Thursday, August 13, 2009

ഇത്രയെങ്കിലും



മാനസ നോവിന്റെ ഭാരമകറ്റുവാനായ്‌
എന്തൊക്കെയോ കുത്തി കുറിച്ചോരെന്‍
വരികള്‍ക്കിടയിലൂടെ എത്തി നോക്കിയ
നിഷ്കളങ്കമാം സ്നേഹത്തിന്‍ പ്രതീകമേ

വഴി തെറ്റി പോകുന്ന കുഞ്ഞാടുകളെ
തെല്ലു ശാസിച്ചും വരിയില്‍ നിര്‍ത്തി
സ്നേഹത്താല്‍ തഴുകി നടത്തുന്നോരാ
ഇടയന്‍ തന്‍ പ്രതിരൂപമേ

വിശാലമായൊരു മനസ്സിന്റെ കോണില്‍
ചഞ്ചലമായോരെന്‍ ചിന്തകളെപ്പോലും
തൊട്ടു തലോടി ഉറക്കുന്നോരെന്‍
അച്ഛന്റെ സാമീപ്യമറിഞ്ഞിടുന്നു ഞാന്‍

ദൂരെയാണെങ്കിലും ആശ്വസിപ്പിക്കട്ടെ,
കേണീടട്ടെ ഞാന്‍ ഈശ്വരനോട്
ദീനങ്ങള്‍ എല്ലാം അകറ്റി വീണ്ടുമാ
പളുങ്കുപുഞ്ചിരിയുമായ് സജീവമാകുവാന്‍



ഇത് ജെ പി അങ്കിളിന് സമര്‍പ്പിക്കുന്നു.

ഫോട്ടോ കടപ്പാട്‌ - അങ്കിളിന്റെ ഓണം ഫോട്ടോസ് കളക്ഷന്‍ ഇന്ദുലേഖ.കോം

Tuesday, August 4, 2009

പ്രകൃതിയിലേക്ക്



രാവിന്റെ നോവുകള്‍ക്കന്ത്യം കുറിച്ചാ-
പാലാഴി പൂനിലാവിന്‍ കുളിര്‍മ്മയില്‍
‍പാതിയടഞ്ഞോരെന്‍ കണ്ണുകള്‍ക്കുള്ളിലെ
നക്ഷത്ര ദീപങ്ങള്‍ക്ക് തിരി കൊളുത്തി

നനവാര്‍ന്ന വര്‍ണത്താല്‍ ചാലിച്ച് തീര്‍ത്ത
വാസന്ത കന്യതന്‍ പരിരംഭണത്താല്‍
കോരിത്തരിച്ചീടുന്നു ഞാന്‍, ആദ്യ-
മഴയിലെ ഭൂമിതന്‍ സ്പന്ദനം പോല്‍

‍നാദബ്രഹ്മത്തിന്‍ കമ്പികള്‍ മുറുകിയാ-
മാനസവേണുതന്‍ പരിലാളനത്തിന്‍
രാഗങ്ങള്‍, ഭ്രാന്തു പിടിപ്പിക്കുവതെന്നെ
ഇറ്റിറ്റായ് വീഴുന്ന സ്നേഹ ബിന്ദുക്കള്‍ പോല്‍

‍മൂടല്‍ മഞ്ഞിന്‍ മറയകറ്റിയടുക്കുന്നോരാ-
കുളിര്‍തെന്നലെ ഓടിയകറ്റെണ്ട എന്നെയീ
തെളിനീര്‍ ചോലതന്‍ തീരത്ത്, കണ്‍ചിമ്മിടട്ടെ
ഞാനെന്‍ കര്‍മ്മത്തിന്‍ സാക്ഷാത്കാരമായ്‌

തേക്കിന്‍ കാടുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങിയ
പൂഞ്ചോലതന്‍ സംഗീതമായിരിന്നുവെന്‍
ചിറകറ്റ സ്വപ്‌നങ്ങള്‍ക്കൊപ്പം വെറുതെ -
നൃത്തമാടാന്‍ വന്ന വാദ്യവൃന്ദങ്ങള്‍

നമിച്ചീടുന്നു പ്രകൃതി, ഞാന്‍ നിന്നെ
‍ഒരിക്കലും ആര്‍ക്കും പിടികൊടുക്കാത്ത-
സത്യപ്രപഞ്ചമേ, സ്വീകരിക്കുക നീ ഞങ്ങളെ,
നിന്നിലെ ലയമാധുര്യമായ്‌ മാറുവാന്‍