Friday, November 23, 2018

കുറുമ്പുമൊഴി

നല്ലോമല്‍ പൂവുമായ് വെള്ളിത്തിങ്കള്‍ വന്നല്ലോ

പാലൊളി പുഞ്ചിരിയുമായ് കാണാകണ്മണി വന്നല്ലോ
കുഞ്ഞോമനതന്‍ മനസ്സുമായ് കുറിമുണ്ടുടുത്തു വന്നല്ലോ
മണ്‍ചിരാതിന്‍ വെട്ടവുമായ്‌ തൃക്കാര്‍ത്തികയും വന്നല്ലോ


പുല്‍പായയിടും നേരം കൊച്ചുകുട്ടിയായ് വന്നല്ലോ
തൂശനിലയില്‍ വിളമ്പും പലരുചികളുമായ്‌ വന്നല്ലോ
നാവിലൂറിയ മധുരം നുണഞ്ഞ് നല്‍വാക്കായ് വന്നല്ലോ
തളിര്‍വെറ്റില സുഗന്ധം പരത്തും കാറ്റായും വന്നല്ലോ

ഇമ്പമാര്‍ന്നൊരു ഗാനത്തിന്‍ ഈണമായ് വന്നല്ലോ
കിരണങ്ങളുടെ പൊലിമതന്‍ വെളിച്ചമായ് വന്നല്ലോ
മിഴികള്‍ക്ക് മിഴിവേകാന്‍ കുറുമ്പുമൊഴിയായ് വന്നല്ലോ
അരിമുല്ലപൂക്കും പാതിരാവില്‍ നറുമണമായും വന്നല്ലോ

മടിയില്‍കിടത്തി മാറോട് ചേര്‍ക്കുംനേരം കൊഞ്ചലുമായ് വന്നല്ലോ
അലസമായ് പറക്കും അപ്പൂപ്പന്‍താടിതന്‍ തലോടലുമായ് വന്നല്ലോ
സ്വപ്നം കണ്ടുറങ്ങും വേളയില്‍ മയില്‍പീലിയായ് വന്നല്ലോ
നിനച്ചിരിക്കാതെ നിദ്രയ്ക്കിടയില്‍ പ്രളയമായും വന്നല്ലോ 

Wednesday, December 13, 2017

സേര്‍ത്തി ദരിശനം

സ്വാമിത്തോപ്പ് പതി
യാത്രാവിവരണം ഇതുവരെ എഴിതിയിട്ടില്ല.  ഒരുപാട് യാത്രകള്‍, മിക്കതും മുന്‍കൂട്ടി തയ്യാറാവാതെയുള്ളവ (അതിന് അലച്ചില്‍ എന്നാണത്രേ പറയുക), നടത്തിയിട്ടുണ്ട് എന്റെ നല്ലപാതിക്കൊപ്പം.  തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിലാണ് കൂടുതല്‍ പോയിട്ടുള്ളത്.   മലയാളികള്‍ ധാരാളമായി എത്തുന്ന മൂകാംബിക, ഉഡുപ്പി ശ്രീകൃഷ്ണന്‍, ധര്‍മസ്ഥല, തിരുപ്പതി വെങ്കിടാചലപതി, വെല്ലൂര്‍ ഗോള്‍ഡന്‍ ടെമ്പിള്‍, മരുതമല, ശ്രീരംഗം, സമയപുരം, തിരുവണ്ണാമല, കന്യാകുമാരി, ശുചീന്ദ്രം പോലുള്ള ക്ഷേത്രങ്ങള്‍. പിന്നെ ആരും അറിയുകപോലുമില്ലാത്ത ആദ്യകാല സാമൂഹിക പരിഷ്കര്‍ത്താവും ആത്മീയാചാര്യനുമായ ശ്രീ അയ്യാവൈകുണ്ഡ സ്വാമികളുടെ ജന്മസ്ഥലമായ കന്യാകുമാരി ജില്ലയിലെ അദ്ദേഹം സ്ഥാപിച്ച അഞ്ചുപതികളില്‍ പ്രധാനമായ സ്വാമിത്തോപ്പ് പതി, അവിടത്തെ ക്ഷേത്രം സന്ദര്‍ശിക്കാന്‍ കാരണമായത് വസന്ത് ടി വി യിലെ ഭക്തി ഗാന സംപ്രേഷണത്തില്‍ ഈ സ്ഥലം കാണിക്കുന്നുണ്ട്, അതില്‍ പഴക്കുലകള്‍ തലയിലേറ്റി ക്ഷേത്രത്തിലേക്ക് ഭക്തര്‍ പോവുന്നുണ്ട്.  ആ ദൃശ്യം ആണ് ഏട്ടന് അവിടെ പോകണമെന്ന് തോന്നിച്ചത്.
സ്വാമിത്തോപ്പ് പതി
2010ല്‍ ഒരോണക്കാലത്ത് ആറുപടൈ വീട് സന്ദര്‍ശിച്ചിരുന്നു.  അന്ന് അതിനുകഴിഞ്ഞത് പുണ്യമായി കരുതുന്നു.  ഏട്ടന്റെ ചിരകാലാഭിലാഷമായിരുന്നു അത്. ഏട്ടന്റെ അമ്മാമന്മാര്‍ മുരുകഭക്തര്‍ ആയതുകൊണ്ട് അവര്‍ പറഞ്ഞുകേട്ട അറിവാണ് ഇങ്ങനെ ഒരു അഭിലാഷം തോന്നിയത്.  പ്രത്യേക ക്രമത്തില്‍ ആറുമുരുകക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം മധുര മീനാക്ഷി കോവിലില്‍ മുരുകന്റെ മാതാപിതാക്കളെ വന്ദിച്ച് വീട്ടിലേക്ക് കയറുക.  ആറു മുരുക ക്ഷേത്രങ്ങള്‍ ക്രമത്തില്‍ ഇവയാണ്, തിരുപ്പറംകുണ്ട്രം, തിരുച്ചെന്തൂര്‍, പഴനി, സ്വാമിമല, തിരുത്തണി, പഴമുതിര്‍ച്ചോല.
പഴനി

പഴനി
ആദ്യത്തെ മൂന്നു പടൈകളിലും വീണ്ടും വീണ്ടും പോയിട്ടുണ്ട്.  എനിക്ക് തോന്നുന്നത്, ആറുമുരുക ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് വീട്ടിലേക്ക് കയറുക എന്നത് നമ്മുടെ വീടല്ല എന്നാണ്‌. അതായത്, മുരുകന്റെ വീട്   മുരുകന്റെ അച്ഛനും അമ്മയും താമസിക്കുന്ന മധുര മീനാക്ഷി ക്ഷേത്രം ഇതോടൊപ്പം സന്ദര്‍ശിക്കണമെന്നത്  ആ സംശയം ബലപ്പെടുത്തുന്നു.  ഇതില്‍ അടുത്തടുത്തായി പടൈകള്‍ ഉണ്ടെങ്കിലും ഈ ക്രമത്തില്‍ പോകണമെന്നതാണ് സവിശേഷത.  തിരുപ്പറംകുണ്ട്രം, പഴനി, പഴമുതിര്‍ച്ചോല, എന്നിവ മധുരയ്ക്കടുത്തും, സ്വാമിമല കുംഭകോണത്തും, തിരുച്ചെന്തൂര്‍ തൂത്തുകുടിയിലും, തിരുത്തണി ചെന്നൈക്കടുത്ത് തിരുവള്ളൂര്‍ ജില്ലയിലുമാണ്.  കഴിയുമെങ്കില്‍ Map ഇടാന്‍ ശ്രമിക്കാം.   ശബരിമല പോവുന്നതിന്റെ കാഠിന്യം ഇങ്ങനെ ക്രമത്തില്‍ പോവുന്നതില്‍ ഉണ്ടെന്ന് ഒരു ഏകദേശ  ധാരണ  നിങ്ങള്‍ക്ക് ഉണ്ടാവും.  അന്നൊന്നും ഞങ്ങളുടെ ഫോണില്‍ ക്യാമറ സൗകര്യം ഇല്ലായിരുന്നു.  അല്ലെങ്കില്‍ തകര്‍ത്തേനെ.  ;-)
Courtesy:Wikipedia
 സ്വാമിമലയ്ക്ക് പോകുന്നത് തഞ്ചാവൂര്‍ വഴിയാണ്.  തഞ്ചാവൂര്‍ പെരുമ ബ്രുഹദീശ്വര ക്ഷേത്രം, നവഗ്രഹ ക്ഷേത്രങ്ങള്‍, വൈത്തീശ്വരന്‍ കോവില്‍ വഴിയിലൂടെ ബസില്‍ പോകുമ്പോള്‍ തൊഴുതു പിന്നെ വരാം എന്നൊക്കെ മനസ്സില്‍ പറഞ്ഞുവെങ്കിലും ആ ആഗ്രഹം നടന്നിട്ടില്ല.  ഇതൊന്നും നമ്മുടെ കയ്യില്‍ അല്ലല്ലോ.
തിരുച്ചെന്തൂര്‍

തിരുച്ചെന്തൂര്‍ വള്ളി ഗുഹ
തിരുച്ചെന്തൂരിന്‍ കടലോരത്ത്
നാവില്‍ വെള്ളമൂറുന്ന വിഭവങ്ങള്‍, തമിഴ്നാട്ടില്‍ എവിടെയും കിട്ടും.



