Saturday, February 26, 2011

എന്നോടോ ഇന്റര്‍വ്യൂ


ചോ: കഥ അറിയാമോ മണ്ണാങ്കട്ടയും കരിയിലയും
ഉ: കഥയതെന്തു കഥയാണാവോ?
ഇന്നീ നെറ്റില്‍ പരതാനല്ലാതെ
അറിയില്ലൊരു മണ്ണാങ്കട്ടയും

ചോ: കളി അറിയാമോ പല്ലാങ്കുഴിയും പാമ്പും കോണിയും
ഉ: കളിയാക്കല്ലതൊരു കളിയാണോ?
ഇന്നീ കമ്പ്യൂട്ടര്‍ ഗെയിമില്‍ ‍
ആരുമില്ലെന്നെ വെല്ലാന്‍

‍ചോ: അറിയാമോ വളപൊട്ടാല്‍ മാല തീര്‍ക്കാനും മണ്ണപ്പം ചുടാനും?
ഉ: കുഴങ്ങില്ലൊട്ടുമീ ചോദ്യത്തിനും
ഇപ്പൊ പറയാമുത്തരം
വിക്കിപീഡിയയില്‍ നോക്കി വരട്ടെ

ചോ: ഓര്‍മ്മയുണ്ടോ നാമജപങ്ങള്‍ ‍
ഉ: ശരണമന്ത്രമിന്നൊന്നുമാത്രം ഗൂഗിളായ നമ:

ചോ: വിട്ടുപിടിക്കാമൊരു ചോദ്യം, സാമൂഹിക പ്രതിബദ്ധത, സോഷ്യല്‍ സര്‍വീസ്
ഉ: ഉണ്ടല്ലോ ഞാന്‍ സോഷ്യല്‍ നെറ്റ്വര്‍ക്കില്‍
ട്വിറ്റെര്‍, ഓര്‍ക്കുട്ട്, ഫേസ്ബുക്കുകളില്‍ ‍

ചോ: അതല്ലാരുടെയെങ്കിലും ജീവന്‍ അപകടത്തിലായാലെങ്കിലും ....
(ചോദ്യം മുഴുമിപ്പിക്കും മുന്‍പ്)
ഉ: ആരുടെയെങ്കിലുമല്ലാരുടെ ജീവന്‍ പോയാലും
സജീവമാണീ ഞാനിവിടെ, കണ്ടില്ലേയെന്‍ പ്രതിബദ്ധത

ചോ: നമോവാകം, മുട്ടിപ്പോയെന്‍ ചോദ്യങ്ങള്‍!
ഉ: (ആത്മഗതം) എന്നോടോ ഇന്റര്‍വ്യൂ, പോകു വേഗം,
സൈന്‍ അപ്പ്‌ ചെയ്യണമിന്നൊരു
പുതിയ സോഷ്യല്‍ നെറ്റ്വര്‍ക്കില്‍

40 comments:

 1. കൊള്ളാലോ, അറിവെല്ലാം അക്ഷരാർത്ഥത്തിൽ വിരൽത്തുമ്പിലായ ഇക്കാലത്ത് ഒന്നുമറിയാതെയായി, ഒന്നുമേശാതെയായി എന്ന് നന്നായി പറഞ്ഞിരിക്കുന്നു-

  ReplyDelete
 2. ഉം ..നന്നായി നെറ്റ് അഡിക്റ്റെഡായ പുതു തലമുറയോടുള്ള ഈ വിമര്‍ശനം..പക്ഷെ പണ്ട് ഒരു ഗ്രാമം മുഴുവന്‍ കളിക്കളങ്ങളാക്കിയവരാണ് മുന്‍പുള്ളവര്‍ ,ഇന്ന് കളിക്കാന്‍ വീട്ടു മുറ്റം പോലും ഇല്ലല്ലോ..നാമജപം മുത്തശിമാരോടൊപ്പം തെക്കുപുറത്തു കത്തിയമര്‍ന്നില്ലേ ? അയല്‍പ്പക്കത്ത് താമസിക്കുന്നവര്‍ ആരൊക്കെയാണെന്ന് മുതിര്‍ന്നവരെ നിങ്ങളെങ്കിലും ശ്രദ്ധിക്കാറുണ്ടോ ? ആരാണ് തെറ്റുകള്‍ ചെയ്യുന്നത് ..നമ്മുടെ കുട്ടികള്‍ സ്വര്‍ണ ക്കൂട്ടില്‍ വളരുന്ന പഞ്ചവര്‍ണക്കിളിക ളാണ് ,,പാവങ്ങള്‍ !!!അവരെ കുറ്റം പറയരുത് ..

