Saturday, June 18, 2011

സുഖങ്ങളൊക്കെ തന്നേ, ഒരു യേഴ്യെകാലു രൂഫ?


ചെറുപ്പത്തില്‍ തന്നെ ജോലിയില്‍ ചേരുകയും സമ്പാദിക്കുകയും ചെയ്തുതുടങ്ങിയെങ്കിലും പൈസ കൈയ്യില്‍ വെക്കാറെ ഇല്ലായിരുന്നു നമ്മുടെ കഥാനായിക. തലയില്‍ വെച്ചാല്‍ പേനരിക്കും തറയില്‍ വെച്ചാല്‍ ഉറുമ്പരിക്കും എന്നൊക്കെ പറയാറുണ്ട്‌. പക്ഷെ കൈയ്യില്‍ വെച്ചാലെന്താ? അതല്ലേ അവളുടെ മിടുക്ക്. എന്നും കൈയ്യില്‍ വെക്കാന്‍ പറ്റില്ലല്ലോ? ചിലവാകുമ്പോള്‍ സങ്കടമാവില്ലേ? അപ്പൊ എന്താ വഴി?

കുടുംബം നോക്കി നടത്താന്‍ മിടുക്കിയായ അനിയത്തിയുടെ കൈയ്യില്‍ ആയിരുന്നു കല്യാണത്തിനു മുന്‍പ് കിട്ടുന്നതൊക്കെ കൊടുക്കുക. എന്നിട്ട് അവള്‍ സ്വസ്ഥമായി ടിവി കാണുകയും വരക്കുകയും എഴുതുകയും ഒക്കെ ചെയ്യും. എന്തെങ്കിലും ആവശ്യം വന്നാല്‍ ചേച്ചിയുടെ വിശ്വരൂപം എടുത്ത് പറയുകയും ചെയ്യാം, "നിന്റടുത്തു അന്നിത്ര രൂപ തന്നതല്ലേ? ഇത്രവേഗം ചിലവായോ?"

കല്യാണം കഴിഞ്ഞ ശേഷം ഈ പൈസയെന്ന ബാധ്യത അവള്‍ ഏല്‍പ്പിച്ചു കൊടുത്തത് നായികയുടെ നായകന് തന്നെ. വിരട്ടാന്‍ ഇപ്പൊ നല്ല രസമാണ്. പണ്ട് അനിയത്തി കുടുംബം നല്ല രീതിയില്‍ കൊണ്ടുനടത്താനാണ് ചെലവ് ചെയ്തതെങ്കില്‍ ഇപ്പൊ കഥാനായകന്‍ നായകനു ചേരും വിധം വാതക ദ്രാവക ഖര പദാര്‍ത്ഥങ്ങള്‍ എടുക്കേണ്ടതിനാല്‍, എന്താണ് വാതക ദ്രാവക ഖരമെന്നോ, ഹോ ഒന്നും അറിയാത്ത പോലെ, സിഗരറ്റ്, മദ്യം ഇത്യാദി (ഇത്യാദി വേറൊന്നും അല്ല. അന്ന് നായിക പഠിക്കുകയും എഴുതുകയും വരക്കുകയും ചെയ്തതുകൊണ്ട്, പാചകം പഠിക്കാന്‍ കഴിഞ്ഞില്ല, പോരാത്തതിന് പച്ചക്കറി മാത്രമേ അറിയൂ, അതുകൊണ്ട് വീട്ടില്‍ ഉണ്ടാക്കി വെച്ചതൊക്കെയും ബാക്കിയാക്കി നോണ്‍ വെജ് ഹോട്ടല്‍ ഭക്ഷണം) ചെലവ് ചെയ്തു കൈ മലര്‍ത്തുമ്പോള്‍ വിരട്ടാന്‍ എന്തു രസമാണെന്നോ നമ്മുടെ നായികക്ക്. പക്ഷെ അവളുടെ വിരട്ടലൊക്കെ ദൈവം തമ്പുരാന്‍ കാണുന്നുണ്ടായിരുന്നു. ഒരു വേല ഇവള്‍ക്ക് കൊടുക്കണമെന്ന് നിശ്ചയിക്കുകയും ചെയ്തു.

