Tuesday, December 27, 2011

മഴവില്ല്

ഒരേ  തൂവല്‍ പക്ഷികള്‍ എന്ന ബ്ലോഗ്‌ കൂട്ടായ്മയില്‍ പോസ്റ്റ്‌ ചെയ്ത പുതുവത്സരാശംസ മഴവില്ല് 
വായിക്കുമല്ലോ. 

Thursday, December 8, 2011

വാക്കുകാണാതലയുന്നു ഞാനിന്നും


നീ ചൊല്ലിയ വാക്കിന്‍ അര്‍ത്ഥം തിരഞ്ഞു-
തിരഞ്ഞു പോകവേ കണ്ട കാഴ്ചകള്‍ കണ്ട്
മറന്നു ആ വാക്കും തിരിച്ചു ചെല്ലേണ്ട വഴിയും
അര്‍ത്ഥമില്ലാതലയുന്നു ഞാനിന്നും


നിന്നോടെന്തു ചൊല്ലുമാ കൊച്ചു വാക്കുപോലും
മറന്ന വാക്കില്ലാത്തവള്‍ ഈ ഞാനെന്നോ
വാക്കുതര്‍ക്കത്തിനു നീ വരില്ലയെങ്കിലും
വാക്കുകാണാതലയുന്നു ഞാനിന്നും.


ഇതില്‍ കമന്റ്‌ ചെയ്താലും ഇല്ലെങ്കിലും വെറുതെയെന്നാകിലുമെങ്കിലും
എന്ന പോസ്റ്റ്‌ കാണാത്തവര്‍ മുല്ലപെരിയാര്‍ വിഷയത്തില്‍ അവിടെ പ്രതികരിക്കുമെന്ന പ്രതീക്ഷയോടെ.

Monday, November 28, 2011

വെറുതെയെന്നാകിലുമെങ്കിലും.....


കുഞ്ഞൂ, നിന്റെ കണ്ണിലെ ഭീതി കണ്ടു-
റക്കം നഷ്ടപ്പെട്ടവള്‍ ഞാന്‍,
പതറാതെ നീ പറഞ്ഞതുമതുമാത്രം
ഉറക്കം നഷ്ടപ്പെട്ടവള്‍ നീയെന്ന്

പക്ഷെ ഉറങ്ങാന്‍ കഴിയുന്നിണ്ടിവിടെ
പലര്‍ക്കും പലതും സ്വപ്നം കണ്ട്
ഒരു പ്രളയം വന്നാ സ്വപ്നങ്ങളെ
തകര്‍ക്കേണ്ടയെന്നാകിലുമെങ്കിലും
ഉണരുക നിങ്ങള്‍, കണ്‍ പൂട്ടിയുറക്കുക
പേടിസ്വപ്നം കാണാതുറങ്ങട്ടെ കുഞ്ഞുങ്ങള്‍.

മുല്ലപെരിയാര്‍ വിഷയത്തില്‍ ഒരു കൊച്ചുകുട്ടി, ഞാനവളെ കുഞ്ഞൂ എന്ന് വിളിക്കട്ടെ, ഭീതിയോടെ എങ്കിലും ഒട്ടും പതറാതെ ചാനല്‍ പ്രവര്‍ത്തകരോട് ഭൂചലനവും ഡാമിന്റെ അപകടാവസ്ഥയും മൂലം ഉറങ്ങാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞപ്പോള്‍ വിഷമം തോന്നി. നമ്മളെല്ലാം സ്വാര്‍ത്ഥര്‍ ആണ്. എന്റെയുറക്കം, എന്റെ സമാധാനം അതു നഷ്ടമായാല്‍ വിഷമമാണ്. പക്ഷെ ആ കുട്ടിയുടെ ഉറക്കം നഷ്ടമായത്‌ പലരുടെയും ജീവനെയോര്‍ത്താണ്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവത്തെ പോലെ കരുതേണ്ട കുഞ്ഞുങ്ങള്‍ക്ക്‌ പോലും ഉറക്കം നഷ്ടപ്പെട്ടിരിക്കുമ്പോള്‍ പ്രതികരിക്കേണ്ടവര്‍ ഉറക്കം നടിച്ചു കിടക്കുന്നു. ഇതും ഒരു ദുരന്തം തന്നെ.