  ReplyDelete
 3. മാറ്റങ്ങള്‍ വരുത്തുന്ന മാറ്റിത്തീര്‍ക്കല്‍ ആരെയും കറ്റം പറയാന്‍ കഴിയാത്ത ഒരവസ്ഥയിലെക്ക് എത്ത്തിക്കുന്നില്ലേ എന്നൊരു തോന്നല്‍ ഉണ്ട്. എല്ലാ കുറ്റങ്ങളും സ്വയം ജീവിക്കാനായി സ്വന്തം എന്നതിലേക്ക് ചുരുക്കി ന്യായികരിക്കുന്നതിലെക്കാന്നു ചായ്‌വ്. അനങ്ങാതിരിന്നു സുഖിക്കുക എന്ന ചിന്ത അടിമുടി ചൂഴ്ന്നിരിക്കുന്നു.‍

  ReplyDelete
 4. ഇന്നത്തെ കാലം ഇങ്ങനെയൊക്കെ തന്നെ

  '
  ചോ: ഓര്‍മ്മയുണ്ടോ നാമജപങ്ങള്‍ ‍
  ഉ: ശരണമന്ത്രമിന്നൊന്നുമാത്രം ഗൂഗിളായ നമ:'

  :)

  ReplyDelete
 5. ഹാസ്യം നന്നായി.

  ReplyDelete
 6. കൊള്ളാലോ ഈ ആക്ഷേപഹാസ്യം....ശരിയാ, കമ്പ്യൂട്ടറിന്റെ മുന്നിലിരുന്നു മനുഷ്യര്‍ സാമൂഹിക പ്രതിബദ്ധത മറക്കുന്നു....

  ReplyDelete
 7. ഉ: ആരുടെയെങ്കിലുമല്ലാരുടെ ജീവന്‍ പോയാലും
  സജീവമാണീ ഞാനിവിടെ, കണ്ടില്ലേയെന്‍ പ്രതിബദ്ധത


  ഇതാണ്‌ കൊട്ട്‌... ഒരു ഒന്നൊന്നര കൊട്ട്‌...

  ReplyDelete
 8. 'പാമ്പും കോണിയും' ഞാനിപ്പോളും കളിക്കാറുണ്ടേ, ഇവിടെയൊരു കൊച്ചുകൂട്ടുകാരിയോടൊപ്പം... പക്ഷേ, അബദ്ധത്തിലെങ്ങാനും ഞാന്‍ ജയിച്ചാല്‍, സ്കൂളില്‍ നിന്നും കിട്ടിയ കുറെ ആധുനിക 'ലൊടുക്ക്' കളികള്‍ നിരത്തും അവള്‍... കീഴടങ്ങുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല... :)

  "ശരണമന്ത്രമിന്നൊന്നുമാത്രം ഗൂഗിളായ നമ:"

  ReplyDelete
 9. സോഷ്യൽ നെറ്റ് വർക്കുകളിൽ പെട്ടിട്ട്
  ഫേമിലി നെറ്റ് വർക്കുകളിൽ തല്പ്യര്യം നഷ്ട്ടപ്പെടുന്ന കാലത്തിലുള്ളവരെയെല്ലാം ഒന്ന് കൊട്ടിയോടിച്ചു അല്ലേ

  ReplyDelete
 10. ശ്രീനാഥന്‍ ജി - അതുതന്നെ. സന്തോഷമുണ്ട്. ആദ്യം വന്നതിനും കമന്റിനും നന്ദി.

  രമേശ്‌ ജി - ഇന്നത്തെ കുട്ടികള്‍ക്ക് ഇതൊന്നും തന്നെ പരിചയം ഇല്ല. അവരെ കുറ്റം പറഞ്ഞും ഇല്ല.
  ഇന്നലത്തെ കുട്ടിയായ ഈ ഞാനടക്കം ഉള്ളവരോടുള്ള ചോദ്യങ്ങള്‍ ആണ് ഉദ്ദേശിച്ചത്. :)

  റാംജി - ശരിതന്നെ. നമ്മുടെ ലോകങ്ങള്‍ വളരെ ചുരുങ്ങി വരുകയല്ലെ, നന്ദി.

