|
സ്വാമിത്തോപ്പ് പതി |
യാത്രാവിവരണം ഇതുവരെ എഴിതിയിട്ടില്ല. ഒരുപാട് യാത്രകള്‍, മിക്കതും മുന്‍കൂട്ടി തയ്യാറാവാതെയുള്ളവ (അതിന് അലച്ചില്‍ എന്നാണത്രേ പറയുക), നടത്തിയിട്ടുണ്ട് എന്റെ നല്ലപാതിക്കൊപ്പം. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിലാണ് കൂടുതല്‍ പോയിട്ടുള്ളത്. മലയാളികള്‍ ധാരാളമായി എത്തുന്ന മൂകാംബിക, ഉഡുപ്പി ശ്രീകൃഷ്ണന്‍, ധര്‍മസ്ഥല, തിരുപ്പതി വെങ്കിടാചലപതി, വെല്ലൂര്‍ ഗോള്‍ഡന്‍ ടെമ്പിള്‍, മരുതമല, ശ്രീരംഗം, സമയപുരം, തിരുവണ്ണാമല, കന്യാകുമാരി, ശുചീന്ദ്രം പോലുള്ള ക്ഷേത്രങ്ങള്‍. പിന്നെ ആരും അറിയുകപോലുമില്ലാത്ത ആദ്യകാല സാമൂഹിക പരിഷ്കര്‍ത്താവും ആത്മീയാചാര്യനുമായ ശ്രീ അയ്യാവൈകുണ്ഡ സ്വാമികളുടെ ജന്മസ്ഥലമായ കന്യാകുമാരി ജില്ലയിലെ അദ്ദേഹം സ്ഥാപിച്ച അഞ്ചുപതികളില്‍ പ്രധാനമായ സ്വാമിത്തോപ്പ് പതി, അവിടത്തെ ക്ഷേത്രം സന്ദര്‍ശിക്കാന്‍ കാരണമായത് വസന്ത് ടി വി യിലെ ഭക്തി ഗാന സംപ്രേഷണത്തില്‍ ഈ സ്ഥലം കാണിക്കുന്നുണ്ട്, അതില്‍ പഴക്കുലകള്‍ തലയിലേറ്റി ക്ഷേത്രത്തിലേക്ക് ഭക്തര്‍ പോവുന്നുണ്ട്. ആ ദൃശ്യം ആണ് ഏട്ടന് അവിടെ പോകണമെന്ന് തോന്നിച്ചത്.
|
സ്വാമിത്തോപ്പ് പതി |
2010ല്‍ ഒരോണക്കാലത്ത് ആറുപടൈ വീട് സന്ദര്‍ശിച്ചിരുന്നു. അന്ന് അതിനുകഴിഞ്ഞത് പുണ്യമായി കരുതുന്നു. ഏട്ടന്റെ ചിരകാലാഭിലാഷമായിരുന്നു അത്. ഏട്ടന്റെ അമ്മാമന്മാര്‍ മുരുകഭക്തര്‍ ആയതുകൊണ്ട് അവര്‍ പറഞ്ഞുകേട്ട അറിവാണ് ഇങ്ങനെ ഒരു അഭിലാഷം തോന്നിയത്. പ്രത്യേക ക്രമത്തില്‍ ആറുമുരുകക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം മധുര മീനാക്ഷി കോവിലില്‍ മുരുകന്റെ മാതാപിതാക്കളെ വന്ദിച്ച് വീട്ടിലേക്ക് കയറുക. ആറു മുരുക ക്ഷേത്രങ്ങള്‍ ക്രമത്തില്‍ ഇവയാണ്, തിരുപ്പറംകുണ്ട്രം, തിരുച്ചെന്തൂര്‍, പഴനി, സ്വാമിമല, തിരുത്തണി, പഴമുതിര്‍ച്ചോല.