അങ്ങനെയിരിക്കെ, ഒരു നാള്‍ നായകന് ഒരു നെഞ്ചു വേദന. പരിചയക്കാരന്റെ ഓട്ടോയില്‍ ഹോസ്പിറ്റലിലേക്ക്. "ഏട്ടന്റെ ശരിയാകട്ടെ, എന്നിട്ട് ഓട്ടോ ചാര്‍ജ് വാങ്ങാം" എന്നും പറഞ്ഞ് ആ കുട്ടിയും പോയി. നേരെ ഐ സി യു വിലേക്ക് കൊണ്ടുപോയ നായകന് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടു പുറത്തിരിക്കുമ്പോള്‍ നേഴ്സ് വന്ന് നായികയുടെ കൈയ്യില്‍ കൊടുക്കുന്നു നായകന്‍റെ കണ്ണടയും പിന്നെ ഒരു മണിപേഴ്സ്. അവള്‍ അത് തിരിച്ചും മറിച്ചും നോക്കി. തുറന്നപ്പോള്‍ ആയിരങ്ങള്‍ അവളെ നോക്കി ചിരിച്ചു. അപ്പൊ തന്നെ ഒരു ഇഞ്ചക്ഷന്‍ കൊടുക്കണമെന്നും പൈസ കെട്ടാനും പറഞ്ഞപ്പോള്‍, ആ ചിരിച്ച ആയിരങ്ങള്‍ അവളില്‍ നിന്നും വിട പറഞ്ഞു. അതൊന്നുമല്ല അവള്‍ക്കുള്ള ശിക്ഷ.

വെറുതെ അങ്ങനെ ഇരുന്നപ്പോള്‍ ഒരു കാപ്പി കുടിക്കാം എന്ന് കരുതി അവള്‍ ഹോസ്പിറ്റലിനകത്തുള്ള കോഫി വെണ്ടിംഗ് മെഷീന്‍ കാപ്പി കുടിച്ചു. എന്നിട്ട് കൂള്‍ ആയി തിരികെ വന്നിരുന്നു. കൂള്‍ കോഫിയൊന്നുമല്ല കുടിച്ചത്. വെറുതെ കൂള്‍ ആയി തിരികെ വന്നതുതന്നെ. കുറെ കഴിഞ്ഞപ്പോള്‍ ആ കാപ്പി കടയിലെ പയ്യന്‍ വന്ന് നായികയെ നോക്കുന്നു. പിന്നെയും പിന്നെയും നോക്കുന്നു. അവള്‍ക്കു ദേഷ്യം വന്നു. എന്തിന്റെ കുറവാ ഈ പയ്യന്. നായകനെങ്ങാനും ഇതറിഞ്ഞാല്‍ രോഗമൊക്കെ (നായകന്റെയും പയ്യന്റെയും) പമ്പ കടക്കും എന്നൊക്കെ ഓര്‍ത്തുകൊണ്ട്‌ അവനോടു ചോദിക്കുന്നു, "ഹും എന്താ കാര്യം?" മറുപടി വളരെ പതുക്കെ "ഹേയ് ഒന്നും ഇല്ല. ഏതു ഡോക്ടറെ കാണാന്‍ വന്നതാണ്? എന്തെങ്കിലും കുഴപ്പം? അല്ല, കാപ്പിയുടെ പൈസ തന്നില്ല, ഇല്ലെങ്കില്‍ പിന്നെ തന്നാല്‍ മതി". ഇങ്ങനെ ചമ്മാനുണ്ടോ? "ഹയ്യോ, അതു ഞാന്‍ മറന്നു" എന്നും പറഞ്ഞ് അവള്‍ പേഴ്സ് തുറന്നു പൈസയെടുത്തു കൊടുത്തു. ഒരു അക്കിടി തന്നെയായിരുന്നു അവള്‍ക്കിത്. കാരണം എന്നും, നായിക കഴിക്കും നായകന്‍ പൈസ കൊടുക്കും, എന്നതായിരുന്നു രീതി.