  ശ്രീ - ശരിയല്ലേ ശ്രീ, നമ്മള്‍ മാറിപോകുന്നില്ലേ?

  ഖാദര്‍ജി - വളരെ സന്തോഷം, അങ്ങയെ പോലുള്ള പ്രതിഭകള്‍ ഇവിടെ വരുന്നത് തന്നെ സന്തോഷം.

  ചാണ്ടികുഞ്ഞ് - അത്തെന്നെ. അതില്‍ നമ്മളും പെടുമോ?

  വിനുവേട്ടന്‍ - ആണോ? തൃപ്തിയായി. :)

  ജിമ്മി-കളിയില്‍ തോറ്റാല്‍ ജിമ്മിയോട്‌ അല്ലെ?
  ആരാ ആ മിടുക്കി?

  മുരളീജി - കറക്റ്റ്. ബിലാത്തിയെ ഇവിടെ കണ്ടില്ലല്ലോ എന്ന് പ്രതിബദ്ധതയോടെ ഓര്‍ക്കുമ്പോഴേക്കും പ്രതിബദ്ധതയോടെ എത്തീലോ, സന്തോഷം. :)

  ReplyDelete
 11. Hopefully you were not the interviewee !!
  But I guess, there are interviewers who want you to be members of these sites… actly I had been asked when I went for an interview, unfortunately I had to answer in the negative

  ReplyDelete
 12. ഓം ഗൂഗിളായ നമഃ......!
  നന്നായിട്ടുണ്ടുട്ടൊ.. ഈ ആക്ഷേപഹാസ്യം......!!
  ഇഷ്ടായി.......!

  ReplyDelete
 13. deeps - നമ്മള്‍ അങ്ങനെയൊക്കെ തന്നെ. എല്ലാം അതിരുകടക്കാതിരുന്നാല്‍ മതി.

  മനു - ഹോ, സമാധാനമായി. :)

  ReplyDelete
 14. രണ്ടും മൂന്നും എത്രയെന്നു ചോദിച്ചാൽ കാൽക്കുലേറ്റെറുടുക്കുന്ന പുതു തലമുറയുടെ ഒരേയൊരു മന്ത്രം ‘ഗൂഗിളായ നമ:...!!‘
  ആശംസകൾ...

  ReplyDelete
 15. raskaramayittundu ketto.... aashamsakal....

  ReplyDelete
 16. കൊള്ളാം കേട്ടോ.വളരെ ശരിയാ.അയ്യോ നെറ്റിലെന്തേലും പ്രശ്നമാണേല്‍ പിന്നെ പറയാനുണ്ടോ........

  ReplyDelete
 17. വീ കെ - അത് തന്നെ. എല്ലാം എളുപ്പവഴി. നന്ദി.

  ജയരാജ്‌ - രസകരമായി എന്നറിഞ്ഞു സന്തോഷം.

  കുസുമം - അതെയതെ. നെറ്റില്‍ എന്തെങ്കിലും പ്രശ്നമായാല്‍ പിന്നെ ജീവിതം കട്ടപ്പൊക. :)

  ReplyDelete
 18. ശരിക്കും ഉഗ്രന്‍!

  ReplyDelete
 19. രമണിക - അതെയോ, വളരെ സന്തോഷം. നന്ദി.

  കാര്‍ന്നോരെ - സന്തോഷം തന്നെയല്ലേ? :)

  ReplyDelete
 20. പ്രിയപ്പെട്ട സുകന്യ,

  കണ്ണനും പവിഴമല്ലിയും എന്നെ ഇവിടെ കൊണ്ടുവന്നു.:)

  നര്‍മരസം നിറഞ്ഞ പോസ്റ്റ്‌ നന്നായി...

  ഇന്നത്തെ തലമുറയെ ഇതില്‍ നിന്നും രക്ഷപ്പെടുത്താന്‍ ഒരളവു വരെ നമുക്ക് കഴിയില്ലേ?