Wednesday, November 2, 2011

"ഈ പറഞ്ഞന്തി ഇതുക്കൂട്ട് കെട്ടിക്കോളുണ്ട്"


" പറഞ്ഞന്തി" എന്ന് പറഞ്ഞതും എന്തോ അബദ്ധം പറഞ്ഞപോലെ ഗീത കണ്ണിറുക്കി നാവുകടിച്ച് എന്നെ നോക്കി.

ഏതുപറഞ്ഞന്തി? പറയു ഗീത എന്ന് ഞാനും. അപ്പോഴതാ അനിത, "ഇതുക്കൂട്ട് ഒരെണ്ണം എനിക്കും ഉണ്ടായിരുന്നു.


ഏതുക്കൂട്ട്‌
അനിതെ? അപ്പോഴേക്കും ഭാഗ്യശ്രീ "ഞാന്‍ കെട്ടിക്കോളുണ്ട്." ഇതെന്തുകോളാണ് ?

ശശി സാര്‍ "ഞാനില്ല. തടി കയിച്ചിലാക്കട്ടെ". ഇനിയെങ്ങനെ കഴിച്ചുകൂട്ടും സാര്‍?


ഇനിയിപ്പോ
പ്രവീണ ഉണ്ടെങ്കില്‍ "വ്വോ, എന്തര് ഫാഷ" എന്നു പറഞ്ഞേനെ. ഫാഷയല്ല ഭാഷയല്ലേ ശരി എന്ന് ചോദിച്ചാല്‍ വിനിലും സമ്മതിച്ചു തരില്ല.

സംസാരഭാഷക്ക് എത്ര മുഖങ്ങള്‍ അല്ലെ? കാര്യം, ഒരിക്കലും പരിഹസിക്കാനല്ല ഇതൊക്കെ വീണ്ടും വീണ്ടും കേട്ട് രസിക്കാനാണ് ആഗ്രഹം. സംസാരിക്കുമ്പോള്‍ ഓരോ വാക്യത്തിന് മുന്‍പും "കാര്യം" എന്ന് പറയുന്ന രണ്ടു അഭിനേതാക്കള്‍ ഉണ്ട് നമുക്ക്. കേള്‍ക്കാന്‍ ഇഷ്ടവുമാണത്. "കാര്യം", "നല്ല അഭിപ്രായമാണ്, നല്ല ആക്ടിംഗ് ആണ്".

ഷമീന
"സൂനേച്ചി" എന്ന് വിളിക്കുന്നുണ്ടോ ഇതൊക്കെ കേട്ടിട്ട്? "അവിടെ എന്താ കൂട്ടംകൂടി നില്‍ക്കണത്? " വിജയന്‍ സാറല്ലേ അത്? പാലക്കാട്‌ ആണ് സ്വദേശമെങ്കിലും വിജയന്‍ സാര്‍ പക്ഷെ "ഉള്ളികളൊക്കെ വാങ്ങിയോ" എന്നു ചോദിച്ചു അങ്ങനെ ചിരിച്ചു നില്‍ക്കും, എന്തോ ഒരു കാര്യം സാധിച്ചപോലെ.

"എന്തൂട്ടാ ഗെഡിയെ? വേണ്ടാട്ടാ, അവളാ പോയി". ഇതാരാ തൃശൂര്‍ നിന്നും മ്മടെ മമ്മൂട്ടി പ്രാഞ്ചിയേട്ടന്‍ ഇവിടെ വന്നതാണോ? അതോ കണ്ണമ്പരിയാരം ലോക്കല്‍ പ്രാഞ്ചിയേട്ടനോ?

"ഈടെ ന്താ പ്രശ്നോം?, എനക്ക് തിരിയിണില്ല". ലക്ഷ്മി മാഡം അല്ലെ അത്? അങ്ങനെ തിരിയണ്ട. "ഇല്യാലോ? എങ്കില്‍ നന്നായീലോ". അതാരായിരിക്കും? ഷാജുവോ, രമേശനോ? തിരേ തെളിയണില്ലല്ലോ രജിതെ?


"ഞാനിപ്പം കഴിച്ചേച്ചും വരാവേ". ദേ, അനിത പിന്നേം. , ആയ്ക്കോട്ടെ. "ഓള് വമ്പത്തിയാ." രാധാകൃഷ്ണന്‍, ശശി സാറിന്റെ സ്റ്റൈലില്‍, കത്തിക്കയറി. "ഇതൊക്കെ എന്തോരം കണ്ടിരിക്കുന്നു. അനിതേടേ മറുപടി ഉടന്‍ വന്നു.