മധുര മീനാക്ഷി ക്ഷേത്രനടയില്‍

കേരളത്തിലെ ക്ഷേത്രങ്ങളിലും ദര്‍ശനപുണ്യം കിട്ടിയിട്ടുണ്ട്.  പാലക്കാട് കാവല്‍പാടിലെ തിരുമണങ്ങാട്ടപ്പന്‍ ശിവക്ഷേത്രത്തിന്റെ പുറകിലായിരുന്നു ഏട്ടന്റെ വീട്,  തറവാട് എത്തനൂര്‍ ആണെങ്കിലും.  ആ ക്ഷേത്രത്തിലായിരുന്നു ഞങ്ങളുടെ വിവാഹം.  സമീപപ്രദേശത്തെ മാരിയമ്മന്‍ കോവിലുകള്‍, ലോകപരമേശ്വരി, കല്ലേക്കുളങ്ങര ഹേമാംബിക (കൈപത്തി ക്ഷേത്രം), വടക്കന്തറ ഭഗവതി, മണപ്പുള്ളി ഭഗവതി, ചന്ദന ഭഗവതി, പുത്തൂര്‍ ഭഗവതി, വലിയപാടം സുബ്രമണ്യസ്വാമി, മുക്കൈ ശിവക്ഷേത്രം, കണ്ടത്താര്‍ ഭഗവതി, പല്ലശ്ശന ഭഗവതി, എത്തനൂര്‍ മരുതി ഭഗവതി, കൊടുവായൂര്‍ മന്ദത്തമ്മ, കരിയാങ്കോട് കോതകുളങ്ങര ഭഗവതി, തേനാരി പുണ്യതീര്‍ത്ഥം, തറവാട്ടമ്പലങ്ങള്‍, കോട്ട ഹനുമാന്‍ ക്ഷേത്രം, ചെര്‍പ്ലശ്ശേരി അയ്യപ്പസ്വാമി, കൊടുമ്പ്‌ സുബ്രമണ്യസ്വാമി, തിരുവില്വാമല ശ്രീരാമന്‍, കാവശ്ശേരി പറക്കോട്ടുകാവ്, പരിയാനമ്പറ്റ ഭഗവതി, തിരുമാന്ധാംകുന്ന് ഭഗവതി,  ഐവര്‍ മഠം വിഷ്ണുക്ഷേത്രം, തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി, പഴവങ്ങാടി ഗണപതി, ആറ്റുകാലമ്മ, കരിക്കകം അമ്മ, ആറന്മുള പാര്‍ത്ഥസാരഥി, തിരുവല്ല ചക്കുളത്ത് കാവ്, മള്ളിയൂര്‍ മഹാഗണപതി, ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം, ചോറ്റാനിക്കരയമ്മ, തൃപ്പൂണിത്തുറ പൂര്‍ണത്രയീശന്‍, കൊടുങ്ങല്ലൂരമ്മ, ഹരിപ്പാട് സുബ്രമണ്യസ്വാമി, മണ്ണാറശ്ശാല നാഗദൈവങ്ങള്‍, അമ്പലപ്പുഴ ശ്രീകൃഷ്ണന്‍, കണ്ണൂര്‍ പറശ്ശിനിക്കടവ് മുത്തപ്പന്‍, കൊട്ടിയൂര്‍ ശിവക്ഷേത്രം, വയനാട് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം, മലപ്പുറം തിരുനാവായ നാവാമുകന്ദന്‍,  തൃക്കണ്ടിയൂര്‍ മഹാദേവന്‍, കാടാമ്പുഴ ഭഗവതി, നാലമ്പലങ്ങള്‍ (തൃപ്രയാര്‍ ശ്രീരാമന്‍, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഭരതക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണപെരുമാള്‍, പായമ്മല്‍ ശത്രുഘ്നക്ഷേത്രം),   പിന്നെ ഏട്ടന്റെ പ്രിയപ്പെട്ട പാറമേക്കാവിലമ്മ, വടക്കുന്നാഥന്‍,  തിരുവമ്പാടി കണ്ണന്‍, ഗുരുവായൂരപ്പന്‍ അങ്ങനെ പോകുന്നു ക്ഷേത്രപുരാണം.  തളി രാജരാജേശ്വരി, കൊല്ലം പുതിയകാവ്, ആലത്തിയൂര്‍ ഹനുമാന്‍ എന്നീ ക്ഷേത്രങ്ങള്‍ ഏട്ടന്‍ മാത്രം പോയിട്ടുള്ളതും രണ്ടുപേരും കൂടെ പോകാന്‍ സാധിക്കാതിരുന്നതുമാണ്.  നെല്ലുവായ ധന്വന്തരി ക്ഷേത്രം, ഉത്രാളികാവ് എന്നിവടങ്ങളില്‍ ഭര്‍തൃസഹോദരിയുടെ കൂടെയും, നെമ്മാറ തിരുവഴിയാട് നരസിംഹമൂര്‍ത്തി, നെല്ലിക്കുളങ്ങര, കുന്നിനുമുകളിലെ അയ്യപ്പന്‍ എന്നിവിടങ്ങളില്‍ അനിയത്തിയുടെ കൂടെയും  പിന്നീട് ദര്‍ശനം നടത്തി അവരുടെ പ്രാര്‍ത്ഥനപ്രകാരം.
പത്മനാഭസ്വാമി ക്ഷേത്രം




പഴവങ്ങാടി ഗണപതി

അച്ഛന്റെയും അമ്മയുടെയും സഹോദരിമാരുടെയും കൂടെ പോയ ചില സ്ഥലങ്ങളില്‍,  ചിദംബരം നടരാജ ക്ഷേത്രം, കാഞ്ചീപുരത്തെ ക്ഷേത്രങ്ങള്‍, നാഗപട്ടണം നാഗൂര്‍ ദര്‍ഗ, വേളാങ്കണ്ണി മാതാ, മൈസൂര്‍ ചാമുണ്ഡി ഈശ്വരി ക്ഷേത്രം, നന്ദി  ഹില്‍സിലെ നന്ദികേശ്വരന്‍  (ഇവിടെ കോളേജില്‍ നിന്നും പോയിട്ടുണ്ട്) ഏട്ടനൊത്ത് പോയിട്ടില്ല.