|
പഴനി |
|
പഴനി |
ആദ്യത്തെ മൂന്നു പടൈകളിലും വീണ്ടും വീണ്ടും പോയിട്ടുണ്ട്. എനിക്ക് തോന്നുന്നത്, ആറുമുരുക ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് വീട്ടിലേക്ക് കയറുക എന്നത് നമ്മുടെ വീടല്ല എന്നാണ്. അതായത്, മുരുകന്റെ വീട് മുരുകന്റെ അച്ഛനും അമ്മയും താമസിക്കുന്ന മധുര മീനാക്ഷി ക്ഷേത്രം ഇതോടൊപ്പം സന്ദര്‍ശിക്കണമെന്നത് ആ സംശയം ബലപ്പെടുത്തുന്നു. ഇതില്‍ അടുത്തടുത്തായി പടൈകള്‍ ഉണ്ടെങ്കിലും ഈ ക്രമത്തില്‍ പോകണമെന്നതാണ് സവിശേഷത. തിരുപ്പറംകുണ്ട്രം, പഴനി, പഴമുതിര്‍ച്ചോല, എന്നിവ മധുരയ്ക്കടുത്തും, സ്വാമിമല കുംഭകോണത്തും, തിരുച്ചെന്തൂര്‍ തൂത്തുകുടിയിലും, തിരുത്തണി ചെന്നൈക്കടുത്ത് തിരുവള്ളൂര്‍ ജില്ലയിലുമാണ്. കഴിയുമെങ്കില്‍ Map ഇടാന്‍ ശ്രമിക്കാം. ശബരിമല പോവുന്നതിന്റെ കാഠിന്യം ഇങ്ങനെ ക്രമത്തില്‍ പോവുന്നതില്‍ ഉണ്ടെന്ന് ഒരു ഏകദേശ ധാരണ നിങ്ങള്‍ക്ക് ഉണ്ടാവും. അന്നൊന്നും ഞങ്ങളുടെ ഫോണില്‍ ക്യാമറ സൗകര്യം ഇല്ലായിരുന്നു. അല്ലെങ്കില്‍ തകര്‍ത്തേനെ. ;-)
|
Courtesy:Wikipedia | |
സ്വാമിമലയ്ക്ക് പോകുന്നത് തഞ്ചാവൂര്‍ വഴിയാണ്. തഞ്ചാവൂര്‍ പെരുമ ബ്രുഹദീശ്വര ക്ഷേത്രം, നവഗ്രഹ ക്ഷേത്രങ്ങള്‍, വൈത്തീശ്വരന്‍ കോവില്‍ വഴിയിലൂടെ ബസില്‍ പോകുമ്പോള്‍ തൊഴുതു പിന്നെ വരാം എന്നൊക്കെ മനസ്സില്‍ പറഞ്ഞുവെങ്കിലും ആ ആഗ്രഹം നടന്നിട്ടില്ല. ഇതൊന്നും നമ്മുടെ കയ്യില്‍ അല്ലല്ലോ.
|
തിരുച്ചെന്തൂര്‍ |
|
തിരുച്ചെന്തൂര്‍ വള്ളി ഗുഹ |
|
|
തിരുച്ചെന്തൂരിന്‍ കടലോരത്ത് |
|
നാവില്‍ വെള്ളമൂറുന്ന വിഭവങ്ങള്‍, തമിഴ്നാട്ടില്‍ എവിടെയും കിട്ടും. |
|
|
|
മധുര മീനാക്ഷി ക്ഷേത്രനടയില്‍ |
കേരളത്തിലെ ക്ഷേത്രങ്ങളിലും ദര്‍ശനപുണ്യം കിട്ടിയിട്ടുണ്ട്. പാലക്കാട്
കാവല്‍പാടിലെ തിരുമണങ്ങാട്ടപ്പന്‍ ശിവക്ഷേത്രത്തിന്റെ പുറകിലായിരുന്നു
ഏട്ടന്റെ വീട്, തറവാട് എത്തനൂര്‍ ആണെങ്കിലും. ആ ക്ഷേത്രത്തിലായിരുന്നു ഞങ്ങളുടെ വിവാഹം. സമീപപ്രദേശത്തെ
മാരിയമ്മന്‍ കോവിലുകള്‍, ലോകപരമേശ്വരി, കല്ലേക്കുളങ്ങര ഹേമാംബിക (കൈപത്തി ക്ഷേത്രം),
വടക്കന്തറ ഭഗവതി, മണപ്പുള്ളി ഭഗവതി, ചന്ദന ഭഗവതി, പുത്തൂര്‍ ഭഗവതി,
