Thursday, December 31, 2009

നീല നിലാവൊളി


ചെത്തി മിനുക്കിയോരാ കുളക്കല്പടവുകള്‍
ചവിട്ടിയിറങ്ങുമ്പോഴാ പാദസ്വരങ്ങള്‍
തന്‍ കിലുക്കത്തിനൊപ്പം കിലുങ്ങി-
യിരുന്നുവെന്‍ തെളിഞ്ഞ മാനസം

ധനുമാസരാവിലാ കുളിര്‍ വെള്ളത്തില്‍
ഇറങ്ങുമ്പോള്‍ കുളത്തിന്‍ അടിത്തട്ടില്‍
നിന്നും കയറി വരുന്ന ചൂടെന്‍
സിരകളില്‍ അലിഞ്ഞു പോയൊട്ടും തണുപ്പറിയാതെ

ഈറനുടുത്തു നീങ്ങവേയാ നന്ദ്യാര്‍വട്ടപ്പൂക്കള്‍-
തന്‍ കണ്ണുകള്‍ക്കുള്ളിലെ നിത്യ വസന്തം
കട്ടെടുത്തിരുന്നു ഞാനെന്നും
എന്നോട് ചേര്‍ന്ന് നില്‍ക്കുവാനായ്

തേന്‍ വണ്ടുകള്‍ ചുംബിച്ചുണര്‍ത്തുന്ന
പൂക്കള്‍ തന്‍ മധു ചഷകം മോന്തി
കുടിച്ചെന്‍കണ്ണുകളില്‍ നിറയുന്നു
ഞാന്‍ അറിയാത്തൊരുന്മാദം

ഈറന്‍ മാറ്റി ഞാനാ വാല്‍ക്കണ്ണാടിയില്‍
നോക്കി വാലിട്ടു കണ്ണെഴുതി മയ്യ് കണ്ണിന്‍
ജാലകം അടച്ചപ്പോള്‍ കണ്ടു മറ്റൊരു
പുതു പുലരിതന്‍ തിളക്കം

കണ്‍പീലികള്‍ക്കിടയിലൂടെഎത്തിനോക്കുന്ന
സൂര്യരശ്മികള്‍ക്കൊപ്പം വന്നത് എന്നും-
കാണുന്ന കനവിന്റെ മാധുര്യമായ്‌
മാറുന്നോരാ കണ്ണന്റെ കൊഞ്ചലുകള്‍ ആയിരുന്നു

കണ്ണന്റെ ചുണ്ടിലെ മുളംതണ്ടിലൂടെ
ഊര്‍ന്നിറങ്ങി വരുന്നോരാ നാദധ്വനികള്‍
നിറയുന്നു എന്നിലീ തിരുവാതിരനാളില്‍
എനിക്കറിയാത്തൊരു മഞ്ഞിന്‍ കുളിരായ്

മൂന്ന്‌ "സ" കളുടെ പുതുവര്‍ഷം നേരുന്നു.

സമൃദ്ധിയുടെ, സമാധാനത്തിന്റെ, സന്തോഷത്തിന്റെ
പുതുവര്‍ഷം നേരുന്നു.

Thursday, December 17, 2009

"പാവങ്ങള്‍ "



എനിക്കിഷ്ടമില്ല തീരെ
"പാവങ്ങളെ" കുറിച്ചെഴുതാന്‍,
എങ്കിലും എഴുതിക്കുന്നു അവര്‍
എന്റെ കൈയും പിടിച്ച്

അവര്‍ ഒരുപാട്‌ ഉയരങ്ങളിലാണ്
ആര്‍ക്കും കൈയെത്താത്ത ദൂരങ്ങളിലും
അവര്‍ ചിലരെ ഉയര്‍ത്താറുണ്ട്
മറ്റുചിലരെ താഴ്ത്താന്‍ വേണ്ടി മാത്രം
എന്നാലും ഉയര്‍ത്തിയല്ലോ നിങ്ങളെ ആ "പാവങ്ങള്‍"

സഹായിക്കാറുണ്ട്, തൊഴുതു നില്‍ക്കാന്‍ വേണ്ടി-
മാത്രം, സ്നേഹിക്കാറുണ്ട് തന്‍പോന്നവരെ മാത്രം
ദേഷ്യം വരാറുണ്ട്‌ "രാജാവ് നഗ്നനാണെന്നു"പറയുമ്പോള്‍ ഒക്കെ
പരിഹസിക്കാറുണ്ട്, പക്ഷെ തിരിച്ചു പരിഹസിക്കരുതെന്നു മാത്രം!
എല്ലാത്തിനും അതീതരല്ലേ ആ "പാവങ്ങള്‍"

അറിവിന്റെ സാഗരമെന്നാണ് സ്വയം കരുതുന്നത്,
പക്ഷെ അബദ്ധങ്ങള്‍ വിളമ്പുമേ, മിണ്ടാതിരുന്നുകൊള്‍ക
അംഗീകാരങ്ങള്‍ക്ക് അവകാശി താന്‍ മാത്രം
ആത്മാര്‍ത്ഥത എന്നാല്‍ പുറംപൂച്ച്‌ മാത്രം
ഉള്ളില്‍ ഒന്നുമേ ഇല്ലാ "പാവങ്ങള്‍ "

പുകഴ്ത്തുന്നവര്‍ക്കിവിടെ സ്ഥാനമുണ്ടേ,
ഉയര്‍ച്ചയില്‍ അസൂയ ഹോബി ആണേ
മറ്റുള്ളവര്‍ ഇന്നവിധം വേണമെന്നു നിഷ്കര്‍ഷയുണ്ടേ
അവര്‍ക്കവ്വിധം ബാധകമല്ലേ,
കുറ്റങ്ങളും കുറവുകളും ഇല്ലാ "പാവങ്ങള്‍ ‍"