Tuesday, February 17, 2009

മണ്ണിന്റെ ഗന്ധം


തുറന്നിടൂ ആ ജനല്‍പാളികള്‍ തുളച്ചു കയറട്ടെ ആ കോടമഞ്ഞ്
തുറന്നിടൂ ആ ജാലകങ്ങള്‍ മുഴുവനായ് വീശട്ടെ കാറ്റ്, കാറ്റിനൊപ്പം
വീഴട്ടെ അല്പം മഴത്തുള്ളികള്‍, എന്റെ ദേഹത്തിലും ഒരു ഉണര്‍വ്വിനായ്
ആസ്വദിക്കട്ടെ ഞാനിന്നാ മണ്ണിന്റെ ഗന്ധം, കേള്‍ക്കട്ടെ ആ മഴത്തുള്ളികള്‍ തന്‍
അടക്കം പറച്ചിലും കിന്നാരങ്ങളും, അറിയട്ടെ ഞാനാ മഞ്ഞിന്‍ തലോടല്‍
അലിയട്ടെ ഞാനിന്നാ കുളിര്‍മ്മയില്‍, കാണേണം ഇന്നാ വിടരാന്‍ കൊതിക്കുന്ന
പൂക്കള്‍, തൊട്ടുരുമ്മി നില്‍ക്കുമാ കാശിതുംബയും കാക്കപ്പൂവും
എന്തിനോ വേണ്ടി വെറുതെ പൊഴിയുന്ന പവിഴമല്ലിതന്‍ ചെഞ്ചുണ്ടുകളും
കണ്‍ തുറക്കാന്‍ കൊതിക്കുന്ന നിശാഗന്ധിക്ക് ഇനിയും തുറക്കുവാന്‍ എന്തെ താമസം
മടിയിലിരുത്തി കൊഞ്ചിക്കാഞ്ഞോ മാനസതീര്‍ത്ഥമൊഴുക്കാഞ്ഞോ!
എന്തിന് വട്ടം ചുറ്റുന്നതെന്‍ ചുറ്റിലും ഒന്നുമറിയാത്ത ഈ തേരട്ട കൂട്ടങ്ങള്‍
എന്തിന് ചലിക്കുന്നുവെന്‍ ശരീരം മുഴുവനും ആ ചിലന്തി തന്‍ വലിയ കാലുകള്‍
എന്തിന് മറയ്ക്കുന്നു എന്‍ കണ്ണുകള്‍ രണ്ടും എന്നും കാണാന്‍ കൊതിച്ചവയില്‍ നിന്നും
ഇറ്റുവീഴുന്ന ഓരോ മഴത്തുള്ളിയും എന്‍ ബാഷ്പകണങ്ങളെന്നറിഞ്ഞിട്ടും
കാറ്റെന്തേ അവയിലൊരിറ്റുപോലും എന്‍ ദേഹത്തോടടുപ്പിച്ചില്ല
കവലകള്‍ തോറും വിളിച്ചുകൂവി പലതും പറയുന്ന വികൃതി കാറ്റെ
പറിച്ചു മാറ്റൂ എന്നില്‍ നിന്നുമാ തേരട്ടയേയും ചിലന്തിയേയും
എനിക്ക് വേണ്ടതാ പൂക്കള്‍തന്‍ സൗന്ദര്യവും മണ്ണിന്റെ ഗന്ധവും

4 comments:

  1. എന്തിനോ വേണ്ടി വെറുതെ പൊഴിയുന്ന പവിഴമല്ലിതന്‍ ചെഞ്ചുണ്ടുകളും
    കണ്‍ തുറക്കാന്‍ കൊതിക്കുന്ന നിശാഗന്ധി, തൊട്ടുരുമ്മി നില്‍ക്കുമാ കാശിതുംബയും കാക്കപ്പൂവും

    മണ്ണിന്റെ ഗന്ധം

    ReplyDelete
  2. വരവൂരാന്‍, രഞ്ജിത്ത്, മണ്ണിന്‍റെ ഗന്ധം തിരിച്ചു കിട്ടിയതില്‍ നന്ദി.

    ReplyDelete
  3. ഏറെ ദൂരെയാണെങ്കിലും, മണ്ണിന്‍റെ ഗന്ധം അറിയുന്നു. നന്നായിട്ടുണ്ട്.

    ReplyDelete