ശ്രീരംഗം

ഇനിയിപ്പോ പറയാന്‍ പോകുന്നത് ശ്രീരംഗം, തിരുവണ്ണാമല യാത്രയാണ്.  ഒരു വിഷുക്കാലത്താണ് അവിടേക്ക് യാത്ര പോയത്.  തൃശ്ശിനാപള്ളി എന്ന ട്രിച്ചിയില്‍ എത്തി റൂം എടുത്ത് സമയപുരം മാരിയമ്മന്‍ ക്ഷേത്രം, ട്രിച്ചി റോക്ക് ഫോര്‍ട്ട്‌ ക്ഷേത്രങ്ങളില്‍ തൊഴുതിറങ്ങി ശ്രീരംഗം ക്ഷേത്രത്തിലേക്ക് പോയി.    എല്ലാവിടെയും വന്‍ തിരക്ക്.  നേരത്തെ പ്ലാന്‍ ചെയ്യാതെ പോയതിന്റെ വിഷമതകള്‍ അപ്പോഴല്ലേ അറിഞ്ഞത്.  അവിടെയും വിഷുക്കാലത്ത് പൈങ്കുനി ഉത്രവും, ചിത്ര പൌര്‍ണമിയും മറ്റുമായി ക്ഷേത്രങ്ങളില്‍ ഉത്സവങ്ങളുടെ ഘോഷയാത്രയാണ്.  ശ്രീരംഗത്ത് പക്ഷെ തിരക്കില്ല.  ശ്രീരംഗനാഥസ്വാമിയുടെ ആണ്ടുകല്യാണചടങ്ങുകള്‍ കഴിഞ്ഞ് നടയടച്ചതുകൊണ്ടാണങ്ങനെ.  ഉപദൈവങ്ങളെ തൊഴാം. ഭഗവാനെ കാണാന്‍ കഴിയില്ല. അന്ന് നിരാശരായി മടങ്ങി. പിറ്റേന്ന് തിരുവണ്ണാമലയില്‍
തിരുവണ്ണാമല
അമ്മ ഉണവകം, ശ്രീരംഗം, ഒരു കൌതുകം
ദര്‍ശനത്തിനായി പോയി.  അവിടെയും തിരക്കുതന്നെ.  ഒരുവിധം റൂം കിട്ടി.  അന്ന് രാത്രി തന്നെ ദര്‍ശനം കിട്ടി. പിറ്റേന്ന് പുലര്‍ച്ചയ്ക്കും പോയി തൊഴുതു.  ഇനി ശ്രീരംഗത്തേക്ക് തന്നെ മടങ്ങാം എന്ന് കരുതി റൂം ഒഴിഞ്ഞു.  ബസ്‌ സ്റ്റാന്‍ഡില്‍ കാലുകുത്താന്‍ സ്ഥലമില്ല.  തമിഴ് നാട്ടിലെ ദീര്‍ഘദൂര യാത്രികര്‍ക്കായുള്ള SETC ബസില്‍ ഞാന്‍ ആദ്യം കയറി ഒരു സീറ്റ്‌ പിടിച്ചു. പിന്നെ ഏട്ടനെ ആ സീറ്റില്‍ ഇരുത്തി.  കൂടെ ഒരു വയസ്സായ ആള്‍ ആണ്.  അദ്ദേഹത്തോട് വേറെ സീറ്റില്‍ ഇരിക്കുമോ എന്ന് എങ്ങനെയാ പറയുക? എനിക്ക് ഏറ്റവും ബാക്ക് സീറ്റില്‍ ബസിന്റെ നടുവിലായി ഒരു നിലപ്പലക പോലുള്ള സീറ്റ്‌ കിട്ടി.  ബസ്‌ നീങ്ങി തുടങ്ങിയത് മുതല്‍ പുറകിലേക്ക് നോക്കിയും എന്നെ പേരെടുത്ത് വിളിച്ചും ആകെ വെപ്രാളം.  ഏട്ടന്‍   കണ്ടക്ടറോട് എന്നെ എങ്ങനെയെങ്കിലും അരികത്തിരുത്താന്‍ ആവശ്യപ്പെട്ടുകൊണ്ടേ ഇരുന്നു.  "പാക്കട്ടും" എന്ന് പറഞ്ഞ കണ്ടക്ടര്‍ വാക്കുപാലിച്ചു.  വന്ദ്യവയോധികന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഡ്രൈവറുടെ നേരെ ബാക്കില്‍ ഉള്ള സീറ്റിലേക്ക് മാറി.  ആ ബസില്‍ ഉണ്ടായിരുന്ന എല്ലാവരും ആഗ്രഹിച്ച പോലെ  (അങ്ങനെ പറയാന്‍ കാരണം ഏട്ടന്റെ ഉറക്കെയുള്ള ആവര്‍ത്തിച്ചുള്ള കണ്ടക്ടറോട് അഭ്യര്‍ത്ഥന കണ്ട് എല്ലാരുടെയും മുഖഭാവം) ഞാന്‍ ഏട്ടന്റെ അരികിലും. 
ഇത് കൊടൈക്കനാല്‍, അങ്ങനെയും യാത്രകള്‍ ഉണ്ടായിട്ടുണ്ട് 
ആ കണ്ടക്ടറോട് എത്ര നന്ദിയാണ് ഏട്ടന്‍ പറഞ്ഞത്. പിന്നീടും ഈ യാത്രയും കണ്ടക്ടറും അദ്ദേഹത്തിന്‍റെ നന്മയും ഏട്ടന്‍ കാത്തുസൂക്ഷിച്ച ഒരു കാര്യമായി.  ഇത്തവണ ട്രിച്ചിയ്ക്ക് പകരം ശ്രീരംഗത്തു തന്നെ റൂം എടുത്തു.  അങ്ങനെ ദര്‍ശനവും കിട്ടി.

ശ്രീരംഗത്ത് കല്യാണചടങ്ങുകള്‍ കഴിഞ്ഞ് അന്ന് നടയടച്ച കാര്യം പറഞ്ഞില്ലേ. ആ കഥയാണിനി പറയുന്നത്.


കല്യാണചടങ്ങിന്റെ കഥ രസകരമാണ്.  ചോഴസാമ്രാജ്യത്തിന്റെ തലസ്ഥാനം ഉറൈയൂര്‍ ആയിരുന്നു.  അവിടെ ജനിച്ച തിരുപ്പന്‍ ആഴ്വാര്‍ ശ്രീ രംഗനാഥസ്വാമിയെ കുറിച്ച് എഴുതിയ കാവ്യമാണ് "അമലനാഥിപിരാന്‍".  നന്ദ ചോഴന്‍ രാജാവിന് കുട്ടികള്‍ പിറക്കാതിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ദൈവഭക്തിയില്‍ അലിഞ്ഞ് ശ്രീരംഗനാഥ സ്വാമി (വിഷ്ണു) ലക്ഷ്മി ദേവിയോട് അദ്ദേഹത്തിന്റെ കുഞ്ഞായി ജനിക്കാന്‍ പറഞ്ഞപ്രകാരം കമലവള്ളി എന്ന മകള്‍ പിറക്കുകയും യൌവനത്തില്‍ ശ്രീരംഗനാഥ  സ്വാമിയില്‍ ആകൃഷ്ടയായി കല്യാണം കഴിക്കുകയും
ഭഗവാന്റെ രഥം
ചെയ്തതിന്റെ വര്‍ഷം തോറും ഉള്ള ആഘോഷം.  തീര്‍ന്നില്ല, ഈ ചടങ്ങുകള്‍ നന്ദ ചോഴന്‍ നിര്‍മിച്ച ഉറൈയൂര്‍ നാച്ചിയാരമ്മന്‍ (കമലവള്ളി) ക്ഷേത്രത്തില്‍ ആണ്.  രാവിലെ 4 മണിക്ക് കാവേരി നദി കടന്നുപോയി തന്റെ മോതിരം കൈമാറി വരുന്നതിനിടയില്‍ തന്റെ കൂടെ സ്വാമിയെ കാണാതെ ശ്രീരംഗത്തെ സാക്ഷാല്‍ രംഗനായകി അമ്മാള്‍ കോപിതയാവുന്നു.  പിറ്റേന്ന് ഒന്നുമറിയാത്തപോലെ രംഗനായകി അമ്മാളുടെ പിറന്നാള്‍ ആയ പൈങ്കുനി ഉത്രം നാള്‍ ദേവിയെ സന്ദര്‍ശിക്കുന്നതിനായി സ്വാമി പുറപ്പെടുന്ന വഴിയില്‍ തന്റെ വിവാഹമോതിരം നാച്ചിയാര്‍ അമ്മയ്ക്ക് അണിഞ്ഞ കാര്യം ഓര്‍മ വരുകയും ഒരു പുതിയ മോതിരം ഭക്തരുടെ സഹായത്താല്‍ സംഘടിപ്പിക്കുകയും അവിടെ നടയില്‍ വെച്ച് ഒരു സംവാദം നടക്കുകയും മധ്യസ്ഥരുടെ സഹായത്താല്‍ ദേവിയുടെ കോപം അടക്കി രണ്ടുപേരും ഒന്നിക്കുന്നു.  രണ്ടുപേരെയും ഒന്നിച്ചു ദര്‍ശനം നടത്താന്‍ (സേര്‍ത്തി ദരിശനം) കഴിയുന്ന നാള്‍ ആയി പൈങ്കുനി ഉത്രം മാറുന്നു.  അന്ന് ദര്‍ശനം നടത്തുന്നവര്‍ക്ക് പാപമോചനം കിട്ടുമെന്നാണ് ഐതിഹ്യം. അപ്പോള്‍ സേര്‍ത്തി ദരിശനം തരാനായിരുന്നു, അന്ന് ഞങ്ങളെ ഭഗവാന്‍ മടക്കിയത്.  ഭഗവാന്റെ ഓരോരോ ലീലാവിലാസങ്ങളെ!!!


ഈ കുറിപ്പ് ഏട്ടന് സമര്‍പ്പിക്കുന്നു. "ഏട്ടാ, ഇത് നന്നായിട്ടുണ്ടോ, ഞാന്‍ വരച്ച ചിത്രങ്ങള്‍ കാണിച്ചുകൊടുത്ത് ചോദിച്ചിട്ടുണ്ട്.  പക്ഷെ No Response.  ഏട്ടന്റെ മനസ്സിലിരിപ്പ് നന്നായറിയാവുന്ന ഞാന്‍ പിന്നെ വരച്ചപ്പോള്‍ "ഏട്ടന്റെ ആ സ്കൂളിലെ ഫ്രണ്ട് ...........FBയില്‍ ഉണ്ടെന്നു പറഞ്ഞില്ലേ, നിങ്ങള്‍ടെ ആ കൂട്ടുകാരി വരച്ചതാ എങ്ങനെയുണ്ട്?" അങ്ങനെ ചോദിച്ചു. പുരികമെല്ലാം ഉയര്‍ത്തി "ഹും ഗംഭീരം" എന്ന ഭാവം.  "മോനെ ദിനേശാ ഇത് ഞാന്‍ വരച്ചതാ" എന്ന്‍ അര്‍മാദിക്കുമായിരുന്നു ഞാന്‍. വരയ്ക്കാന്‍ എന്നെ ബാക്കിയാക്കി ജീവിതം വരച്ചു തീര്‍ത്തു അല്ലെ."