"ആസ് യു ടോള്‍ഡ്‌, നീങ്ക സൊന്നാ മാതിരി അങ്ങനെ അല്ലൈ. ഹവ്വെവര്‍ ദി ഫാക്റ്റ് ഈസ്‌, അതിന്റെ കാര്യം ഇതാക്കും. ഇതാര് നമ്മുടെ രാമചന്ദ്രന്‍ സാറോ. കല്പാത്തി തേരിനൊന്നും ക്ഷണിക്കുന്നില്ലേ? ഇങ്ങനെ സൊറ പറഞ്ഞിരിന്നാല്‍ പോതാതെ?


" വിവരാവകാശം ഫയല്‍ എവട്യാ?" അത് ഇതാക്കി ഇതാക്കി ഇതാക്കാം.

അതാരാപ്പാത്? അയ്യോ മനസ്സില്‍ ഒരു തീ കാളിയോ? "അലമാറേലൂ" (ല്‍, ലാ, ലൂ) ഗാന്ധി നഗര്‍ സെക്കന്റ്‌ സ്ട്രീറ്റില്‍ മോഹന്‍ലാല്‍ പറയുന്നപോലെ സ്വയം തിരുത്തി ആരുടേയും മുഖത്ത് നോക്കാതെ വിവരം പറഞ്ഞു നോക്കുമ്പോള്‍ എല്ലാരും പോയിരിക്കണ് അവനോന്റെ സീറ്റില്‍.


എന്തരോ എന്തോ? എന്തൂട്ടാത്? എന്നതാ? എന്തുവാ? എന്താണോ? ഒന്നൂല്ല്യാ. മര്യാദക്ക് ജോലി ചെയ്യട്ടെ, സേവനാവകാശവും പറഞ്ഞ് ഇനി ആരെങ്കിലും വരും മുന്‍പ്.

ഓരോ സംസാരഭാഷയ്ക്കും അതിന്റേതായ ഭംഗി ഉണ്ട്. അത് നിഷ്ക്കളങ്കമായി പറയുക. നമ്മുടെ സംസാരം ആരെയും അധിക്ഷേപിക്കാനോ, പരിഹസിക്കാനോ, വേദനിപ്പിക്കാനോ ആയിരിക്കരുത്.

Saturday, October 22, 2011

മറക്കാതിരിക്കാന്‍


പുറം തിരിഞ്ഞു നില്‍ക്കുന്നോരെ
അകം തിരഞ്ഞു നോക്കുക നിങ്ങളാ
കാല്പാടുകളും കല്‍പ്പടവുകളും
തണലേകിയ മരങ്ങളും തളര്‍ന്നോടി-
യണഞ്ഞോരത്താണികളും

കറയില്ലാതെ അറിയുക
നിങ്ങളാ കലര്‍പ്പില്ലാത്ത സ്നേഹത്തെ
നോവിക്കാതെ നോക്കുക നിങ്ങളാ
നോവിന്‍പര്‍വ്വം നിങ്ങള്‍ക്കായ് കയറിയവരെ


മറക്കാതിരിക്കുക
ഒന്നു
ചിരിക്കാനെങ്കിലും, ഒന്നിനുമേതിനും
കുറവില്ല നിങ്ങള്‍ക്കെങ്കിലുമീ
നീര്‍ക്കുമിളപോലുള്ള ജീവിതത്തില്‍
ഒരാശ്വാസമായ് മാറട്ടെയാ ചിരി

ഈയിടെ പത്രത്തില്‍ വന്ന ഒരു വാര്‍ത്ത - ഒരുകാലത്ത്‌ തമിഴ്‌ സിനിമയില്‍ ജ്വലിച്ചു നിന്നിരുന്ന ഹാസ്യതാരത്തിനു ഭക്ഷണം പോലും നിഷേധിക്കുന്ന മകനും കുടുംബവും. ഭക്ഷണം തന്നാല്‍ പരാതി ഇല്ലെന്നും ആ പാവം പറയുന്നു.