വലിയപാടം സുബ്രമണ്യസ്വാമി, മുക്കൈ ശിവക്ഷേത്രം, കണ്ടത്താര്‍ ഭഗവതി, പല്ലശ്ശന ഭഗവതി, എത്തനൂര്‍ മരുതി ഭഗവതി, കൊടുവായൂര്‍
മന്ദത്തമ്മ, കരിയാങ്കോട് കോതകുളങ്ങര ഭഗവതി, തേനാരി പുണ്യതീര്‍ത്ഥം, തറവാട്ടമ്പലങ്ങള്‍, കോട്ട ഹനുമാന്‍ ക്ഷേത്രം, ചെര്‍പ്ലശ്ശേരി അയ്യപ്പസ്വാമി, കൊടുമ്പ് സുബ്രമണ്യസ്വാമി, തിരുവില്വാമല ശ്രീരാമന്‍, കാവശ്ശേരി പറക്കോട്ടുകാവ്, പരിയാനമ്പറ്റ ഭഗവതി, തിരുമാന്ധാംകുന്ന് ഭഗവതി, ഐവര്‍ മഠം
വിഷ്ണുക്ഷേത്രം, തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി, പഴവങ്ങാടി ഗണപതി,
ആറ്റുകാലമ്മ, കരിക്കകം അമ്മ, ആറന്മുള പാര്‍ത്ഥസാരഥി, തിരുവല്ല ചക്കുളത്ത്
കാവ്, മള്ളിയൂര്‍ മഹാഗണപതി, ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം,
ചോറ്റാനിക്കരയമ്മ, തൃപ്പൂണിത്തുറ പൂര്‍ണത്രയീശന്‍, കൊടുങ്ങല്ലൂരമ്മ, ഹരിപ്പാട് സുബ്രമണ്യസ്വാമി,
മണ്ണാറശ്ശാല നാഗദൈവങ്ങള്‍, അമ്പലപ്പുഴ ശ്രീകൃഷ്ണന്‍, കണ്ണൂര്‍
പറശ്ശിനിക്കടവ് മുത്തപ്പന്‍, കൊട്ടിയൂര്‍ ശിവക്ഷേത്രം, വയനാട് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം,
മലപ്പുറം തിരുനാവായ നാവാമുകന്ദന്‍, തൃക്കണ്ടിയൂര്‍ മഹാദേവന്‍, കാടാമ്പുഴ
ഭഗവതി, നാലമ്പലങ്ങള്‍ (തൃപ്രയാര്‍ ശ്രീരാമന്‍, ഇരിങ്ങാലക്കുട
കൂടല്‍മാണിക്യം ഭരതക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണപെരുമാള്‍, പായമ്മല്‍
ശത്രുഘ്നക്ഷേത്രം), പിന്നെ ഏട്ടന്റെ പ്രിയപ്പെട്ട പാറമേക്കാവിലമ്മ,
വടക്കുന്നാഥന്‍, തിരുവമ്പാടി കണ്ണന്‍, ഗുരുവായൂരപ്പന്‍ അങ്ങനെ പോകുന്നു ക്ഷേത്രപുരാണം. തളി രാജരാജേശ്വരി, കൊല്ലം പുതിയകാവ്, ആലത്തിയൂര്‍ ഹനുമാന്‍ എന്നീ ക്ഷേത്രങ്ങള്‍ ഏട്ടന്‍ മാത്രം പോയിട്ടുള്ളതും രണ്ടുപേരും കൂടെ പോകാന്‍ സാധിക്കാതിരുന്നതുമാണ്. നെല്ലുവായ ധന്വന്തരി ക്ഷേത്രം, ഉത്രാളികാവ് എന്നിവടങ്ങളില്‍ ഭര്‍തൃസഹോദരിയുടെ കൂടെയും, നെമ്മാറ തിരുവഴിയാട് നരസിംഹമൂര്‍ത്തി, നെല്ലിക്കുളങ്ങര, കുന്നിനുമുകളിലെ അയ്യപ്പന്‍ എന്നിവിടങ്ങളില്‍ അനിയത്തിയുടെ കൂടെയും പിന്നീട് ദര്‍ശനം നടത്തി അവരുടെ പ്രാര്‍ത്ഥനപ്രകാരം.