ഇനിയിപ്പോ ഇതാരും "സേര്‍ത്തി" വായിക്കണ്ടാട്ടോ.  അങ്ങനെ കുറെ കൂട്ടുകാരികളുടെ കാര്യം എന്നോട് പറയുമെങ്കിലും ഞാന്‍ തന്നെയായിരുന്നു എന്റെ നല്ലകുട്ടിയുടെ "രംഗനായകി".  :-D

Monday, December 4, 2017

ഒരു കുഞ്ഞു സ്നേഹം

കുട്ടികുറുമ്പി നിന്‍ കാല്‍ത്തള കിലുങ്ങി
മനം നിറഞ്ഞു, മുഖം വിടര്‍ന്നു,
ഇത്തിരി കുസൃതിയോടെ നീ ഓടിയെത്തി
ഇനിയൊന്നുമേ വേണ്ട നിന്നെയൊന്നണച്ചാല്‍ മതി

ഇടംകണ്ണാല്‍ ഇടയ്ക്കിടെ ഒളിഞ്ഞു നോക്കുമ്പോള്‍
ഇമ  വെട്ടാതങ്ങനെ നോക്കി നിന്നു
ചാഞ്ചക്കം  ചെരിഞ്ഞാടി നീവന്നപ്പോള്‍
 ഇനിയൊന്നുമേ വേണ്ട നിന്നെയൊന്നണച്ചാല്‍ മതി

കഥകള്‍ കേള്‍ക്കാന്‍ കാതോര്‍ത്തു നീ
കുഞ്ഞുകഥകള്‍ പറഞ്ഞു കൊണ്ടേ ഇരുന്നപ്പോള്‍
കേട്ടതേയില്ല ഞാനൊന്നും നിന്റെ മൂളലുകളല്ലാതെ
ഇനിയൊന്നുമേ വേണ്ട നിന്നെയൊന്നണച്ചാല്‍ മതി

കളിക്കാമമ്മേ അമ്മയായ് ഞാനും കുട്ടിയായ് അമ്മയും
എന്നോതി നീ കാണിച്ചുതന്ന അമ്മയല്ലോ ശ്രേഷ്ഠം
വെറും കുട്ടിയായിരിക്കാം ഞാന്‍ നിന്റെ മുന്‍പില്‍
ഇനിയൊന്നുമേ വേണ്ട നിന്നെയൊന്നണച്ചാല്‍ മതി

ഒളിച്ചുകളിയില്‍ കിലുക്കാംപെട്ടിപോല്‍ ചിരിച്ചു നീ
അധ്യാപികയായ് വട്ടം കറക്കിയെന്നെ
സിനിമയിലെ നായികയുമാക്കി നൃത്തം പഠിപ്പിച്ചു
ഇനിയൊന്നുമേ വേണ്ട നിന്നെയൊന്നണച്ചാല്‍ മതി

നിഷ്കളങ്കമാം സ്നേഹം എന്നില്‍ ചൊരിയവേ
അറിയാതെയെന്‍ മിഴികള്‍ തുളുമ്പിയല്ലോ
നിന്‍ കൂട്ടുള്ളപ്പോള്‍ എങ്ങനെ ഞാന്‍ ഒറ്റയ്ക്കാവും
ഇനിയൊന്നുമേ വേണ്ട നിന്നെയൊന്നണച്ചാല്‍ മതി

Friday, November 18, 2016

പ്രിയങ്ക, വാന്മതി, റാണി, ചിന്നമ്മ, സുകന്യ...

പ്രിയങ്ക ഭാരതി!!! ഹേയ് ശാരദ, വിമല, ഹരിയ,.....,....,  വിദ്യ ബാലന്‍ സ്വച്ഛ ഭാരത അഭിയാന്‍ പരസ്യത്തില്‍ വിളിച്ചു കൂവുന്ന പോലെ തോന്നിയോ ഈ പോസ്റ്റിന്റെ തലക്കെട്ട്‌? അല്ല!!!
ഇത് തിരുവനന്തപുരം ശ്രീ ചിത്രയില്‍ ചികിത്സയില്‍ കഴിഞ്ഞ തല കുഴപ്പത്തിലായ ചിലരുടെ പേരുകള്‍ ആണുട്ടോ.   ഹൃദയം കുഴപ്പത്തിലായ ഒരാളെയും കൊണ്ട് അവിടെ ചെന്ന കഥയൊക്കെ ഇവിടെ ഞാന്‍ വിളമ്പിയിട്ടുണ്ട്.  മാര്‍ച്ച്‌ മാസത്തിലെ അവസാന ദിനങ്ങളിലൊന്നില്‍ ഒരു നല്ല തലവേദന വന്ന് പാലക്കാട്‌ അഡ്മിറ്റ്‌ ചെയ്യുകയും ചികിത്സ നടക്കുന്ന സമയത്ത് ഏട്ടന്റെ കൂടെ 10 ഒഴിച്ച് ബാക്കി ദിവസങ്ങള്‍ ഞാന്‍ അവധിയില്‍ ആയതിനാല്‍ ആഘോഷമാക്കി നീങ്ങുന്നതിനിടയില്‍ ജൂണില്‍ വീണ്ടും ഒരു സ്കാന്‍ നടത്താന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയും എന്റെ തല കുഴപ്പത്തിലായി എന്ന് ഡോക്ടര്‍ ഉറപ്പിച്ച് ശ്രീ ചിത്രയില്‍ പോകാനുള്ള കത്ത് തന്ന് കൃത്യം ഒരാഴ്ചയ്ക്കകം എന്റെ ആ "നല്ല കുട്ടി" എന്റെ കൈ വിട്ടുപോകുകയും ഉണ്ടായി. 

പിന്നെ 1 1/2 മാസം കഴിഞ്ഞാണ് തിരുവനന്തപുരത്തെ ശ്രീ ചിത്രയില്‍ ന്യൂറോ സര്‍ജറി വിഭാഗത്തില്‍ അനിയത്തിയുടെ കൂടെ പോയത്.  ഇനി കഥ തുടങ്ങാം അല്ലെ?

ശ്രീ ചിത്രയില്‍ ബൈ സ്റ്റാന്‍ഡര്‍ ഔട്ട്‌സ്റ്റാന്‍ഡര്‍ ആണെന്ന് അറിയാമല്ലോ.വൈകിട്ട് 4 മണി മുതല്‍ 6 മണിവരെ മാത്രമാണ് സന്ദര്‍ശകര്‍ക്ക് അല്ലെങ്കില്‍ ബൈ സ്റ്റാന്‍ഡര്‍ക്ക് രോഗിയെ കാണാന്‍ അനുവദിക്കുന്നത്.  അതുവരെ രോഗികളുടെ ബന്ധുക്കള്‍ പുറത്ത് കാത്തിരിക്കണം.  അവര്‍ തമ്മില്‍ അവിടെ പരിചയത്തിലാവുമ്പോള്‍ ഇവിടെ ഞങ്ങളും വളരെയധികം പരസ്പരം താങ്ങാവുകയായിരുന്നു.  

നിനക്കെന്തെങ്കിലും തോന്നുന്നുണ്ടോ, എന്റെ കിടക്കയുടെ നേരെ മുകളില്‍ സീലിംഗ് അടര്‍ന്ന ഭാഗം കാണിച്ചുകൊടുത്തുകൊണ്ട് എന്റെ അനിയത്തിയോട് ഞാന്‍ ചോദിച്ചു. ഒട്ടും ക്ഷമയില്ലാതെ ഞാന്‍ "വേഗം പറയൂമാ". "നില്‍ക്ക്‌, ഞാനൊന്നു നോക്കട്ടെ". അവള്‍ നിന്നട്ടല്ലേ നോക്കുന്നത്.  അത്ര വ്യക്തമല്ല. അടര്‍ന്ന ഭാഗം ഒരു ചിത്രമായി എന്റെ മനസ്സില്‍ തെളിഞ്ഞു നില്‍ക്കുകയായിരുന്നു.  ശരിക്കും.  ഓടക്കുഴലൂതി കാലുകള്‍ പിണച്ചുവെച്ച പീലിചൂടിയ ശ്രീകൃഷ്ണ രൂപം.     "ഇനിയാരും കളിയാക്കല്ലേ. ഞാന്‍ കണ്ടു. ഞാനേ കണ്ടുള്ളൂ" എന്ന് നന്ദനം ബാലാമണി സ്റ്റൈലില്‍.  അവള്‍ക്കും അത് തോന്നി. പീലിയും ഓടക്കുഴലും. കാലുകളുടെ കാര്യം ഞാന്‍ പറഞ്ഞപ്പോള്‍ ശ്രദ്ധിച്ചു.  കൂടെയുണ്ട് കൃഷ്ണന്‍.  ഒന്നും സഹിക്കാന്‍ വയ്യാത്ത എനിക്ക് ഉറച്ച തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തയാക്കിയതിന്, അത് പറയാന്‍ സധൈര്യം തന്നതിന്, അഭിപ്രായ സ്വാതന്ത്ര്യത്തിന്, എന്റെ രോഗാവസ്ഥയാണ് കാരണം.  

