഹൃദത്തിനും ഈ പ്രാര്‍ത്ഥനയ്ക്കും നന്ദി.

   Delete
 10. ദിവസവും എത്രപേരാണ് ഇതുപോലെ
  ജീവിതത്തോട് മല്ലടിച്ച്
  ആശുപത്രികളില്‍ കഴിഞ്ഞുകൂടുന്നത്.
  ശരിക്കും ആശുപത്രികളാണ് ദേവാലയങ്ങള്‍.
  അവിടെയാണ് നമ്മള്‍ ദൈവത്തെ കാണുന്നത്.

  ReplyDelete
  Replies
  1. അതെ. ദൈവം പല തിരിച്ചറിവുകളും, വെളിച്ചവും, സ്നേഹവും, ധൈര്യവും ഒക്കെ പലരിലൂടെ പകര്‍ന്നു തരുന്ന ഒരു സ്ഥലം

   Delete
 11. പുതിയ പോസ്റ്റ് കാണാനില്ലല്ലോ
  പവിഴമല്ലിയുടെ പുതിയ മുഖ ഭംഗി
  ചേലായിട്ടുണ്ട് കേട്ടോ

  ReplyDelete
  Replies
  1. അപ്പൊ കണ്ടുലേ... ആ "നോട്ട്" പിന്‍വലിച്ചു. പുതിയതുമായി പിന്നെ വരാം.
   പുതിയമുഖം ഞാന്‍ വരച്ച ചിത്രമാണ്. മലമ്പുഴയിലെ കവ വരച്ചുനോക്കിയതാ. ചേലായിട്ടുണ്ട്??? !! നന്ദി നന്ദി.

   Delete
 12. ഗെറ്റ് വെൽ സൂൺ
  എഴുത്തിന്റെ ഭംഗിയിൽ കണ്ണ് നിറഞ്ഞു ............മനസ്സും ....

  ReplyDelete
  Replies
  1. നന്ദി രമണിക. സുഖമായിരിക്കുന്നു. :)

   Delete
 13. പ്രാര്‍ത്ഥനയോടെ.....ഒരല്‍പ്പം നൊമ്പരത്തോടെ വായിച്ചവസാനിപ്പിച്ചു ....തുടര്‍ന്നും എഴുതൂ ...എല്ലാരും കൂടെയുണ്ട് ..

  ReplyDelete
  Replies
  1. കണ്ണു നിറഞ്ഞു, മനസ്സും. എഴുതാം, തീർച്ചയായും

   Delete
 14. Hai,
  Welcome to the world's first Democratic Social Economy. More details www.empowr.com/srees

  ReplyDelete
 15. ഞാനിതൊന്നുമറിഞ്ഞില്ലിതുവരെ
  ഈ വഴിയൊരിക്കലും വന്നതുമില്ല

  നാലു വർഷത്തിനു മേലായി ബ്ലോഗുകളിൽ നിന്നകന്നിട്ട്. അതിന്റെ കുറവുകളാണ് ഇപ്പോൾ അനുഭവിക്കുന്നത് .. അന്ന് കേരളേട്ടന്റെ വീട്ടിൽ വച്ച് കണ്ട് വിശേഷങ്ങളറിഞ്ഞതുകൊണ്ട് കൂടുതൽ എഴുതുന്നില്ല.

  ReplyDelete