|
പത്മനാഭസ്വാമി ക്ഷേത്രം |
|
പഴവങ്ങാടി ഗണപതി |
അച്ഛന്റെയും
അമ്മയുടെയും സഹോദരിമാരുടെയും കൂടെ പോയ ചില സ്ഥലങ്ങളില്‍, ചിദംബരം നടരാജ ക്ഷേത്രം,
കാഞ്ചീപുരത്തെ ക്ഷേത്രങ്ങള്‍, നാഗപട്ടണം നാഗൂര്‍ ദര്‍ഗ, വേളാങ്കണ്ണി മാതാ, മൈസൂര്‍ ചാമുണ്ഡി ഈശ്വരി ക്ഷേത്രം, നന്ദി ഹില്‍സിലെ നന്ദികേശ്വരന്‍ (ഇവിടെ
കോളേജില്‍ നിന്നും പോയിട്ടുണ്ട്) ഏട്ടനൊത്ത് പോയിട്ടില്ല.
|
ശ്രീരംഗം |
ഇനിയിപ്പോ പറയാന്‍ പോകുന്നത് ശ്രീരംഗം, തിരുവണ്ണാമല യാത്രയാണ്. ഒരു വിഷുക്കാലത്താണ് അവിടേക്ക് യാത്ര പോയത്. തൃശ്ശിനാപള്ളി എന്ന ട്രിച്ചിയില്‍ എത്തി റൂം എടുത്ത് സമയപുരം മാരിയമ്മന്‍ ക്ഷേത്രം, ട്രിച്ചി റോക്ക് ഫോര്‍ട്ട് ക്ഷേത്രങ്ങളില്‍ തൊഴുതിറങ്ങി ശ്രീരംഗം ക്ഷേത്രത്തിലേക്ക് പോയി. എല്ലാവിടെയും വന്‍ തിരക്ക്. നേരത്തെ പ്ലാന്‍ ചെയ്യാതെ പോയതിന്റെ വിഷമതകള്‍ അപ്പോഴല്ലേ അറിഞ്ഞത്. അവിടെയും വിഷുക്കാലത്ത് പൈങ്കുനി ഉത്രവും, ചിത്ര പൌര്‍ണമിയും മറ്റുമായി ക്ഷേത്രങ്ങളില്‍ ഉത്സവങ്ങളുടെ ഘോഷയാത്രയാണ്. ശ്രീരംഗത്ത് പക്ഷെ തിരക്കില്ല. ശ്രീരംഗനാഥസ്വാമിയുടെ ആണ്ടുകല്യാണചടങ്ങുകള്‍ കഴിഞ്ഞ് നടയടച്ചതുകൊണ്ടാണങ്ങനെ. ഉപദൈവങ്ങളെ തൊഴാം. ഭഗവാനെ കാണാന്‍ കഴിയില്ല. അന്ന് നിരാശരായി മടങ്ങി. പിറ്റേന്ന് തിരുവണ്ണാമലയില്‍
|
തിരുവണ്ണാമല |
|
അമ്മ ഉണവകം, ശ്രീരംഗം, ഒരു കൌതുകം |
ദര്‍ശനത്തിനായി പോയി. അവിടെയും തിരക്കുതന്നെ. ഒരുവിധം റൂം കിട്ടി. അന്ന് രാത്രി തന്നെ ദര്‍ശനം കിട്ടി. പിറ്റേന്ന് പുലര്‍ച്ചയ്ക്കും പോയി തൊഴുതു. ഇനി ശ്രീരംഗത്തേക്ക് തന്നെ മടങ്ങാം എന്ന് കരുതി റൂം ഒഴിഞ്ഞു. ബസ് സ്റ്റാന്‍ഡില്‍ കാലുകുത്താന്‍ സ്ഥലമില്ല. തമിഴ് നാട്ടിലെ ദീര്‍ഘദൂര യാത്രികര്‍ക്കായുള്ള SETC ബസില്‍ ഞാന്‍ ആദ്യം കയറി ഒരു സീറ്റ് പിടിച്ചു. പിന്നെ ഏട്ടനെ ആ സീറ്റില്‍ ഇരുത്തി. കൂടെ ഒരു വയസ്സായ ആള്‍ ആണ്. അദ്ദേഹത്തോട് വേറെ സീറ്റില്‍ ഇരിക്കുമോ എന്ന് എങ്ങനെയാ പറയുക? എനിക്ക് ഏറ്റവും