വൃദ്ധര്‍, വൃദ്ധദിനം എന്നു പറയുന്നതുപോലും ശരിയാണെന്ന് തോന്നുന്നില്ല. നമുക്ക് മുന്‍പ് നടന്നവര്‍. അതല്ലേ ശരി. നാളെ നമ്മളും അവര്‍ നടന്ന വഴിയിലൂടെ അവിടെ എത്തും. ഓര്‍ത്താല്‍ നന്ന്.

Thursday, August 25, 2011

പൊന്നായ് മാറാം



പൊന്നുപോല്‍ തിളങ്ങണം നിന്‍ മുഖം
പൊന്നുപോല്‍ പരിശുദ്ധമാകണം നിന്‍ മനം
പൊന്നുമാത്രം അണിയേണ്ട പൊന്നുമോളെ, പക്ഷെ
പൊന്നുംവില കൊടുക്കേണം ബന്ധങ്ങള്‍ക്ക്

പൊന്നുപോല്‍ കാണണം നല്ല പാതിയെ
പൊന്നുപോല്‍ കാക്കണം നല്ല പാതിയെ
പൊന്നുമാത്രംചോദിക്കരുതേ പൊന്നുമോനെ, പക്ഷെ
പൊന്നായ് ജ്വലിക്കേണം മനസ്സുകളില്‍

പൊന്നുരുക്കുന്നിടത്തിലീ പൂച്ചയും പാടുന്നു
പൊന്നായ് മാറാം നമുക്കീ
പൊന്നിന്‍ ചിങ്ങമാസത്തിലെ
പൊന്നോണ പുലരിയില്‍


ഇത്
തിരി പൊന്നിനുവേണ്ടി പൊന്നുജീവിതങ്ങള്‍ തകരുന്നത് കാണുമ്പോള്‍ ....

Saturday, July 2, 2011

വിവരാ(സാ)വകാശേ വിപരീത ബുദ്ധി




വിവരം നമ്മുടെ അവകാശം
സ്ഥാപിക്കാനായ് അവകാശം
വിവരക്കേട് ചോദിക്കുകില്‍
വിവരക്കേട് കൈവശം ഉള്ളോരും
വിവരം അറിയും പറഞ്ഞേക്കാം
വിവരം കൊടുത്തു അടി വാങ്ങിക്കും.


വിവരം നമ്മുടെ അവകാശം
സാധിക്കാനായ് അവകാശം
വിവരത്തോടെ ചോദിക്കുകില്‍
വിവരം സാവകാശം കൊടുത്തോരും
വിവരം അറിയും പറഞ്ഞേക്കാം.
വിവരാ(സാ)വകാശേ വിപരീതബുദ്ധി

വിവരം ചോദിച്ചപ്പോള്‍ വിവരക്കേട്‌ കയ്യിലിരിപ്പുള്ള ആളുകളുടെ വാക്ക് കേട്ട് മറുപടി കൊടുക്കാന്‍ വൈകി വിവരക്കേട് കാണിച്ചപ്പോള്‍ തോന്നിയ ഒരു വിവരക്കേട്. ആകെ ഒരു വിവരക്കേടിന്റെ കളി അല്ലെ? വിവരമുള്ളവര്‍ ക്ഷമിക്കുക.

Saturday, June 18, 2011

സുഖങ്ങളൊക്കെ തന്നേ, ഒരു യേഴ്യെകാലു രൂഫ?


ചെറുപ്പത്തില്‍ തന്നെ ജോലിയില്‍ ചേരുകയും സമ്പാദിക്കുകയും ചെയ്തുതുടങ്ങിയെങ്കിലും പൈസ കൈയ്യില്‍ വെക്കാറെ ഇല്ലായിരുന്നു നമ്മുടെ കഥാനായിക. തലയില്‍ വെച്ചാല്‍ പേനരിക്കും തറയില്‍ വെച്ചാല്‍ ഉറുമ്പരിക്കും എന്നൊക്കെ പറയാറുണ്ട്‌. പക്ഷെ കൈയ്യില്‍ വെച്ചാലെന്താ? അതല്ലേ അവളുടെ മിടുക്ക്. എന്നും കൈയ്യില്‍ വെക്കാന്‍ പറ്റില്ലല്ലോ? ചിലവാകുമ്പോള്‍ സങ്കടമാവില്ലേ? അപ്പൊ എന്താ വഴി?