അതിരാവിലെ 4 മണിക്ക് അവിടെ നമ്മളെ ഉണര്‍ത്തി പ്രഭാത കര്‍മങ്ങള്‍ ചെയ്യാന്‍ വിടും.  ആ സമയത്താണ് കിടക്കവിരി മാറ്റുന്നതും മറ്റും.  ആള്‍ സഹായം ആവശ്യമുള്ളവര്‍ക്ക് നഴ്സിംഗ് അസിസ്റ്റന്റ്‌മാര്‍ കൂടെ വരും.  ഞാന്‍, ചിന്നമ്മ ഒക്കെ ആദ്യംതന്നെ ഉണരുകയും കര്‍മങ്ങള്‍ തനിയെ ചെയ്യുകയും ആയിരുന്നു. ചിന്നമ്മയുടെ മക്കള്‍ വിദേശത്ത്.  സര്‍ജറി കഴിഞ്ഞ് അസുഖം ഭേദമായിട്ടുവേണം അവര്‍ക്ക് വല്ലതും വെച്ചു വിളമ്പാന്‍ എന്ന് പറയുന്ന ഒരു പാവം അമ്മ. എനിക്ക് 50 വയസ്സ് എന്ന് കേട്ടപ്പോള്‍ " കണ്ടാല്‍ പറയുകേല കേട്ടോ?" ;) ഗോളടിച്ചുലേ!!   പിന്നെ പ്രിയങ്ക.  കല്യാണം കഴിഞ്ഞിട്ട് അധികം ആയില്ല.  പെട്ടെന്നാണല്ലോ ഇങ്ങനത്തെ അസുഖം വരുന്നത്. എനിക്ക് ഒരു ടെസ്റ്റ്‌ മാത്രം ചെയ്‌താല്‍ മതിയെന്നും, സര്‍ജറിക്ക് തയ്യാറല്ല എന്നും വല്യ ഡോക്ടറോട് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ ചേച്ചി പേടിക്കേണ്ട, അതു ചെറിയ വേദനയെ ഉണ്ടാവൂ എന്ന് പറഞ്ഞു സമാധാനിപ്പിക്കുമായിരുന്നു. ഈ കുട്ടിക്ക് മംഗലാപുരത്ത് ആ ടെസ്റ്റ്‌ കഴിഞ്ഞതാണ്.   നല്ല വണ്ണവും നീളവും ഉള്ള മുടിയുള്ള കുട്ടി. ന്യൂറോ സര്‍ജറിക്ക് ആവശ്യമുള്ള ഭാഗം മാത്രമേ മുടി മുറിക്കുകയുള്ളു.  സര്‍ജറി കഴിഞ്ഞിട്ടും ആ കുട്ടി ആ വാര്‍ഡില്‍ 'കൂള്‍' ആയി ഇരുന്നു.  വേദനയും പേടിയും പുറത്തുകാണിക്കാത്ത കുട്ടി.  കണ്ണൂരുകാരി ആയതുകൊണ്ട് പേടിയെ ഇല്ലല്ലേ എന്നൊക്കെ എല്ലാരും പറയും. അടുത്തത് ശ്രീജ, PSC ലിസ്റ്റില്‍ പേരുള്ള കുട്ടി. ചിലപ്പോ ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റില്‍ തന്നെ ചേരുമായിരിക്കാം. എവിടെയെങ്കിലും വെച്ച് കാണുമായിരിക്കാം.   റാണിയും വാന്മതിയും എന്റെ സമപ്രായക്കാര്‍.  ഉഷാറാണിയും, ശ്രുതിയും പാവം കുട്ടികള്‍.

റാണിയുടെ കൂടെ ഒരു ദിവസം ഐ സി യു വിലും കിടന്ന പരിചയം.  തമിഴ് എനിക്ക് കൊഞ്ചം കൊഞ്ചം തെരിയും.  അതനാലെ അവങ്കളോടെ മകന്‍ വന്ത് എങ്കിട്ട എപ്പോതും ശൊല്ലും. "അമ്മാവുക്ക് കൊഞ്ചം ആറുതല്‍ കുടുങ്ക" എന്ന്.  ഉഷാറാണിയും തമിഴ് ആണ്.  ആ കുട്ടിയുടെ അമ്മ വന്ത് എന്നോട് "പാപ്പാവേ കൊഞ്ചം പാത്തുക്കോങ്ക". വാന്മതി വളരെ പേടിയുള്ള ഒരമ്മ.  സര്‍ജറി തലേന്ന് ഞങ്ങള്‍ക്കൊക്കെ പഴവങ്ങാടി ഗണപതിയുടെ ചന്ദനം തന്നു.  നമ്മളെയും "ഭയമുരുത്തും" ആ അമ്മ. സിസ്റ്റര്‍ വന്നപ്പോള്‍ നെറ്റിയില്‍ ചന്ദനം.  ആ സിസ്റ്റര്‍ മലയാളച്ചുവയോടെ തമിഴ് പറയും, തമാശയോടെ കാര്യങ്ങള്‍ പറയും.  ഗണപതിയുടെ അനുഗ്രഹമെല്ലാം എല്ലാര്‍ക്കും കിടയ്ക്കും,   ഡോക്ടര്‍ തിട്ടും, സര്‍ജറിക്ക് പോകുംപോത് നെറ്റിയില്‍ ഇതൊന്നും പോടക്കൂടാത്". അപ്പിടിയാ എന്ന് വാന്മതി.  കുളിര്‍ കുളിരാ വരുത്, ഭയമായിരിക്ക് എന്നൊക്കെ പറയും.  സിസ്റ്റര്‍ പറയും,വന്മതി, മറ്റുള്ളവരെ പേടിപ്പിക്കരുത് (സിസ്റ്റര്‍ വാന്മതിയെ വന്മതി എന്നാ വിളിക്കുക). അവിടെ ഞങ്ങള്‍ക്ക് രോഗികള്‍ക്കുള്ള ഡ്രസ്സ്‌ തരും അതെ ഇടാന്‍ പാടൂ. പൈജാമയും ബാക്ക് ഓപ്പണ്‍ ടോപ്‌. വാന്മതിയും റാണിയും പറഞ്ഞതാ "വാഴ്ക്കയില്‍ മുതല്‍ തടവതാന്‍ ഇന്ത ചുരിദാര്‍ പോടറത്". ഞാനും ഏകദേശം ഈ പോലെ തന്നെ. കല്യാണത്തിനുമുന്‍പ് എപ്പോഴോ ഒന്നുരണ്ടുതവണ ഇട്ടിട്ടുണ്ട്.  പിന്നെ അഞ്ജന. തിരുവനന്തപുരംകാരി.  ചെറിയ കുട്ടികളെപോലെ ആണ് പെരുമാറ്റം. അവരുടെ അമ്മയും സഹോദരിയും കാണാന്‍ വരും.  വളരെ സ്നേഹപൂവം അമ്മയെപോലെ എന്നോടും അഞ്ജനയുടെ അമ്മ. പോകാന്‍ നേരം പറയും "മോളെ ഒന്ന് നോക്കണേ" എന്ന്.  അപ്പൊ അഞ്ജനയുടെ സഹോദരി "പണി കിട്ടിയല്ലേ"  എന്ന് ചിരിച്ചുകൊണ്ട് പറയും. ഓ, ഇതൊക്കെ എന്ത് പണി. എനിക്ക് സന്തോഷമേ ഉള്ളു.  പക്ഷെ പണി കിട്ടി. അത് പറയാം. 