ബാക്ക് സീറ്റില്‍ ബസിന്റെ നടുവിലായി ഒരു നിലപ്പലക പോലുള്ള സീറ്റ് കിട്ടി. ബസ് നീങ്ങി തുടങ്ങിയത് മുതല്‍ പുറകിലേക്ക് നോക്കിയും എന്നെ പേരെടുത്ത് വിളിച്ചും ആകെ വെപ്രാളം. ഏട്ടന്‍ കണ്ടക്ടറോട് എന്നെ എങ്ങനെയെങ്കിലും അരികത്തിരുത്താന്‍ ആവശ്യപ്പെട്ടുകൊണ്ടേ ഇരുന്നു. "പാക്കട്ടും" എന്ന് പറഞ്ഞ കണ്ടക്ടര്‍ വാക്കുപാലിച്ചു. വന്ദ്യവയോധികന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഡ്രൈവറുടെ നേരെ ബാക്കില്‍ ഉള്ള സീറ്റിലേക്ക് മാറി. ആ ബസില്‍ ഉണ്ടായിരുന്ന എല്ലാവരും ആഗ്രഹിച്ച പോലെ (അങ്ങനെ പറയാന്‍ കാരണം ഏട്ടന്റെ ഉറക്കെയുള്ള ആവര്‍ത്തിച്ചുള്ള കണ്ടക്ടറോട് അഭ്യര്‍ത്ഥന കണ്ട് എല്ലാരുടെയും മുഖഭാവം) ഞാന്‍ ഏട്ടന്റെ അരികിലും.
|
ഇത് കൊടൈക്കനാല്‍, അങ്ങനെയും യാത്രകള്‍ ഉണ്ടായിട്ടുണ്ട് |
ആ കണ്ടക്ടറോട് എത്ര നന്ദിയാണ് ഏട്ടന്‍ പറഞ്ഞത്. പിന്നീടും ഈ യാത്രയും കണ്ടക്ടറും അദ്ദേഹത്തിന്‍റെ നന്മയും ഏട്ടന്‍ കാത്തുസൂക്ഷിച്ച ഒരു കാര്യമായി. ഇത്തവണ ട്രിച്ചിയ്ക്ക് പകരം ശ്രീരംഗത്തു തന്നെ റൂം എടുത്തു. അങ്ങനെ ദര്‍ശനവും കിട്ടി.
ശ്രീരംഗത്ത് കല്യാണചടങ്ങുകള്‍ കഴിഞ്ഞ് അന്ന് നടയടച്ച കാര്യം പറഞ്ഞില്ലേ. ആ കഥയാണിനി പറയുന്നത്.
കല്യാണചടങ്ങിന്റെ കഥ രസകരമാണ്. ചോഴസാമ്രാജ്യത്തിന്റെ തലസ്ഥാനം ഉറൈയൂര്‍ ആയിരുന്നു. അവിടെ ജനിച്ച തിരുപ്പന്‍ ആഴ്വാര്‍ ശ്രീ രംഗനാഥസ്വാമിയെ കുറിച്ച് എഴുതിയ കാവ്യമാണ് "അമലനാഥിപിരാന്‍". നന്ദ ചോഴന്‍ രാജാവിന് കുട്ടികള്‍ പിറക്കാതിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ദൈവഭക്തിയില്‍ അലിഞ്ഞ് ശ്രീരംഗനാഥ സ്വാമി (വിഷ്ണു) ലക്ഷ്മി ദേവിയോട് അദ്ദേഹത്തിന്റെ കുഞ്ഞായി ജനിക്കാന്‍ പറഞ്ഞപ്രകാരം കമലവള്ളി എന്ന മകള്‍ പിറക്കുകയും യൌവനത്തില്‍ ശ്രീരംഗനാഥ സ്വാമിയില്‍ ആകൃഷ്ടയായി കല്യാണം കഴിക്കുകയും
|
ഭഗവാന്റെ രഥം |