കുടുംബം നോക്കി നടത്താന്‍ മിടുക്കിയായ അനിയത്തിയുടെ കൈയ്യില്‍ ആയിരുന്നു കല്യാണത്തിനു മുന്‍പ് കിട്ടുന്നതൊക്കെ കൊടുക്കുക. എന്നിട്ട് അവള്‍ സ്വസ്ഥമായി ടിവി കാണുകയും വരക്കുകയും എഴുതുകയും ഒക്കെ ചെയ്യും. എന്തെങ്കിലും ആവശ്യം വന്നാല്‍ ചേച്ചിയുടെ വിശ്വരൂപം എടുത്ത് പറയുകയും ചെയ്യാം, "നിന്റടുത്തു അന്നിത്ര രൂപ തന്നതല്ലേ? ഇത്രവേഗം ചിലവായോ?"

കല്യാണം കഴിഞ്ഞ ശേഷം ഈ പൈസയെന്ന ബാധ്യത അവള്‍ ഏല്‍പ്പിച്ചു കൊടുത്തത് നായികയുടെ നായകന് തന്നെ. വിരട്ടാന്‍ ഇപ്പൊ നല്ല രസമാണ്. പണ്ട് അനിയത്തി കുടുംബം നല്ല രീതിയില്‍ കൊണ്ടുനടത്താനാണ് ചെലവ് ചെയ്തതെങ്കില്‍ ഇപ്പൊ കഥാനായകന്‍ നായകനു ചേരും വിധം വാതക ദ്രാവക ഖര പദാര്‍ത്ഥങ്ങള്‍ എടുക്കേണ്ടതിനാല്‍, എന്താണ് വാതക ദ്രാവക ഖരമെന്നോ, ഹോ ഒന്നും അറിയാത്ത പോലെ, സിഗരറ്റ്, മദ്യം ഇത്യാദി (ഇത്യാദി വേറൊന്നും അല്ല. അന്ന് നായിക പഠിക്കുകയും എഴുതുകയും വരക്കുകയും ചെയ്തതുകൊണ്ട്, പാചകം പഠിക്കാന്‍ കഴിഞ്ഞില്ല, പോരാത്തതിന് പച്ചക്കറി മാത്രമേ അറിയൂ, അതുകൊണ്ട് വീട്ടില്‍ ഉണ്ടാക്കി വെച്ചതൊക്കെയും ബാക്കിയാക്കി നോണ്‍ വെജ് ഹോട്ടല്‍ ഭക്ഷണം) ചെലവ് ചെയ്തു കൈ മലര്‍ത്തുമ്പോള്‍ വിരട്ടാന്‍ എന്തു രസമാണെന്നോ നമ്മുടെ നായികക്ക്. പക്ഷെ അവളുടെ വിരട്ടലൊക്കെ ദൈവം തമ്പുരാന്‍ കാണുന്നുണ്ടായിരുന്നു. ഒരു വേല ഇവള്‍ക്ക് കൊടുക്കണമെന്ന് നിശ്ചയിക്കുകയും ചെയ്തു.

അങ്ങനെയിരിക്കെ, ഒരു നാള്‍ നായകന് ഒരു നെഞ്ചു വേദന. പരിചയക്കാരന്റെ ഓട്ടോയില്‍ ഹോസ്പിറ്റലിലേക്ക്. "ഏട്ടന്റെ ശരിയാകട്ടെ, എന്നിട്ട് ഓട്ടോ ചാര്‍ജ് വാങ്ങാം" എന്നും പറഞ്ഞ് ആ കുട്ടിയും പോയി. നേരെ ഐ സി യു വിലേക്ക് കൊണ്ടുപോയ നായകന് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടു പുറത്തിരിക്കുമ്പോള്‍ നേഴ്സ് വന്ന് നായികയുടെ കൈയ്യില്‍ കൊടുക്കുന്നു നായകന്‍റെ കണ്ണടയും പിന്നെ ഒരു മണിപേഴ്സ്. അവള്‍ അത് തിരിച്ചും മറിച്ചും നോക്കി. തുറന്നപ്പോള്‍ ആയിരങ്ങള്‍ അവളെ നോക്കി ചിരിച്ചു. അപ്പൊ തന്നെ ഒരു ഇഞ്ചക്ഷന്‍ കൊടുക്കണമെന്നും പൈസ കെട്ടാനും പറഞ്ഞപ്പോള്‍, ആ ചിരിച്ച ആയിരങ്ങള്‍ അവളില്‍ നിന്നും വിട പറഞ്ഞു. അതൊന്നുമല്ല അവള്‍ക്കുള്ള ശിക്ഷ.