തുടര്‍ന്നുള്ള നായകന്‍റെ ചികിത്സ തിരോന്തരത്ത്‌ ആയിരുന്നു. അവിടെയും പല പല ആവശ്യങ്ങള്‍ക്കായി കടയില്‍ കയറി വാങ്ങിയശേഷം കൂള്‍ ആയി ഇറങ്ങുമ്പോള്‍ ഹലോ സുഖങ്ങളൊക്കെ തന്നെ, ഒരു യേഴ്യെകാലു രൂഫ തന്നിട്ട് പോയെ എന്ന്, അന്നത്തെ കാപ്പി കട പയ്യനുണ്ടായിരുന്ന ദയാദാക്ഷീണ്യം പോലുമില്ലാതെ, തിരോന്തരംകാര് പറയുമ്പോള്‍ അവിടെ ദൈവം ചിരിക്കുന്നുണ്ടായിരുന്നു. അസുഖമൊക്കെ മാറി വന്നപ്പോള്‍ കാലിയായ പേഴ്സ് കണ്ട് നായകനും അവളെ വിരട്ടി പകരം വീട്ടി.

അങ്ങനെയിരിക്കുമ്പോള്‍ ഒരു ജി കുട്ടപ്പന്‍ സഹോദരതുല്യ സ്നേഹം കൊണ്ട് അവളെ കാണാന്‍ ഓഫീസില്‍ വരുന്നു. അവളുടെ ഭീമന്‍ ബാഗുകണ്ട് അന്തം വിടുന്നു. അതില്‍ ഭക്ഷണവും ബസ്സിനുള്ള ചില്ലറ പൈസയും മാത്രമേ ഉള്ളു എന്നും പേടിക്കേണ്ട എന്നും സമാധാനിപ്പിക്കുന്നു. നായികയും അവളുടെ കൂട്ടുകാരി ജോയും കൂടെ ജിയെ കൂട്ടി കരിമ്പ് ജ്യൂസ്‌ കുടിക്കാന്‍ പോകുന്നു. ജ്യൂസ്‌ ഒറ്റവലിക്ക് തീര്‍ത്തുകൊണ്ട് "ജോജി"മാര്‍ പൈസ കൊടുക്കും മുന്‍പ് ഒരു കൈയ്യില്‍ ഗ്ലാസ്സായതിനാല്‍ മറുകയ്യാല്‍ പൈസ കൊടുത്ത് നമ്മുടെ നായിക ഒന്ന് ശ്വാസം വിട്ടുനിന്നു. "ദൈവമേ ഞാന്‍ കേമിയായില്ലേ" എന്നൊരു ആത്മഗതവും.

 • ഉണ്ടായേക്കാവുന്ന ഒരു സംശയത്തിനുള്ള മറുപടി- ഇന്‍ജക്ഷന് പൈസ കെട്ടാന്‍ പറഞ്ഞപ്പോള്‍ മാത്രം കറക്റ്റ് ആയി ബ്രെയിന്‍ വര്‍ക്ക്‌ ചെയ്യാന്‍ കാരണം - അവിടെ പലവട്ടം മൈക്കിലൂടെ ഇന്നാളുടെ ബന്ധുക്കള്‍, ഇന്ന ആവശ്യത്തിനു വേണ്ട പണം ഇന്ന കൌണ്ടറില്‍ അടക്കണമെന്ന് പറഞ്ഞു നമ്മുടെ ബ്രെയിന്‍ പ്രവര്‍ത്തനക്ഷമമാക്കികൊണ്ടേ ഇരിക്കും.