  സ്വയം മാതൃകയാകുക...ആനയും അമ്പലവും നാമജപവും പരിചയപ്പെടുത്തുക...പത്രം വായിപ്പിക്കുക...വിശേഷ ദിവസങ്ങളില്‍ പുസ്തകങ്ങള്‍ സമ്മാനമായി നല്‍കുക...നമ്മുടെ മഹത്തരമായ പൈതൃകം വളരുന്ന തലമുറ അറിയണം...

  ഓരോരുത്തരും ചെറുതെങ്കിലും മഹനീയമായ ഒരു കാര്യം ദിവസവും ചെയ്യുക...

  ഈ ജീവിതം എത്ര സുന്ദരം.....

  സസ്നേഹം,

  അനു

  ReplyDelete
 21. ഇന്ന് വിജ്ഞാന സാഗരം എന്നു പറഞ്ഞാൽ എലാവർക്കും ഗൂഗിളും വിക്കിയും ഒക്കെയാണ്. അതിൽ നിന്നും ആരെ ഒഴിച്ച് നിർത്താനാവും? മുമ്പ് ഇത്തരം ഫ്രീ സർവീസുകളില്ല.

  ReplyDelete
 22. ഭൂലോക വലയുടെ കെട്ടുകളിൽ കുടുങ്ങിപ്പോയി ഇന്നത്തെ ജീവിതം.. ബ്ളോഗും അതാണല്ലൊ.. :)

  ReplyDelete
 23. അനു - വളരെ നല്ല കണ്ടെത്തല്‍. പ്രായോഗികമാക്കിയാല്‍ അതിഗംഭീരം. അതിനുള്ള ആര്‍ജവം എല്ലാവരും കാണിച്ചിരുന്നുവെങ്കില്‍! കണ്ണനും പവിഴമല്ലിയും കാരണം എനിക്കും അനുവിനെ കാണാനിടയായി. :)

  ബെഞ്ചാലി - വലയില്‍ അകപ്പെട്ട് അടുത്തുള്ള ആളുടെ കാര്യം പോലും ശ്രദ്ധിക്കാന്‍ മനസ്സില്ലാതായവര്‍ മനസ്സിലാക്കാന്‍ വേണ്ടി. അതും ശരിയാണ്, ഫ്രീ ആയതും കൂടുതല്‍ സൌകര്യമായി.

  ReplyDelete
 24. അങ്ങനെ ഒരു നാമ ജപം കൂടി ..

  കൊള്ളം കലക്കി ട്ടോ ......

  ReplyDelete
 25. പ്രദീപ്‌ - നന്ദി. സന്തോഷായി.

  ReplyDelete
 26. ആവശ്യമുള്ളതെല്ലാം ഈ പെട്ടിക്കുള്ളിലുള്ളപ്പോൾ എന്തിനാ പഴയതൊക്കെ ഓർത്ത് വിശമിക്കുന്നേ... കാലത്തിനൊപ്പം ഓടാം.. ഗൂഗിളായ നമ:

  ReplyDelete
 27. നരി - കാലത്തിനൊപ്പം ഓടാം. സഹജീവികളോടുള്ള കരുണയും കൊണ്ടോടാം.

  ReplyDelete
 28. This comment has been removed by the author.

  ReplyDelete
 29. ദാ ഞാനും വന്നു.
  പുതിയ തലമുറയെ ഇന്റർവ്യൂ വിലൂടെ തുറന്നു കാണിച്ചു.

  ReplyDelete
 30. കലാവല്ലഭന്‍ - നന്ദി. സന്തോഷം വന്നതിനും അഭിപ്രായത്തിനും.

  ReplyDelete
 31. ജീവിത ഗന്ധമില്ലാതെ ജീവിക്കുന്ന പുതിയ തലമുറയ്ക്കിട്ടു കൊടുത്ത കൊട്ട് നന്നായി.പക്ഷെ പഴയ തലമുറയും ആ വഴിക്ക് തന്നെയാണ് നീങ്ങുന്നത്‌.ഒരു പുതുമുഖമാണ്. ആശംസകള്‍.