വെറുതെ അങ്ങനെ ഇരുന്നപ്പോള്‍ ഒരു കാപ്പി കുടിക്കാം എന്ന് കരുതി അവള്‍ ഹോസ്പിറ്റലിനകത്തുള്ള കോഫി വെണ്ടിംഗ് മെഷീന്‍ കാപ്പി കുടിച്ചു. എന്നിട്ട് കൂള്‍ ആയി തിരികെ വന്നിരുന്നു. കൂള്‍ കോഫിയൊന്നുമല്ല കുടിച്ചത്. വെറുതെ കൂള്‍ ആയി തിരികെ വന്നതുതന്നെ. കുറെ കഴിഞ്ഞപ്പോള്‍ ആ കാപ്പി കടയിലെ പയ്യന്‍ വന്ന് നായികയെ നോക്കുന്നു. പിന്നെയും പിന്നെയും നോക്കുന്നു. അവള്‍ക്കു ദേഷ്യം വന്നു. എന്തിന്റെ കുറവാ ഈ പയ്യന്. നായകനെങ്ങാനും ഇതറിഞ്ഞാല്‍ രോഗമൊക്കെ (നായകന്റെയും പയ്യന്റെയും) പമ്പ കടക്കും എന്നൊക്കെ ഓര്‍ത്തുകൊണ്ട്‌ അവനോടു ചോദിക്കുന്നു, "ഹും എന്താ കാര്യം?" മറുപടി വളരെ പതുക്കെ "ഹേയ് ഒന്നും ഇല്ല. ഏതു ഡോക്ടറെ കാണാന്‍ വന്നതാണ്? എന്തെങ്കിലും കുഴപ്പം? അല്ല, കാപ്പിയുടെ പൈസ തന്നില്ല, ഇല്ലെങ്കില്‍ പിന്നെ തന്നാല്‍ മതി". ഇങ്ങനെ ചമ്മാനുണ്ടോ? "ഹയ്യോ, അതു ഞാന്‍ മറന്നു" എന്നും പറഞ്ഞ് അവള്‍ പേഴ്സ് തുറന്നു പൈസയെടുത്തു കൊടുത്തു. ഒരു അക്കിടി തന്നെയായിരുന്നു അവള്‍ക്കിത്. കാരണം എന്നും, നായിക കഴിക്കും നായകന്‍ പൈസ കൊടുക്കും, എന്നതായിരുന്നു രീതി.

തുടര്‍ന്നുള്ള നായകന്‍റെ ചികിത്സ തിരോന്തരത്ത്‌ ആയിരുന്നു. അവിടെയും പല പല ആവശ്യങ്ങള്‍ക്കായി കടയില്‍ കയറി വാങ്ങിയശേഷം കൂള്‍ ആയി ഇറങ്ങുമ്പോള്‍ ഹലോ സുഖങ്ങളൊക്കെ തന്നെ, ഒരു യേഴ്യെകാലു രൂഫ തന്നിട്ട് പോയെ എന്ന്, അന്നത്തെ കാപ്പി കട പയ്യനുണ്ടായിരുന്ന ദയാദാക്ഷീണ്യം പോലുമില്ലാതെ, തിരോന്തരംകാര് പറയുമ്പോള്‍ അവിടെ ദൈവം ചിരിക്കുന്നുണ്ടായിരുന്നു. അസുഖമൊക്കെ മാറി വന്നപ്പോള്‍ കാലിയായ പേഴ്സ് കണ്ട് നായകനും അവളെ വിരട്ടി പകരം വീട്ടി.