അങ്ങനെ ഇരുപത്തഞ്ചു പൈസയും പിന്‍‌വലിക്കുന്നു. നൂറു പൈസയാണ് ഒരു രൂപയെങ്കിലും പൈസ എന്ന വാക്ക് ഇനി ഒരു ഓര്‍മയാകും.

32 comments:

 1. ഇപ്പോഴെങ്കിലും നായികക്ക് മനസ്സിലായല്ലോ ഭര്‍ത്താവുദ്യോഗം അത്ര എളുപ്പമല്ല എന്ന്....എന്നിട്ട് എപ്പോഴും കേള്‍ക്കുന്നതും വായിക്കുന്നതും, എല്ലാ പ്രാരാബ്ധങ്ങളും പേറി നടക്കുന്ന ഭാര്യയും, സുഖിച്ചര്‍മാദിക്കുന്ന ഭര്‍ത്താവും!!!
  നന്ദി സുകന്യേച്ചി....ഈ കഥക്ക്....

  ReplyDelete
 2. "ഹേയ് ഒന്നും ഇല്ല. ഏതു ഡോക്ടറെ കാണാന്‍ വന്നതാണ്? എന്തെങ്കിലും കുഴപ്പം? അല്ല, കാപ്പിയുടെ പൈസ തന്നില്ല, ഇല്ലെങ്കില്‍ പിന്നെ തന്നാല്‍ മതി". nalla rasakaramaya vivranam.... chirichupoyi... all the best!!!!!!!!!!!!

  ReplyDelete
 3. ശിക്ഷ കൊടുക്കുമ്പോള്‍ എപ്പോഴും, എന്തിനാണോ ശിക്ഷിക്കുന്നത് അതേ കാരണം തിരിച്ചറിയുന്നതിന് പറ്റിയ ശിക്ഷ തന്നെയായിരിക്കണം. അപ്പോഴേ പണ്ട് താന്‍ ശിക്ഷിച്ചത്‌ തെറ്റായിരുന്നു എന്ന് ബോദ്ധ്യം വരികയുള്ളു.
  ദ്രുതഗതിയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഇനിയും എന്തൊക്കെയാണാവോ ഇല്ലാതാക്കാന്‍ പോകുന്നത്.

  ReplyDelete
 4. സുഖങ്ങള് തന്നെ, കാപ്പിയുടെ വില കൊടുക്കാതെ മുങ്ങാന്‍ നോക്കുവാ അല്ലേ???

  ReplyDelete
 5. പവിഴമല്ലി പൂത്തുലഞ്ഞു കണ്ടിട്ട് കുറച്ചു നാളായി എന്നു തോന്നുന്നു. ഏതായാലും രസകരമായി കുറിപ്പ്. നായിക പണം കൈകാര്യം ചെയ്ത് പഠിക്കട്ടേ!

  ReplyDelete
 6. does that explain the reason for your being away so long ??

  anyways... looks like നായിക had had some learning lessons the past few weeks...
  the next time dont rush without paying ur bills from a shop, all may not react that way :DD

  how s നായകന്‍റ by the way?

  ReplyDelete
 7. ചേച്ചിയേയ്... ഞാൻ മുങ്ങി ട്ടാ.. ഏത് ജോ, എവിടുത്തെ ജി??

  കഥയല്ലിത് ജീവിതം !

  ReplyDelete
 8. ഇത്തവണ പവിഴമല്ലി പൂത്തുലഞ്ഞ് ആയതിന്റെ സുഗന്ധപൂരിതം മുഴുവൻ ബൂലോഗം മുഴുവൻ പരിലസിച്ചു കിടക്കുകയാണ് കേട്ടൊ
  നായികയുടേയും,നായകന്റേയും ജീവിതത്തിലെ വേർഷൻ വേറിട്ട് എടുത്ത് കാണിച്ചിരിക്കുന്നത് കലക്കീൻണ്ട്ട്ടാ..