ചെയ്തതിന്റെ വര്‍ഷം തോറും ഉള്ള ആഘോഷം. തീര്‍ന്നില്ല, ഈ ചടങ്ങുകള്‍ നന്ദ ചോഴന്‍ നിര്‍മിച്ച ഉറൈയൂര്‍ നാച്ചിയാരമ്മന്‍ (കമലവള്ളി) ക്ഷേത്രത്തില്‍ ആണ്. രാവിലെ 4 മണിക്ക് കാവേരി നദി കടന്നുപോയി തന്റെ മോതിരം കൈമാറി വരുന്നതിനിടയില്‍ തന്റെ കൂടെ സ്വാമിയെ കാണാതെ ശ്രീരംഗത്തെ സാക്ഷാല്‍ രംഗനായകി അമ്മാള്‍ കോപിതയാവുന്നു. പിറ്റേന്ന് ഒന്നുമറിയാത്തപോലെ രംഗനായകി അമ്മാളുടെ പിറന്നാള്‍ ആയ പൈങ്കുനി ഉത്രം നാള്‍ ദേവിയെ സന്ദര്‍ശിക്കുന്നതിനായി സ്വാമി പുറപ്പെടുന്ന വഴിയില്‍ തന്റെ വിവാഹമോതിരം നാച്ചിയാര്‍ അമ്മയ്ക്ക് അണിഞ്ഞ കാര്യം ഓര്‍മ വരുകയും ഒരു പുതിയ മോതിരം ഭക്തരുടെ സഹായത്താല്‍ സംഘടിപ്പിക്കുകയും അവിടെ നടയില്‍ വെച്ച് ഒരു സംവാദം നടക്കുകയും മധ്യസ്ഥരുടെ സഹായത്താല്‍ ദേവിയുടെ കോപം അടക്കി രണ്ടുപേരും ഒന്നിക്കുന്നു. രണ്ടുപേരെയും ഒന്നിച്ചു ദര്‍ശനം നടത്താന്‍ (സേര്‍ത്തി ദരിശനം) കഴിയുന്ന നാള്‍ ആയി പൈങ്കുനി ഉത്രം മാറുന്നു. അന്ന് ദര്‍ശനം നടത്തുന്നവര്‍ക്ക് പാപമോചനം കിട്ടുമെന്നാണ് ഐതിഹ്യം. അപ്പോള്‍ സേര്‍ത്തി ദരിശനം തരാനായിരുന്നു, അന്ന് ഞങ്ങളെ ഭഗവാന്‍ മടക്കിയത്. ഭഗവാന്റെ ഓരോരോ ലീലാവിലാസങ്ങളെ!!!
ഈ കുറിപ്പ് ഏട്ടന് സമര്‍പ്പിക്കുന്നു. "ഏട്ടാ, ഇത് നന്നായിട്ടുണ്ടോ, ഞാന്‍ വരച്ച ചിത്രങ്ങള്‍ കാണിച്ചുകൊടുത്ത്
ചോദിച്ചിട്ടുണ്ട്. പക്ഷെ No Response. ഏട്ടന്റെ മനസ്സിലിരിപ്പ്
നന്നായറിയാവുന്ന ഞാന്‍ പിന്നെ വരച്ചപ്പോള്‍ "ഏട്ടന്റെ ആ സ്കൂളിലെ ഫ്രണ്ട്
...........FBയില്‍ ഉണ്ടെന്നു പറഞ്ഞില്ലേ, നിങ്ങള്‍ടെ ആ കൂട്ടുകാരി വരച്ചതാ
എങ്ങനെയുണ്ട്?" അങ്ങനെ ചോദിച്ചു. പുരികമെല്ലാം ഉയര്‍ത്തി "ഹും ഗംഭീരം"
എന്ന ഭാവം. "മോനെ ദിനേശാ ഇത് ഞാന്‍ വരച്ചതാ" എന്ന്‍
അര്‍മാദിക്കുമായിരുന്നു ഞാന്‍. വരയ്ക്കാന്‍ എന്നെ ബാക്കിയാക്കി ജീവിതം
വരച്ചു തീര്‍ത്തു അല്ലെ."
ഇനിയിപ്പോ ഇതാരും "സേര്‍ത്തി" വായിക്കണ്ടാട്ടോ. അങ്ങനെ കുറെ കൂട്ടുകാരികളുടെ കാര്യം എന്നോട് പറയുമെങ്കിലും ഞാന്‍ തന്നെയായിരുന്നു എന്റെ നല്ലകുട്ടിയുടെ "രംഗനായകി". :-D