ഒരാഴ്ചയാണ് ശ്രീചിത്രയില്‍ ഉണ്ടായിരുന്നത് ഓരോ ദിവസവും സര്‍ജറി അല്ലെങ്കില്‍ ടെസ്റ്റ്‌ വേണ്ടിവരുന്നവര്‍ക്ക് NPO (Nil per os, അതായത് Nothing by mouth) ബോര്‍ഡ്‌ വെയ്ക്കും. അന്ന് അന്നാഹാരം കിട്ടില്ല. കാന്റീനില്‍ നിന്ന്  ഭക്ഷണം വരുമ്പോള്‍ ആ ബോര്‍ഡ്‌ ഉള്ളവര്‍ക്ക് വെക്കില്ല.  ഒരു തിങ്കളില്‍ അഡ്മിറ്റ്‌ ചെയ്യുന്നതിന് മുമ്പായുള്ള ടെസ്റ്റുകള്‍ക്ക് വേണ്ടി അലഞ്ഞ് ഭക്ഷണം ശരിക്കും കഴിക്കാന്‍ പറ്റിയില്ല. ചൊവ്വ മുതല്‍ വ്യാഴം വരെ ബോര്‍ഡും. ഓരോ ദിവസവും ടെസ്റ്റ്‌ മാറ്റിവെക്കുമ്പോള്‍ ഞാന്‍ അനിയത്തിയുടെ മുഖത്ത് നോക്കും.  അവള്‍ക്കൊന്നും പുറത്തുനിന്നും വാങ്ങിത്തരാന്‍ പാടില്ല.  പിന്നെ നേഴ്സ്മാരോട് പറഞ്ഞാല്‍ ബാക്കിയുള്ള കഞ്ഞിയോ മറ്റോ കിട്ടും. എനിക്ക് നന്നായറിയാവുന്ന ആശുപത്രി.  കുറെയേറെ ജീവനക്കാരെ ഏട്ടന്റെ ചികിത്സയ്ക്ക് ശേഷം പിന്നെയും കാണാന്‍ കഴിഞ്ഞു.  എനിക്ക് നല്ല അഭിപ്രായവുമാണ് അവിടുത്തെ രീതികളോട്.  പ്രത്യേകിച്ചും നേഴ്സ്, അസിസ്റ്റന്റ്‌-മാരുടെ ആത്മാര്‍ത്ഥമായ സേവനം. ഐ സി യു വില്‍ ഒരു ദിവസം കിടന്നില്ലേ. അന്ന് രാത്രി എന്റെ എതിര്‍ വശത്ത്‌ കിടന്നിരുന്ന നല്ല പൊക്കവും തടിയും ഉള്ള ഒരു രോഗിയ്ക്ക് അപസ്മാരം വന്നപ്പോള്‍ കഷ്ടപ്പെട്ടത് കുറെ സിസ്റ്റര്‍മാര്‍ ആണ്.  ചെറിയ പ്രായം, സ്ലിം ആയ കുറെ സുന്ദരികുട്ടികള്‍.  അവര്‍ക്ക് പിന്നീട് ഡോക്ടര്‍മാരുടെ വഴക്ക് കേട്ടപ്പോ എനിക്ക് സങ്കടം തോന്നി.  ഡോക്ടര്‍മാരും എല്ലാ ഭാഷയും കൈകാര്യം ചെയ്യുന്നവരും  സ്നേഹപൂര്‍വ്വം സംസാരിക്കുകയും ചെയ്യുമെങ്കിലും ചില ഡോക്ടര്‍മാര്‍ക്കിടയില്‍ ഒരു tug of war ഉണ്ടെന്ന് എന്റെ തോന്നല്‍. പാലക്കാടും തൃശൂരും ചെയ്ത സ്കാന്‍ റിപ്പോര്‍ട്ട് കണ്ടതും അസുഖം വരാന്‍ കാരണം കറക്റ്റ് ആയി പറഞ്ഞ വല്യ ഡോക്ടര്‍, അദ്ദേഹം പ്രൊഫസറും കൂടിയാണ്, നമിക്കുന്നു അങ്ങയെ.

സര്‍ജറി ചെയ്യുന്ന ഡോക്ടര്‍മാര്‍ ദിവസവും വരും. ഓരോ രോഗിയുടെയും മുന്‍പില്‍ നിന്ന് തന്നെ ചെറിയ ഡോക്ടര്‍മാരോട് explain this, that എന്നൊക്കെ പറയുന്നതും ചെറിയ ഡോക്ടര്‍മാര്‍ തമ്മില്‍ തമ്മില്‍ നോക്കി വിയര്‍ക്കുന്നതും ഒക്കെ ഞാന്‍ ശ്രദ്ധിക്കും. വേറെ പണിയെന്താ എനിക്ക്. അവിടുത്തെ സ്റ്റാഫ് പലരും ഞാന്‍ ഹെല്‍ത്ത്‌ ഡിപ്പാര്‍ട്ട്മെന്റിലാണെന്നാണ് കരുതിയിട്ടുള്ളത്. ;).  അങ്ങനെ എനിക്ക് വ്യാഴാഴ്ച ടെസ്റ്റ്‌ നടത്താന്‍ വിളിച്ചു. ഉച്ചയ്ക്കുശേഷം.  പേടിക്കേണ്ടട്ടോ ചേച്ചി എന്ന് പറഞ്ഞ് എന്റെ അനിയത്തി കയ്യില്‍ തൊട്ടപ്പോള്‍ അവളുടെ കൈ ഐസ് പോലെ. അവളോട്‌ സംസാരിച്ചപ്പോള്‍ ചേച്ചി മാത്രമല്ല ഈ ലോകത്ത് പാവം എന്ന് തോന്നിയ ജിമ്മി പറഞ്ഞപോലെ, ഞാനും മനസ്സില്‍ വിചാരിച്ചു, പാവം. അവളില്‍ ഞാന്‍ എന്നെ കണ്ടു.  ഏട്ടന്റെ ടെസ്റ്റ്‌ ചെയ്യാന്‍ കൂടെയുണ്ടായിരുന്ന എന്നെ. പക്ഷെ ജിമ്മിയെപോലെയല്ല പലരും.  സ്മാര്‍ട്ട്‌ ഫോണില്‍ അവള്‍ക്ക് പരിചയമില്ല. നെട്ടോട്ടം ഓടാന്‍ അവള്‍ മാത്രേയുള്ളൂ. പിന്നെ എന്റെ ബാഗ്‌, സ്വര്‍ണം ഒക്കെ നോക്കണം. ഒന്ന് മൂത്രം ഒഴിക്കണമെങ്കില്‍ റൂമില്‍ പോകണം. രാവിലെ 7 മുതല്‍ 9 വരെ Waiting hall-ല്‍ ഇരിക്കണം, എപ്പോഴാ ബൈ സ്റ്റാന്‍ഡറെ വിളിക്കുകയെന്നറിയില്ല. ആരോടും ഞങ്ങള്‍ പരാതിയും പറഞ്ഞിട്ടില്ല.  അവളെ വിളിച്ചിട്ട് കിട്ടിയില്ല എന്ന് ഇങ്ങോട്ട് പരാതി പറഞ്ഞവരോട് ഞാന്‍ നല്ല കണക്കിന് മറുപടി കൊടുത്തു.  വൈകിട്ട് 4 മണി മുതല്‍ 6 മണി വരെ visiting timeല്‍ അവള്‍ ഫോണ്‍ എന്റെ കയ്യില്‍ തരും.  അപ്പോള്‍ വേണ്ടപ്പെട്ട കുറച്ചുപേരെ വിളിച്ച് മറ്റുള്ളവരോടും വിവരങ്ങള്‍ പറയാന്‍ പറയുമായിരുന്നു.  നല്ല ഒരു കാലം.  ആളുകളെ തിരിച്ചറിഞ്ഞ കാലം.

2 മണിക്കൂര്‍ കൊണ്ട് ടെസ്റ്റ്‌ തീര്‍ന്നു. റിപ്പോര്‍ട്ട് പിറ്റേദിവസം കിട്ടി. ബ്രെയിന്‍ അന്യൂറിസം ഉണ്ടെന്ന് ഉറപ്പായി.  സര്‍ജറിക്ക് റെഡി ആവാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ വേണ്ട എന്ന് ഒറ്റക്കാലില്‍. അനിയത്തിമാര്‍ എന്തിനും കൂടെയുണ്ടെന്ന് പറഞ്ഞപ്പോഴും  ഞാന്‍ സമ്മതിച്ചില്ല.  പ്രൊഫസര്‍ പറഞ്ഞിരുന്നു. ടെസ്റ്റ്‌ കഴിഞ്ഞ് സര്‍ജറി വേണ്ടെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യാമെന്ന്. പക്ഷെ വല്യ ഡോക്ടര്‍ കടുംപിടുത്തം.  വല്ലാതെ വഴക്കും കേള്‍ക്കേണ്ടി വന്നു എനിക്കും, അവള്‍ക്കും.  പാലക്കാട്‌ നിങ്ങളുടെ ഡോക്ടറെ ഞാന്‍ വിളിക്കുന്നുണ്ടെന്നും, "പിന്നെന്തിനു ഇവിടെ വന്നു"? എന്നും ചോദിച്ചപ്പോള്‍ അതിനു മറുപടിയായി കാര്യങ്ങള്‍ വിശദീകരിച്ചു പറയാന്‍ സമ്മതിക്കാതെ "നിങ്ങളെ ബ്ലാക്ക്‌ ഔട്ട്‌ ആക്കും" എന്ന് ഡോക്ടര്‍. എന്തും നേരിടാന്‍ തയ്യാറായി ഞാനും. ഒരു ഡോക്ടറും ഒരു രോഗിയോട് ഇത്ര harsh ആയി സംസാരിച്ചിട്ടുണ്ടാകുമോ? ആരെയും ഭയക്കാതെ, ഒന്നിനെയും വകവെക്കാതെ മുന്നോട്ടുപോവാന്‍ കൃഷ്ണന്‍ എനിക്കായി തന്ന അവസരമായി ഞാനിതിനെ കാണുന്നു. പിന്നീട് പാലക്കാട്‌ എന്നെ ചികിത്സിച്ച ഡോക്ടറോട് ശകാരം കേള്‍ക്കേണ്ടി വന്ന കാര്യം പറഞ്ഞപ്പോള്‍ എന്നെ സമാധാനിപ്പിച്ചു. "ആഹാ അങ്ങനെ പറഞ്ഞോ ......വല്യ ഡോക്ടര്‍ ആയതുകൊണ്ടാ അങ്ങനെ പറഞ്ഞെ, ഞാന്‍ വിളിക്കുന്നുണ്ടുട്ടോ" എന്നും. :D   

നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു... എന്നെയും ഏട്ടനേയും ആശുപത്രിയില്‍ എത്തിക്കാന്‍ മുന്‍പില്‍ തന്നെയുള്ള എന്റെ ക്വാര്‍ട്ടെഴ്സ് നിവാസികളോട്, എന്റെ അഭാവത്തില്‍ എട്ടന് ആഹാരം എത്തിച്ചും ആശ്വസിപ്പിച്ചും എത്തിയ ആളുകളോട്, എന്നെ വീണ്ടും എഴുന്നേറ്റുനില്‍ക്കാന്‍ പ്രാപ്തയാക്കിയ എന്റെ 3 അനിയത്തിമാരോട്, അവരുടെ കുടുംബത്തോട്, മക്കളുടെ നിഷ്കളങ്ക സ്നേഹത്തോട്, സ്നേഹത്തോടെ പെരുമാറുന്ന, അന്വേഷിക്കുന്ന എന്റെ ഭര്‍ത്താവിന്റെ സഹോദരങ്ങളോടും അവരുടെ കുടുംബങ്ങളോടും, എന്റെ മുന്‍പില്‍ വളര്‍ന്ന അവരുടെ കുട്ടികളുടെയും പേരക്കുട്ടികളുടെയും എന്നോടുള്ള ഇഷ്ടത്തോട്,  എനിക്ക് കൂട്ടിന് നല്ല സുഹൃത്തുക്കളെ തന്നതിന്,  നല്ല ബന്ധുക്കളെ തന്നതിന്, എന്നും തുണയായി നിന്ന എന്റെ അച്ഛന്റെ അനിയന്റെ മകന്‍, സമപ്രായക്കാരന്‍, വെറും 6 മാസം മാത്രം താഴെ എന്ന് പറയാവുന്ന എന്റെ ആ സഹോദരന്‍, ഒരു ആവലാതിയും പറയാതെ കൂടെ നിന്നതിന്, അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളോടും കുടുംബാംഗങ്ങളോടും, പ്രത്യേകിച്ച്, ആരും എത്തും  മുന്‍പ് എന്നുമെന്നരികില്‍ ആശ്വാസമായി വരുന്ന എന്റെ ഓഫീസിലെ  സഹപ്രവര്‍ത്തകരോട്, പണ്ട് ജോലി ചെയ്ത സ്ഥലങ്ങളിലെ കൂട്ടുകാരുടെ ഇന്നും തുടരുന്ന സ്നേഹത്തിന്, ബാല്യകാലസഖിമാരുടെ ഇന്നുമുള്ള കൂട്ടിന്, കാണാമറയത്തെ നിങ്ങളുടെ സൌഹൃദാന്വേഷണങ്ങള്‍ക്ക്,   എങ്ങനെ ഞാന്‍ നന്ദി പറയും.   എന്റെ അച്ഛന്‍ എപ്പോഴും പറയുന്ന ഒരു പ്രയോഗമുണ്ട്, "നണ്ട്രി വേണ്ടാം പണം പോതും". പണം തന്നു സഹായിച്ച കൂട്ടുകാര്‍ക്ക് പണവും തിരികെ വേണ്ടാത്രേ.  എന്നാ പിന്നെ നന്ദിയും ചൊല്ലാനില്ല.  ഞാന്‍ നിങ്ങള്‍ക്ക് കടപ്പെട്ടിരിക്കുന്നു, പ്രണാമം.

ഏട്ടന്റെ ശ്രീചിത്ര കഥ എഴുതിയകാലത്താണ് 25 പൈസ പിന്‍വലിച്ചത്. ഇതാ ഇപ്പൊ അഞ്ഞൂറും ആയിരവും. !!!!  ഈയിടയ്ക്കൊന്നും ആരും ഈ വഴിക്ക് വരരുതേ.  ഒരു രണ്ടായിരത്തിന്റെ കരിമ്പ്‌ ജ്യൂസ്‌ വാങ്ങിത്തരും. പറഞ്ഞേക്കാം.

വാല്‍കഷ്ണം :- ഒരു സിസ്റ്റര്‍ പറഞ്ഞതാ : "ഫീമേല്‍ വാര്‍ഡുകാര്‍ രാവിലെ മുതല്‍ കിടക്കയില്‍ കിടക്കുമ്പോള്‍, ആ Male വാര്‍ഡിലേക്ക് ഒന്നു നോക്കിയേ. ആരെങ്കിലും കിടക്കുന്നുണ്ടോ, ഒന്നുകില്‍ ടി വി കാണുന്നുണ്ടാകും, അല്ലെങ്കില്‍ വര്‍ത്തമാനം പറഞ്ഞിരിക്കുകയാവും, അല്ലെങ്കില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരിക്കും". അപ്പോഴാ ഞങ്ങള്‍ അത് ശ്രദ്ധിച്ചത്.  ഞങ്ങള്‍ പറയാത്തത് കൊണ്ടാണത്രേ ഫീമേല്‍ വാര്‍ഡില്‍ ടി വി വെക്കാത്തത്.  ആ സിസ്റ്റര്‍ ഞങ്ങളെ ഒന്നുഷാറാക്കി. ;)

Wednesday, November 25, 2015

നിറവ്


നീലവാനിലെ വെണ്മേഘങ്ങളിന്നെന്നോടു ചോദിപ്പൂ
വരുന്നില്ലേ എന്റെ കൂടെ ഒഴുകി നടക്കുവാന്‍
മുറ്റത്തെ ചെമ്പനീര്‍ പൂവിന്നെന്നോടു ചോദിപ്പൂ
വരുന്നില്ലേ എല്ലാം മറക്കുമാമെന്‍ ഗന്ധമൊന്നു നുകരുവാന്‍ 

മധുരമാം പാടും കുഞ്ഞിക്കുരുവിയിന്നെന്നോടു ചോദിപ്പൂ
വരുന്നില്ലേ നിനക്കിഷ്ടമാമെന്‍ ചിലക്കലൊന്നാസ്വദിക്കാന്‍
വഴിയിലെ പവിഴമല്ലിയിന്നെന്നോടു ചോദിപ്പൂ
വരുന്നില്ലേ അരികിലേക്കെന്നഴക് കാണുവാന്‍

ആര്‍ത്തുപ്പെയ്യുന്ന മഴയിന്നെന്നോടു ചോദിപ്പൂ
വരുന്നില്ലേയെന്‍ മഴച്ചാര്‍ത്തില്‍ നനഞ്ഞു കയറുവാന്‍
ദൂരെ കാണുമാ മലനിരകളും ചോദിപ്പൂ
വരുന്നില്ലേ എന്നും വരാറുള്ളോരാ ദൂരക്കാഴ്ചയ്ക്കായ്

പണ്ടൊട്ടു മനോഹരിയാം പുഴയിന്നെന്നോട് ചോദിപ്പൂ
വരുന്നില്ലേയെന്‍ അവസ്ഥ കണ്ടുപരിതപിക്കുവാനെങ്കിലും
പുലര്‍കാല മഞ്ഞിന്നെന്നോടു ചോദിപ്പൂ
വരുന്നില്ലേയെന്‍ കുളിരിന് കുളിര്‍മയേകുവാന്‍

മധുനുകരും പൂമ്പാറ്റയിന്നെന്നോടു ചോദിപ്പൂ
വരുന്നില്ലേയെന്‍ വര്‍ണപ്രപഞ്ചം കാണുവാന്‍
തൊടിയിലെ ചേമ്പിലയുമിന്നെന്നോടു ചോദിപ്പൂ
വരുന്നില്ലേയെന്നില്‍ പളുങ്കുമണികള്‍ തീര്‍ക്കുവാന്‍

വരുന്നുണ്ട് വരുന്നുണ്ട് എല്ലായിടത്തുമെന്നാലി-
ന്നാദ്യം കാണട്ടെ നിറവിലെ ഒരു ദീപക്കാഴ്ച്ച

വൃശ്ചികക്കാറ്റിന്റെ കുട്ടിക്കുറുമ്പിന് മകരമഞ്ഞിന്റെ ആശംസകള്‍.