അങ്ങനെയിരിക്കുമ്പോള്‍ ഒരു ജി കുട്ടപ്പന്‍ സഹോദരതുല്യ സ്നേഹം കൊണ്ട് അവളെ കാണാന്‍ ഓഫീസില്‍ വരുന്നു. അവളുടെ ഭീമന്‍ ബാഗുകണ്ട് അന്തം വിടുന്നു. അതില്‍ ഭക്ഷണവും ബസ്സിനുള്ള ചില്ലറ പൈസയും മാത്രമേ ഉള്ളു എന്നും പേടിക്കേണ്ട എന്നും സമാധാനിപ്പിക്കുന്നു. നായികയും അവളുടെ കൂട്ടുകാരി ജോയും കൂടെ ജിയെ കൂട്ടി കരിമ്പ് ജ്യൂസ്‌ കുടിക്കാന്‍ പോകുന്നു. ജ്യൂസ്‌ ഒറ്റവലിക്ക് തീര്‍ത്തുകൊണ്ട് "ജോജി"മാര്‍ പൈസ കൊടുക്കും മുന്‍പ് ഒരു കൈയ്യില്‍ ഗ്ലാസ്സായതിനാല്‍ മറുകയ്യാല്‍ പൈസ കൊടുത്ത് നമ്മുടെ നായിക ഒന്ന് ശ്വാസം വിട്ടുനിന്നു. "ദൈവമേ ഞാന്‍ കേമിയായില്ലേ" എന്നൊരു ആത്മഗതവും.

  • ഉണ്ടായേക്കാവുന്ന ഒരു സംശയത്തിനുള്ള മറുപടി- ഇന്‍ജക്ഷന് പൈസ കെട്ടാന്‍ പറഞ്ഞപ്പോള്‍ മാത്രം കറക്റ്റ് ആയി ബ്രെയിന്‍ വര്‍ക്ക്‌ ചെയ്യാന്‍ കാരണം - അവിടെ പലവട്ടം മൈക്കിലൂടെ ഇന്നാളുടെ ബന്ധുക്കള്‍, ഇന്ന ആവശ്യത്തിനു വേണ്ട പണം ഇന്ന കൌണ്ടറില്‍ അടക്കണമെന്ന് പറഞ്ഞു നമ്മുടെ ബ്രെയിന്‍ പ്രവര്‍ത്തനക്ഷമമാക്കികൊണ്ടേ ഇരിക്കും.

അങ്ങനെ ഇരുപത്തഞ്ചു പൈസയും പിന്‍‌വലിക്കുന്നു. നൂറു പൈസയാണ് ഒരു രൂപയെങ്കിലും പൈസ എന്ന വാക്ക് ഇനി ഒരു ഓര്‍മയാകും.

Wednesday, April 27, 2011

ഒരേ തൂവല്‍ പക്ഷികള്‍ എന്ന ബ്ലോഗ്‌ കൂട്ടായ്മയില്‍ പോസ്റ്റ്‌ ചെയ്ത ഒരു എന്‍ഡോസള്‍ഫാന്‍ പ്രതികരണം ഇവിടെ വായിക്കാം

Saturday, March 26, 2011

അക്കരപ്പച്ച ചക്കരപ്പച്ച




സീറ്റ്‌ ഉണ്ടോ, ഞാനുണ്ടേ
സീറ്റ്‌ ഇല്ലേ, ചാടുന്നുണ്ടേ
അക്കരപ്പച്ച കാണുന്നുണ്ടെ
സേവിക്കാനായ് തുടിക്കുന്നുണ്ടേ

പൊതുജനവും അറിയുന്നുണ്ടേ
നല്‍കിയ മൂല്യം ഇടിയുന്നുണ്ടേ
അതിനാല്‍ പ്രതികരിക്കുന്നുണ്ടേ
മറ്റൊന്നും വിചാരിക്കണ്ടേ



ഇലക്ഷന്‍ അടുത്തു വരുമ്പോള്‍ സീറ്റ്‌ കിട്ടാതെ മറുകണ്ടം ചാടുന്നവര്‍ക്കായ്. ആരെയെങ്കിലും ഒരാളെ കണ്ടുകൊണ്ടു എഴുതിയതല്ല, ആ പ്രവണതക്കെതിരെ എഴുതിയത്.

Saturday, February 26, 2011

എന്നോടോ ഇന്റര്‍വ്യൂ


ചോ: കഥ അറിയാമോ മണ്ണാങ്കട്ടയും കരിയിലയും
ഉ: കഥയതെന്തു കഥയാണാവോ?
ഇന്നീ നെറ്റില്‍ പരതാനല്ലാതെ
അറിയില്ലൊരു മണ്ണാങ്കട്ടയും

ചോ: കളി അറിയാമോ പല്ലാങ്കുഴിയും പാമ്പും കോണിയും
ഉ: കളിയാക്കല്ലതൊരു കളിയാണോ?
ഇന്നീ കമ്പ്യൂട്ടര്‍ ഗെയിമില്‍ ‍
ആരുമില്ലെന്നെ വെല്ലാന്‍