  ReplyDelete
 9. ഇങ്ങിനെയൊക്കെയല്ലേ ഓരോന്ന് പഠിക്കുക. പൈസകളൊക്കെ തിരശീലയ്ക്ക് പിന്നില്‍ മറഞ്ഞു. ഇനി അമ്പത് പൈസ മാത്രം. അത് എത്ര കാലത്തേക്ക്.

  ReplyDelete
 10. ഹ ഹ നായിക ചമ്മി പരുവം ആയി പോയല്ലോ ...നായകന്‍ അങ്ങനെ നായികയെക്കൊണ്ട് ചെലവു ചെയ്തു ശീലിപ്പിക്കാഞ്ഞത് നന്നായി ..കന്നിനെ കയം കാണിച്ചാല്‍ ഉള്ള അനുഭവം പോലെ യിരിക്കും :)
  അത് പിന്നെ വെള്ളത്തില്‍ നിന്ന് കയരുകയെ ഇല്ല :)
  എന്തായാലും ഇത് ഞാനെങ്ങും അല്ലേ..എന്ന ഭാവത്തിലുള്ള ഈ എഴുത്ത് ഇഷ്ടപ്പെട്ടു ..:)

  ReplyDelete
 11. Third party narration though well camouflaged has revealed the identity of the "Naika". Good read

  ReplyDelete
 12. ചാണ്ടിച്ചന്‍ - മനസ്സിലായേ, :) നന്ദി ചാണ്ടിച്ചാ ആദ്യ കമന്റിന്.

  ഗീത വാപ്പാല - ഈ വായനക്ക് നന്ദി. ചിരിച്ചു അല്ലെ, ഞാന്‍ കണ്ടു. :)

  റാംജി - ശരിയാണ്. നമുക്ക് സംഭവിക്കുമ്പോള്‍ മാത്രം നമ്മള്‍ മനസ്സിലാക്കുന്നു.

  അജിത്‌ ജി - ശീലിച്ചതല്ലേ പാലിക്കൂ. :)

  ശ്രീനാഥന്‍ - "നായിക പണം കൈകാര്യം ചെയ്ത് പഠിക്കട്ടേ!" അതെയതെ, എന്നിട്ട് വേണം എല്ലാരും കൂടെ ആ പാവത്തിനെ വിരട്ടാന്‍. :)

  deeps - ഇത് മൂന്ന്‌ വര്ഷം മുന്‍പ് നടന്നതാ. നായകന് ഇപ്പൊ കുഴപ്പമൊന്നുമില്ല. എന്നോട് prose എഴുതണമെന്നു പണ്ട് പറഞ്ഞിരുന്നില്ലേ. അതൊന്നു പരീക്ഷിച്ചു നോക്കിയതാണ്. :)

  ജിമ്മി - ഹഹഹ, നായിക മുങ്ങിയില്ലല്ലോ? വല്യ വല്യ ചെലവ് വരുകയാണെങ്കില്‍ ജോജിമാര്‍ കൊടുക്കട്ടെ എന്നങ്ങു അവള്‍ കരുതും. കഥയല്ലിതു ജീവിതം.

  മുരളി ജി - സമാധാനമായി. ഇഷ്ടായീലോ. സന്തോഷം.

  ഉണ്ണി ജി - അതെ. അമ്പതു പൈസ ആരും തിരികെ തരാറില്ലല്ലോ. അമ്പതു പൈസ ഇപ്പൊ മിട്ടായിയുടെ രൂപത്തിലെ കാണാനുള്ളൂ. :)

  രമേശ്‌ - അത് കലക്കി. ഹും. അപ്പൊ സ്വന്തം നായിക എങ്ങനെയാ? :)

  അനില്‍ കുറുപ്പ് - ഹയ്യോ, അപ്പൊ കള്ളി പുറത്തായോ? :)

  ReplyDelete
 13. ഒരു കുഞ്ഞുപോസ്റ്റില്‍ ജീവചരിത്രം മുഴുവന്‍ ഉണ്ടല്ലോ സുകന്യാജി...