Friday, December 5, 2014

ഒളി


ഒരു ചിരാത് കയ്യിലേന്തി
ഒട്ടാകെ പ്രകാശം പരത്തി
ഒരു കാര്‍ത്തിക ദിനം കൂടി
ഒടുവിലിങ്ങെത്തിപ്പോയ്

ഒട്ടൊരു തിരക്കിനാല്‍
ഒട്ടാകെ മാറിമറിഞ്ഞ്
ഒന്നുമറിയാത്ത നേരത്തും
ഒരിക്കല്‍ കൂടി ഓര്‍ക്കുന്നീ നാള്‍

ഒളി മങ്ങാത്ത ഓര്‍മകളുമായ്
ഒരിടത്ത് ഒതുങ്ങിക്കൂടി
ഒരുവള്‍ കാത്തിരിക്കുന്നു
ഒരു നല്ല നാളിനായ്‌


Sunday, December 15, 2013

പ്രത്യാശ


അന്നാ സായംസന്ധ്യയില്‍ ചായമെന്‍ കൈയ്യില്‍ പടരവേ
അകന്നുപോയ് മനസ്സിലെ കാര്‍മേഘങ്ങളൊക്കെയും
അലച്ചിലിനിടയില്‍ തണലിലൊന്നണയവേ
അണഞ്ഞുപോയ് മനസ്സിലെ കനലുകളൊക്കെയും

ആടിപ്പോയൊരു വേളയില്‍ പാട്ടൊന്നു മൂളികേള്‍ക്കവേ
ആരുമറിയാത്തൊരെന്‍ ആധികളകന്നുപോയ്‌
ആദിത്യകിരണങ്ങള്‍ മൂടല്‍മഞ്ഞിലൂടൊളിഞ്ഞുനോക്കവേ
ആഴത്തിലാര്‍ന്നൊരു മുറിവുകള്‍ കരിഞ്ഞുപോയ്


എന്നോ കൊതിച്ചൊരു പൂമൊട്ടുവിടര്‍ന്നെന്‍ കവിളില്‍ തൊട്ടു തലോടവേ
എന്തിനെന്നറിയാതെ എന്നില്‍ നിഴലിച്ച വിഷാദമകന്നുപോയ്
എപ്പോഴോ കാത്തിരുന്ന മഴയിന്നുപൊഴിയവേ
എന്നുമാരും കാണാതിരുന്ന വിതുമ്പലുകളകന്നുപോയ്

ഏതോ നിമിഷത്തില്‍ പൂങ്കാറ്റുവന്നളകങ്ങള്‍ പറക്കവേ
ഏറെ അലട്ടിയോരെന്‍ ചിന്തകളകന്നുപോയ്
ഏകാന്തമാമൊരു നാളില്‍ ഏഴുവര്‍ണങ്ങള്‍ വാനില്‍ തെളിയവേ
ഏറിയ സങ്കടങ്ങള്‍ ഒന്നൊന്നായകന്നുപോയ്

Wednesday, November 28, 2012

വെളിച്ചം

ഒരു മയില്‍പീലിയുമായെന്‍ 
അരികിലെന്തേ വന്നില്ലാ?
അരികിലെത്തിയ നേരത്തോ
അപരിചിതത്വത്തിന്‍ കൂട്ടിലും

പിന്നീടെങ്ങോ വീണ്ടുമൊരു കൂട്ടം 
മയില്‍പീലിയുമായ്‌
പൊലിയുമീ ദീപത്തെ
ഇരുകൈയ്യാല്‍ അണയാതെ കാത്തു നീ

വടവൃക്ഷമായ്‌ മാറി നീ ഇന്ന്
തണലിനായ് അണഞ്ഞോരു നേരത്ത്‌
കഥകളൊക്കെയും വെറും കഥകളാക്കി
എന്‍ മുന്‍പില്‍ നിന്നു തീര്‍ത്തും വ്യത്യസ്തനായ്

മറക്കാനെളുതാമോ മുന്‍പേ പറക്കുമ്പോള്‍
കൂടെ കൂട്ടിയതും തളരാതെ നോക്കിയതും
മറവി രോഗത്താല്‍ മറന്നാലും
ഓര്‍ക്കുക നീയെന്നുള്ളിലെന്നും
ഒരു നറുതിരിവെളിച്ചമായ്
തെളിനീരായ്‌ ചന്ദനഗന്ധമായ്
സംഗീതമായ് ചെറുകാറ്റായ്
നിറഞ്ഞിരിക്കുന്നുവെന്ന്

Friday, November 16, 2012

പരിഭവം

എന്തേ പ്രാണസഖി പരിഭവം വിട്ടുമാറാതെയങ്ങു-
മാറി ഇരുട്ടില്‍ കൂനികൂടിയിരുപ്പൂ?
അടുത്തുവരുമെന്ന പ്രതീക്ഷയില്‍ ഞാനുമൊട്ട-
ഹങ്കാരത്തോടെയിരിപ്പൂ

ഇന്നലെ നീ പൊട്ടിച്ചൊരു പളുങ്കുപാത്രം
കണ്ടരിശം കയറി പറഞ്ഞതല്ലേ വേണ്ടാദീനം
ഇനിയും വൈകുവതെന്തു നീ?
വന്നിട്ടെന്നോട് കൊഞ്ചികുഴയുവാന്‍

എന്റെ പതിവുലഹരിക്കൊപ്പം വെച്ചിരുന്നു
നിനക്കേറ്റം ഇഷ്ടപ്പെട്ട പാലുമെങ്കിലും
തിരിഞ്ഞൊന്നു നോക്കാതെ
മാറിനില്‍ക്കുകയാണോ നീ?

പണ്ടെന്‍ ലഹരിതന്‍ അളവ് കൂടുമ്പോള്‍
മുരണ്ടുകൊണ്ടു നീ നയിക്കാറു-
ണ്ടായിരുന്നുവെന്നെ തീന്‍ മേശക്കരികിലേക്ക്
ഇനിമതി എന്നൊരാജ്ഞയുമായ്‌

പക്ഷെ നീയിന്നൊരു കൂസലുമില്ലാതിരിക്കുന്നു
ഞാന്‍ പരിധിയും കഴിഞ്ഞിട്ടപ്പുറത്തായിട്ടുപോലും!
അറിയാതെ എന്‍ വായില്‍ നിന്നുതിര്‍ന്നൊരാ
ശാപവാക്കുകള്‍ക്കിത്രയും കാഠിന്യമോ?

കാണുന്നു ഞാനീ ഇരുളിന്‍ മറവിലും
തിളക്കമാര്‍ന്ന നിന്‍ കണ്ണുകളും എന്നെയാ-
കര്‍ഷിച്ചൊരാ വിടര്‍ന്ന കണ്ണില്‍-
പ്രകാശിക്കും സ്നേഹത്തിന്‍ തിളക്കവും

തോറ്റുപോയ്‌ ഓമനേ, സഹിക്കാന്‍ കഴിയില്ലീ-
യേകാന്തത, ഞാനിതാ വരുന്നു
നിന്‍  അരികിലേക്ക് ലഹരിയാല്‍
ഉറയ്ക്കുന്നില്ലെന്‍ പാദമെങ്കിലും

കാലിടറിയിതാ വീണപ്പോള്‍
പരിഭവം  മറന്നോടിയെത്തിയെന്നെ
തൊട്ടുരുമ്മി വാലാട്ടി പുഞ്ചിരിച്ചല്ലോ
സ്നേഹം തുളുമ്പും മ്യാവൂവിലൂടെ

മറ്റൊരു മ്യാവൂവിലൂടെ മുന്‍കാലുകള്‍
നിവര്‍ത്തി നമസ്കരിച്ചപ്പോള്‍
അകന്നിരുന്നുവെന്നില്‍
ലഹരിതന്‍ ആലസ്യം 


Thursday, November 1, 2012

കാരുണ്യവതിയായ്‌

അമ്മേ വിറയ്ക്കുന്നുവെന്‍ കരങ്ങള്‍,
നീറുന്നുവെന്‍ ഹൃദയം,
വറ്റുന്നുവെന്‍ കണ്ണുകള്‍,
വിതുമ്പുന്നുവെന്‍ ചുണ്ടുകള്‍

ശക്തി ചോരും മനസ്സും ശരീരവുമായ്‌
നിന്‍ ചാരത്തണയുമ്പോള്‍ അമ്മേ
കൈകള്‍ രണ്ടും കൂപ്പി നില്‍ക്കാന്‍ മാത്രം
കരങ്ങളില്‍ ശക്തി നല്‍കണേ,
നീറ്റലകറ്റി അമ്മയുടെ രൂപം 
ഹൃദയത്തില്‍ കാണുമാറാകണെ, 
നിന്‍ രൂപം കാണുകില്‍ എന്നില്‍ 
കണ്ണുനീര്‍ പ്രവാഹം ഉണ്ടാവണെ

അമ്മതന്‍ കനിവിനായ്‌   

കേഴുമ്പോള്‍ എന്നുള്ളത്തില്‍ 
വിതുമ്പല്‍ തടസ്സമാകാതെ 
നിന്‍ നാമങ്ങള്‍ ചൊല്ലുമാറാകണേ
നിര്‍മലമായൊരു മനസ്സുമതി 
കാലുഷ്യമില്ലാത്തൊരു ചിന്ത മതി 
കാരുണ്യം നിറഞ്ഞൊരു പ്രവൃത്തി മതി 
അമ്മതന്‍ മടിത്തട്ടില്‍ കിടന്നാല്‍ മതി. 
വിഭ്രാന്തികളില്‍ തുണയായ്‌ അമ്മ മതി  
നീയല്ലാതൊരു ശരണമില്ല 
നിന്നെ മറന്നൊരു ദിനവും വേണ്ട 
പ്രാര്‍ത്ഥനയില്‍ ഇതുമാത്രം മതി