‍ചോ: അറിയാമോ വളപൊട്ടാല്‍ മാല തീര്‍ക്കാനും മണ്ണപ്പം ചുടാനും?
ഉ: കുഴങ്ങില്ലൊട്ടുമീ ചോദ്യത്തിനും
ഇപ്പൊ പറയാമുത്തരം
വിക്കിപീഡിയയില്‍ നോക്കി വരട്ടെ

ചോ: ഓര്‍മ്മയുണ്ടോ നാമജപങ്ങള്‍ ‍
ഉ: ശരണമന്ത്രമിന്നൊന്നുമാത്രം ഗൂഗിളായ നമ:

ചോ: വിട്ടുപിടിക്കാമൊരു ചോദ്യം, സാമൂഹിക പ്രതിബദ്ധത, സോഷ്യല്‍ സര്‍വീസ്
ഉ: ഉണ്ടല്ലോ ഞാന്‍ സോഷ്യല്‍ നെറ്റ്വര്‍ക്കില്‍
ട്വിറ്റെര്‍, ഓര്‍ക്കുട്ട്, ഫേസ്ബുക്കുകളില്‍ ‍

ചോ: അതല്ലാരുടെയെങ്കിലും ജീവന്‍ അപകടത്തിലായാലെങ്കിലും ....
(ചോദ്യം മുഴുമിപ്പിക്കും മുന്‍പ്)
ഉ: ആരുടെയെങ്കിലുമല്ലാരുടെ ജീവന്‍ പോയാലും
സജീവമാണീ ഞാനിവിടെ, കണ്ടില്ലേയെന്‍ പ്രതിബദ്ധത

ചോ: നമോവാകം, മുട്ടിപ്പോയെന്‍ ചോദ്യങ്ങള്‍!
ഉ: (ആത്മഗതം) എന്നോടോ ഇന്റര്‍വ്യൂ, പോകു വേഗം,
സൈന്‍ അപ്പ്‌ ചെയ്യണമിന്നൊരു
പുതിയ സോഷ്യല്‍ നെറ്റ്വര്‍ക്കില്‍

Thursday, February 10, 2011

മുന്‍വിധി നീയെന്‍ തലവിധി



മുന്‍വിധിയിന്‍ കരിമ്പടത്താല്‍ പുതച്ചിരിക്കുന്നു നിന്നെ
നിന്നെ നീയായ്‌ കാണാന്‍ എനിക്കാവില്ല

ചമയങ്ങളില്ലാത്തവള്‍ നീയോ, അല്ല
ഒട്ടു ചമഞ്ഞിരിക്കുന്നവള്‍
നാട്യങ്ങളൊന്നുമറിയാത്തവള്‍ നീയോ, അല്ല
നല്ലൊരു നാട്യശാസ്ത്രക്കാരി
ബുദ്ധിവൈഭവം ഉള്ളവള്‍ നീയോ, അല്ല
വെറും അതിസാമര്‍ത്ഥ്യക്കാരി
പ്രാപ്തിയുള്ളവള്‍ നീയോ, അല്ല
എന്തിനും പോന്നവള്‍

മുറിവേല്‍പ്പിക്കപ്പെടുമ്പോഴും മിണ്ടാതിരിക്കുക
മിണ്ടാതിരിക്കുമ്പോഴും മുറിവേല്‍പ്പിക്കപ്പെടാം

Monday, January 10, 2011

അനര്‍ഗളം ആംഗലേയം



ആംഗലേയം ആംഗ്യഭാഷയില്‍
‍അവതരിപ്പിക്കുമാ അംഗനപോലും
ആങ്കാരം വന്നാല്‍ ചൊല്ലീടും
അനര്‍ഗളം ആംഗലേയം

ആംഗലേയം അറിയാമെന്നു
അഭിനയിക്കുമാ അങ്കചേകവനും
"അവന്‍" അകത്തു ചെന്നീടില്‍
‍അറിയിച്ചുതരും ആംഗലേയം

അറിവില്ലാ പൈതങ്ങളും
അതുകേട്ടമാത്രയില്‍
‍അറിഞ്ഞുതുടങ്ങുന്നു
അനായാസേന ആംഗലേയം
ഷിറ്റും, ഷട്ടപ്പും, ഷോവിനിസ്റ്റും....................