Tuesday, August 31, 2010

നിന്നെ ഞാനറിയുന്നു കൃഷ്ണാ




അമ്മതന്‍ നാവില്‍ നിന്നാദ്യം കേട്ടു
വിസ്മയിപ്പിക്കും നിന്‍ കഥകള്‍ കൃഷ്ണാ
അതിലിഷ്ടം നിന്‍ ജനനവും കൊട്ടയിലേന്തിയ നീ -
പോകും വഴിയില്‍ ദുര്‍ഘടം നീങ്ങിയതും, അന്ന് പക്ഷെ,
നിന്നെ ഞാന്‍ അറിഞ്ഞിരുന്നില്ല കൃഷ്ണാ

ദീപം സാക്ഷിയായ് സന്ധ്യാനേരത്ത്‍
നിന്‍ നാമം ജപിച്ചപ്പോഴും, "കാത്തു-
കൊള്ളണേ ദുര്‍ഘടങ്ങളില്‍"എന്നൊട്ടു
യാന്ത്രികമായ്‌ ഉരുവിട്ടപ്പോഴും
നിന്നെ ഞാന്‍ അറിഞ്ഞിരുന്നില്ല കൃഷ്ണാ

കണ്ണുനീര്‍ ഉതിര്‍ത്തു ഞാനിന്നുരുവിട്ട
വിളികേട്ട് ദുര്‍ഘടങ്ങള്‍ ഒഴിക്കാന്‍
ഓടിയെത്തിയല്ലോ നീയീ വെന്തുരുകും
മനസ്സിന്നു കുളിര്‍മയുമായ്
നിന്നെ ഞാനറിയുന്നു കൃഷ്ണാ

അമ്മയ്ക്ക് ചെറുപൈതാലായ്
രാധയ്ക്ക്‌ അനുരാഗമായ്
സുധാമാവിനു സുകൃതമായ്
മീരയ്ക്ക് ഭക്തിയായ്
നിന്നെ ഞാനറിയുന്നു കൃഷ്ണാ

ദ്രൌപദിക്ക് സഹോദരനായ്
പാര്‍ത്ഥന് സാരഥിയായ്
ഗോപികമാര്‍ക്ക് തുണയായ്
യമുനക്ക് പ്രിയനായ്
നിന്നെ ഞാനറിയുന്നു കൃഷ്ണാ

അഴലില്‍ നിഴലായ്
അഗ്നിയില്‍ വര്‍ഷമായ്
അന്ധകാരത്തില്‍ കോടിസൂര്യപ്രഭയുമായ്
അജ്ഞതയില്‍ അറിവായ്‌
നിന്നെ ഞാനറിയുന്നു കൃഷ്ണാ

കഥകളല്ലിന്നു നിന്‍ സാമീപ്യമല്ലോ
വിസ്മയം കൊള്ളിക്കുന്നതെന്നെ.
പരീക്ഷിക്കുമ്പോഴും പതറാതിരിക്കാന്‍
നീ കൂടെയുണ്ടെന്ന് ഞാനറിയുന്നു കൃഷ്ണാ
നിന്നെ ഞാനറിയുന്നു കൃഷ്ണാ