  ReplyDelete
 32. ഇപ്പോള്‍ മിക്കവരും വിര്‍‌ച്വല്‍ ലോകത്തിലാണ്‌ ജീവിക്കുന്നത്. സ്വന്തം വീട്ടിലെ അംഗങ്ങളുമായി സംസാരിക്കാന്‍ സമയമില്ല നമുക്ക്. വീട്ടീല്‍ ഒരു ചെടിപോലും നട്ടുപിടിപ്പിക്കാത്ത എന്റെ ഒരു കൂട്ടുകാരി സദാസമയവും ഫേയ്സ്‌ ബുക്കില്‍ ഗംഭീര കൃഷിയാണ്‌. വിതയ്ക്കുന്നു, കൊയ്യുന്നു, പശുവിനേയും, കോഴിയേയും, ആടിനേയും വളര്‍ത്തുന്നു. നാടോടുമ്പോള്‍ നടുവേ ഓടണം എന്നു കേട്ടിട്ടില്ലേ?
  നന്നായി ഈ ആക്ഷേപഹാസ്യം.

  ReplyDelete
 33. ഷാനവാസ് - അത് ശരിയാണ്. ആ പഴയ കുട്ടി ഇന്ന് ഇതാവും പറയുന്നത്. അങ്ങനെയാണ് ഉദ്ദേശിച്ചത്.

  വായാടി - ആ പറഞ്ഞത് ഞാനും ആലോചിച്ചിട്ടുണ്ട്. ഒരു പാഴ്ചെടിയെപോലും ശ്രദ്ധിക്കാതെ ഫേസ് ബുക്കില്‍ കൃഷിയും ബാഡ്ജുമായി നടക്കുന്നവര്‍. :)

  ReplyDelete
 34. സുകന്യ...............നല്ല അവതര ശൈലി, ഇവിടെ കണ്ടതിലും വായിച്ചതിലും സന്തോഷം

  ReplyDelete
 35. സപ്ന - എനിക്കും സന്തോഷം. നന്ദി.

  ReplyDelete
 36. ചോ: വിട്ടുപിടിക്കാമൊരു ചോദ്യം, സാമൂഹിക പ്രതിബദ്ധത, സോഷ്യല്‍ സര്‍വീസ്
  ഉ: ഉണ്ടല്ലോ ഞാന്‍ സോഷ്യല്‍ നെറ്റ്വര്‍ക്കില്‍
  ട്വിറ്റെര്‍, ഓര്‍ക്കുട്ട്, ഫേസ്ബുക്കുകളില്‍ ‍

  ചോ: അതല്ലാരുടെയെങ്കിലും ജീവന്‍ അപകടത്തിലായാലെങ്കിലും ....
  (ചോദ്യം മുഴുമിപ്പിക്കും മുന്‍പ്)
  ഉ: ആരുടെയെങ്കിലുമല്ലാരുടെ ജീവന്‍ പോയാലും
  സജീവമാണീ ഞാനിവിടെ, കണ്ടില്ലേയെന്‍ പ്രതിബദ്ധത

  സമ്മദിച്ചിരിക്കുന്നു.... ഈ വരികളെ..
  വഴിയരികിൽ എന്തെങ്കിലും പ്രശ്നം കാണുമ്പോൾ മുഖം തിരിക്കുന്ന പലരും(ചിലപ്പോൾ ഞാനടക്കം) ഇന്റെർനെറ്റിൽ ഭയങ്കര സാമൂഹ്യ പ്രതിബദ്ധത ഉള്ളവരാകുന്നു..

  ReplyDelete
 37. ജിയ - നന്ദി. സന്തോഷം. നമ്മുടെ അടുത്തു നടക്കുന്ന കാര്യം ഒന്നും അറിയാതെ, സോഷ്യല്‍ നെറ്റ്‌വര്‍ക്ക് മാത്രം അപ്ഡേറ്റ് ചെയ്യുന്നവര്‍ ആയി മാറി അല്ലെ?

  ReplyDelete
 38. നല്ല പോസ്റ്റ്‌. എനിക്ക് ഇഷ്ടപ്പെട്ടു.
  ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
  junctionkerala.com ഒന്ന് പോയി നോക്കൂ.
  ഈ ബ്ലോഗ്‌ അവിടെ ലിസ്റ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു.

  ReplyDelete
 39. നീത - നന്ദി. പോയി നോക്കാം.

  ReplyDelete