  പിന്നെ, ഒരു നല്ല ഊണ്‌ തരമാകുമെന്ന് കരുതി വന്ന 'ജി'യെ ഒരു കരിമ്പിന്‍ ജ്യൂസില്‍ ഒടിച്ച്‌ മടക്കി രക്ഷപെട്ടുവല്ലേ നായിക?

  ReplyDelete
 14. വിനുവേട്ടന്‍ - കഥയല്ലിതു ജീവിതം എന്നാണോ? :) ഒരു ഊണ് ജിയുടെ വക കിട്ടട്ടെ എന്നിട്ടാവാം നായികയുടെ വക എന്ന് പറയാന്‍ പറഞ്ഞു. :P

  ReplyDelete
 15. പ്രിയപ്പെട്ട സുകന്യ,
  വളരെ നര്‍മരസപ്രദം ഈ പോസ്റ്റ്‌!മണി മാനേജ്മെന്റില്‍ വട്ടപൂജ്യമാണ് ഞാന്‍!:)
  ചേട്ടന് ഇപ്പോള്‍ സുഖമാണോ?അസുഖം എല്ലാം മാറിയില്ലേ?
  ധാരാളം എഴുതണം കേട്ടോ!അനുഭവങ്ങള്‍ പാളിച്ചകള്‍ ആകരുത്!പാഠങ്ങള്‍ ആയി മാറട്ടെ!
  ഇന്ന് സുകന്യ കുറിച്ച് ഞാന്‍ ഓര്‍ത്തിരുന്നു!
  ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ടു,
  സസ്നേഹം,
  അനു

  ReplyDelete
 16. @അനു - അനു, കമന്റില്‍ പോലും എത്ര വാചാലയാണ്.
  അസുഖം ഒക്കെ മാറി. പക്ഷെ ശീലങ്ങള്‍ മാറിയിട്ടില്ല.
  അനുഭവങ്ങള്‍ ആണ് ജീവിതത്തിന്റെ നേട്ടം എന്നും കരുതുന്നു.
  ആശംസകള്‍ക്ക് നന്ദി.

  ReplyDelete
 17. ഈ നായിക കൊള്ളാല്ലോ... :))
  ഇത് സങ്കല്‍പ്പം തന്നെ !!

  ReplyDelete
 18. THEERE---- NANNAYIRIKKUNNU.PADYTHEKKAL GADYAMANO MUNNIL ENNUM THONIKKUNNU.

  KAKKAPULLI

  ReplyDelete
 19. കാക്കപ്പുള്ളി - തീരെ എന്ന് കണ്ടതും മോശമായോ എന്നൊരു മുന്‍വിധി ഉണ്ടായി. ബാക്കി വായിച്ചപ്പോള്‍ എന്തായാലും സന്തോഷമായി.

  ReplyDelete
 20. പുതിയ ബ്ലോഗ് ടെമ്പ്ലേറ്റ് കൊള്ളാലോ. എനിക്കും ഇത്തരമൊന്ന് സംഘടിപ്പിച്ച് തരാമോ? ജൂലായ് ആദ്യത്തെ ദിവസങ്ങളില്‍ കോയമ്പത്തൂര്‍ക്ക് വരുന്ന വഴിയില്‍ സമയം ഉണ്ടാക്കി കണ്ടുമുട്ടാം.

  ബ്ലോഗ് പോസ്റ്റിനെ പറ്റി പറഞ്ഞില്ല. മനോഹരമായിരിക്കുന്നു. എനിക്ക് സുകന്യയുടെ കവിതകള്‍ ആസ്വദിച്ചിട്ടുള്ള പരിചയമേ ഉണ്ടായിരുന്നുള്ളൂ..........

  വിഷ് യു ഗുഡ് ലക്ക്

  ReplyDelete
 21. എന്തൊരു നായിക!
  ഇഷ്ടപ്പെട്ടു നായികയെ..

  ReplyDelete
 22. നന്നായീട്ടോ..

  ReplyDelete
 23. Echmukutty - കമന്റ്‌ വായിച്ച് നായികയ്ക്കു സന്തോഷായെന്നു പറഞ്ഞുട്ടോ. ഇനിയും കാണണം.

  Villageman - നന്നായീന്ന് കേട്ടതില്‍ സന്തോഷം.

  ReplyDelete
 24. ജെ പി അങ്കിള്‍ - ഈ ടെമ്പ്ലേറ്റ് Designsഇല്‍ പോയാല്‍ കിട്ടുമല്ലോ. അങ്കിള്‍, എനിക്ക് അങ്ങോട്ട്‌ വന്നു കാണാന്‍ സാധിച്ചില്ല. എന്തായാലും വിളിക്കണം. വരണം.

  ReplyDelete
 25. നല്ലൊരു സ്വപ്നം..അല്ലലില്ലാത്ത ജീവിതമെന്ന സ്വപ്നം

  ReplyDelete
 26. ശ്രീദേവി - അല്ലലില്ലാത്ത ജീവിതം?? അല്ലലുകള്‍ ഉണ്ടായിക്കോട്ടെ. അല്ലലുകള്‍ ജീവിതത്തെ അലട്ടാതിരുന്നാല്‍ മതി. നന്ദി ശ്രീ വന്നതിനും അഭിപ്രായത്തിനും.

  ReplyDelete
 27. ഞാനാദ്യാണിവിടെ.
  കഥ ഇഷ്ട്ടായി. ഇത്തരം നായികമാരും ,നായകന്മാരും ഒത്തിരിയുണ്ടെങ്കിലും, വായിച്ചറിയുന്നതാദ്യം.
  “..യ് യേഴേകാല് രൂവായ്ക്ക് വേണ്ടി ലവന്മാര് പൊളക്കണ പൊളപ്പ് കണ്ടപ്പം..അമ്മച്ചിയാണേ..സുകിച്ച് കേട്ടാ...!“

  ആശംസകള്‍...!!

  ReplyDelete
 28. പ്രഭന്‍ ജി - :) സന്തോഷം. ഇനിയും ഇതുവഴി വരണം.

  ReplyDelete
 29. ഈ നായികയെ എവിടെയൊക്കെയോ കണ്ടിട്ടുണ്ട്..സ്വന്തമായി ജോലിയുണ്ടെങ്കിലും രാവിലെ ഭർത്താവിന്റെ മുന്നിൽ വഴിച്ചിലവിനുള്ള കാശിനായ് കൈ നീട്ടി നിൽക്കുന്ന രൂപങ്ങൾ സൌഹൃദങ്ങൾക്കിടയിൽ സുപരിചിതം...നഷ്ടമാകുന്ന പൈസയുടെ വേദനയോടെ കഥ നിറുത്തിയത് നന്നായി....ബ്രൈനിന്റെ പ്രവർത്തനവും...ആശംസകൾ

  ReplyDelete
 30. സീത - ഒരാളെങ്കിലും ബ്രെയിന്‍ പ്രവര്‍ത്തന ക്ഷമമാകുന്നത് സംബന്ധിച്ച് അഭിപ്രായം പറഞ്ഞുവല്ലോ. നന്ദി.

  ReplyDelete
 31. അതു ശരി, അപ്പോ ദിതാണ് ആ കരിമ്പിന്‍ ജ്യൂസിന്റെ കഥ.

  പാവം നായികയുടെ ഓരോ കാര്യങ്ങളേയ്...

  :)

  ReplyDelete
 32. ശ്രീ ഇതു വായിക്കാന്‍ വിട്ടുപോയി അല്ലെ? ഇപ്പൊ ക്ലിയര്‍ ആയില്ലേ. നായികയെ മനസ്സിലാക്കിയതില്‍ സന്തോഷം

  ReplyDelete